Tuesday, August 20, 2019 Last Updated 16 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 01.01 AM

വധശ്രമത്തിനുപിന്നില്‍ സി.പി.എം. യുവ എം.എല്‍.എ: സി.ഒ.ടി. നസീര്‍

uploads/news/2019/05/311002/3.jpg

തലശേരി: തന്നെ വധിക്കാന്‍ ശ്രമിച്ചതിനുപിന്നില്‍ സി.പി.എമ്മിലെ യുവ എം.എല്‍.എയാണെന്ന്‌ സി.പി.എം. വിമതന്‍ സി.ഒ.ടി നസീറിന്റെ മൊഴി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച സി.ഒ.ടി നസീര്‍ കേസ്‌ അന്വേഷിക്കുന്ന സി.ഐ: വി.കെ വിശ്വംഭരന്‍ മുമ്പാകെയാണ്‌ കഴിഞ്ഞദിവസം സി.പി.എമ്മിനെ കുടുക്കി മൊഴി നല്‍കിയത്‌.
അതേസമയം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‌ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ജയരാജനെ ഇതിലേക്ക്‌ വലിച്ചിഴക്കാന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്നും നസീര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ഒരു ജനപ്രതിനിധിയും രണ്ടു ലോക്കല്‍ കമ്മിറ്റി അംഗങ്ങളും നടത്തിയ ഗൂഡാലോചനയാണ്‌ വധശ്രമത്തിനു പിന്നിലെന്നും നസീര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനുശേഷം രണ്ടുതവണ എം.എല്‍.എ. തന്നെ ഭീഷണിപ്പെടുത്തിയെന്നാണു പോലീസിനു നല്‍കിയ മൊഴിയില്‍ നസീര്‍ വെളിപ്പെടുത്തിയത്‌. ആക്രമിക്കപ്പെടുന്നതിന്‌ ഏതാനുംദിവസം മുമ്പൊരു ഇഫ്‌താര്‍ വിരുന്നില്‍വെച്ചും ഭീഷണിയുണ്ടായിരുന്നു. ഏതാനും ദിവസം മുമ്പ്‌ അക്രമികളെ എം.എല്‍.എയ്‌ക്കൊപ്പം കണ്ടിരുന്നു.
തലശേരിയിലെ വികസനപദ്ധതികളുമായി ബന്ധപ്പെട്ട്‌ നസീര്‍ നേരത്തെ കോടിക്കണക്കിന്‌ രൂപയുടെ അഴിമതി ആരോപണമുന്നയിച്ചിരുന്നു. ഈ നവീകരണപദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിനിടെ നസീറിന്റെ നേതൃത്വത്തിലുള്ള കിവീസ്‌ ക്ലബ്ബ്‌ അഴിമതി ആരോപണമടങ്ങിയ ലഘുലേഖ വിതരണം ചെയ്‌തിരുന്നു. ഉദ്‌ഘാടകന്‌ ലഘുലേഖ നല്‍കാനുള്ള ശ്രമം അന്ന്‌ എം.എല്‍.എ. തടഞ്ഞു. പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി വലിയമരം മുറിക്കുന്നത്‌ തടയാന്‍ ശ്രമിച്ചത്‌ കൂടുതല്‍ വിരോധത്തിന്‌ ഇടയാക്കി. സി.പി.എം. തലശേരി ടൗണ്‍, തലശേരി നോര്‍ത്ത്‌ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ചിലരാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരായ ക്വട്ടേഷന്‍ സംഘത്തെ ദൗത്യം ഏല്‍പിച്ചതെന്നും നസീറിന്റെ മൊഴിയില്‍ പറയുന്നു.
മേയ്‌ 18ന്‌ രാത്രിയിലാണ്‌ നസീറിന്‌ നേരേ അക്രമണമുണ്ടായത്‌. ആക്രമണത്തിനുപിന്നില്‍ നസീര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിലുള്ള വിരോധമാണെന്നു പോലീസ്‌ കേസ്‌. തലയ്‌ക്കും വയറിനും കൈകാലുകള്‍ക്കും ഗുരുതരപരുക്കേറ്റ നസീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്‌ചരാത്രി കായ്ത്ത്‌യ റോഡിലെ വീട്ടില്‍ തിരിച്ചെത്തിയ നസീര്‍ വിശ്രമത്തിലാണ്‌. വോട്ടെടുപ്പിന്‌ ഒരുദിവസം മുമ്പ്‌ മേപ്പയൂരില്‍വെച്ച്‌ രണ്ടുതവണ നസീറിനുനേര്‍ക്ക്‌ ആക്രമണമുണ്ടായിരുന്നു.
കേസിലെ അക്രമികളിലൊരാളായ പൊന്ന്യം വെസ്‌റ്റിലെ കെ. അശ്വന്ത്‌, സഹായം നല്‍കിയ കൊളശേരി കളരിമുക്കിലെ വി.കെ സോജിത്ത്‌ എന്നിവര്‍ അറസ്‌റ്റിലായിരുന്നു. സോജിത്ത്‌ വടക്കുമ്പാട്‌ പാറക്കെട്ടിലെ സി.പി.എം. പ്രവര്‍ത്തകന്‍ ഷിധിനെ വധക്കേസിലെ പ്രതിയാണ്‌. അശ്വന്ത്‌ പൊന്ന്യത്ത്‌ മറ്റൊരു സി.പി.എം പ്രവര്‍ത്തകനെ ബസില്‍നിന്ന്‌ വലിച്ചിറക്കി അക്രമിച്ച കേസിലെ പ്രതിയാണ്‌. അശ്വന്ത്‌ നസീറിന്റെ ശരീരത്തില്‍ ബൈക്ക്‌ ഓടിച്ച കയറ്റാന്‍ ശ്രമിച്ചത്‌ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന്‌ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഒരു സംഭവത്തില്‍ പെട്ടുപോയ അശ്വന്ത്‌ അതില്‍നിന്ന്‌ ഒഴിവാകാന്‍ ചിലരെ സമീപിക്കുകയും അവിചാരിതമായി ഇത്തരമൊരു ക്വട്ടേഷന്‍ ലഭിക്കുകയുമായിരുന്നെന്നാണ്‌ പോലീസ്‌ കണ്ടെത്തല്‍. നസീറിനെ അക്രമിച്ചശേഷവും പ്രതികള്‍ നാട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. ഇതിനുകാരണം പിടിക്കപ്പെടില്ലെന്നു ക്വട്ടേഷന്‍ നല്‍കിയവര്‍ നല്‍കിയ ഉറപ്പാണെന്ന്‌ കരുതുന്നു.
ആക്രമിച്ച രണ്ടുപേരും സഹായം നല്‍കിയ അഞ്ചോളംപേരും ഇനി പിടിയിലാകാനുണ്ട്‌. അക്രമത്തിന്‌ പിന്നില്‍ രാഷ്‌ട്രീയമില്ലെന്നാണ്‌ പോലീസ്‌ ആദ്യം പറഞ്ഞിരുന്നത്‌. സി.പി.എം. ഗൂഢാലോചന നടന്നുവെന്ന്‌ നസീര്‍ ആരോപിച്ചശേഷമാണ്‌ പാര്‍ട്ടി പ്രാദേശിക നേതൃത്വമാണ്‌ അക്രമത്തിനുപിന്നിലെന്ന നിഗമനത്തിലേക്ക്‌ പോലീസ്‌ എത്തിയത്‌. ഗൂഢാലോചനയില്‍ ഉന്നതരുടെ പങ്ക്‌ വ്യക്‌തമാക്കാന്‍അന്വേഷണം നടത്തണമെന്നാണ്‌ നസീറിന്റെ ആവശ്യം.
ആക്രമണത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്നു വ്യക്‌തമാക്കി വടകരയിലെ സി.പി.എം. സ്‌ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും നേരത്തേ രംഗത്തെത്തിയിരുന്നു. ഇരുവരും നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. എ.എന്‍. ഷംസീര്‍ എം.എല്‍.എയും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ എ.എന്‍. ഷംസീറിനെതിരേ നസീര്‍ മത്സരിക്കാനൊരുങ്ങിയിരുന്നുവെങ്കിലും സി.പി.എം നേതൃത്വം ഇടപെട്ട്‌ പിന്തിരിപ്പിക്കുകയായിരുന്നു. തലശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും നഗരസഭാ കൗണ്‍സിലറുമായിരുന്നു നസീര്‍.

Ads by Google
Tuesday 28 May 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW