Sunday, August 18, 2019 Last Updated 57 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 03.48 PM

മിസ് കേരള ഫിറ്റ്നസ് ക്വീന്‍

മിസ് കേരള ഫിറ്റ്നസ് ക്വീന്‍ ജിനി ഗോപാലിന്റെ ജീവിത വഴികളിലൂടെ....
interview with jini gopal mis fitness kerala

പുരുഷന്മാരുടെ മാത്രം കുത്തകയാണ് ഫിറ്റ്നസ് മേഖല എന്ന ധാരണ തിരുത്തിക്കുറിക്കുകയാണ് ജിനി ഗോപാല്‍ എന്ന ഇടുക്കിക്കാരി. മലനാടിന്റെ ഉശിരും ചുണയുമുള്ള ജിനി ഫാഷന്‍ ഡിസൈനര്‍ കൂടിയാണ്.

മിസ്റ്റര്‍ ആന്‍ഡ് മിസ് എറണാകുളം വേദിയില്‍ നിന്ന് ഫിറ്റ്നസ് പട്ടം സ്വന്തമാക്കി തുടക്കം കുറിച്ച ജിനിയുടെ ജീവിതത്തില്‍ പിന്നെ അങ്ങോട്ട് നേട്ടങ്ങളുടെ കാലമായിരുന്നു. പല മത്സരങ്ങളിലും ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കി. മലയാളത്തിന്റെ ഫിറ്റ്‌നസ് ക്വീന്‍ എന്ന പട്ടവും ജിനിയുടെ പേരിലുണ്ട്.

യോഗയിലൂടെ തുടക്കം


ഫിറ്റ്നസിനുവേണ്ടി യോഗ പരിശീലിക്കുന്നുണ്ടായിരുന്നു. എന്റെ താങ്ങും തണലുമായ അച്ഛന്‍ മരിച്ചതോടെ ജീവിതത്തില്‍ വലിയൊരു ശൂന്യത അനുഭവപ്പെട്ട് തുടങ്ങി. ആ സങ്കടത്തില്‍ നിന്ന് കരകയറാനാണ് ആലിന്‍ചുവട് ലൈഫ് ലൈന്‍ ഫിറ്റ്‌നസ് സെന്ററില്‍ ചേര്‍ന്നത്.

ജിമ്മില്‍ വര്‍ക്കൗട്ട് തുടങ്ങി 6 മാസം കഴിഞ്ഞപ്പോഴാണ് മിസ് എറണാകുളം കോംപറ്റീഷനില്‍ മത്സരിക്കാമോയെന്ന് ട്രെയിനര്‍ ചോദിച്ചത്. എനിക്ക് യാതൊരു പരിചയവുമില്ലായിരുന്നെങ്കിലും ട്രെയിനിങ് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. ട്രെയിനിങ് തുടങ്ങി.

തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും ഡയറ്റിങ്ങും വര്‍ക്കൗട്ടുമൊക്കെ കൃത്യമായി ചെയ്തു. ഒരു വര്‍ഷത്തെ പരിശീലനത്തിനൊടുവില്‍ മത്സരത്തില്‍ പങ്കെടുത്ത് ഒന്നാമതെത്തി. അതോടെ കുറച്ചുകൂടി സീരിയസായി വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി.

കഷ്ടിച്ചു രണ്ടുമാസം മാത്രമേ പരിശീലനത്തിന് സമയം കിട്ടിയുള്ളൂ എങ്കിലും ആത്മവിശ്വാസത്തോടെ മിസ് കേരളയില്‍ പങ്കെടുത്തു ഒന്നാമതെത്തി. അനാട്ടമി, സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍, പെര്‍ഫോമന്‍സ് എന്നീ മൂന്ന് റൗണ്ടുകളാണ് മിസ് കേരള മത്സരത്തിനുണ്ടായിരുന്നത്. ഇപ്പോള്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്.

interview with jini gopal mis fitness kerala

വ്യായാമം


സാധാരണ ദിവസങ്ങളില്‍ രാവിലെയും വൈകിട്ടുമായി രണ്ട് മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. മിസ് കേരളയ്ക്ക് വേണ്ടി രണ്ടു മാസം 8 മുതല്‍ 10 മണിക്കൂര്‍ വരെ ദിവസവും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തു. തുടക്കം മുതല്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തന്ന് പരിശീലകനായ അനന്ദു രാജ് നല്‍കിയ സപ്പോര്‍ട്ട് എടുത്ത് പറയേണ്ടതാണ്.

ദിവസവും രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കും. രാവിലെ 10 മണിവരെയും വൈകുന്നേരം അഞ്ചുമുതല്‍ രാത്രി 10 മണിവരെയും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യും. ആഹാരത്തിലും നിയന്ത്രണങ്ങളുണ്ട്. രാവിലെ ഒരു ഗ്ലാസ് വെള്ളവും ബദാമും. പഞ്ചാസാര തീരെ ഉപയോഗിക്കാറില്ല. ചോറും എണ്ണയും ഒഴിവാക്കും. ഗോതമ്പും പഴങ്ങളും പച്ചക്കറിയും മുട്ടയുടെ വെള്ളയും മത്സ്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി.

ജീവിത വേഷങ്ങള്‍


എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയ രീതിയും, പെണ്‍കുട്ടിയായതുകൊണ്ട് യാതൊരു പരിമിതിയും ഇല്ല എന്ന വിശ്വാസമാണ് എന്നെ ഞാനാക്കിയത്. ഇനിയും നേടിയെടുക്കാന്‍ എനിക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ട്.

സ്വപ്നങ്ങള്‍ കാണാനുള്ള കഴിവാണ് എന്നെ എന്നും മുന്നോട്ട് കൊണ്ടുപോയത്. ഇന്നുള്ള എന്റെ നേട്ടങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ അച്ഛനും അമ്മയും ആണ്. ഒരു ആണ്‍കുട്ടിയെപ്പോലെയാണ് അവരെന്നെ വളര്‍ത്തിയത്.

വളരെ സ്വാത്വികനായിരുന്നു അച്ഛന്‍. എന്നുമെന്റെ ആത്മ സുഹൃത്തും കരുത്തുമായിരുന്നു. എന്നെ മികച്ച വ്യക്തിത്വമുള്ള ഒരു സാമൂഹികജീവി ആക്കി മാറ്റാന്‍ അച്ഛന്‍ എന്നും ശ്രദ്ധിച്ചിരുന്നു. ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഉള്‍ക്കരുത്തുള്ള സ്ത്രീ എന്റെ അമ്മയാണ്. എന്നെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്നായിരുന്നു അച്ഛന്റേയും അമ്മയുടേയും ആഗ്രഹം.

പക്ഷേ വിധി കരുതിവച്ചത് മറ്റൊന്നായിരുന്നു. ജീവിതത്തിലെ ആദ്യത്തെ പറിച്ചുനടല്‍ എറണാകുളത്തേക്കായിരുന്നു. പതിനേഴാമത്തെ വയസില്‍ കിറ്റക്സ് കമ്പനിയില്‍ ജോലിയ്ക്ക് കയറി.

interview with jini gopal mis fitness kerala

അഞ്ചുവര്‍ഷത്തെ ജോലിക്കിടയില്‍ ബി.സി.എയും ബി.എഫ്.ഡിയും പഠിച്ചു. അടുത്ത പറിച്ചു നടല്‍ ബംഗലൂരുവിലേക്കായി. വീണ്ടും കൊച്ചിയില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ കുറച്ചു നാള്‍ ജോലി ചെയ്തു. അപ്പോഴും വസ്ത്രങ്ങളുടെ വര്‍ണ്ണലോകം എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.

സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം കലശലായിക്കൊണ്ടിരുന്നു. അങ്ങനെയാണ് ആറ്റിറ്റിയൂഡ് ദി അറ്റയര്‍ ഡിസൈനറി എന്ന ഡിസൈനിങ് യൂണിറ്റ് തുടങ്ങുന്നത്. ഡിസൈനിങ് യൂണിറ്റില്‍ അഞ്ഞൂറോളം സ്ത്രീകള്‍ക്ക് വസ്ത്രനിര്‍മ്മാണ പരിശീലനം നല്‍കിയിട്ടുണ്ട്.

ഞാന്‍ സ്വയം ജോലി ചെയ്ത് ജീവിക്കുന്നതിനൊപ്പം കുറച്ചുപേര്‍ക്കുകൂടി വരുമാനം കണ്ടെത്താന്‍ സഹായിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.

സ്വപ്നങ്ങള്‍


ഫിറ്റ്നസ് ക്വീന്‍ ആയതോടെ സിനിമാരംഗത്തു നിന്നും ഓഫറുകള്‍ വരുന്നുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ അഭിനയ രംഗത്തേക്ക് വരും. ഡാന്‍സ്, ഗിറ്റാര്‍, ഡ്രോയിങ്, എഴുത്ത്, വായന, യാത്രകള്‍ എല്ലാം കൂടെ തന്നെ ഉണ്ട്. മോഡലിംഗ് ചെയ്യാറുണ്ട്.

ഇപ്പോള്‍ ഫാഷന്‍ ഷോകളിലൊക്കെ ഡിസൈനറായും ഷോ സ്‌റ്റോപ്പര്‍ ആയും പങ്കെടുക്കുന്നുണ്ട്. ഫാഷന്‍ എന്റര്‍പ്രണേര്‍ ആയതുകൊണ്ട് തന്നെ നേടിയ ടൈറ്റിലുകള്‍ ഒക്കെ ബിസ്സിനസ്സിനെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അശ്വതി എം.എ

Ads by Google
Friday 07 Jun 2019 03.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW