Sunday, August 18, 2019 Last Updated 57 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 04.39 PM

യോഗയുടെ പ്രാധാന്യം

uploads/news/2019/06/312021/FitnessPlus010619a.jpg

യോഗ എന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത് ചില പോസുകളാണ്. ചമ്രം പടിഞ്ഞ് കണ്ണടച്ച് കൈ നീട്ടിയിരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴോട്ടാക്കി കാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം.

കുറച്ച് ആളുകള്‍ക്ക് അത് ശ്വാസ നിയന്ത്രണമാണ് എന്നും ധാരണയുണ്ട്. ഈ പറഞ്ഞവയില്‍ ആദ്യത്തേതിനെ ആസനം എന്നും രണ്ടാമത്തേതിനെ പ്രാണായാമം എന്നും പറയും. ഇവ രണ്ടും യോഗയുടെ രണ്ട് ഘട്ടങ്ങള്‍ മാത്രമാണ്.

എട്ട് ഘട്ടങ്ങള്‍ (അംഗങ്ങള്‍) ആണ് യോഗയ്ക്ക് ഉള്ളത്. ഇവയെ അഷ്ടാംഗങ്ങള്‍ എന്ന് വിളിക്കുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് എട്ട് ഘട്ടങ്ങള്‍. ഇവയ്ക്കോരോന്നിനും യോഗയില്‍ പ്രാധാന്യമുണ്ട്.

എന്താണ് യോഗ


യോഗ ഒരു ദര്‍ശനമാണ്. ആറ് ദര്‍ശനങ്ങളാണ് ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. (സാംഖ്യം, ന്യായം, വൈശേഷികം, യോഗ, പൂര്‍വ്വ, മീമാംസ) എന്നിവയാണവ). പതഞ്ജലി മഹര്‍ഷിയാണ് യോഗയുടെ പ്രധാന ആചാര്യന്‍. മോക്ഷപ്രാപ്തിയാണ് യോഗയുടെ ലക്ഷ്യം. പിന്നീട് വന്ന ആചാര്യന്‍മാര്‍ ഈ ശാസ്ത്രത്തിന്റെ ആരോഗ്യകരമായ ഗുണങ്ങള്‍ മനസിലാക്കുകയും അവയെ പ്രചരിപ്പിക്കുകയും ചെയ്തു എന്നുമാത്രം.

പൂര്‍ണ്ണമായ ചികിത്സാശാസ്ത്രമല്ല യോഗ. എന്നാല്‍ നിരവധി രോഗങ്ങള്‍ക്ക് ഫലപ്രദമായി യോഗ പ്രയോജനപ്പെടുത്താം. യോഗ ഏത് മതത്തില്‍പ്പെട്ടവര്‍ക്കും ചെയ്യാം. നിരീശ്വര വാദികള്‍ക്കും ചെയ്യാം. ബുദ്ധന്‍ നിരീശ്വരവാദിയായിരുന്നല്ലോ, പക്ഷേ ഏറ്റവും ശ്രേഷ്ടനായ യോഗിയുമായിരുന്നു. യോഗയിലൂടെയാണ് അദ്ദേഹത്തിന് ബോധോദയം ഉണ്ടായതും.

യോഗ എന്ന വാക്കിന് സംയോജിപ്പിക്കുന്നത് എന്നാണ് അര്‍ഥം. ജീവാത്മാവിനേയും പരമാത്മാവിനേയും സംയോജിപ്പിക്കുന്നതാണ് യോഗ. വഴി, രീതി എന്നിങ്ങനെയും യോഗയ്ക്ക് അര്‍ഥമുണ്ട്. മോക്ഷത്തിലേക്കുള്ള വഴി, മോക്ഷം കിട്ടാന്‍ ചെയ്യേണ്ട രീതി ഇതൊക്കെയാണ് യോഗ.

എന്നാല്‍ ഇന്ന് നമുക്കറിയാം ഇന്ന് ആരോഗ്യ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗമായാണ് യോഗ ആളുകള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ യോഗയുടെ പൂര്‍ണ്ണമായ പ്രയോജനം കിട്ടണമെങ്കില്‍ അതിന്റെ ദര്‍ശനവും അല്‍പ്പം അറിഞ്ഞിരിക്കണം. കാരണം അത് വെറും ശാരീരിക വ്യായാമം അല്ല.
ചിത്തവൃത്തികളുടെ നിരോധനമാണ് യോഗ എന്നാണ് പതഞ്ജലി മഹര്‍ഷി യോഗയെ നിര്‍വ്വചിച്ചിരിക്കുന്നത്.

പ്രമാണം, വിപര്യം, വികല്‍പ്പം, നിദ്ര, സ്മൃതി എന്നിവയാണ് ചിത്തവൃത്തികള്‍. ഇവയെ മുഴുവന്‍ നിരോധിച്ചാലേ ഒരാള്‍ക്ക് പരമാത്മാവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അതില്‍ ലയിച്ചുചേരാന്‍ കഴിയൂ. ഇതിന് നിരവധി ഘട്ടങ്ങളുണ്ട്. അതില്‍ പ്രധാന ഘട്ടമാണ് സമാധി.

യഥാര്‍ഥ സമാധിയില്‍ ലയിച്ചുകഴിഞ്ഞാല്‍പ്പിന്നെ പുനര്‍ജന്മമില്ല. ജനിമൃതികളില്‍നിന്ന് ഒരാള്‍ മുക്തനാകുന്നു അതാണ് മോക്ഷം
യോഗ പ്രധാനമായും നാല് തരത്തിലാണ് പ്രയോഗത്തിലുളളത്. രാജയോഗം, ഹഠയോഗം, കര്‍മ്മയോഗം, ഭക്തിയോഗം എന്നിവയാണവ. ഇവയില്‍ രാജയോഗമാണ് ഏറ്റവും ശ്രേഷ്ടം.

ഏറ്റവും ബുദ്ധിമുട്ടുളളതും. ആസനങ്ങള്‍ക്കും പ്രാണായാമങ്ങള്‍ക്കും പ്രാമുഖ്യംനല്‍കി ശരീരത്തിനേയും മനസിനേയും കീഴടക്കുന്ന രീതിയാണ് ഹഠയോഗത്തിനുള്ളത്. പ്രതിഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്ത് മോക്ഷം പ്രാപിക്കുന്ന രീതിയാണ് കര്‍മയോഗത്തിനുള്ളത്.

ഭക്തി ഭാവത്തിന്റെ പരമകോടിയിലെത്തി മോക്ഷം പ്രാപിക്കുന്ന രീതിയാണ് ഭക്തിയോഗത്തിനുളളത്. മൂന്ന് രീതികളുടേയും അന്തിമ ലക്ഷ്യം രാജയോഗത്തില്‍ എത്തിച്ചേരലാണ്. അഥവാ മറ്റ് മൂന്ന് രീതികളിലും മുന്നേറി വരുന്നവര്‍ അവസാനം രാജയോഗിയുടെ മാനസിക ആത്മീയ യോഗത്തില്‍ എത്തും.

ഗീതയും യോഗയും


യോഗയെക്കുറിച്ച് ഗീതയില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്.
1 ഒരാളുടെ കര്‍മങ്ങളിലെ കാര്യക്ഷമതയാണ് യോഗം (യോഗകര്‍മസു കൗശലം). ചെയ്യുന്ന ജോലി ഭംഗിയായും, കാര്യക്ഷമമായും, പ്രതിഫലേച്ഛയില്ലാതെയും ചെയ്യുക. അതാണ് യോഗ.ഫലം ഇച്ഛിച്ച് ചെയ്യുന്ന കര്‍മ്മങ്ങള്‍ കര്‍മഫലമുണ്ടാക്കുന്നു, അത് പുനര്‍ജന്മത്തിന് കാരണമാകുന്നു.

2 നല്ലതും ചീത്തയുമായ എല്ലാത്തിനേയും സമചിത്തതയോടെ സമീപിക്കാനുള്ള കഴിവാണ് യോഗ.

3 ദു:ഖസംയോഗവുമായുള്ള വിയോഗമാണ് യോഗ. ദു:ഖവുമായുള്ള സംയോഗങ്ങളാണല്ലോ നമ്മുടെ ദുരിതങ്ങള്‍ക്കെല്ലാം കാരണം. ഞാന്‍ ഈ ശരീരമാണ് എന്ന ചിന്തയാണ് ദു:ഖത്തിന് പ്രധാന കാരണം.

യഥാര്‍ഥ ഞാന്‍ എന്റെ ശരീരമല്ല മറിച്ച് ആത്മാവാണ് എന്നും ആത്മാവിന് നാശമില്ല എന്നും തിരിച്ചറിയുമ്പോള്‍ നമുക്ക് യഥാര്‍ഥ ജ്ഞാനം ഉണ്ടാകുന്നു. ദു:ഖ സംയോഗത്തില്‍ നിന്ന് മുക്തിയുണ്ടാകുന്നു. ആസനങ്ങള്‍ ചെയ്യുകയും ശ്വാസം വലിച്ചുവിടുകയും മാത്രമല്ല യോഗ എന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ.

ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW