Wednesday, August 14, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 01.42 AM

നമുക്കു വേണ്ടത്‌ മികവിന്റെ പാഠങ്ങള്‍

uploads/news/2019/06/312522/3.jpg

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയാകെ വലിയൊരു അനിശ്‌ചിതത്വത്തിലേക്കും സംഘര്‍ഷത്തിലേക്കും തള്ളിവിട്ടു കൊണ്ട്‌ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പുറത്തു വന്ന ആദ്യഭാഗം സര്‍ക്കാര്‍ അംഗീകരിക്കുകയും അതിന്റെ ചില ശുപാര്‍ശകള്‍ നടപ്പാക്കുകയും ചെയ്‌തിരിക്കുകയാണ്‌. മുന്‍ എസ്‌.ഇ.ആര്‍.ടി. ഡയറക്‌ടര്‍ ഡോ.എം.എ. ഖാദര്‍ അധ്യക്ഷനായുള്ള മൂന്നംഗ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ 160 പേജുള്ള ആദ്യഭാഗം മാത്രമെ ഇപ്പോള്‍ പുറത്ത്‌ വന്നിട്ടുള്ളു. അതിലെ തന്നെ കുറച്ചു കാര്യങ്ങളാണ്‌ നടപ്പാക്കുന്നത്‌. ഇതാണ്‌ തുഗ്‌ളക്‌ പരിഷ്‌ക്കാര ശൈലി.
നമ്മുടെ സ്‌കൂള്‍ വിദ്യഭ്യാസ രംഗം അടിമുടി അഴിച്ചു പണിയാന്‍ ഒരു കമ്മിറ്റിയെ വയ്‌ക്കുമ്പോള്‍ ആ കമ്മിറ്റി പൂര്‍ണ്ണമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച ശേഷമല്ലേ അത്‌ പരിശോധിച്ച്‌ അംഗീകരിക്കാനോ തള്ളാനോ പാടുള്ളൂ. ദൗര്‍ഭാഗ്യവശാല്‍ ഇവിടെയാകട്ടെ ഘടനാപരമായ മാറ്റം നിര്‍ദ്ദേശിക്കുന്ന ആദ്യഭാഗം മാത്രമാണ്‌ പുറത്തു വന്നിട്ടുള്ളത്‌. ഗുണപരമായ മാറ്റം നിര്‍ദ്ദേശിക്കുന്ന രണ്ടാം ഭാഗം വരാനിരിക്കുന്നതേയുള്ളൂ. യഥാര്‍ത്ഥത്തില്‍ നേരെ തിരിച്ചാണ്‌ വരേണ്ടിയിരുന്നത്‌. വിദ്യാഭ്യാസ രംഗത്ത്‌ ഗുണപരമായ എന്തൊക്കെ മാറ്റങ്ങളാണെന്ന്‌ വേണ്ടതെന്ന്‌ ആദ്യം നിര്‍ദ്ദേശിക്കുകയും അത്‌ സാദ്ധ്യമാക്കുന്നതിന്‌ ഘടനാപരമായി എന്തൊക്കെ മാറ്റം വേണമെന്ന്‌ തീരുമാനിക്കുകയുമാണ്‌ ചെയ്യേണ്ടത്‌.
റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ഭരണപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്‌.ടി.എ പറയുന്നതനുസരിച്ച്‌ രാഷ്ര്‌ടീയ ലക്ഷ്യത്തോടെ അതിന്റെ അഞ്ചോ, ആറോ പോയിന്റുകള്‍ ധൃതി പിടിച്ച്‌ നടപ്പാക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌.
കേരളത്തിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥിസംഘടനകളും അദ്ധ്യാപക സംഘടനകളും, രക്ഷകര്‍തൃ സംഘടനകളും, സ്‌കൂള്‍ മാനേജ്‌മെന്റുകളും ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്ത്‌ വന്നു കഴിഞ്ഞു.
ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയാല്‍ ആത്യന്തികമായി ഉണ്ടാകാന്‍ പോകുന്നത്‌ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര തകര്‍ച്ചയാണ്‌. കഴിഞ്ഞ 28 വര്‍ഷമായി അക്കാദമിക്‌ ഗുണമേന്‍മയോടും ഭരണകാര്യക്ഷമതയോടും കൂടി പ്രവര്‍ത്തിച്ച്‌ പൊതുവിദ്യാഭ്യാസമേഖലയ്‌ക്ക്‌ അഭിമാനമായി മാറികഴിഞ്ഞ ഹയര്‍സെക്കന്‍ഡറി വകുപ്പിനെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുമായി ലയിപ്പിച്ച്‌ ഡയറക്‌ടര്‍ ഓഫ്‌ ജനറല്‍ എഡ്യുക്കേഷന്റെ ഭാഗമാക്കുന്നത്‌ ഹയര്‍ സെക്കണ്ടറിയുടെ ഗുണനിലവാരത്തകര്‍ച്ചയ്‌ക്കായിരിക്കും വഴി വയ്‌ക്കുക. 10+2+3 എന്ന്‌ ദേശീയ വിദ്യാഭ്യാസ നയത്തെ 5+3+3+4 ആക്കി പൊളിച്ചടുക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. അതിനിടയിലാണ്‌ കേരളത്തില്‍ മറ്റൊരു പരിഷ്‌ക്കാരം വരുന്നത്‌. രണ്ടും കൂടി ഉണ്ടാക്കുന്ന ആശയക്കുഴപ്പം ചെറുതല്ല.
40 ല്‍ പരം വിഷയങ്ങളിലാണ്‌ ഹയര്‍സെക്കന്ററിയില്‍ ഇപ്പോള്‍ പരീക്ഷകള്‍ നടക്കുന്നത്‌. ഇതിന്റെ മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും, സര്‍ട്ടിഫിക്കറ്റ്‌ വിതരണവുമെല്ലാം ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ തന്നെ സമയബന്ധിതമായും പരാതിരഹിതവുമായി നടത്താനും ഹയര്‍സെക്കന്ററി വകുപ്പിനായി. ഈ പരീക്ഷകളെയെല്ലാം ഏകീകരിക്കാനുള്ള നിര്‍ദേശവും ഖാദര്‍കമ്മീഷന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായത്‌ ആവശ്യമായ ചിന്ത കൂടാതെയാണ്‌ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരത്തെ മെച്ചപ്പെടുത്താനുള്ള ഏതെങ്കിലും ഒരു ശുപാര്‍ശ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗത്ത്‌ കാണാന്‍ കഴിയുന്നില്ല.
ഈ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതോടെ വിദ്യാഭ്യാസ മേഖലയില്‍ നിയമന നിരോധനം ഉണ്ടാകുമെന്ന്‌ വിദഗ്‌ധന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സ്‌കൂളില്‍ രണ്ട്‌ അധികാര കേന്ദ്രങ്ങള്‍ ഉണ്ടാവുകയാണ്‌. അവര്‍ തമ്മിലുള്ള അധികാര വടംവലി സ്‌ഥിതി സങ്കീര്‍ണ്ണമാക്കും.

ഖാദര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ ചില ചോദ്യങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്നു.
1. 28 വര്‍ഷത്തോളം അക്കാദമിക്‌ ഗുണമേന്മയോടും, ഭരണകാര്യക്ഷമതയോടും പ്രവര്‍ത്തിച്ചു വരുന്ന ഹയര്‍സെക്കന്ററി വിദ്യഭ്യാസവകുപ്പിനെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുമായി ലയിപ്പിച്ച്‌ (ഡിപിഐ) ഡയറക്‌ടര്‍ ഓഫ്‌ ജനറല്‍ എഡ്യൂക്കേഷന്റെ (ഡിജിഇ) ഭാഗമാക്കുന്നത്‌ ഹയര്‍ സെക്കന്‍ഡറിയുടെ ഗുണനിലവാര തകര്‍ച്ചയ്‌ക്ക്‌ കാരണമാകുമെന്ന വസ്‌തുത സര്‍ക്കാര്‍ പഠന വിധേയമാക്കിയിട്ടുണ്ടോ?
2.ദേശീയ വിദ്യാഭ്യാസ നയം ഒരു വഴിയിലൂടെ കേന്ദ്ര സര്‍ക്കാരും സംസ്‌ഥാന വിദ്യാഭ്യാസ രംഗം മറ്റൊരു വഴിയിലൂടെ സംസ്‌ഥാന സര്‍ക്കാരും അഴിച്ചു പണിയുമ്പോള്‍ ഉണ്ടാവുന്ന ആശയക്കുഴപ്പം എങ്ങനെ മറികടക്കും?
3. നിലവിലെ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുടെ യോഗ്യത ഇളവ്‌ നിര്‍ദേശം ആ മേഖലയെ തകര്‍ക്കില്ലേ?
4. പരീക്ഷകളുടെ ഏകീകരണം കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്‌ട്‌ടിക്കില്ലേ?
5. എന്‍സിആര്‍ടിസി സിലബസ്സ്‌ ലഘൂകരിക്കുന്നതും പാഠപുസ്‌തകങ്ങള്‍ മലയാളത്തിലാക്കുന്നതും ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വലിയ തിരിച്ചടിക്ക്‌ കാരണമാകും. നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പിന്നാക്കം പോകണമെന്നാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌?
6. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രണ്ടാം ഭാഗം എന്ന്‌ പുറത്തുവരും?
7. വിദ്യാഭ്യാസമേഖലയുടെ വികേന്ദ്രീകരണത്തിന്‌ പകരം ഏകീകരണം ഗുണനിലവാര തകര്‍ച്ചയ്‌ക്ക്‌ കാരണമാകില്ലേ?.
8. വിദ്യാര്‍ത്ഥികളുടെ ശാരീരികവും, മാനസികവുമായ വളര്‍ച്ചാഘട്ടങ്ങള്‍ തിരസ്‌കരിച്ചുകൊണ്ടുള്ള അശാസ്‌ത്രീയമായ സ്‌കൂള്‍ ഘടനാ ഏകീകരണം ഗുണത്താക്കാള്‍ ഏറെ ദോഷമല്ലേ ഉണ്ടാക്കുക ?
9. ഇന്ത്യയിലെ മറ്റ്‌ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ വിഭിന്നമായ തരത്തിലുള്ള ഘടനാമാറ്റം മറ്റ്‌ സംസ്‌ഥാനങ്ങളിലേക്ക്‌ പഠനത്തിന്‌ പോകുന്ന വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കില്ലേ?
10. ദേശീയ വിദ്യാഭ്യാകമ്മീഷന്‍ ഡോ. ഡി.എസ്‌. കോത്താരി റിപ്പോര്‍ട്ടും ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തമ്മിലുള്ള വലിയ വൈരുദ്ധ്യം എങ്ങനെ മറികടക്കും? .
11. കലാകായിക അദ്ധ്യാപക നിയമനത്തിലെക്ല സ്‌റ്റര്‍ സംവിധാനം വിദ്യാഭ്യാസ അവകാശ നിയമം 2009 ന്റെ ലംഘനമാണ്‌. ഇത്‌ പരിശോധിക്കുമോ?
12. നിയമന നിരോധനം ഈ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാകുമെന്നും വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നു. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ടോ?
13. ഒരു സ്‌കൂളില്‍ 2 അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത്‌ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും, തര്‍ക്കങ്ങളിലേക്കും നയിക്കും. ഇത്‌ പഠനവിധേയമാക്കിയിട്ടുണ്ടോ?
14. പ്രൈമറി വിദ്യാഭ്യാസത്തിന്റേയും, ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ പ്രത്യേകം ഡയറക്‌ടറേറ്റുകള്‍ ഉണ്ടാക്കുന്നതിന്‌ പകരം ഇവയെ ഏകീകരിക്കുന്നത്‌ ഒട്ടും ഗുണകരമാവില്ല എന്ന തിരിച്ചറിവ്‌ സര്‍ക്കാരിനുണ്ടോ?
15. എന്‍എസ്‌ക്യൂഎഫ്‌ നടപ്പാക്കുന്നു എന്ന പേരില്‍ വി.എച്ച്‌.എസ്‌.സി. ഇല്ലാതാക്കുന്നതിനുപകരം വി.എച്ച്‌.എസ്‌.സിയെ കൂടുതല്‍ ശാക്‌തീകരിച്ച്‌ പുത്തന്‍ തൊഴിലധിഷ്‌ഠിത കോഴ്‌സുകള്‍ ആരംഭിച്ച്‌ കൂടുതല്‍ ആകര്‍ഷകമാക്കുകയല്ലേ വേണ്ടത്‌?
16. ഭാഷാ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ടിനകത്തില്ല എന്ന മാത്രമല്ല പുതുതായി പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിലവിലുള്ള നിയമന രീതി തുടരുന്നില്ല എന്ന ആശങ്ക അധ്യാപകര്‍ക്കുണ്ട്‌. ഇത്‌ പരിഹരിക്കുമോ?
17. വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്‌ വേണ്ടിയുള്ള കാര്യങ്ങളും ഒപ്പം അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതവും ഒന്നും തന്നെ നിലവിലുള്ള റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ച്‌ കാണാത്ത്‌ത എന്തു കൊണ്ട്‌?
18. ഹയര്‍സെക്കന്‍ഡറി മേഖലയില്‍ പഠിപ്പിക്കുന്ന 99 ശതമാനം അദ്ധ്യാപകരേയും മുള്‍മുനയില്‍ നിര്‍ത്തി ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്‌.ടി.എക്കു വേണ്ടി മാത്രം ഒരു വിദ്യാഭ്യാസകമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്‌ ഉചിതമാണോ?

രമേശ്‌ ചെന്നിത്തല
(പ്രതിപക്ഷ നേതാവ്‌)

Ads by Google
Tuesday 04 Jun 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW