Tuesday, August 20, 2019 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 23 May 2019 01.28 AM

എക്‌സിറ്റ്‌പോള്‍ ആവേശത്തില്‍ ബി.ജെ.പി.

uploads/news/2019/05/310044/bft2.jpg

കഴിഞ്ഞ ലോക്‌സഭയുടെ അവസാന കാലയളവില്‍ പകരക്കാരനായി പതിവുതെറ്റിച്ച്‌ സമ്പൂര്‍ണ ബജറ്റ്‌ അവതരിപ്പിക്കാനായിരുന്നു പീയൂഷ്‌ ഗോയലിന്‌ നിയോഗം. ഇന്നത്തെ ജനവിധി എന്‍.ഡി.എ. ഭരണം തുടരാനാണെങ്കില്‍ ധനവകുപ്പിന്റെ താക്കോല്‍ അദ്ദേഹത്തിനു കിട്ടും. പതിനേഴാം പാര്‍ലമെന്റില്‍ ബജറ്റ്‌ അവതരിപ്പിക്കാനും കഴിഞ്ഞേക്കും. ആരോഗ്യകാരണങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന്‌ ഒഴിവാക്കണമെന്നു പ്രധാനമന്ത്രിയോട്‌ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്‌റ്റ്‌ലി ആവശ്യപ്പെട്ടിട്ടുണ്ട്‌.
വിദേശത്തു ചികിത്സ കഴിഞ്ഞ്‌ ജയ്‌റ്റലി വിശ്രമിച്ചപ്പോള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പീയൂഷ്‌ ഗോയലാണു ബജറ്റ്‌ അവതരിപ്പിച്ചത്‌. കാലാവധി അവസാനിക്കാറാകുമ്പോള്‍ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ പാസാക്കി സഭ പിരിയുന്നതിനു പകരം, തുടര്‍ഭരണത്തില്‍ ആത്മവിശ്വാസം പ്രകടമാക്കി, മോഡി സര്‍ക്കാര്‍ സമ്പൂര്‍ണ ബജറ്റ്‌ തന്നെ അവതരിപ്പിക്കുകയായിരുന്നു. ആദ്യമായി ലോക്‌സഭയിലേക്ക്‌ മത്സരിച്ച ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ഷാ ആഭ്യന്തരമന്ത്രിയായേക്കും. ഗുജറാത്തില്‍ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹമായിരുന്നു ആഭ്യന്തരമന്ത്രി. എല്‍.കെ. അദ്വാനിയുടെ സിറ്റിങ്‌ സീറ്റായ ഗാന്ധിനഗറിലാണു ഷാ ജനവിധി തേടിയത്‌. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ ലഖ്‌നൗവിലാണ്‌ മത്സരിച്ചത്‌. ഷാ ആഭ്യന്തരവകുപ്പ്‌ മന്ത്രിയാവുകയാണെങ്കില്‍ രാജ്‌നാഥിന്‌ മറ്റേതെങ്കിലും വകുപ്പിലേക്ക്‌ മാറേണ്ടിവരും.
2014 ലെ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ മോഡിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും കരുനീക്കം നടത്തിയ അദ്വാനി പക്ഷത്തായിരുന്നെങ്കിലും പിന്നീട്‌ മോഡിക്കൊപ്പംനിന്ന്‌ മന്ത്രിസഭയില്‍ തന്ത്രപ്രധാന വകുപ്പ്‌ സ്വന്തമാക്കിയ നേതാവാണ്‌ രാജ്‌നാഥ്‌. നിലനില്‍പ്പിനായി ഒപ്പംചേര്‍ന്ന്‌ മന്ത്രിസഭയില്‍ പ്രധാനിയായി മാറുകയായിരുന്നു ജയ്‌റ്റ്‌ലിയും. എന്നാല്‍, ആഭ്യന്തരവകുപ്പിലെ തന്ത്രപ്രധാന തീരുമാനങ്ങള്‍ മോഡിയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ദോവലും ചേര്‍ന്ന്‌ ൈകക്കൊണ്ടതിനാല്‍ മന്ത്രി കാഴ്‌ചക്കാരനായി.
സ്വന്തമായി മണ്ഡലമോ അണികളോ ഇല്ലാത്ത ജെയ്‌റ്റ്‌ലി 2014 ലെ മോഡി തരംഗത്തിലും തോല്‍വിയറിഞ്ഞ അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു. രാജ്‌നാഥിനും മണ്ഡലവും അണികളുമുണ്ടെന്ന്‌ ഉറപ്പിച്ചു പറയാനും സാധ്യമല്ല. മോഡി യുഗത്തിന്‌ മുമ്പ്‌ തന്നെ ബി.ജെ.പി. നേതൃത്വത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനിയായിരുന്നു ജയ്‌റ്റ്‌ലി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌, മികച്ച പ്രസംഗികന്‍, പ്രമുഖ അഭിഭാഷന്‍ എന്നീ വിശേഷങ്ങളേക്കാള്‍ പാര്‍ട്ടിയുടെ ബൗദ്ധികമുഖമാണ്‌ അദ്ദേഹം. അടിയന്തരാവസ്‌ഥക്കാലത്ത്‌ ദീര്‍ഘകാലം ജയിലില്‍ അടയ്‌ക്കപ്പെട്ട ജയ്‌റ്റ്‌ലി, എ.ബി.വി.പി. നേതാവെന്ന നിലയില്‍ ഡല്‍ഹി സര്‍വകലാശാലാ യൂണിയന്‍ പ്രസിഡന്റുമായിട്ടുണ്ട്‌.
എന്നാല്‍, ഭൂതകാലം മറന്ന്‌ പാര്‍ട്ടിയിലെ എതിരാളികള്‍ അദ്ദേഹത്തിനു പ്രമാണി പരിവേഷം ചാര്‍ത്തിക്കൊടുത്തിരുന്നു. പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിച്ച്‌ ജയിച്ചിട്ടില്ലെന്ന അവരുടെ വിമര്‍ശനത്തിന്റെ മുനയൊടിക്കാന്‍ കഴിഞ്ഞതവണ അമൃതസറില്‍ ജയ്‌റ്റ്‌ലിയെ മോഡി മത്സരിപ്പിച്ചത്‌. വിജയിച്ചില്ലെങ്കിലും ധനകാര്യത്തിന്റെയും പ്രതിരോധത്തിന്റെയും ചുമതലകള്‍ നല്‍കി അദ്ദേഹത്തെ ശക്‌തനാക്കി. മോഡിക്കും പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങളെ ശക്‌തമായി നേരിട്ടതും ജയ്‌റ്റ്‌ലി തന്നെ.
പിന്നിട്ട അഞ്ചു വര്‍ഷം പാര്‍ട്ടിയില്‍ അമിത്‌ഷായും സര്‍ക്കാരില്‍ മോഡിയുമായിരുന്നു അവസാനവാക്ക്‌. ഇക്കാര്യത്തില്‍ ആര്‍.എസ്‌.എസ്‌. പോലും കാര്യമായ ഇടപെടല്‍ നടത്തിയിരുന്നില്ല. അമിത്‌ഷാ കേന്ദ്രമന്ത്രിയായാല്‍ പാര്‍ട്ടി പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ പകരം ഇരുവരുടെയും വിശ്വസ്‌തനെ കണ്ടെത്തേണ്ടതുണ്ട്‌. കേന്ദ്രമന്ത്രിയായ ധര്‍മേന്ദ്ര പ്രധാനാണു സാധ്യതയേറെയുള്ളത്‌. പെട്രോളിയം മന്ത്രിയെന്ന നിലയില്‍ തന്റെ ഗുഡ്‌ബുക്കിലുള്ള ധര്‍മേന്ദ്രയെ മാറ്റാന്‍ മോഡി തയാറായാല്‍ മറ്റു തടസങ്ങളില്ല. മോഡിയുടെയും ഷായുടെയും ഏറ്റവും വിശ്വസ്‌തനായ അദ്ദേഹം ഒഡീഷ സ്വദേശിയാണെന്നതും അനുകൂലഘടകം. ഒഡീഷയും ബംഗാളും ഉള്‍പ്പെടുന്ന കിഴക്കേ ഇന്ത്യയില്‍ ആധിപത്യം നേടാനായിരുന്നു ഷാ ഇത്തവണ ഏറെ ശ്രദ്ധിച്ചത്‌. ഒഡീഷയില്‍ ലോക്‌സഭയിലേക്ക്‌ പ്രാദേശിക പാര്‍ട്ടിയായ ബിജു ജനതാദളിനേക്കാള്‍ (ബി.ജെ.ഡി) കൂടുതല്‍ സീറ്റ്‌ ബി.ജെ.പി. നേടുമെന്നാണ്‌ എക്‌സിറ്റ്‌പോള്‍ പ്രവചനം.
പ്രായാധിക്യത്താല്‍ തളര്‍ന്ന ബി.ജെ.ഡി. നേതാവ്‌ നവീന്‍ പട്‌നായിക്കിനു ശേഷം പാര്‍ട്ടിയെ വിഴുങ്ങാനുള്ള മുന്നൊരുക്കമാണ്‌ ബി.ജെ.പി. നടത്തുന്നത്‌. പ്രചാരണം ശക്‌തമാക്കിയപ്പോഴും നവീന്‍ പട്‌നായിക്കിനെ ആക്രമിക്കാന്‍ അവര്‍ തയാറായിരുന്നില്ല. ബംഗാളിലാകട്ടെ, ശക്‌തമായ മുന്നേറ്റം ഇത്തവണ സാധ്യമായേക്കുമെന്നു പ്രവചിക്കുമ്പോള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ്‌ ബി.ജെ.പിയുടെ ലക്ഷ്യം.
പാര്‍ട്ടിയുടെ വനിതാമുഖമായ നിര്‍മലാ സീതാരാമനാണ്‌ നറുക്ക്‌ വീഴുന്നതെങ്കില്‍ ദക്ഷിണേന്ത്യയില്‍നിന്നുള്ള നേതാവെന്നതാകും അനുകൂലഘടകം. ഇവിടെ നിന്നുള്ള ബംഗാരു ലക്ഷ്‌മണ്‍ ആയിരുന്നു പാര്‍ട്ടിയുടെ ആദ്യ ദളിത്‌ പ്രസിഡന്റ്‌. ഉത്തരേന്ത്യയില്‍ പടയോട്ടം ആവര്‍ത്തിക്കുമ്പോഴും കര്‍ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങള്‍ ഇപ്പോഴും ബാലികേറാ മലയാണ്‌.
അതേസമയം, എക്‌സിറ്റ്‌ പോളില്‍ അടിപതറിയ പ്രതിപക്ഷത്തിനു ബി.ജെ.പിയെ പ്രതിരോധിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ട്‌. രാഹുലിനെ പ്രധാനമന്ത്രി സ്‌ഥാനത്തേക്ക്‌ ആദ്യം ഉയര്‍ത്തിക്കാണിച്ച ഡി.എം.കെ. നേതാവ്‌ എം.കെ. സ്‌റ്റാലിന്‌ പഴയ ആവേശമില്ല. ഇന്നത്തെ ജനവിധി കഴിഞ്ഞിട്ടാകാം ഭാവിനീക്കമെന്നാണു നിലപാട്‌. ടുജി സ്‌പെക്‌ട്രം അടക്കം ഒട്ടേറെ സി.ബി.ഐ. കേസുകള്‍ ഡി.എം.കെ. നേതാക്കളുടെ തലയ്‌ക്ക്‌ മുകളില്‍ വാളായി തൂങ്ങിനില്‍പ്പുമുണ്ട്‌.
മായാവതിയെ ഡല്‍ഹിയിലേക്കയച്ച്‌ ഉത്തര്‍പ്രദേശില്‍ എതിരാളിയില്ലാതെ വിരാജിക്കാമെന്ന്‌ സ്വപ്‌നംകണ്ട അഖിലേഷ്‌ യാദവും എക്‌സിറ്റ്‌ പോള്‍ പ്രവചനത്തില്‍ നിരാശനാണ്‌. മണ്ണുഖനനക്കേസിലടക്കം സി.ബി.ഐ. ഭീഷണി അദ്ദേഹത്തിനുമുണ്ട്‌. മോഡി വീണ്ടും വരണമെന്ന്‌ അവസാനസമ്മേളനത്തില്‍ ആശംസിച്ച മുലായംസിങ്‌ യാദവിലൂടെ മകനെ മെരുക്കാനാകും ഇനി ബി.ജെ.പിയുടെ നീക്കം. മോഡിയെ പരസ്യമായി വെല്ലുവിളിച്ച മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബംഗാളില്‍ ബി.ജെ.പി. സ്വന്തമാക്കുമെന്നും ചില എക്‌സിറ്റ്‌ പോളുകള്‍ പ്രവചിച്ചിട്ടുണ്ട്‌.
അതേസമയം, ഏറ്റവും കുറവ്‌ സീറ്റുകള്‍ പ്രവചിച്ച എക്‌സിറ്റ്‌ പോളുകള്‍ പോലും 46 ശതമാനം വോട്ടുവിഹിതമാണ്‌ ബി.ജെ.പിക്ക്‌ നല്‍കിയത്‌. മഹാസഖ്യത്തിന്‌ 41 ശതമാനവും ഒന്‍പതു ശതമാനം കോണ്‍ഗ്രസിനും. മഹാസഖ്യത്തിനൊപ്പം കോണ്‍ഗ്രസിനെ ചേര്‍ത്തിരുന്നെങ്കില്‍ ബി.ജെ.പിയെ മറികടക്കാനാകുമായിരുന്നെന്നാണു കണക്ക്‌. എന്നാല്‍, കഴിഞ്ഞ തവണ വിജയിച്ച റായ്‌ബലേറിയും അമേഠിയും രണ്ടാംസ്‌ഥാനത്തെത്തിയ ആറു മണ്ഡലങ്ങളുമടക്കം എട്ടുസീറ്റ്‌ മാത്രം മായാവതി നീക്കിവച്ചതോടെയാണ്‌ കോണ്‍ഗ്രസ്‌ തനിച്ച്‌ രംഗത്തിറങ്ങി ത്രികോണമത്സരത്തിന്‌ കളമൊരുങ്ങിയത്‌.
ബംഗാളില്‍ ഇടതുപക്ഷത്തിന്റെ വോട്ട്‌ ശതമാനം 23 ശതമാനത്തില്‍നിന്ന്‌ ഒന്‍പത്‌ ശതമാനമായി കുറയുകയും ബി.ജെ.പിയുടെത്‌ 18 ശതമാനത്തില്‍നിന്ന്‌ 35 മുതല്‍ 40 ശതമാനം വരെ വര്‍ധിക്കുകയും ചെയ്യുമെന്നുമാണു പ്രവചനം. കോണ്‍ഗ്രസ്‌ ഒന്‍പതു ശതമാനം നിലനിര്‍ത്തിയേക്കും.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 23 May 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW