Tuesday, August 20, 2019 Last Updated 16 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.41 AM

ഒഡീഷയുടെ നിത്യഹരിത നായകന്‍

uploads/news/2019/05/310251/bft1.jpg

ആപ്‌ന മാനേ ഖുസി താ? മൂ ബി ഖുസി... (നിങ്ങള്‍ക്കു സന്തോഷമാണോ? എങ്കില്‍ എനിക്കും സന്തോഷമാണ്‌)... തെരഞ്ഞെടുപ്പു പ്രചാരണകാലത്ത്‌ ഒഡിയ ഭാഷയില്‍ മുഴങ്ങിയ ശബ്‌ദത്തോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും ജനങ്ങള്‍ക്കുള്ള സ്‌നേഹം വിധിദിനത്തിലും പ്രതിഫലിച്ചു. ഫലം സൂര്യക്ഷേത്രത്തിന്റെ നാടായ ഒഡീഷയുടെ രാഷ്‌ട്രീയഭൂമികയിലെ സൂര്യതേജസ്‌; നവീന്‍ പട്‌നായിക്കിന്‌ അഞ്ചാംവട്ടവും മുഖ്യമന്ത്രിക്കസേര.
എതിരാളികള്‍ക്ക്‌ 19 വര്‍ഷമായി സംസ്‌ഥാനഭരണം കിട്ടാക്കനിയാക്കിയ ജനപ്രിയന്‍, ഒഡീഷയുടെ മണ്ണില്‍ സോഷ്യലിസ്‌റ്റ്‌ ആശയങ്ങള്‍ വിതച്ച്‌ പൊന്നുവിളയിച്ച ബിജു ജനതാ ദള്‍ (ബി.ജെ.ഡി) എന്ന പ്രാദേശിക പാര്‍ട്ടിയുടെ പ്രസിഡന്റ്‌, വയസ്‌ 73 കടന്നിട്ടും ജനസേവനത്തിനായി വിവാഹം പോലും ഉപേക്ഷിച്ച ഒഡീഷയുടെ നിത്യഹരിത നായകന്‍... നവീനു വിശേഷണങ്ങളേറെ.
പ്രാദേശിക, ദേശീയ രാഷ്‌ട്രീയത്തില്‍ കഴിവു തെളിയിച്ച ജനതാദള്‍ നേതാവ്‌ പിതാവ്‌ ബിജു പട്‌നായിക്കിന്റെ മരണമാണ്‌ 1997-ല്‍ നവീനെ സജീവ രാഷ്‌ട്രീയക്കാരനാക്കിയത്‌. പിതാവിന്റെ മണ്ഡലമായ അസ്‌കയിലെ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച്‌ 11-ാം ലോക്‌സഭയില്‍ അംഗമായി. അതുവരെ രാഷ്‌ട്രീയത്തോട്‌ അത്രവലിയ ആഭിമുഖ്യമൊന്നും പുലര്‍ത്താതിരുന്ന നവീന്‍ പക്ഷേ, പുതിയ ദൗത്യം ആസ്വദിച്ചു. ഒരുവര്‍ഷത്തിനുള്ളില്‍ ജനതാദളിലെ പടലപ്പിണക്കത്തിനൊടുവില്‍ പിതാവിന്റെ പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച്‌ കരുത്തുകാട്ടി. ആരംഭകാലത്ത്‌ ബി.ജെ.പി. നയങ്ങളോടായിരുന്നു പ്രേമം.
എന്‍.ഡി.എ. കക്ഷിയായി പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട്‌ വെന്നിക്കൊടി പാറിച്ച നവീന്‌ അര്‍ഹിക്കുന്ന അംഗീകാരമായി അടല്‍ ബിഹാരി വാജ്‌പേയ്‌ മന്ത്രിസഭയില്‍ ഖനി മന്ത്രാലയത്തിന്റെ ചുമതല ലഭിച്ചു.
2000-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സഖ്യത്തില്‍ സ്വന്തം പാര്‍ട്ടി സംസ്‌ഥാന ഭരണം പിടിച്ചതോടെ നവീന്‍ തട്ടകം ഒഡീഷയിലേക്കു മാറ്റി. കേന്ദ്രമന്ത്രിപദം രാജിവച്ച്‌ സംസ്‌ഥാന ഭരണത്തിന്റെ കടിഞ്ഞാണേറ്റ നവീനു പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2004-ലെ പൊതുതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യത്തിനു കേന്ദ്രത്തില്‍ ഭരണം കൈമോശം വന്നെങ്കിലും ഒഡീഷ ബി.ജെ.ഡിയെ കൈവിട്ടില്ല. ഫലം നവീന്‍ രണ്ടാം വട്ടവും മുഖ്യമന്ത്രി. അടുത്ത അഞ്ചുവര്‍ഷം പക്ഷേ, ബി.ജെ.പിയുമായുള്ള നവീന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ല. അസ്വാരസ്യവും പടലപ്പിണക്കവുമെത്തിച്ചത്‌ വഴിപിരിയലില്‍. 2009-ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നാം മുന്നണിയിലേക്കായിരുന്നു നവീന്റെ ചായ്‌വ്‌. ഹാട്രിക്‌ വിജയമധുരം നുണഞ്ഞ്‌ നവീനും സംഘവും ഒരിക്കല്‍ക്കൂടി കരുത്തുകാട്ടി. 2014-ല്‍ ഒഡീഷയുടെ മണ്ണില്‍ ചരിത്രജയം കുറിച്ച്‌ നവീന്‍ വീണ്ടും വിജയത്തേരേറി. ആകെയുള്ള 21 ലോക്‌സഭാ സീറ്റില്‍ ഇരുപതും സ്വന്തമാക്കിയ ബി.ജെ.ഡിക്ക്‌ നിയമസഭയിലെ 147 സീറ്റില്‍ 118 എണ്ണത്തിലും വിജയിക്കാനായി.
1997-ല്‍ നടാടെ രാഷ്‌ട്രീയത്തിലിറങ്ങുമ്പോള്‍ നേരാംവണ്ണം ഒഡിയ സംസാരിക്കാനോ എഴുതാനോ സാധിക്കാത്ത നേതാവെന്ന പേരുദോഷവും പേറിയായിരുന്നു നവീന്റെ വരവ്‌. സ്വന്തം ഭാഷ സംസാരിക്കാനറിയാത്ത മുഖ്യമന്ത്രിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. സംസ്‌ഥാന ഭരണത്തില്‍ തുടര്‍ച്ചയായ 19 വര്‍ഷം പിന്നിടുമ്പോള്‍ അതു വിസ്‌മൃതിയിലാക്കി ജനമനസുകള്‍ കീഴടക്കാന്‍ ബിജു പട്‌നായിക്കിന്റെ പുത്രനു കഴിഞ്ഞതാണ്‌ ഏറ്റവും വലിയ വിജയം. നവീന്റെ അഴിമതിവിരുദ്ധ പ്രതിച്‌ഛായ തന്നെയാണു ബി.ജെ.ഡിയുടെ വിജയത്തിന്‌ ആധാരം. ഒപ്പം സ്‌ത്രീ വോട്ടര്‍മാരെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളും കൂടിച്ചേര്‍ന്നതോടെ അഞ്ചാം വട്ടവും മുഖ്യമന്ത്രിക്കസേരയും ഭരണവും നവീനു സ്വന്തം.

Ads by Google
Friday 24 May 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW