Monday, August 19, 2019 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 07.16 AM

ഇന്നറിയാം... വെള്ളാപ്പള്ളി മൊട്ടയടിക്കുമോ; അരുണിന്റെ താടി പോകുമോ

uploads/news/2019/05/310094/vellapplly.jpg

വേനല്‍ച്ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂടിനൊടുവില്‍ വിധിയെഴുത്ത്... ഫലപ്രഖ്യാപനത്തിനായുള്ള ഒരു മാസത്തെ കാത്തിരിപ്പിന് ഇന്ന് അവസാനം. ജനാധിപത്യത്തിന്റെ ഉത്സവത്തിനു കൊടിയേറിയ നാള്‍ മുതല്‍ ആവേശം വാനോളമായിരുന്നു. അങ്കത്തട്ടില്‍ എതിരാളികളെ മലര്‍ത്തിയടിക്കാന്‍ പതിനെട്ടടവും പയറ്റിയ പ്രചാരണ കോലാഹലം... അണികളെ ആവേശഭരിതരാക്കാന്‍ നേതാക്കളുടെ വാക്പയറ്റ്... ഒപ്പം പതിവുമേമ്പൊടിയായി പന്തയവും... തല മുണ്ഡനം ചെയ്യലിലും പാതി മീശയെടുപ്പിലും തുടങ്ങി പതിവു പന്തയക്കാഴ്ചകള്‍ ഈ തെരഞ്ഞെടുപ്പു കാലത്തും സജീവം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ പന്തയ വാര്‍ത്ത കണിച്ചുകുളങ്ങരയില്‍ നിന്നായിരുന്നു. ആലപ്പുഴയില്‍ ഇടതുസ്ഥാനാര്‍ഥി എ.എം. ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നു പ്രഖ്യാപിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു ആദ്യം വെടിപൊട്ടിച്ചത്. കോണ്‍ഗ്രസ് നേതാക്കളടക്കം വിമര്‍ശനമുയര്‍ത്തിയതോടെ വെള്ളാപ്പള്ളിയുടെ തലയിലെ മുടിയില്ലായ്മയെച്ചൊല്ലിയായി മാധ്യമങ്ങളില്‍ അടുത്ത തലക്കെട്ട്.

ഇന്നലെ വെള്ളാപ്പള്ളിയോടു പന്തയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ വെറും തമാശയല്ലേ എന്നായിരുന്നു മറുപടി. ''പന്തയമൊന്നുമില്ല. ഞാനിനി കൂടുതലൊന്നും പറയാനുമില്ല. ആരിഫ് പതിനായിരത്തിനും 15,000-നും ഇടയ്ക്ക് വോട്ടുകള്‍ക്ക് വിജയിക്കും...'' വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.

വെള്ളാപ്പള്ളിയുടെ പാത പിന്തുടര്‍ന്ന് ആലപ്പുഴ പുലയന്‍വഴി, സിവില്‍സ്‌റ്റേഷന്‍ ഭാഗത്തെ സി.പി.എം -കോണ്‍ഗ്രസ് അനുഭാവികളായ യുവാക്കളുടെ സംഘങ്ങളും പന്തയപ്പോരിനുണ്ട്. പന്തയത്തില്‍ ജയിക്കുന്നവര്‍ക്കു വിനോദയാത്രയാണ് '' ഓഫര്‍''. ആലപ്പുഴ കുന്നുംപുറത്ത് രണ്ടു സംഘങ്ങള്‍ തമ്മിലുള്ള പന്തയം മദ്യത്തിന്റെ പേരിലാണ്. ഷാനിമോള്‍ ഉസ്മാനുമേല്‍ എ.എം. ആരിഫിന്റെ വിജയം ഉറപ്പിച്ച ഇടത് അനുകൂലികള്‍ ഫലംമറിച്ചായാല്‍ അഞ്ചുദിവസം തുടര്‍ച്ചയായി മദ്യസല്‍ക്കാരം നടത്താമെന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മണ്ഡലങ്ങളുടെ പേരില്‍ കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഒരു സംഘം യുവാക്കള്‍ പന്തയം വച്ചിരിക്കുന്നത് ഒരു ലക്ഷം രൂപയാണ്. ബിവറേജസ് കോര്‍പ്പറേഷനില്‍ മദ്യം വാങ്ങാനെത്തിയ തൊട്ടടുത്ത പഞ്ചായത്തിലെ ഏതാനും യുവാക്കളാണു ഒന്നര മാസം മുമ്പ് പന്തയത്തിനു തുടക്കമിടുന്നത്. രണ്ടു ഗ്രൂപ്പിലും പത്തു പേര്‍ വീതമുണ്ട്. ഓരോരുത്തരുടെയും ഓഹരി 10,000 രൂപ വീതം. യു.ഡി.എഫ്. അനുകൂലികളായ യുവാക്കള്‍ പന്തയം ഉറപ്പിച്ചതിനു പിറ്റേന്ന് ഒരു ലക്ഷം രൂപ സമീപത്തെ സഹകരണ ബാങ്ക് ശാഖയില്‍ നിക്ഷേപിക്കുകയും ചെയ്തു.

പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന്‍ ജയിച്ചില്ലെങ്കില്‍ താന്‍ വര്‍ഷങ്ങളായി പരിപാലിക്കുന്ന താടി വടിക്കുമെന്നാണു കുന്നത്തൂര്‍മേട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അരുണ്‍ കളിയന്‍കണ്ടത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യത്യസ്തമായ പ്രവചന മത്സരമാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അരങ്ങേറിയത്. ആലത്തൂരിലെ വിജയിയെ കൃത്യമായി പ്രവചിക്കുന്നവരില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേര്‍ക്കു മനോഹരമായ ഫലവൃക്ഷത്തോട്ടം നിര്‍മിച്ചുനല്‍കുമെന്നാണ് പ്രകൃതി സംരക്ഷണ സംഘത്തിന്റെ വാഗ്ദാനം. സംഘത്തിന്റെ വാട്ട്‌സ്ആപ് നമ്പരിലേക്ക് ഇന്നു രാവിലെ എട്ടുവരെ ശരിയുത്തരം അയയ്ക്കാം.

Ads by Google
Ads by Google
Loading...
TRENDING NOW