Tuesday, August 20, 2019 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 23 May 2019 01.29 AM

ഈ ഭൂമി മനുഷ്യനുവേണ്ടി മാത്രമല്ല

uploads/news/2019/05/310045/bft1.jpg

ഈ ലോകം മനുഷ്യന്‌ വസിക്കാനുള്ളതാണോ? അതേ. എന്നാല്‍ ഈ ലോകം മനുഷ്യന്‌ മാത്രം വസിക്കാനുള്ളതാണോ എന്ന ചോദ്യത്തിന്‌ അല്ല എന്നുതന്നെയായിരിക്കും ഉത്തരം. ഇനി മറ്റൊരു ചോദ്യം, ലോകത്തുള്ള തേനീച്ചകള്‍ മുഴുക്കെ അപ്രത്യക്ഷമായാല്‍ എന്ത്‌ സംഭവിക്കും ? നമുക്ക്‌ തേന്‍ ലഭിക്കാതെ വരും എന്നായിരിക്കും കൂടുതല്‍ പേരുടേയും മറുപടി. ഭൂമുഖത്തുനിന്നും തേനീച്ചകള്‍ അപ്രത്യക്ഷ്യമായാല്‍ പിന്നീട്‌ മനുഷ്യന്‍ ഭൂമിയില്‍ നാലു വര്‍ഷം മാത്രമേ ജീവിക്കൂവെന്ന, ഐന്‍സ്‌റ്റീന്റേതെന്നു പറയപ്പെടുന്ന പ്രസിദ്ധ വചനം അത്രയ്‌ക്കങ്ങോട്ട്‌ സത്യമാകണമെന്നില്ല.
എന്നാല്‍ ഇതില്‍ ഒരു വലിയ സത്യമുണ്ട്‌. കാരണം നാം കഴിക്കുന്ന ഫലവര്‍ഗങ്ങലും ധാന്യങ്ങളും അടക്കം 75 % വരുന്ന നമ്മുടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്‌ തേനീച്ചകള്‍ കാരണമാണ്‌. ഭൂമിയിലെ നല്ലൊരു ശതമാനം സസ്യങ്ങളുടെയും പരാഗണം സാധ്യമാക്കുന്നത്‌ തേനീച്ചകളാണ്‌. പൂക്കളില്‍നിന്ന്‌ തേന്‍ ശേഖരിക്കുമ്പോള്‍ പൂമ്പൊടി തേനീച്ചകളുടെ കാലില്‍ പറ്റുന്നു. ഒരു ചെടിയില്‍നിന്നു പൂമ്പൊടിയെടുത്ത്‌ മറ്റുസ്‌ഥാലത്തെ പൂവുകളില്‍ നിഷേപിക്കുന്ന തേനീച്ചകള്‍ മനുഷ്യരുടേയും മറ്റ്‌ ജീവജാലങ്ങളുടേയും നിലനില്‍പ്പിനായുള്ള മഹത്തായ സേവനമാണു ചെയ്യുന്നത്‌. എന്തിന്‌ തേനീച്ചപുരാണം പറഞ്ഞു എന്നല്ലേ?.
ഭൂമിയിലെ ഒരു ചെറുജീവി പോലും മനുഷ്യന്റെ നിലനില്‍പ്പിനെ ബാധിക്കുന്നുണ്ട്‌. ഇതറിയാതെയാണ്‌ ഞാനെന്ന ഭാവംപൂണ്ട്‌ ചെറുജീവികളെയും സസ്യങ്ങളേയും മനുഷ്യര്‍ തങ്ങളുടെ സൗകര്യത്തിനും സുഖത്തിനും വേണ്ടി നശിപ്പിക്കുന്നതും വരുതിയിലാക്കുന്നതും. ഭൂമിയില്‍ ജൈവവൈവിധ്യം ഉണ്ടാകേണ്ടത്‌ മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന്‌ അത്യാവശ്യമാണ്‌. വൈവിധ്യം നിറഞ്ഞ ഭൂമിയുടെ ജൈവസമ്പത്ത്‌ നശിക്കാതെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്‌. അതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ്‌ ലോകം ജൈവവൈവിധ്യ ദിനം ആചരിക്കുന്നത്‌.
ഭൂമിയിലുള്ള ജീവജാലങ്ങളുടെ എണ്ണം, അവ തമ്മിലുള്ള സാദൃശ്യങ്ങള്‍, വ്യത്യാസങ്ങള്‍, പ്രത്യുല്‍പാദന രീതികള്‍, ജനിതകഘടനയില്‍ വരുന്ന അവസ്‌ഥാന്തരങ്ങള്‍, ആവാസവ്യവസ്‌ഥകള്‍, രൂപം എന്നിവയുടെ ആകത്തുകയാണ്‌ ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്‌ഥയും ഇതില്‍പ്പെടും. ജൈവവൈവിധ്യം മൂലം ലഭിക്കുന്ന നേട്ടങ്ങള്‍ അനവധിയാണ്‌. ആഹാരം, വസ്‌ത്രം, ഔഷധം, തടി, ഇന്ധനം, വായു, ജലം എന്നിവയും നമുക്ക്‌ ലഭിക്കുന്നത്‌ ഈ ജൈവവൈവിധ്യത്താലാണ്‌.
ജീവജാലങ്ങളുടെ കൂട്ട വംശനാശത്തിന്റെ ഘട്ടത്തിലേക്കാണ്‌ ഭൂമി കടന്നിരിക്കുന്നതെന്ന്‌ വിവിധ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്‌. ആഗോളതാപനം, കാലാവസ്‌ഥ വ്യതിയാനം, വിവേചനരഹിതമായ വികസന പ്രവര്‍ത്തനങ്ങള്‍, മലിനീകരണം, രാസകീടനാശിനികളുടെ അമിത ഉപയോഗം, അനധികൃത വന്യജീവി വ്യാപാരം, വനനശീകരണം എന്നിങ്ങനെ നീളുകയാണ്‌ ആ പട്ടിക. മാത്രമല്ല അന്ധവിശ്വാസങ്ങളും മറ്റും ജീവികളുടെ വംശനാശത്തിനും കാരണമായി തീരുന്നുണ്ട്‌.
മനുഷ്യന്റെ വിവേചനരഹിതമായ പ്രവര്‍ത്തനങ്ങളും ആഗോളതാപനവും കാലാവസ്‌ഥ വ്യതിയാനവും ആവാസവ്യവസ്‌ഥ നാശവുമൊക്കെ ജൈവവൈവിധ്യത്തെ ശോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യ ജൈവവൈവിധ്യത്തിന്റെ നാട്‌

ലോകത്തിലെ 17 മഹാജൈവ വൈവിധ്യകേന്ദ്രങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ ആഗോള സസ്യജാല സമ്പത്തിന്റെ 78 ശതമാനവുമുണ്ട്‌. 8000 മീറ്റര്‍ വരെ തലയെടുപ്പുള്ള കൂറ്റന്‍ പര്‍വതങ്ങള്‍, മരുഭൂമി, താഴ്‌വരകള്‍, പീഠഭൂമികള്‍, വിശാലമായ സമുദ്രതീരം എന്നിവയെല്ലാം ഇന്ത്യയുടെ ജൈവവൈവിധ്യ കലവറയെ പോഷിപ്പിക്കുന്നു. മഞ്ഞും മഴയും മരവും മരുഭൂമിയും മഴക്കാടുകളും കടലും കണ്ടലും എല്ലാം ഒന്നിച്ചു കാണപ്പെടുന്ന ഏകരാജ്യം ഇന്ത്യയാണ്‌.
ജൈവവൈവിധ്യത്തില്‍ കേരളവും പിന്നിലല്ല. ഇന്ത്യയില്‍ കണ്ടുവരുന്ന 15,000 ഇനം സസ്യങ്ങളില്‍ നാലായിരവും പശ്‌ചിമഘട്ടത്തിലുണ്ട്‌. ലോകത്ത്‌ മറ്റെവിടെയും കാണാന്‍ കഴിയാത്ത 1600 പുഷ്‌പിത സസ്യങ്ങളും 16 തരം ഉഭയജീവികളും ഇവിടെയുണ്ട്‌. ഇന്ത്യയിലെ ബൃഹത്തായ നദിപ്രവാഹത്തിന്റെയും നീരൊഴുക്കിന്റെയും 40 ശതമാനം ഉദ്‌ഭവിക്കുന്നതും പശ്‌ചിമസാനുക്കളില്‍ നിന്നുതന്നെ. ശരാശരി 1200 മീറ്റര്‍ (3,900 അടി) ഉയരമാണ്‌ സഹ്യപര്‍വത നിരകള്‍ക്കുള്ളത്‌. വംശനാശ ഭീഷണി നേരിടുന്നതും അപൂര്‍വവുമായ നിരവധി ഇഴജന്തുക്കളുടെയും സസ്‌തനികളുടെയും ആവാസകേന്ദ്രമാണിത്‌. സൈലന്റ്‌വാലി അപൂര്‍വം ജീവികളും സസ്യങ്ങലും അധിവസിക്കുന്നിടമാണ്‌. സൈലന്റ്‌വാലിയില്‍ മാത്രം കണ്ടുവരുന്നവയാണ്‌ സിംഹവാലന്‍ കുരങ്ങുകളും മരനായയും.

ഭക്ഷ്യസുരക്ഷയ്‌ക്ക്‌ അനിവാര്യം

സസ്യങ്ങളുടെ നിലനില്‍പ്പ്‌ മനുഷ്യന്റെ ആഹാരത്തിന്‌ അത്യാവശ്യമാണ്‌. പൂര്‍ണമായും മാംസാഹാരങ്ങള്‍ ഉപയോഗിക്കുന്നവര്‍ പച്ചക്കറികളും ധാന്യങ്ങളും വേണ്ടെന്ന്‌ പറയുമായിരിക്കും. എന്നാല്‍ മാംസംതരുന്ന ജീവികളെ പോറ്റി വളര്‍ത്താന്‍ സസ്യങ്ങളും ധാന്യങ്ങളും വേണം. ഇപ്പോഴത്തെ നിരക്കില്‍ സസ്യ വംശനാശം തുടര്‍ന്നാല്‍ 2025 ല്‍ എത്തുമ്പോള്‍ ലോകത്തിലെ 25 ശതമാനം സസ്യങ്ങളുംനശിക്കുമെന്നാണ്‌ കണക്കു കൂട്ടല്‍. ഇവയുടെ സംരക്ഷണം നമ്മുടെ ഭക്ഷ്യ സുരക്ഷയുടെ ഭാഗം കൂടിയാണെന്ന്‌ പറയേണ്ടതില്ലല്ലോ.
സസ്യജാലങ്ങള്‍ ഇല്ലാതായാല്‍ പ്രാണി സമൂഹങ്ങളും കീടങ്ങളും ചേര്‍ന്ന്‌ കാര്‍ഷിക വിളകളില്‍ വന്‍ ആക്രമണം നടത്തും. ഒപ്പം ജൈവ വൈവിധ്യത്തിന്റെ നാശം മൂലം സംഭവിക്കുന്ന കാലാവസ്‌ഥാ വ്യതിയാനം വിളനാശത്തിനും കാരണമാകും. 20000 ല്‍ അധികം സസ്യ ഇനങ്ങളില്‍ കേവലം രണ്ടോ മൂന്നോ ഡസന്‍ മാത്രമാണ്‌ കൃഷിക്കും ഭക്ഷ്യാവശ്യങ്ങള്‍ക്കുമായി മനുഷ്യന്‍ ഗാര്‍ഹികവശ്യത്തിനായി ഉപയോഗിക്കുന്നത്‌. രാജ്യത്തെ 12 ശതമാനംഭൂമി മാത്രമാണ്‌ വനമായി അവശേഷിക്കുന്നത്‌. ഈ സംരക്ഷിത മേഖലയുടെ ശൃംഖലയാണ്‌ രാജ്യത്തെ വൈവിധ്യമാര്‍ന്ന വന്യജീവജാലങ്ങളുടെ ആവാസ വ്യവസ്‌ഥ സംരക്ഷിക്കുന്നതും.

പ്രാണവായു കാത്തുസൂക്ഷിക്കാം

മരങ്ങളാണ്‌ പ്രാണവായുവിന്റെ ഉറവിടമെന്ന്‌ എല്ലാവര്‍ക്കുമറിയാം. അവ വേരുകള്‍ക്കിടയില്‍ സൂക്ഷിച്ചുവയ്‌ക്കുന്ന ജലവും ജീവന്റെ നിലനില്‍പ്പിന്‌ അമൂല്യമാണ്‌. മാത്രമല്ല പ്രകൃതിയുടെ പച്ചയ്‌ക്ക്‌ അത്രയും സന്തോഷവും സമാധാനവും നല്‍കുന്ന വര്‍ണമാണ്‌. ചൈനയില്‍ ഓക്‌സിജന്‍ കുപ്പിയിലടച്ച്‌വില്‍പ്പന നടത്തിയ വാര്‍ത്ത നാം ഞെട്ടലോടെയാണു കേട്ടത്‌. ഒരു സ്‌പ്രേ ബോട്ടിലിന്റെ അത്രയും ഓക്‌സിജന്‌ 3990 രൂപയായിരുന്നു വില.
പ്രതിവര്‍ഷം ഒരു മരം പുറത്ത്‌ വിടുന്നത്‌ ഏകദേശം 117 കിലോഗ്രാം ഓക്‌സിജനാണ്‌. അതായത്‌ രണ്ടുമരം നട്ടുപിടിപ്പിച്ചാല്‍ ഒരു അണുകുടുംബത്തിന്‌ ഒരു വര്‍ഷം ജീവിക്കാനുള്ള ഓക്‌സിജന്‍ ആ മരങ്ങള്‍ നല്‍കുമെന്ന്‌ സാരം. വാഹനങ്ങളില്‍നിന്നു പുറത്തേക്ക വിടുന്ന കാര്‍ബര്‍ വലിച്ചെടുത്ത്‌ ശുദ്ധീകരിക്കുന്നത്‌ മരങ്ങളാണ്‌. ശബ്‌ദമലിനീകരണങ്ങള്‍ നിയന്ത്രിക്കുന്നതിലും അതികഠിനമായ ചൂടില്‍നിന്ന്‌ ഭൂമിയെ സംരക്ഷിക്കുന്നതിലും മരങ്ങള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല. ഇന്ന്‌ ഇന്ത്യന്‍ ഭൂവിസ്‌തൃതിയുടെ മുപ്പത്തിരണ്ട്‌ ശതമാനത്തോളം ഭൂനശീകരണത്തിന്‌ വിധേയമായികൊണ്ടിരിക്കുകയാണ്‌. ഇത്‌ അനുദിനം വഷളാവുകയുമാണ്‌.
മഞ്ഞിനും മഴയ്‌ക്കും വേനലിനുമൊക്കെ മുന്‍പ്‌ കൃത്യമായ ഒരു താളമുണ്ടായിരുന്നു. ഏതൊരു വികസനത്തിനും ആദ്യം ഇരയാകുന്നത്‌ മരങ്ങളാണ്‌. ലോകത്ത്‌ എല്ലാം വിപണിമാത്രമായി ചുരുങ്ങുമ്പോള്‍ മരങ്ങളെ വെറും തടിമാത്രമായി കാണുന്നവരാണ്‌ കൂടുതലും. ആധുനിക ഉപകരണങ്ങള്‍കൊണ്ട്‌ മരങ്ങള്‍ വെട്ടിമാറ്റാന്‍ നിമിഷങ്ങള്‍ മതി. പക്ഷേ ഓരോ വൃക്ഷങ്ങളായി മാറാന്‍ എത്രയെത്ര വര്‍ഷങ്ങളെടുത്തുവെന്ന്‌ ആരും ചിന്തിക്കാറില്ല.
ഇന്ന്‌ നാടിന്റെ ഗതിയും ജീവിത ശൈലിയും മാറി. പ്രകൃതിയുടെ വരദാനമായ മരതക പച്ച, ഋതുക്കള്‍ നിറഞ്ഞൊഴുകുന്ന ജലസമ്പത്ത്‌ ഇവയെല്ലാം നഷ്‌ടമായി. പരിഹാര നടപടികളെക്കുറിച്ച്‌ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനപങ്കാളിത്തത്തോടെ ഒന്നിച്ചുനിന്നു പ്രവര്‍ത്തിച്ചാല്‍ കുറഞ്ഞകാലം കൊണ്ടു തന്നെ നമ്മുടെ ജൈവവൈവിധ്യ സമ്പത്ത്‌ തിരിച്ചു പിടിക്കാന്‍ സാധിച്ചേക്കും.
അവശേഷിക്കുന്ന പച്ചപ്പിന്റെ ഉറപ്പില്‍ കലാവസ്‌ഥ വ്യതിയാനം പോലെയുള്ള പരിസ്‌ഥിതി പ്രശ്‌നങ്ങളെ നേരിടാനാകില്ല. എന്നാല്‍ വരും തലമുറയ്‌ക്ക്‌ നാടിനെ അതിന്റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ബോധ്യത്തില്‍ നിന്നാകണം ജൈവവൈവിധ്യം നിലനിര്‍ത്താന്‍ പ്രയത്‌നേിക്കേണ്ടത്‌.
ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള പരിസ്‌ഥിതി എന്ന സ്‌ഥിതിവിശേഷത്തിലേക്ക്‌ നാം എത്തിച്ചേരണം. പരിണാമചക്രത്തിന്റെ താഴെത്തട്ടിലുള്ള പ്രാണിവംശം തൊട്ട്‌ മേല്‍ത്തട്ടിലെ നരവംശം വരെയുള്ള ജീവജാലങ്ങളടങ്ങുന്ന ജൈവക്രമത്തിന്റെ നിലനില്‍പ്പ്‌ അവയുടെ ആവാസവ്യവസ്‌ഥയുമായുള്ള ബന്ധത്തിലും അതില്‍പ്പെടുന്ന ജൈവശൃംഖലയിലുമാണ്‌. ഇക്കാര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍ വിപത്തായിരിക്കും ഫലം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Thursday 23 May 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW