Thursday, August 22, 2019 Last Updated 11 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 05.49 PM

കരുത്താര്‍ജിച്ച് മോഡി; കിതച്ചുവീണ് കോണ്‍ഗ്രസ്; അപ്രസക്തമായ ഇടതുപക്ഷം

കേരളത്തില്‍ കോണ്‍ഗ്രസ് കരുത്തുകാട്ടിയപ്പോള്‍ സി.പി.എമ്മും എല്‍.ഡി.എഫും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ബി.ജെ.പിക്കാകട്ടെ അക്കൗണ്ട് തുറക്കാനുമായില്ല.
lok sabha election 2019 result

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കും വമ്പിച്ച വിജയം. 2014നെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകളും വോട്ടുകളും നേടി എന്‍.ഡി.എ സഖ്യം വീണ്ടും അധികാരത്തിലേക്ക്. കോണ്‍ഗ്രസ് ആകട്ടെ ഹിന്ദി ഹൃദയഭൂമിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയാതെ ദക്ഷിണേന്ത്യന്‍ പാര്‍ട്ടിയായി ചുരുങ്ങി. കേരളവും പഞ്ചാബിലും മാത്രമാണ് കാര്യമായ ചലനമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞത്.

കേരളത്തില്‍ കോണ്‍ഗ്രസ് കരുത്തുകാട്ടിയപ്പോള്‍ സി.പി.എമ്മും എല്‍.ഡി.എഫും തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ബി.ജെ.പിക്കാകട്ടെ അക്കൗണ്ട് തുറക്കാനുമായില്ല. 20ല്‍ 19 സീറ്റുകളും യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ സ്വന്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിച്ച വയനാട് ആണ് ഭൂരിപക്ഷത്തിനു മുന്നില്‍. നാലു ലക്ഷം കടന്ന ഭൂരിപക്ഷമാണ് രാഹുല്‍ നേടി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമാണിത്. അപമാനത്തിന്റെ ആഘാതം കുറയ്ക്കാന്‍ ആലപ്പുഴ മാത്രമാണ് സി.പി.എമ്മിനെ സഹായിച്ചത്.

അതേസമയം, കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി ബി.ജെ.പിയിലെ സ്മൃതി ഇറാനിക്കു മുന്നില്‍ അടിപതറുന്നതിന്റെ ഞെട്ടലിലുമാണ് കോണ്‍ഗ്രസ്. ഗാന്ധിനഗറില്‍ അമിത് ഷാ ഭുരിപക്ഷം അഞ്ചര ലക്ഷം കടത്തി. മോഡിയാകട്ടെ വരണാസിയില്‍ നാലര ലക്ഷവും കവിഞ്ഞു. വയനാട്ടില്‍ നാലു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം കൊണ്ടുവരാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട്.

ഇതോടൊപ്പം നടന്ന നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി മുന്നേറ്റം നടത്തിയപ്പോള്‍ ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തേരോട്ടമായിരുന്നു. സിക്കിമില്‍ പ്രദേശിക കക്ഷികള്‍ അധികാരം പിടിച്ചു. ഒഡീഷയില്‍ ബി.ജെ.ഡി നേതാവ് നവീന്‍ പട്‌നായിക്കിന് അഞ്ചാം തവണയും അവസരം ലഭിച്ചു. തമിഴ്‌നാട്ടിലെ 10 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ എഐഎഡിഎംകെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നിന്നും കരകയറി.

ദേശീയ തലത്തില്‍ ആകെയുള്ള 542 സീറ്റുകളില്‍ ബി.ജെ.പി സഖ്യകക്ഷികള്‍ 345 സീറ്റുകളിലാണ് മുന്നിട്ട് നിലക്കുന്നത്. 2014ല്‍ 336 സീറ്റുകളിലാണ് മുന്നണി വിജയിച്ചത്. ഒമ്പതു സീറ്റുകളില്‍ നേട്ടമുണ്ടാക്കി. അതേസമയം, കോണ്‍ഗ്രസ് സഖ്യ യു.പി.എ മുന്നണി 97 സീറ്റുകളില്‍ മുന്നിലാണ്. കഴിഞ്ഞ തവണ ഇത് 60 ആയിരുന്നു. 37 സീറ്റുകളുടെ വര്‍ധനവ് ഇവര്‍ക്കുണ്ടായി. എന്നാല്‍ മൂന്നക്കം കടക്കാന്‍ യു.പി.എയ്ക്ക് കഴിഞ്ഞില്ല. ബി.എസ്.പി-എസ്.പി സഖ്യത്തിന് 17 സീറ്റുകള്‍ ഇതുവരെ ലഭിച്ചു. കഴിഞ്ഞ തവണ ഇത് അഞ്ചായിരുന്നു. 12 സീറ്റുകളിലാണ് മുന്നേറ്റം. മറ്റുള്ളവര്‍ 84 സീറ്റുകളിലേക്ക് ചുരുങ്ങി. കഴിഞ്ഞ തവണ 147 സീറ്റുകള്‍ നേടിയിരുന്നു. 63 സീറ്റുകളാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്.

ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ഗുജറാത്ത്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, അസം, ഛത്തീസ്ഗഢ്, ഹരിയാന, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ത്രിപുര, ദാം ആന്റ് ഡ്യൂ, ചണ്ഡിഗഢ്, ദാദ്ര ആന്റ് നാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ ബി.ജെ.പി പ്രകടമായ നേട്ടമുണ്ടാക്കി. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലെത്തിയെങ്കിലും ബി.ജെ.പിയും കരുത്തു തെളിയിച്ചു.

എന്നാല്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ കരുത്താണ് കണ്ടത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, കേരള, തെലങ്കാന, മേഘാലയ, ലക്ഷദ്വീപ്, പുതുച്ചേരി, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ബി.ജെ.പിയുടെ പ്രകടനം നിരാശജനകമായിരുന്നു.

കേരളത്തിലെ പരാജയം ഇടതുകക്ഷികളെ അപ്രസക്തമാക്കി കളഞ്ഞു. പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ തുടങ്ങി ഏതു കൊടുങ്കാറ്റിലും ഇളകാതെ നിന്നിരുന്ന മണ്ഡലങ്ങള്‍ ഇത്തവണ സി.പി.എമ്മിനെ കൈവിട്ടു. ആലപ്പുഴയ്ക്ക് മാത്രമാണ് പഴയ വിപ്ലവാഗ്നി കെടാതെ സൂക്ഷിക്കാന്‍ കഴിഞ്ഞത്. കാലങ്ങളായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസം മാത്രമാണ് സി.പി.എമ്മിനുള്ളത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കണ്ണോടിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ സര്‍വകാല റെക്കോര്‍ഡിലുള്ള വിജയമാണ് ഏറ്റവും ശ്രദ്ധേയം. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ രാഹുല്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി സി.പി.ഐയിലെ പി.പി സുനീറിനേക്കാള്‍ 4,03,012 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

കാസര്‍ഗോഡ് സി.പി.എമ്മിലെ കെ.പി സതീശ് ചന്ദ്രനെ അട്ടിമറിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 42, 000 ഓളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. പൊന്നാനിയില്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ മുസ്ലീം ലീഗിലെ ഇ.ടി മുഹമ്മദ് ബഷീര്‍ തൊട്ടടുത്ത് എതിര്‍ സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെ 1,90,000 ഓളം വോട്ടുകള്‍ക്ക് പിന്നിലാക്കിയിരിക്കുകയാണ്. സി.പി.എം കോണ്‍ഗ്രസും തമ്മില്‍ അഭിമാന പോരാട്ടം നടന്ന കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടി. കണ്ണൂരില്‍ സിറ്റിംഗ് എം.പി പി.കെ ശ്രീമതിയെ കെ.സുധാകരന്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ക്കാണ് വീഴ്ത്തിയത്. വടകരയില്‍ സി.പി.എമ്മിന്റെ കരുത്തന്‍ പി.ജയരാജനെ 85,000 ഓളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ കെ.മുരളീധരന്‍ തകര്‍ത്തത്.

തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ എം.കെ രാഘവനെ മണ്ഡലം കൈവിട്ടില്ല. 8,600 ഓളം വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ എ.പ്രദീപ്കുമാറിനെ അദ്ദേഹം മലര്‍ത്തിയടിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറമാണ് ഭൂരിപക്ഷത്തില്‍ മറ്റൊരു റെക്കോര്‍ഡ് സൃഷ്ടിച്ചത്. സി.പി.എമ്മില്‍ വി.പി സാനുവിനെ 2,60,000ല്‍ ഏറെ വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

പാലക്കാടും ആലത്തൂരും ഇത്തവണ കോണ്‍ഗ്രസിന്റെ കരുത്തറിഞ്ഞു. സിറ്റിംഗ് എം.പി എം.ബി രാജേഷിനെ 1,1637 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഒരു എക്‌സിറ്റ് പോളും പ്രവചിക്കാത്ത തോല്‍വിയാണ് ഇവിടെ സി.പി.എം ഏറ്റുവാങ്ങിയത്. ആലത്തൂരില്‍ 1,58,968 വോട്ടുകള്‍ക്കാണ് സിറ്റിംഗ് എം.പി പി.കെ ബിജുവിനെ കോണ്‍ഗ്രസിന്റെ യുവവനിത രമ്യ ഹരിദാസന്‍ അടിച്ചുവീഴ്ത്തിയത്.

തൃശൂരില്‍ കോണ്‍ഗ്രസിലെ ടി.എന്‍ പ്രതാപന്‍ 93633 വോട്ടുകള്‍ക്ക് രാജാജി മാത്യൂ തോമസിനെ വീഴ്ത്തി. ചാലക്കാുടിയില്‍ സിറ്റിംഗ് എം.പി ഇന്നസെന്റിനെ ബെന്നി ബെഹ്നാന്‍ 1,31,543 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എറണാകുളത്ത് ഹൈബി ഈഡനാണ് സി.പി.എമ്മിന്റെ കരുത്തനായ പി.രാജീവിനെ 1,69,510 വോട്ടുകള്‍ക്ക് വീഴ്ത്തിയത്.

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് സിറ്റിംഗ് എം.പി ജോയ്‌സ് ജോര്‍ജിനെ 1,71,053 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ംേകാട്ടയത്ത് തോമസ് ചാഴികാടന്‍ സി.പി.എമ്മിലെ വി.എന്‍ വാസവനേക്കാള്‍ 1,01,000 ഓളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ആലപ്പുഴയില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സി.പി.എമ്മിലെ എ.എം ആരിഫ് 8805 വോട്ടുകള്‍ക്ക് ഷാനിമോള്‍ ഉസ്മാനേക്കാള്‍ ലീഡ് ചെയ്യുകയാണ്.

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന് ചിറ്റയം ഗോപകുമാറിനേക്കാള്‍ 59,832 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുമ്പോള്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണി വീണ ജോര്‍ജിനെകാള്‍ 44,613 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ കെ.എന്‍ ബാലഗോപാലിനെ 14,9772 വോട്ടുകള്‍ക്കാണ് വീഴ്ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും എല്‍.ഡി.എഫ് തൂത്തുവാരിയിരുന്നു. മൂന്നു വര്‍ഷം കൊണ്ട് കനത്ത തിരിച്ചടിയാണ് സര്‍ക്കാര്‍ ഇവിടെ നേടിയത്.

ആറ്റിങ്ങലില്‍ അവസാനഘട്ടത്തോട് അടുക്കുമ്പോള്‍ അടൂര്‍ പ്രകാശ് സി.പി.എമ്മിലെ എ. സമ്പത്തിനേക്കാള്‍ 39,171 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് ശശി തരൂര്‍ ബി.ജെ.പിയിലെ കുമ്മനം രാജശേഖരനെക്കാള്‍ 86,770 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

ശബരിമലയും മോഡി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ചൂണ്ടിക്കാട്ടി അക്കൗണ്ട് തുറക്കാമെന്ന ബി.ജെ.പിയുടെ മോഹം ഇത്തവണയും കേരളത്തില്‍ വിജയിച്ചില്ല. കുമ്മനം രാജശേഖരന് മാത്രമാണ് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത്. 308248 ല്‍ ഏറെ വോട്ടുകള്‍ ഇദ്ദേഹം നേടി. ശബരിമല സമരനായകന്‍ കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് ഒരു ഘട്ടത്തില്‍ പ്രതീതി സൃഷ്ടിച്ചുവെങ്കിലും 295,627 വോട്ടുകളുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം 137749 വോട്ടുകളുമായി ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. ആലപ്പുഴയില്‍ കെ.എസ് രാധാകൃഷ്ണന്‍ 179930 വോട്ടുകള്‍ ഇതുവരെ നേടിയിട്ടുണ്ട്. കോട്ടയത്ത് മുന്‍ കേന്ദ്രമന്ത്രി കൂടിയായ പി.സി തോമസിന് 154658 വോട്ടുകളാണുള്ളത്. ചാലക്കുടിയില്‍ എ.എന്‍ രാധാകൃഷ്ണന്‍ ഇതുവരെ 154159 വോട്ടുകള്‍ നേടി. പാലക്കാട് കൃഷ്ണകുമാര്‍ സി. 218556 വോട്ടുകളുമായി മൂന്നാമതുണ്ട്.

കണ്ണൂരില്‍ സി.കെ പത്മനാഭന് 67509 വോട്ടുകളാണ് ഇതുവരെ നേടാനായത്. പാലക്കാട് പ്രകാശ് ബാബുവിന് 160352 വോട്ടുകളുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ച ശോഭ സുരേന്ദ്രനും നില മെച്ചപ്പെടുത്തി. 246502 വോട്ടുകള്‍ ഇതുവരെ ലഭിച്ചു. തൃശൂരില്‍ മത്സരിച്ച ബി.ജെ.പി സ്ഥനാര്‍ത്ഥി സുരേഷ് ഗോപിയാണ് മികച്ച പ്രകടനം കാഴ്ച വച്ച മറ്റൊരാള്‍. 293822 വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പൊന്നാനിയില്‍ മത്സരിച്ച രമ 110186 വോട്ടുകളും വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി 76479 ഉം രവീശ തന്ത്രി കുംഭര്‍ 175340 വോട്ടുകള്‍ നേടിയിട്ടുണ്ട്.

Ads by Google
Thursday 23 May 2019 05.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW