Monday, August 19, 2019 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Tuesday 04 Jun 2019 01.41 AM

എല്ലാം ഞാന്‍തന്നെ തീരുമാനിച്ചു, കണ്ണുതെറ്റിയാ അവര്‍ പണിയുമെന്നുറപ്പല്ലേ - പാലക്കാട്ട് വി.കെ. ശ്രീകണ്‌ഠന്‍ എതിര്‍ഗ്രൂപ്പുകാരേയും ​എല്‍.ഡി.എഫിനെയും തോല്‍പ്പിച്ചതെങ്ങനെ ?

ഞാന്‍ തോല്‍ക്കുമെന്ന്‌ മാധ്യമങ്ങള്‍ വിധിയെഴുതിയപ്പോള്‍ പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകാര്‍ക്ക്‌ ആശ്വാസമായിക്കാണും. ആത്മഹത്യയ്‌ക്കൊരുങ്ങിയ ഒരാളെ കുത്തിക്കൊന്ന്‌ ശിക്ഷയേറ്റുവാങ്ങാന്‍ ആരെങ്കിലും തയാറാകുമോ..? അങ്ങനെ നോക്കിയാല്‍ ചാനല്‍ സര്‍വേകള്‍ ഉര്‍വശീശാപം പോലെ ഉപകാരമായെന്നു പറയേണ്ടി വരും.
 V.K. Sreekandan

പൊതുതെരഞ്ഞെടുപ്പിലെ കറുത്ത കുതിരയാണ്‌ വി.കെ. ശ്രീകണ്‌ഠന്‍. ഡി.സി.സി പ്രസിഡന്റുമാരില്‍ ഒരാള്‍ മാത്രമായിരുന്ന ശ്രീകണ്‌ഠന്‍ വോട്ടെണ്ണിത്തീര്‍ന്നതോടെ രാഷ്‌ടീയകേരളത്തിന്റെ വിസ്‌മയമായി. മറ്റെല്ലാ സീറ്റും യു.ഡി.എഫ്‌ കൈപ്പിടിയിലൊതുക്കിയാലും പാലക്കാട്ട്‌ ശ്രീകണ്‌ഠന്‍ തോല്‍ക്കുമെന്നായിരുന്നു സര്‍വേകളിലെല്ലാം ഉയര്‍ന്ന സൂചന. വോട്ടെണ്ണിയപ്പോഴാകട്ടെ, സി.പി.എമ്മിന്റെ യുവതുര്‍ക്കി എം.ബി. രാജേഷിനെ മലര്‍ത്തിയടിച്ച്‌ ദേശീയ തലത്തില്‍ ചര്‍ച്ചയായ മിന്നും വിജയം. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും താരമായി ശ്രീകണ്‌ഠന്‍.

ജയിക്കുമെന്ന്‌ എപ്പോഴെങ്കിലും തോന്നിയിരുന്നോ..?

ഞാനടക്കമുള്ള മൂന്നു സ്‌ഥാനാര്‍ഥികളും കളത്തിലിറങ്ങിയതു മുതല്‍ ജയപ്രതീക്ഷയിലായിരുന്നു. ഞാന്‍ തോല്‍ക്കുമെന്ന്‌ എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞപ്പോഴും ആ പ്രതീക്ഷ ഉലഞ്ഞില്ല. എനിക്കൊപ്പമുള്ളവരോടെല്ലാം ആദ്യവസാനം തികഞ്ഞ ആത്മവിശ്വാസമാണു ഞാന്‍ പങ്കുവച്ചത്‌ .

എന്തായിരുന്നു ഈ പ്രതീക്ഷയുടെ
അടിസ്‌ഥാനം..?

സ്‌ഥാനാര്‍ഥികളുടെ പൊതുസ്വഭാവം, അടിയൊഴുക്ക്‌, ഡി.സി.സി പ്രസിഡന്റ്‌ എന്ന നിലയില്‍ മണ്ഡലത്തില്‍ ഉടനീളമുള്ള പരിചയം, തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനു തൊട്ടുമുമ്പുള്ള യാത്രയ്‌ക്ക്‌ ലഭിച്ച പിന്തുണ, മണ്ഡലത്തിലെ വികസന മുരടിപ്പ്‌... അങ്ങനെ ഒരുപാട്‌ ഘടകങ്ങളുണ്ട്‌.

മാധ്യമങ്ങളുടെ പരിലാളന ഒരു ഘട്ടത്തില്‍പോലും ലഭിക്കാതെയാണ്‌ ശ്രീകണ്‌ഠന്റെ വിജയം..?

പാലക്കാട്ട്‌ ഞാന്‍ പൊട്ടുമെന്നായിരുന്നു ചാനല്‍ സര്‍വേ പ്രവചനങ്ങള്‍. ഒപ്പമുള്ളവരുടെ മനോവീര്യം പോലും തകര്‍ക്കുന്ന രീതിയിലായിരുന്നു മാധ്യമ വിലയിരുത്തലുകള്‍. രാത്രിയോടെ പ്രചാരണമൊക്കെ കഴിഞ്ഞ്‌ ഒന്നിച്ചിരിക്കുമ്പോഴാകും ചാനലില്‍ പ്രവചനവും വിലയിരുത്തലും കാണുക. ഇങ്ങനെയാണേല്‍ നാളെ പ്രചാരണം നടത്തണോയെന്നു പോലും പലരും നിരാശയോടെ ചോദിച്ചിട്ടുണ്ട്‌. അപ്പോഴൊക്കെ പ്രതീക്ഷ പകര്‍ന്ന്‌ അവരെ ഊര്‍ജസ്വലരാക്കി നിലനിര്‍ത്തി.

വോട്ടെടുപ്പിനു പിന്നാലെ തോല്‍വി അംഗീകരിച്ചതു പോലുള്ള പ്രതികരണം വിവാദമായിരുന്നല്ലോ..?

പുറത്തുനിന്ന്‌ പാലക്കാട്ടെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ ആരായാലും എനിക്കിട്ട്‌ ഒരടി തന്നു തുടക്കം കുറിക്കുകയെന്നതാണ്‌ പതിവ്‌. അതെന്റെ തലവിധിയാകാം. പ്രചാരണ വേളയില്‍ പാലക്കാട്ടെ സ്‌ഥിരം മാധ്യമ പ്രവര്‍ത്തകരൊന്നും ഉപദ്രവിച്ചില്ല. പുറത്തുനിന്നു സ്‌പെഷല്‍ ഇലക്‌ഷന്‍ റിപ്പോര്‍ട്ടിങ്ങിന്‌ വന്നവരാണ്‌ വിവാദമുണ്ടാക്കിയത്‌. എന്റെ പ്രതികരണം കട്ട്‌ ചെയ്‌ത്‌ നല്‍കിയതാണു വിവാദത്തിനു കാരണം. പിന്നീട്‌ ശരിയായി നല്‍കിയപ്പോഴാകട്ടെ, മലക്കംമറിഞ്ഞ്‌ ശ്രീകണ്‌ഠന്‍ എന്നായി ക്യാപ്‌ഷന്‍...

സ്‌ഥിരമായി തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വോട്ട്‌ മറിക്കല്‍ ആരോപണം നേരിടാറുള്ള വ്യക്‌തിയായിരുന്നല്ലോ താങ്കള്‍..?

അത്തരം ആരോപണങ്ങള്‍ മറ്റെങ്ങുമെന്നപോലെ പാലക്കാട്ടും ഉയര്‍ന്നുവരാറുണ്ട്‌. ഡി.സി.സി - ഗ്രൂപ്പ്‌ നേതാക്കളാകും ഇത്തരം ഇടപെടലൊക്കെ നടത്തുക. ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട്‌ ഞാനും ആരോപണ വിധേയനാകാറുണ്ടെന്നു മാത്രം.

താങ്കള്‍ എങ്ങനെയാണ പരമ്പരാഗത ചോര്‍ച്ചയടച്ചത്‌..?

വര്‍ഷങ്ങളായി ഞാന്‍ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ സജീവമാണ്‌. വീരേന്ദ്രകുമാറും സതീശന്‍ പാച്ചേനിയുമൊക്കെ മത്സരിച്ചപ്പോഴും വലം കൈയെന്ന പോലെ പ്രവര്‍ത്തിച്ചു. അതുകൊണ്ടുതന്നെ എവിടെ ചോരും, എവിടെ തടയണം എന്നു നല്ല ഗ്രാഹ്യമുണ്ടായിരുന്നു.

ഗ്രൂപ്പ്‌ പോര്‌ ഒട്ടും നിഴലിക്കാതെയായിരുന്നു പ്രചാരണമെന്നാണോ..?

ഞാന്‍ തോല്‍ക്കുമെന്ന്‌ മാധ്യമങ്ങള്‍ വിധിയെഴുതിയപ്പോള്‍ പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകാര്‍ക്ക്‌ ആശ്വാസമായിക്കാണും. ആത്മഹത്യയ്‌ക്കൊരുങ്ങിയ ഒരാളെ കുത്തിക്കൊന്ന്‌ ശിക്ഷയേറ്റുവാങ്ങാന്‍ ആരെങ്കിലും തയാറാകുമോ..? അങ്ങനെ നോക്കിയാല്‍ ചാനല്‍ സര്‍വേകള്‍ ഉര്‍വശീശാപം പോലെ ഉപകാരമായെന്നു പറയേണ്ടി വരും.

എതിര്‍സ്‌ഥാനാര്‍ഥികള്‍ ശക്‌തരാണെന്നത്‌ ആശങ്കയുണ്ടാക്കിയോ..?

സി.പി.എമ്മില്‍നിന്ന്‌ എം.ബി രാജേഷും ബി.ജെ.പിയില്‍നിന്ന്‌ സി. കൃഷ്‌ണ കുമാറുമാണ്‌ എതിരാളികളെന്നതും വിജയത്തെ സ്വാധീനിച്ചു. രാജേഷല്ലെങ്കില്‍ മത്സരിക്കാമെന്നുറപ്പിച്ച സീറ്റ്‌ മോഹികള്‍ കോണ്‍ഗ്രസിലുമുണ്ടായിരുന്നു. രാജേഷ്‌ ആണെങ്കിലേ മത്സരിക്കാനുള്ളൂ എന്നായിരുന്നു എന്റെ നിലപാട്‌. ഞങ്ങള്‍ മൂന്നുപേരും സമപ്രായക്കാരാണ്‌. മാത്രമല്ല; നായര്‍ സമുദായാംഗങ്ങളുമാണ്‌. ഇത്‌ വോട്ട്‌ ചോര്‍ച്ച തടയുന്ന പ്രധാന ഘടകമാണെന്ന തിരിച്ചറിവില്‍ തന്നെയാണ്‌ മത്സരത്തിനിറങ്ങിയതും.

പ്രചാരണ ഘട്ടത്തില്‍ ഏകപക്ഷീയ ഇടപെടലെന്ന്‌ ആരോപണമുയര്‍ന്നിരുന്നു..?

പോസ്‌റ്റര്‍ ഡിസൈന്‍ മുതല്‍ സ്വീകരണ യോഗസ്‌ഥലങ്ങള്‍ വരെ നിശ്‌ചയിച്ചത്‌ ഞാന്‍ തന്നെയാണ്‌. കണ്ണൊന്ന്‌ തെറ്റിയാ പണി കിട്ടുമെന്നുറപ്പാണെന്നത്‌ മുന്‍കാലങ്ങളിലെ അനുഭവ പാഠം.

ആദിവാസി മേഖല ഉള്‍പ്പെടുന്ന മണ്ഡലത്തിനായുള്ള കര്‍മപദ്ധതി..?

നിരന്തരം ചൂഷണത്തിനു വിധേയമാകുന്ന ജനതയാണ്‌ അട്ടപ്പാടിയിലേത്‌. ഒട്ടേറെ വകുപ്പുകളിലായി ധാരാളം കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഫണ്ടും വിനിയോഗിച്ചിട്ടും ആദിവാസി ദുരിതം കുറയുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്‌മയാണ്‌ പ്രധാന പ്രതിസന്ധി. ഇതിനായി ഒരു ഐ.എ.എസ്‌ റാങ്കിലുള്ള നോഡല്‍ ഓഫീസറെ നിയമിച്ചു പ്രവര്‍ത്തനം ഏകോപിപ്പിക്കും. ആദിവാസി ഭൂമി കൈയേറ്റമടക്കമുള്ളവ കണ്ടെത്തി നടപടി സ്വീകരിക്കും. അട്ടപ്പാടി വികസന അതോറിറ്റി രൂപീകരിച്ച്‌ ആദിവാസി ക്ഷേമപദ്ധതികള്‍ ത്വരിതപ്പെടുത്തും. പലരും പ്രവചിച്ചതില്‍ നിന്നു വ്യത്യസ്‌തമായി നാലായിരത്തോളം വോട്ടിന്റെ ലീഡ്‌ വര്‍ധിപ്പിച്ചു തന്ന മേഖലയാണ്‌ അട്ടപ്പാടി.

ഫലപ്രഖ്യാപനത്തിനു മുമ്പ്‌ തന്നെ വിജയഗാനം ഉള്‍പ്പെടെ തയാറാക്കാന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നോ..?

എതിര്‍സ്‌ഥാനാര്‍ത്ഥിയുടെ വിജയഗാനം അനവസരത്തില്‍ പുറത്തിറങ്ങിയത്‌ ഞാനും കേട്ടു. ഞാന്‍ എട്ടു നിലയില്‍ പൊട്ടിയതിന്റെ ആഘോഷമാണ്‌ പാരഡിഗാന വരികളില്‍ ഉടനീളം. എന്നിട്ടെന്താണ്‌ സംഭവിച്ചതെന്ന്‌ കണ്ടതല്ലേ..?
വിജയാഘോഷത്തിനായി ഞാന്‍ ഒന്നും തയാറാക്കിയിരുന്നില്ല. ഫലം വന്നപ്പോള്‍ പ്രവര്‍ത്തകര്‍ എല്ലാം മറന്ന്‌ ആഘോഷിക്കുകയും ചെയ്‌തു.

എതിര്‍പക്ഷത്തെ വോട്ട്‌ ചോര്‍ത്താനുള്ള തന്ത്രങ്ങള്‍..?

തെരഞ്ഞെടുപ്പാകുമ്പോള്‍ ജയമാണ്‌ പ്രധാനം. അതിനായി പല തന്ത്രങ്ങളും പയറ്റും. എതിര്‍പക്ഷത്തെ അസംതൃപ്‌തരെ കൂടെ നിര്‍ത്തുന്നതൊക്കെ ഇതിന്റെ ഭാഗമാണ്‌. വിഷയം രാഷ്‌ട്രീയമാണ്‌. അതുകൊണ്ടുതന്നെ രഹസ്യവുമാണ്‌.

പാലക്കാടന്‍ കളരിമുറ മതിയോ ഡല്‍ഹിയിലും..?

ഡല്‍ഹി എനിക്ക്‌ അപരിചിതമായ നഗരമല്ല. 2002- 2006 വരെ യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി ഡല്‍ഹി കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചത്‌. സോണിയാ ഗാന്ധിയായിരുന്നു അന്ന്‌ അധ്യക്ഷ. ഇപ്പോള്‍ എം.പിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടി.

വൈകിയെത്തിയ അവസരം എന്ന്‌
തോന്നുന്നുണ്ടോ..?

ഒമ്പതില്‍ പഠിക്കുമ്പോള്‍ കെ.എസ്‌.യുവിലൂടെ തുടങ്ങിയതാണ്‌. പാര്‍ട്ടിയിലെത്തിയപ്പോള്‍ അന്നും ഇന്നും അടിയുറച്ച്‌ ഐ ഗ്രൂപ്പില്‍ തന്നെ. ലീഡര്‍ കെ. കരുണാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോഴും പോയില്ല. അതോടെ ഐ ഗ്രൂപ്പ്‌ അകറ്റി നിര്‍ത്തി. ഗ്രൂപ്പിനോടു കാണിച്ച ആത്മാര്‍ത്ഥത മൂലം മറു ഗ്രൂപ്പുകാരും ഒതുക്കി. എട്ടു വര്‍ഷം മുഖ്യധാരയിലേക്ക്‌ വരാനാകാതെ ഒതുങ്ങി കഴിയേണ്ടിവന്നു. പിന്നീട്‌ രമേശ്‌ ചെന്നിത്തലയാണ്‌ കെ.പി.സി.സി സെക്രട്ടറിയാക്കി കൈപ്പിടിച്ചുയര്‍ത്തിയത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
ജിനേഷ്‌ പൂനത്ത്‌
Tuesday 04 Jun 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW