Tuesday, August 20, 2019 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 11.47 AM

പ്രണയിക്കുന്നവരോട്.., ബ്രേക്ക്അപ് നിങ്ങളുടെ അവകാശമാണ്‌

''പ്രണയം പകയാകുമ്പോള്‍ വഴിയരികില്‍ പൊലിയുന്നത് പലരുടേയും ജീവിതങ്ങളാണ്. പനിനീര്‍ പുഷ്പങ്ങളില്‍ നിന്ന് കത്തിയിലേക്കും ആസിഡിലേക്കുമുള്ള ന്യൂജനറേഷന്റെ മാറ്റത്തിന് ഉത്തരവാദികളാര്?''
uploads/news/2019/05/311527/SHOCKING-REPORT300519.jpg

പ്രണയിച്ചാലും കുറ്റം, പ്രണയിച്ചില്ലെങ്കിലും കുറ്റം. പ്രണയത്തിന്റെ പേരില്‍, ആത്മഹത്യ /കൊലപാതകം. അടുത്ത കാലത്തുമാത്രമായി ഏഴു പെണ്‍കുട്ടികളുടെ ജീവനാണ് കേരളത്തില്‍ കാമുകന്മാരുടെ കൈകൊണ്ട് ഇല്ലാതായത്.

പ്രണയം നടിച്ചു നടത്തുന്ന പീഡനങ്ങള്‍ മറ്റൊരു ഭാഗത്ത്. പണ്ടു പറഞ്ഞും പറയാതെയും കണ്ടും കാണാതെയും വിരല്‍ത്തുമ്പില്‍ പോലും തൊടാതെയുമായിരുന്നു പ്രണയം. അന്നു പരസ്യമാവുന്ന പ്രണയങ്ങള്‍ അശുദ്ധിയുള്ളതായിരുന്നു.

സ്വാതന്ത്ര്യമാവുന്ന പ്രണയത്തെ വിവാഹമെന്ന തടവറയിലിട്ടു പൂട്ടിയായിരുന്നു പ്രണയത്തെ അവര്‍ ശുദ്ധീകരിച്ചിരുന്നത്. പക്ഷേ അതില്‍ നിന്നെല്ലാം കാലം ഒരുപാട് മുന്നോട്ട് പോയി.

സോഷ്യല്‍ മീഡിയ ജനപ്രീതിയാര്‍ജ്ജിച്ചതോടെ ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണങ്ങളില്ലാത്ത പ്രണയം കണ്ടെത്താനുള്ള അവസരങ്ങള്‍ ഏറി.
ജീവനുതുല്യം സ്‌നേഹിക്കുന്ന വ്യക്തിയെ മുറിവേല്‍പ്പിക്കാന്‍ എങ്ങനെയാണ് കഴിയുക? പ്രണയപരാജയം ഏല്‍ക്കേണ്ടി വരുമ്പോള്‍ സ്‌നേഹവും പ്രണയവും നഷ്ടപ്പെട്ട് പകയും പ്രതികാരവും ചേര്‍ന്ന മാനസികാവസ്ഥയിലേക്ക് അവര്‍ എത്തിച്ചേരുന്നത് എങ്ങനെ? ഒരു പോറല്‍പോലും ഏ ല്‍ക്കാതെ കാത്തുസൂക്ഷിച്ച പ്രിയപ്പെട്ടവളുടെ ശരീരത്തില്‍ വെട്ടാനും കുത്താനും അഗ്നിക്കിരയാക്കാനുമുള്ള മാനസികാവസ്ഥയായി പ്രണയം മാറുന്നുന്നുവോ?

കത്തുന്ന പ്രണയം


2017 ഫെബ്രവരി ഒന്നിന് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ക്യാമ്പസില്‍ ലക്ഷ്മി എന്ന വിദ്യാര്‍ഥിനിയെ കൂട്ടുകാരുടെ മുന്നിലിട്ട് പെട്രോളൊഴിച്ച് കത്തിച്ച് പ്രതി ആദര്‍ശും സ്വയം എരിഞ്ഞടങ്ങിയ വാര്‍ത്ത നടുക്കത്തോടെയാണ് നാം വായിച്ചത്. തിരുവല്ലയില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി പട്ടാപ്പകല്‍ കുത്തി പരുക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ച് തീ കൊളുത്തിയത് അടുത്തിടെയാണ്.

ചിയ്യാരത്ത് കാമുകിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച്, പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ പ്രതി സ്വയം വിഷം കഴിച്ചു മരിക്കാനുള്ള ആലോചനയോടെയാണ് എത്തിയത്. പ്രണയം പ്രതികാരമായി തീരുന്ന ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ തുടരെ ആവര്‍ത്തിക്കുന്നു.

ഇന്ത്യയില്‍ പ്രതിദിനത്തില്‍ പ്രണയം മൂലം ഏഴ് കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. പ്രണയം കാരണം ദിവസേന 14 ആത്മഹത്യകളും സംഭവിക്കുന്നു. ദിവസേനെയുള്ള 47 തട്ടിക്കൊണ്ടുപോവലുകള്‍ക്ക് കാരണവും മറ്റൊന്നല്ല. പ്രണയത്തിന്റെ അനന്തര ഫലങ്ങള്‍ ഗൗരവമേറിയതാണെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.

uploads/news/2019/05/311527/SHOCKING-REPORT300519a.jpg

വാര്‍ത്തകളില്‍ വായിച്ച് മാത്രം പരിചയമുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ കേരളത്തിലും വ്യാപകമാവുകയാണ്. പ്രണയത്തകര്‍ച്ചയില്‍ പുരുന്മാര്‍ ചെയ്യുന്ന കൊപാതകങ്ങള്‍, വീട്ടുകാരുടെ അനുമതിയില്ലാത്തതിനാല്‍ കമിതാക്കള്‍ നടത്തുന്ന ആത്മഹത്യ, ജാതിയുടെ പേരിലുള്ള കൊലപാതകങ്ങള്‍, കാമുകന്റെ മറ്റൊരു പ്രണയം അറിയുമ്പോഴുള്ള പ്രതികാരം തുടങ്ങി വിവിധ രൂപത്തിലാണ് പ്രണയം കുടുംബങ്ങളില്‍ ദുരിതം വിതയ്ക്കുന്നത്.

പ്രണയനഷ്ടം ജീവിതാവസാനമല്ല


പ്രണയ പരാജയം ന്യൂജനറേഷനെ മാനസികമായ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിക്കുന്നു എന്നാണ് ഉപ്പും മുളകും സീരിയലിന്റെ തിരക്കഥാകൃത്തായ അഫ്സല്‍ കരുനാഗപ്പള്ളിയുടെ അഭിപ്രായം.

പണ്ടത്തെ കാമുകന്മാര്‍ പ്രണയ പരാജയത്തിന് ശേഷം പ്രണയത്തിന്റെ ഓര്‍മകളെ മനസ്സില്‍ നിന്നു തുടച്ചു നീക്കാനുള്ള വഴികളാണാ ലോചിച്ചിരുന്നത്. ഇന്നത് പ്രണയിനിയെ തന്നെ ഭൂമിയി ല്‍ നിന്ന് തുടച്ചു നീക്കുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു. പ്രണയപരാജയം ജീവിതാവസാനമാണെന്നു ചിന്തിക്കുമ്പോഴാണു ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

അത് കൊണ്ടാണല്ലോ ഒരാളെ കൊന്നിട്ട് മറ്റേയാള്‍ സ്വയം ഇല്ലാതാകാന്‍ ശ്രമിക്കുന്നത്. കുടുംബ ബന്ധങ്ങളിെല മൂല്യച്യുതിയും ഇതിനു കാരണമാണ്. കാമുകിയെ തീര്‍ക്കാന്‍ വേണ്ടി പെട്രോളും വെട്ടുകത്തിയുമായി ഇറങ്ങും മുന്‍പ് അച്ഛനോടോ അമ്മയോടോ മനസ്സ് തുറന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ സമീപകാല സംഭവങ്ങളില്‍ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം.

ഇത്തരം വാര്‍ത്തകളുടെ പിന്നാമ്പുറ കഥകള്‍ക്ക് ചില മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യവും, കൊല ചെയ്യപ്പെട്ടയാള്‍ അത് അര്‍ഹിക്കുന്നു എന്ന തരത്തില്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഉണ്ടാക്കുന്ന വീരകഥകളുമൊക്കെ മറ്റുള്ളവരെയും ഇതേ രീതി അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഒന്നിന് പുറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും അത് കൊണ്ടാണ്.. അഫ്‌സല്‍ നിരീക്ഷിക്കുന്നു.

പ്രണയ പരാജയം മറികടക്കാം


പ്രണയ പരാജയത്തെ മറികടക്കാനുള്ള വഴികളെക്കുറിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ആശ കുര്യന്‍ പറയുന്നു. യൂറോപില്‍ കണ്ടുവന്ന യൂക്സോറിസൈഡ്് അഥവാ സ്നേഹിതരെ/പങ്കാളിയെ കൊല്ലുന്ന അവസ്ഥ കേരളത്തിലൊന്നും മുമ്പ് സാധാരണമായിരുന്നില്ല. കേരളത്തില്‍ 2017 ല്‍ കോട്ടയത്ത് ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തോടെയാണ് പ്രണയത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്.

അത്തരമൊരു സാഹചര്യത്തില്‍ നിന്ന് രക്ഷപെട്ട ഒരു പെണ്‍കുട്ടിയെ എനിക്കറിയാം. സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കുന്ന മുസ്ലിം കുടുംബത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അവളേക്കാള്‍ നാലോ അഞ്ചോ വയസ് മൂത്ത പെയിന്ററുമായി പ്രണയത്തിലായി. വീട്ടിലറിഞ്ഞതോടെ അവളെ വീട്ടില്‍ നിന്ന് മാറ്റി താമസിപ്പിച്ചു.

മാതാപിതാക്കളും ബന്ധുക്കളുമൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയതോടെ പെണ്‍കുട്ടി ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നു. പക്ഷേ ചെറുപ്പക്കാരന്‍ അവള്‍ക്ക് നിരന്തരം ഫോണ്‍ ചെയ്തുകൊണ്ടേയിരുന്നു. അതോടെ വീട്ടുകാര്‍ ഇടപെട്ട് സംസാരിച്ചു. അവള്‍ നല്‍കിയ സമ്മാനങ്ങള്‍ തിരികെ നല്‍കി എല്ലാം അവസാനിപ്പിക്കാമെന്നും അതിനായി ഒരിക്കല്‍ കൂടി അവളെ കാണണമെന്നുമുള്ള അയാളുടെ ആവശ്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അംഗീകരിച്ചു.

uploads/news/2019/05/311527/SHOCKING-REPORT300519c.jpg

വീട്ടുകാരുടെ സമ്മതത്തോടെ പെണ്‍കുട്ടി അയാളെക്കാണാനെത്തി. അവള്‍ അടുത്തെത്തിയതും അയാളുടെ ഭാവം മാറി. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അയാള്‍ അവളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു. പെണ്‍കുട്ടിയോടൊപ്പം സഹോദരന്മാരുണ്ടായിരുന്നതുകൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപെട്ടെങ്കിലും അവള്‍ ശരിക്കും പേടിച്ചു. കൗണ്‍സിലിങ്ങിലൂടെ അവള്‍ പഴയതുപോലെയായി പഠനം തുടരുന്നു.

പ്ലസ് വണ്‍, പ്ലസ് ടു കുട്ടികള്‍ക്കൊക്കെ ഒരാളോട് ഇന്‍ഫാക്ചുവേഷന്‍ തോന്നുന്നത് സ്വാഭാവികമാണ്. പ്രണയിക്കുന്ന സമയത്ത് അവര്‍ സ്നേഹിക്കുന്ന ആളിന് ഫോട്ടോസും മെസേജുകളുമൊക്കെ അയക്കും. കുറച്ചുകൂടി പക്വതയായശേഷമാണ് ചെയ്തത് തെറ്റാണെന്ന് അവര്‍ക്ക് തോന്നുന്നത്. അവര്‍ പിന്മാറാന്‍ ശ്രമിക്കുന്നതോടെ ഭീഷണികളുണ്ടാകും. അത്തരമൊരു കേസ് ഞാന്‍ കൈകാര്യം ചെയ്തിരുന്നു.

നല്ലൊരു കുടുംബത്തില്‍ നിന്നുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിനി ഒരു പയ്യനുമായി അടുപ്പത്തിലായി. നാട്ടില്‍ അറിയപ്പെടുന്ന കുടുംബത്തിലെ അംഗമാണ്, പക്ഷേ അവന്‍ മയക്കുമരുന്നിനടിമ. അതറിഞ്ഞ പെണ്‍കുട്ടി പിന്മാറാന്‍ ശ്രമിച്ചു. അതോടെ ഒരുമിച്ചുള്ള ഫോട്ടാകള്‍ കാട്ടിയും മറ്റും അവന്‍ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പെണ്‍കുട്ടിയുടെ അച്ഛന്‍ വിദേശത്തായിരുന്നു. അവന്‍ പാതിരാത്രിയില്‍ അവളുടെ വീട്ടിലെത്തുന്നത് പതിവായി. മദ്യപിച്ച് ബോധമില്ലാതെയാണ് വരവ്. അവന്റെ ഭീഷണിയെത്തുടര്‍ന്ന് അവള്‍ ആരുമറിയാതെ പണം മോഷ്ടിച്ച് നല്‍കാന്‍ തുടങ്ങി.

പിന്നീടവള്‍ അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്നറിയാവുന്ന അമ്മയും പണം നല്‍കാന്‍ തുടങ്ങി. പിന്നീട് ഇരു വീട്ടുകാരും സംസാരിച്ചു. ഡീ അഡിക്ഷന്‍ സെന്ററില്‍ അഡ്മിറ്റാക്കിയിട്ട് പലതവണ രക്ഷപെട്ട അവന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. അതോടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വിദേശത്തേക്കയച്ചു.

അവന്‍ അവിടെയുമെത്തി. എന്നാല്‍ നാട്ടില്‍ ചില കേസുകള്‍ ഉണ്ടായിരുന്നതിനാല്‍ അവന് തിരികെ പോരേണ്ടി വന്നു. പെണ്‍കുട്ടി ഇപ്പോഴും വിദേശത്താണ്. അവള്‍ കേരളത്തില്‍ എത്തിയെന്നറിഞ്ഞാല്‍ അവളെ കൊല്ലുമെന്നാണ് ഭീഷണി.

മുതിര്‍ന്ന പെണ്‍കുട്ടികള്‍ പോലും കാമുകന്റെ ഭീഷണിയ്ക്ക് വഴങ്ങി ജീവിക്കുന്നുണ്ട്. അവര്‍ക്ക് നോ പറയണമെന്നുണ്ട്. പക്ഷേ ഉപദ്രവിക്കുമെന്ന ഭയത്താല്‍ സഹിക്കാതെ നിവര്‍ത്തിയില്ലാത്തവര്‍. കാമുകന് ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കാന്‍ പാടില്ല, മറ്റുള്ളവരോട് സംസാരിക്കാന്‍ പാടില്ല എന്നുള്ള നിബന്ധനകള്‍ സ്നേഹംകൊണ്ട് മറികടക്കാന്‍ പെണ്‍കുട്ടികള്‍ ശ്രമിക്കും. കാമുകന്റെ ഉപദ്രവം സഹിക്കാനാവുന്നില്ല, ഇനി എന്തുചെയ്യുമെന്ന് അറിയില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് കുറേ പെണ്‍കുട്ടികള്‍ എന്റെ മുമ്പില്‍ വന്നിട്ടുണ്ട്.

ലെറ്റ്സ് ബ്രേക്കപ്്

ഷോക്ക്, നിഷേധിക്കല്‍ , ഏകാന്തത , കോപം , വിലപേശല്‍ , വിഷാദം , സ്വീകാര്യത എന്നീ ഏഴ് സ്‌റ്റേജില്‍ കൂടിയാണ് ബ്രേക്ക് അപ് എന്ന അവസ്ഥ കടന്നുപോകുന്നത്. പ്രണയപരാജയം നേരിട്ട എല്ലാവരും ഈ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടാകും. ഒറ്റപ്പെടല്‍, വിദ്വേഷം എന്നീ നിലകള്‍ മറികടക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. പ്രണയിനിയെ കാണണമെന്ന് തോന്നുമ്പോള്‍ കാണാന്‍ കഴിയുന്നില്ല, അതുവരെ എല്ലാ കാര്യങ്ങളും പങ്കുവച്ചവളോട് സങ്കടവും സന്തോഷവും അറിയിക്കാനാവുന്നില്ല എന്ന യാഥാര്‍ത്ഥ്യം പലരിലും വിദ്വേഷത്തിന് കാരണമാകുന്നു. പിന്നീട് എന്തിന് എന്നെ വിട്ടുപോയി എന്ന ചിന്തയിലേക്ക് എത്തിച്ചേരുന്നു. ആ ദേഷ്യമുണ്ടെങ്കില്‍ക്കൂടിയും വിട്ടുവീഴ്ചയ്ക്ക് തയാറാകാറുണ്ട്. എന്നിട്ടും പ്രണയിനി തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ അവന് ദേഷ്യം നിയന്തിക്കാന്‍ കഴിയാതെ വരുന്നു.

ഒരാളോട് ഒരുപാട് അടുത്തുകഴിയുമ്പോള്‍ അവരോട് അണ്‍കോണ്‍ഷ്യസ് ഡിപ്പന്‍സ്, അബ്യുബസ്ഡ് ടൈപ്പ് പൊസസീവ്നെസ് എന്നിങ്ങനെയുള്ള അടുപ്പം തോന്നാം. ആ അവസ്ഥയില്‍ പെണ്‍കുട്ടി ഏതെങ്കിലും കാര്യത്തില്‍ നോ പറഞ്ഞാല്‍ അവര്‍ക്കത് ഉള്‍ക്കൊള്ളാനാവില്ല. അതാണ് കൊലപാതകത്തിലേക്ക് നയിക്കുന്നത്.

uploads/news/2019/05/311527/SHOCKING-REPORT300519d.jpg

പ്രണയിച്ച പെണ്‍കുട്ടിയെ കൊല്ലാനുള്ള മാനസികാവസ്ഥയിലേക്ക് എത്താനുള്ള കാരണങ്ങള്‍ പലതാണ്. വീട്ടില്‍ നിന്ന് സ്നേഹം കിട്ടാത്ത, ബന്ധങ്ങളുടെ വില മനസിലാകാത്ത ശിഥിലമായ കുടുംബത്തിലെ കുട്ടികളും റൂള്‍ ബ്രേക്കിങ് പോലുള്ള വ്യക്തിത്വവൈകല്യമുള്ളവരും മയക്കുമരുന്നിനും മദ്യത്തിനും അടിമപ്പെട്ടവരുമാണ് ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവരിലധികവും. ഇന്നത്തെ സമൂഹത്തില്‍ എല്ലാവരും ഹീറോയാവാനാണ് ആഗ്രഹിക്കുന്നത്. റിയലിസ്റ്റിക്കല്ലാത്ത ഇമാജിനേഷനിലും ഫാന്റസി ലോകത്തും ജീവിക്കുന്നവര്‍ക്ക് പൊതുവേ പരാജയങ്ങളെ അംഗീകരിക്കാന്‍ മടിയായിരിക്കും..

എങ്ങനെ നേരിടാം


ബ്രേക്ക് അപ്പിലൂടെ കടന്നുപോകുന്നവരെ ഏറ്റവും കൂടുതല്‍ സഹായിക്കാനാവുന്നത് മാതാപിതാക്കള്‍ക്കാണ്. മക്കള്‍ പതിവില്ലാത്തവിധം വിഷമിച്ചിരിക്കുന്നതോ, ആലോചിച്ച് ഇരിക്കുന്നതോ കണ്ടാല്‍ എന്താണ് അവരുടെ പ്രശ്നമെന്ന് മനസിലാക്കാനുള്ള സമയം കണ്ടെത്തുക എന്നത് മാതാപിതാക്കളുടെ ചുമതലയാണ്. സ്നേഹമെന്താണെന്നും ബന്ധങ്ങളുടെ വില എന്താണെന്നും കുട്ടികള്‍ പഠിക്കേണ്ടത് അവരവരുടെ വീടുകളില്‍ നിന്നാണ്. ബ്രേക്കപ്പായാല്‍ പ്രേമിക്കുന്നത് തെറ്റല്ലെന്നും അതിനെ മറികടക്കണമെന്നും പറഞ്ഞ് മക്കള്‍ക്ക് സപ്പോര്‍ട്ട് നല്‍കാനും മറക്കരുത്. ആ അവസ്ഥയെ മറികടക്കാന്‍ ജീവിതത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ അവരെ പ്രേരിപ്പിക്കാനും മാതാപിതാക്കള്‍ക്ക് കഴിയും.

പ്രണയ പരാജയം മറികടക്കാന്‍ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കാം. അതിനായി സോഷ്യല്‍ മീഡിയകള്‍ക്ക് അവധി നല്‍കാം, ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും നശിപ്പിക്കാം. കുട്ടികളാണെങ്കില്‍ അവരെ കുറച്ചുനാള്‍ ബന്ധുവീടുകളില്‍ നിര്‍ത്താം. മുതിര്‍ന്നവരാണെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടുകയോ യാത്ര പോവുകയോ ചെയ്യാം. ഇത്രയൊക്കെയായിട്ടും പ്രണയിതാവിന്റെ ഓര്‍മ്മകളില്‍ നിന്ന് മോചനമില്ലെങ്കില്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം. ഓര്‍ക്കരുത് എന്ന് വിചാരിക്കുന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മ വരുന്നത് പതിവാണ്. കൊഹ്‌നിറ്റീവ് ബിഹേവിയര്‍ തെറാപി പോലുള്ള ട്രീറ്റ്മെന്റീലൂടെ ഇതിനെ മറികടക്കാം.

ഒരു സ്വതന്ത്ര്യരാജ്യത്തിലാണ് നാം ജീവിക്കുന്നത്. അവരവരുടെ ഇഷ്ടത്തിനനുസരിച്ച് യെസ് അല്ലെങ്കില്‍ നോ പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അത് അംഗീകരിക്കാന്‍ പഠിക്കണം. കുട്ടികള്‍ വളരുമ്പോള്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും യെസ് പറയാതെ വേണ്ടാത്തതിനോട് നോ പറയാന്‍ പഠിപ്പിച്ച് വേണം വളര്‍ത്താന്‍.

അപ്പോള്‍ അവഗണനകളെ നേരിടാന്‍ അവര്‍ക്ക് പറ്റും. കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചതെല്ലാം നേടിയെടുത്തിട്ട് പെട്ടെന്നൊരു നോ കേട്ടാല്‍ അതുവരെ അവര്‍ നെയ്തെടുത്ത് സ്വപ്നങ്ങള്‍ ഒരു ചില്ല് കൊട്ടാരം തകര്‍ന്നുപോകും. അതുകൊണ്ട് അവഗണനകളെ അംഗീകരിക്കാന്‍ സ്വയം പഠിക്കണം. അതിനായി മെഡിറ്റേഷന്‍,യോഗ തുടങ്ങിയവ ശീലമാക്കാം. അതിലൂടെ ലഭിക്കുന്ന പോസിറ്റീവിനെസ് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ സഹായിക്കും.

പെണ്‍കുട്ടികളും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ എടുത്തുചാടി അവര്‍ക്ക് വാക്ക് കൊടുക്കാതിരിക്കുക. ഇഷ്ടം തോന്നിയാല്‍ അത് പ്രായത്തിന്റെ പ്രത്യേകതയാണെന്നു മനസിലാക്കാനും കുറച്ചുകൂടി പക്വതയായ ശേഷം തീരുമാനമെടുക്കാം എന്നും പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ കാണിക്കണം.

ഇനി ബ്രേക്കപ്പായശേഷം പ്രണയിച്ച ആളില്‍ നിന്ന് എന്തെങ്കിലും ഭീഷണി ഉണ്ടായാല്‍ ഈ കാര്യങ്ങള്‍ വീട്ടുകാരോട് പറഞ്ഞ് പോലീസില്‍ പരാതി കൊടുക്കാം. പുറത്തുപോകുമ്പോള്‍ ആരെയെങ്കിലും ഒപ്പം കൂട്ടാം. പെണ്‍കുട്ടിയെ തനിയെ വീട്ടിലാക്കി പോകാതിരിക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം.

uploads/news/2019/05/311527/SHOCKING-REPORT300519b.jpg

തിരസ്‌ക്കരണത്തെ മറികടക്കാം


പ്രണയ നഷ്ടം എല്ലാത്തിന്റെയും അവസാനമെന്ന തരത്തില്‍ ചിന്തിക്കേണ്ടതില്ല. ജീവിതത്തില്‍ മുന്‍ കാലങ്ങളില്‍ സംഭവിച്ചിട്ടുള്ള വിഷമകരമായ അനുഭവങ്ങളില്‍ ഒന്നുമാത്രമാണ് ഇപ്പോഴുള്ള പ്രണയ നഷ്ടം എന്ന് മനസ്സിലാക്കണം. പ്രണയത്തില്‍ പരാജയപ്പെടുന്ന ലോകത്തിലെ ആദ്യത്തെ ആള്‍ ഞാനാണ് എന്ന ചിന്ത നല്ലതല്ല.

പ്രണയത്തിന്റെ കാര്യത്തില്‍ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നവരും, അതിനെ അതിജീവിച്ചവരുമാണ് നിങ്ങളുടെ ചുറ്റുമുള്ള ഒട്ടുമിക്കവരും എന്ന് തിരിച്ചറിയുക. ജീവിതത്തില്‍ തിരസ്‌കാരങ്ങള്‍ നേരിടേണ്ടി വരുന്നതും അതിനെ അതിജീവിക്കുന്നതും ഇത് ആദ്യമല്ല എന്ന് ഈ സമയത്ത് ഓര്‍ക്കുന്നത് നന്നായിരിക്കും.

ചില വ്യക്തികള്‍ നമ്മുടെ ഇഷ്ടങ്ങളോട് ഒട്ടും ചേര്‍ന്ന് പോകുന്നവരല്ല എന്ന് മനസ്സിലാക്കുക. പ്രതികാരം ചെയ്യേണ്ടത് മറ്റൊരാളെ വിഷമിപ്പിച്ച് കൊണ്ടോ വേദനിപ്പിച്ച് കൊണ്ടോ അല്ല എന്നും പ്രണയം തിരസ്‌ക്കരിച്ച വ്യക്തിയുടെ മുന്നില്‍ ജീവിതത്തില്‍ വിജയിച്ച് കാണിക്കുകയാണ് വേണ്ടതെന്നും മനസിലാക്കുക.

ജീവിതത്തില്‍ നിങ്ങള്‍ നേടിയെടുത്തിട്ടുള്ള കാര്യങ്ങളെ കുറിച്ച് ഒരു ലിസ്റ്റ് ഉണ്ടാക്കുകയോ ഓര്‍ത്തെടുക്കുകയോ ഒക്കെ ചെയ്യുന്നത് ആത്മവിശ്വാസം കൂട്ടാനുള്ള നല്ല മരുന്നാണ്. നിങ്ങളുടെ കഴിവുകളെ കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുക. പ്രണയ പരാജയം നിങ്ങളുടെ കഴിവുകളെ ഇല്ലാതാക്കുന്നില്ല എന്ന് മനസ്സിലാക്കണം.

പല പ്രണയങ്ങളും തകരുന്നത് നിങ്ങളുടെ കൈയ്യിലെ തെറ്റു കൊണ്ടാണെന്നുള്ള വാഖ്യാനം നല്ലതല്ല. നിങ്ങളെ ഒരാള്‍ തിരസ്‌കരിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം നിങ്ങള്‍ ഒട്ടും വ്യക്തിത്വമില്ലാത്ത വ്യക്തി ആയതുകൊണ്ടോ, നിങ്ങളുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ ആകണമെന്നില്ല.

ഒരുപക്ഷേ, അയാള്‍ക്ക് അയാളുടേതായ ചില പ്രത്യേക താല്‍പ്പര്യങ്ങള്‍, ലക്ഷ്യങ്ങള്‍, മൂല്യങ്ങള്‍ എന്നിവ ഉണ്ടാകാം. അതംഗീകരിക്കാന്‍ പഠിക്കുക.സ്‌നേഹം കൊല്ലുകയോ സ്വയം കൊലപ്പെടുത്തുകയോ ചെയ്യില്ല. അങ്ങനെ ചെയ്യാന്‍ തോന്നുന്നുവെങ്കില്‍ അത് സ്‌നേഹമല്ല, വൈകല്യമാണ്. അത്തരം മാനസികാവസ്ഥ സഹതപിക്കാനുള്ളതല്ല, ചികില്‍സിക്കേണ്ടതാണ്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW