Sunday, August 18, 2019 Last Updated 58 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 02.51 PM

യോഗാ പരിശീലനം ആരംഭിക്കുമ്പോള്‍

''പറയുമ്പോലെ നിസാരമായി കാണാവുന്നതല്ല യോഗ. പരിശീലനം ആരംഭിക്കും മുമ്പ് യോഗയ്ക്കായി മനസും ശരീരവും ഒരുങ്ങേണ്ടതുണ്ട്. യോഗയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്''
uploads/news/2019/06/312851/yogatips050619b.jpg

ആരോഗ്യവും മനഃശാന്തിയുമാണ് ജീവിതത്തിന്റെ മൂലധനം. രണ്ടും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിന് ആരോഗ്യമില്ലെങ്കില്‍ മനഃശാന്തിയില്ല. അതുപോലെ മറിച്ചും. ഇതു രണ്ടും സ്വയം വന്നുചേരുന്നതല്ല. ഓരോ വ്യക്തിയും സ്വയം സമ്പാദിക്കുകയും നിലനിര്‍ത്തുകയും വേണം.

ജീവിതയാത്രയ്ക്കുളള ഒരു വാഹനമാണ് നമ്മുടെ ശരീരം. അതിനെന്തെങ്കിലും തകരാറുകള്‍ സംഭവിച്ചാല്‍ യാത്രയ്ക്കു വിഘ്‌നം നേരിടുന്നു. അങ്ങനെ സംഭവിയ്ക്കാതിരിക്കാന്‍ ശരീരവും മനസും തേച്ചുതുടച്ച് വൃത്തിയാക്കിക്കൊണ്ടിരിക്കണം. അതിനുളള സാങ്കേതികവിദ്യകളാണ് യോഗ ശാസ്ത്രത്തിലെ ആസനപ്രാണായാമങ്ങള്‍.

നട്ടെല്ലിന്റെ ആരോഗ്യം


യാന്ത്രിക ചലനങ്ങളിലൂടെയും അഭ്യാസങ്ങളിലൂടെയും പേശികളെ വികസിപ്പിക്കുന്ന നിരവധി വ്യായാമ മുറകള്‍ ആധുനികലോകത്തുണ്ട്. എന്നാല്‍ ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം നല്കുന്ന മറ്റൊരു വ്യായാമമുറയും ലോകത്തില്ല.

യോഗാസനങ്ങള്‍ നട്ടെല്ലിന്റെ ആരോഗ്യത്തിനാണ് ഊന്നല്‍ നല്കുന്നത്. നട്ടെല്ലിന്റെ വഴക്കവും കരുത്തും കാത്തുസൂക്ഷിക്കുന്നതിലൂടെ രക്തചംക്രമണം വര്‍ധിപ്പിക്കാനും നാഡികള്‍ക്ക് ഓക്‌സിജനും മറ്റ് വിഭവങ്ങളും എത്തിക്കാനും സാധിക്കുന്നു. യോഗാസനങ്ങള്‍ക്കൊപ്പം ദീര്‍ഘശ്വാസോച്ഛ്വാസവും മാനസിക ഏകാഗ്രതയും പരിശീലിക്കുന്നു.

uploads/news/2019/06/312851/yogatips050619a.jpg

ഒരു മണിക്കൂര്‍ നേരത്തെ ആസനങ്ങള്‍, ഒരു മണിക്കൂര്‍ വിശ്രമവും, ഒരു മണിക്കൂര്‍ ധ്യാനവും നല്കുന്നു. മനുഷ്യ ശരീരത്തെ സമൂലമായി അഴിച്ചുപണിയുന്ന ഇത്തരം ഒരു സമ്പ്രദായം യോഗയിലല്ലാതെ മറ്റൊന്നിലും കാണാന്‍ കഴിയില്ല.

സ്ത്രീപുരുഷഭേദമന്യേ ആര്‍ക്കും ഏതു പ്രായത്തിലും ചെയ്യാവുന്നതും, ശരീരത്തിനും മനസിനും സാന്മാര്‍ഗിക ജീവിതത്തിനും ആത്മീയമായ ഉന്നമനത്തിനും ഒരേപോലെ ഉപയുക്തവുമായ വ്യായാമം യോഗ മാത്രമാണ്.

സ്ത്രീകള്‍ക്ക് അനുയോജ്യം


ഏതൊരാളും യോഗ അഭ്യസിച്ചാല്‍ ഫലം സിദ്ധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.
യുവാവൃദ്ധോ/ തി വൃദ്ധോ വാ
വ്യാധി തോ ദുര്‍ബ്ബലോപിവാ
അഭ്യാസാല്‍ സിദ്ധി മാപ്‌നോതി.

യുവാവ്, വൃദ്ധന്‍, അതിവൃദ്ധന്‍, ദുര്‍ബലന്‍, രോഗി എന്നിവര്‍ക്കെല്ലാം യോഗ അഭ്യസിച്ച് ഫലം നേടാവുന്നതാണ്. പരമശിവന്‍, ശ്രീപാര്‍വതിക്കുപദേശിച്ചതാണ് 84 ലക്ഷം യോഗാസനങ്ങള്‍. ശ്രീപാര്‍വതിയാണ് യോഗമാതാവ്. അതുകൊണ്ട് സ്ത്രീകള്‍ക്ക് യോഗചെയ്യാമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല.

സ്ത്രീകള്‍ക്ക് അനുയോജ്യമായ വ്യായാമ പദ്ധതിയാണ് യോഗ. ശാരീരികമായി, അവരുടേതു മാത്രമായ സര്‍വ പ്രശ്‌നങ്ങള്‍ക്കും യോഗ ശാശ്വത പരിഹാരമാണ്. അഴകും, ആരോഗ്യവും, പ്രൗഡിയും, ആകാരഭംഗിയും, ആകര്‍ഷകത്വവും യോഗാഭ്യാസത്തിന്റെ വാഗ്ദാനങ്ങളാണ്.

കുട്ടികള്‍ക്കുളള യോഗ


ചെറുപ്പത്തില്‍തന്നെ യോഗ അഭ്യസിച്ചു തുടങ്ങുന്നതു കുട്ടികള്‍ക്ക് ജീവിതത്തില്‍ മികച്ച അടിത്തറ നല്കുന്നു. പ്രായപൂര്‍ത്തിയായവരെ അപേക്ഷിച്ച് അനായാസമായ രീതിയില്‍ ആസനങ്ങളുമായി പൊരുത്തപ്പെടാന്‍ കുട്ടികള്‍ക്കു കഴിയും. വളരുന്ന കുട്ടികളില്‍ ധ്യാനത്തിനും വലിയ സ്ഥാനമുണ്ട്. ഇത് അവരുടെ ഏകാഗ്രതവര്‍ധിപ്പിക്കാം. കുട്ടികള്‍ക്ക് ഏതുപ്രായത്തില്‍ വേണമെങ്കിലും യോഗ തുടങ്ങാം. എന്നാല്‍ ഏകാഗ്രത കൈവരാന്‍ കുറച്ചു സമയം പിടിക്കുമെന്നതിനാല്‍ ആറോ, ഏഴോ വയസില്‍ തുടങ്ങുന്നതാണ് ഉചിതം.
uploads/news/2019/06/312851/yogatips050619c.jpg

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. യോഗാമാറ്റ് അല്ലെങ്കില്‍ കോട്ടണ്‍ തുണി നിവര്‍ത്തിവിരിച്ച് അതില്‍ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്ന് യോഗ പരിശീലിക്കാം.
2. യോഗ പരിശീലിക്കാന്‍ ഉത്തമമായ സമയം പ്രഭാതമാണ്.
3. കാറ്റും വെളിച്ചവും കിട്ടുന്ന ശുചിത്വമുളള മുറിക്കകത്തോ ടെറസിന്റെ മുകളിലോ യോഗ ചെയ്യാവുന്നതാണ്. തുറസായ സ്ഥലവും ആകാം.
4. യോഗ അഭ്യസിക്കുമ്പോള്‍ കണ്ണട, വാച്ച് ഇവയൊന്നും പാടില്ല.
5. അവരവര്‍ക്ക് ഇഷ്ടമുളള പ്രാര്‍ഥനയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് രണ്ടു മിനിട്ടു ധ്യാനത്തിലിരുന്നു മനസിലെ പ്രക്ഷുബ്തതകളെല്ലാം നീക്കി ശാന്തമാക്കുക. ശരീരത്തിന്റെ പിരിമുറുക്കം മാറ്റാന്‍ ശവാസനം സഹായിക്കും. അതിനുശേഷം ആസനങ്ങള്‍ പരിശീലിക്കുക.

6. എന്തെങ്കിലും ശസ്ത്രക്രിയക്കു വിധേയമായവരും എന്തെങ്കിലും രോഗങ്ങളുളളവരും ഡോക്ടറുടെ ഉപദേശം തേടിയ ശേഷം മാത്രം യോഗ പരിശീലിക്കുക.
7. സ്ത്രീകള്‍ ആര്‍ത്തവകാലങ്ങളിലും, ഗര്‍ഭിണികള്‍ ആദ്യമാസങ്ങളിലും യോഗ അഭ്യസിക്കരുത്.
8. യോഗ ചെയ്യുമ്പോള്‍ അതില്‍ മാത്രം മനസ് കേന്ദ്രീകരിക്കണം.
9. ആഹാരം കഴിച്ച് 2 മണിക്കൂറിനുശേഷം മാത്രം യോഗ പ്രാക്ടീസ് ചെയ്യാന്‍ പാടുളളു.
10. യോഗ ചെയ്യുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍.

ആഹാരം ശരീരത്തിന് എത്രത്തോളം ആവശ്യകരമാണോ അത്രത്തോളം യോഗ വ്യായാമവും ശരീരിത്തിന് ആവശ്യമാണ്. ദിവസത്തില്‍ ഒരു മണിക്കൂര്‍ അതിനു വേണ്ടി മാറ്റിവയ്ക്കുക. അതുവഴി മനസിനും ശരീരത്തിനും ലഭിക്കുന്ന ഗുണങ്ങള്‍ സ്വയം അനുഭവിച്ചറിയുക. തിരക്കുപിടിച്ച ആധുനിക ജീവിതശൈലി ശരീരത്തിനും മനസിനും നല്‍കുന്ന സമ്മര്‍ദങ്ങളെ മറികടക്കാന്‍ യോഗയോളം നല്ലൊരു വ്യായാമമില്ല.

വിവരങ്ങള്‍ക്ക് കടപ്പാട്:
ശാന്താകുമാരി , തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW