Monday, August 19, 2019 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 01.40 AM

സാമ്പത്തികവളര്‍ച്ച നേരിടുന്ന സമ്മര്‍ദങ്ങള്‍

uploads/news/2019/06/312520/1.jpg

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തില്‍ നിര്‍ണായകദിനമാണ്‌ നാളെ. ഏകദേശം 39,000 കോടി ഡോളര്‍ വരുന്ന വ്യാപാര ഇളവുകള്‍ അവസാനിപ്പിച്ച്‌ വികസ്വര രാഷ്‌ട്രങ്ങളുടെ മുന്‍ഗണനാ സംവിധാന പട്ടിക(ജനറൈലസ്‌ഡ്‌ സിസ്‌റ്റം ഓഫ്‌ പ്രിഫറന്‍സ്‌-ജി.എസ്‌.പി)യില്‍ നിന്ന്‌ അമേരിക്ക ഇന്ത്യയെ ഒഴിവാക്കുന്നത്‌ നാളെ നിലവില്‍ വരുകയാണ്‌. നികുതിയില്ലാതെ ഉത്‌പന്നങ്ങള്‍ അമേരിക്കയിലേക്ക്‌ കയറ്റി അയക്കാന്‍ അനുവാദമുള്ള രാജ്യങ്ങളാണ്‌ ജി.എസ്‌.പിയിലുള്ളത്‌. ഇതില്‍ ഉള്‍പെടുന്നതിനാല്‍ വാഹന ഭാഗങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയടക്കം രണ്ടായിരത്തോളം ഉത്‌പന്നങ്ങള്‍ നികുതിയില്ലാതെ അമേരിക്കയിലേക്ക്‌ കയറ്റുമതി ചെയ്‌തിരുന്നു. 2017-ല്‍ 39, 441 കോടി രൂപയ്‌ക്കുള്ള കയറ്റുമതി നടത്തിയ ഇന്ത്യയാണ്‌ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്‌. എന്നാല്‍, ഈ കച്ചവടം അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ പറഞ്ഞുകൊണ്ട്‌ പട്ടികയില്‍ നിന്ന്‌ ഇന്ത്യയെ നീക്കുകയാണെന്ന്‌ കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പ്രഖ്യാപിക്കുകയായിരുന്നു. അമേരിക്ക നല്‍കുന്നതിനു തുല്യമായ പരിഗണന ഇന്ത്യ തിരിച്ചു നല്‍കുന്നില്ല എന്നാണ്‌ അവരുടെ നിലപാട്‌. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ മുന്നോട്ടുവച്ച ഫോര്‍മുല അമേരിക്ക അംഗീകരിച്ചതുമില്ല. ഇതോടെയാണ്‌ അമേരിക്കയുടെ പട്ടികയില്‍ നിന്ന്‌ ഇന്ത്യ പുറത്തായത്‌.
ഇന്ത്യയിലേക്കുള്ള വിദേശ നാണ്യത്തിന്റെ വരവ്‌ ഗണ്യമായി കുറയ്‌ക്കുന്നതാണ്‌ അമേരിക്കയുടെ നടപടി. തുല്യമായരീതിയില്‍ ഇന്ത്യ ഇറക്കുമതിച്ചുങ്കം കൂട്ടിയാല്‍ അമേരിക്കയില്‍ നിന്ന്‌ ഇവിടേക്ക്‌ വരുന്ന സാധനങ്ങളുടെ വില ഇനിയും ഉയരുകയും ചെയ്യാം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയ്‌ക്കുന്ന ഘടകമാകും അത്‌. ഈ തീരുമാനം അമേരിക്ക പ്രഖ്യാപിക്കുന്നതിന്‌ തൊട്ടു തലേന്നാണ്‌ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഗണ്യമായി കുറഞ്ഞു എന്ന റിപ്പോര്‍ട്ട്‌ പുറത്തു വന്നത്‌. 2018-19-ല്‍ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തോതായിരുന്നു ഇത്‌. കാര്‍ഷിക, നിര്‍മാണ മേഖലകളിലെ വളര്‍ച്ച കുറഞ്ഞതാണ്‌ ഈ ഇടിവിനു കാരണം. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്‌ഥ എന്ന നേട്ടം കൈവിട്ടു പോകുന്നതരം ഇടിവാണ്‌ ഉണ്ടായിരിക്കുന്നത്‌. എങ്കിലും ഇക്കാര്യത്തില്‍ ചൈനയെക്കാള്‍ മുന്‍പിലാണ്‌ ഇന്ത്യയെന്നാണ്‌ അധികൃതരുടെ നിലപാട്‌. അധികം താമസിയാതെ വളര്‍ച്ചാനിരക്ക്‌ വര്‍ധിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു. ഇതിനൊപ്പം ഇന്ത്യയിലെ തൊഴിലില്ലായ്‌മ കുതിച്ചുയരുകയും ചെയ്‌തു. 2017-18-ല്‍ തൊഴിലില്ലായ്‌മ 6.1 ശതമാനമായിരുന്നത്‌ കഴിഞ്ഞ 45 വര്‍ഷത്തെ എറ്റവും ഉയര്‍ന്ന തോതാണ്‌. കഴിഞ്ഞ ജനുവരിയില്‍ ഈ റിപ്പോര്‍ട്ട്‌ പുറത്തു വന്നപ്പോള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നതാണ്‌. ഇപ്പോഴിതാ ഇത്‌ അധികൃതരും അംഗീകരിച്ചിരിക്കുന്നു.
അമേരിക്കയുടെ മുന്നറിയിപ്പ്‌ കണക്കാക്കാതെ ഇറാനില്‍ നിന്ന്‌ എണ്ണ വാങ്ങുന്നത്‌ ഇന്ത്യ ഇപ്പോഴും പരിഗണിക്കുന്നുവെന്നാണ്‌ സൂചന. ഇത്‌ അമേരിക്കയെ കുപിതരാക്കിയിട്ടുണ്ട്‌. കൂടുതല്‍ കടുത്ത നടപടികള്‍ അവരുടെ ഭാഗത്തുനിന്ന്‌ ഇനി ഉണ്ടാകുമെന്നും കരുതേണ്ടിയിരിക്കുന്നു. അമേരിക്ക മുന്നില്‍ നില്‍ക്കണം എന്നാണ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നയം. ഇതുമൂലം ഇന്ത്യ എല്ലാ വ്യാപാര കരാറുകളിലും തങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കണമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. വിശാലമായ രാജ്യതാത്‌പര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യക്ക്‌ അതെല്ലാം പാലിക്കാനാവില്ല. ഏതാനും ദിവസങ്ങള്‍ക്ക്‌ ശേഷം പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ഈ കാര്യങ്ങളെല്ലാം.

Ads by Google
Tuesday 04 Jun 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW