Saturday, August 24, 2019 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.09 AM

ശബരിമലയും തിരിച്ചടിക്ക്‌ കാരണമെന്ന്‌ സി.പി.എം

uploads/news/2019/05/310396/k1.jpg

തിരുവനന്തപുരം : ന്യൂനപക്ഷവോട്ടുകള്‍ കോണ്‍ഗ്രസിനു ലഭിച്ചതുമാത്രമല്ല ശബരിമല വിഷയവും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിനു കാരണമായെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ചിലര്‍ വിജയിച്ചെന്നും പാര്‍ട്ടിയിലെ ഹൈന്ദവ വോട്ടുകളില്‍ വന്‍ചോര്‍ച്ചയുണ്ടായെന്നും സി.പി.എം. വിലയിരുത്തി.
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ കാരണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എമ്മും സി.പി.ഐയും തീരുമാനമെടുത്തിട്ടുണ്ട്‌. ഇന്നലെ നടന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയേറ്റ്‌ യോഗവും സി.പി.ഐ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും തോല്‍വിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ കീഴ്‌ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഇന്നലെ രാവിലെ പത്തുമണിയോടെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയേറ്റ്‌ യോഗത്തില്‍ പരാജയകാരണം ബി.ജെ.പി. അധികാരത്തിലെത്താതിരിക്കാന്‍ ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം നടന്നതാണെന്ന അഭിപ്രായമുയര്‍ന്നു. ഹൈന്ദവവോട്ടുകളിലും ചോര്‍ച്ചയുണ്ടായെന്നും ശബരിമല വിഷയമാണോ ഇതിനു പിന്നിലെന്ന്‌ പരിശോധിക്കണമെന്നും സെക്രട്ടേറിയറ്റ്‌ നിര്‍ദേശിച്ചു.
ബ്രാഞ്ച്‌ കമ്മിറ്റികള്‍ തൊട്ടുള്ള തലങ്ങളില്‍നിന്ന്‌ റിപ്പോര്‍ട്ടുകള്‍ തേടും. ജില്ലാകമ്മിറ്റികള്‍ക്ക്‌ ഇതു സംബന്ധിച്ച്‌ ഇന്നലെ തന്നെ നിര്‍ദേശം നല്‍കി. 31നും ജൂണ്‍ ഒന്നിനും നടക്കുന്ന സംസ്‌ഥാനകമ്മിറ്റിക്കു മുമ്പ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ നിര്‍ദേശം. വോട്ടു ചോര്‍ച്ചയെങ്ങനെ സംഭവിച്ചുവെന്ന കണ്ടെല്‍ നടത്താനാണ്‌ ബ്രാഞ്ച്‌ തലത്തില്‍ തൊട്ടു നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. പലയിടത്തും ബി.ജെ.പി വോട്ട്‌ വര്‍ധിക്കുന്ന സാഹചര്യമുണ്ടായി. ശബരിമല വിഷയം അവര്‍ പ്രചരണായുധമാക്കി. മലപ്പുറം, പൊന്നാനി ഭാഗങ്ങളില്‍ എസ്‌.ഡി.പി.ഐ. ലീഗിനു വോട്ടു മറിച്ചു നല്‍കിയെന്ന വിലയിരുത്തലുമുണ്ട്‌. മുന്‍തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്‌ ഏറ്റവും സംഘടിതമായ പ്രവര്‍ത്തനം താഴെത്തട്ടു മുതല്‍ സി.പി.എം. നടത്തിയ തെരഞ്ഞെടുപ്പാണിത്‌. എന്നിട്ടും നേരിട്ട കനത്ത തിരിച്ചടി നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്‌.
സി.പി.ഐയും തെരഞ്ഞെടുപ്പ്‌ തോല്‍വിയെക്കുറിച്ച്‌ കീഴ്‌ഘടകങ്ങളോട്‌ റിപ്പോര്‍ട്ട്‌ തേടിയിട്ടുണ്ട്‌. എന്നാല്‍ തിരുവനന്തപുരത്തെ സ്‌ഥാനാര്‍ഥികൂടിയായിരുന്ന സി. ദിവാകരന്‍ ഇന്നലെ കൂടിയ സി.പി.ഐ എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ നിന്നു വിട്ടു നിന്നു. ദിവകാരന്‍ യോഗത്തില്‍ പങ്കെടുക്കാഞ്ഞത്‌ മണ്ഡലങ്ങളില്‍ പോയതുകൊണ്ടാണന്നാണ്‌ പാര്‍ട്ടി വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകളുണ്ടായെന്ന്‌ പിന്നീട്‌ ദിവാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

എം.എസ്‌. സന്ദീപ്‌

Ads by Google
Saturday 25 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW