Thursday, August 22, 2019 Last Updated 21 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.20 AM

താരമാകാന്‍ ജഗന്‍

uploads/news/2019/05/309879/bft1.jpg

ആന്ധ്രയെ വിഭജിച്ച കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള കൂട്ടുമില്ലെന്നു പ്രഖ്യാപിച്ച ജഗന്‍ ഇത്തവണയും കോണ്‍ഗ്രസിനുനേരേ മുഖം തിരിച്ചു. ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ച്‌ ജഗനെ അനുനയിപ്പിച്ച്‌ സഖ്യമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ്‌് ശ്രമിച്ചെങ്കിലും നടന്നില്ല.
എക്‌സിറ്റ്‌ പോളുകള്‍ എന്‍.ഡി.എയ്‌ക്ക്‌ കേവല ഭൂരിപക്ഷം പ്രവചിക്കുമ്പോഴും നാളെ പുറത്ത്‌ വരാനിരിക്കുന്ന യഥാര്‍ത്ഥ ജനവിധിയിലാണ്‌ രാഷ്‌ട്രീയ ഇന്ത്യയുടെ കണ്ണുംകാതും. എക്‌സിറ്റ്‌ പോളില്‍ അളവറ്റ ആത്മവിശ്വാസം പുലര്‍ത്തുമ്പോഴും ബി.ജെ.പി. കരുതലോടെതന്നെയാണ്‌ മുന്നോട്ട്‌ പോകുന്നത്‌. മോഡി തരംഗമെന്ന വിലയിരുത്തലില്‍ ഒട്ടൊന്ന്‌ പതറി ചിതറിയ പ്രതിപക്ഷത്തെ ഒന്നിച്ചുകൂട്ടാന്‍ അണിയറയില്‍ നീക്കങ്ങളും സജീവം.
രണ്ട്‌ എക്‌സിറ്റ്‌ പോളുകളൊഴികെ മറ്റെല്ലാം എന്‍.ഡി.എയ്‌ക്ക്‌ തുടര്‍ ഭരണത്തിനുള്ള ഭൂരിപക്ഷം പ്രവചിക്കുമ്പോഴും കരുതലിനായി പ്രതിപക്ഷ നിരയിലെ പാര്‍ട്ടികളിലേക്ക്‌ കണ്ണ്‌വച്ചുതന്നെയാണ്‌ ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത്‌ഷായുടെ നീക്കം. അതേസമയം തന്നെ പ്രതിപക്ഷ നിരയാകട്ടെ ഒത്തുപിടിച്ചാല്‍ ഭരിക്കാമെന്ന സ്വപ്‌നം ഇപ്പോഴും കൈവിട്ടിട്ടുമില്ല. തന്ത്രങ്ങള്‍ മെനഞ്ഞ്‌ സംഘടാകത്വ മികവില്‍ തിളങ്ങുന്ന ടി.ഡി.പി. നേതാവും ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തന്നെയാണ്‌ പ്രതിപക്ഷ നീക്കത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌. എക്‌സിറ്റ്‌ പോള്‍ പ്രചനങ്ങള്‍ കഴിഞ്ഞ രണ്ട്‌ ലോക്‌സഭാ തെഞ്ഞെടുപ്പുകളിലും തെറ്റിയതുപോലെ തൂക്ക്‌ സഭയ്‌ക്കാണ്‌ നാളെ പുറത്തുവരുന്ന ജനവിധിയെങ്കില്‍ താരമാവുക ദക്ഷിണേന്ത്യയില്‍നിന്നുള്ള യുവ നേതാവാകും. മറ്റാരുമല്ല; വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ നേതാവ്‌ ജഗന്‍ മോഹന്‍ റെഡ്‌ഡി തന്നെ.
ആകാശത്തിന്‌ ചുവട്ടിലെ ഏത്‌ മണ്ണും നാടും ജഗനാഥന്‌ സമമാണെന്നത്‌ സൂപ്പര്‍ഹിറ്റ്‌ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗാണെങ്കില്‍ അതേ അവസ്‌ഥയിലേക്ക്‌ കാര്യങ്ങളെത്തുമോയെന്നതാണ്‌ രാഷ്‌ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്‌. ഒരു മുഴംനീട്ടിയെറിഞ്ഞ്‌ കളം പിടിക്കുകയെന്നത്‌ ശെശലിയായി സ്വീകരിച്ച അമിത്‌ഷാ, എന്‍.ഡി.എയ്‌ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ സഖ്യകക്ഷികള്‍ക്ക്‌ വിരുന്നൊരുക്കുമ്പോഴും ജഗന്‍ മോഹനില്‍ തന്നെയാണ്‌ കണ്ണ്‌ വച്ചിരിക്കുന്നത്‌. ജഗനുമായി ഇതിനകം അനൗപചാരിക ചര്‍ച്ചകളും അമിത്‌ഷായുടെ ദൂതന്‍മാര്‍ നടത്തികഴിഞ്ഞു.
അതേസമയം പ്രതിപക്ഷ നിരയ്‌ക്ക്‌ നേതൃത്വം നല്‍കുന്ന നായിഡുവിന്റെ മുഖ്യ രാഷ്‌ട്രീയ എതിരാളിയെന്ന നിലയില്‍ ജഗനുമായുള്ള ചര്‍ച്ചയ്‌ക്ക്‌ പ്രതിപക്ഷത്ത്‌ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്‌. തെലുങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്‌. നേതാവുമായ എ. ചന്ദ്രശേഖര്‍ റാവു ഒരുകാലത്ത്‌ നായിഡുവിന്റെ മുഖ്യ എതിരാളിയായിരുന്നെങ്കിലും നിലവില്‍ സമരസപ്പെടാന്‍ കാരണങ്ങളേറെ. അവിഭക്‌ത ആന്ധ്രയുടെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ മാറ്റിവരച്ച്‌ തെലുങ്കാന രൂപംകൊണ്ടതോടെ റാവുവിന്റെ സാമ്രാജ്യം തെലുങ്കാനയും നായിഡുവിന്റേത്‌ ആന്ധ്രയുമായി. ആന്ധ്രയില്‍ ടി.ആര്‍.എസും തെലുങ്കാനയില്‍ ടി.ഡി.പിയും സ്വാധീനഘടകങ്ങളല്ല. അതുകൊണ്ട്‌ തന്നെ നിര്‍ണ്ണായക ഘട്ടത്തില്‍ റാവുമായി സഹകരിക്കാന്‍ നായിഡുവിന്‌ മടിയുമില്ല.
എന്നാല്‍, ആന്ധ്രയില്‍ നായിഡുവിന്റെ കുത്തക തകര്‍ത്താണ്‌ ജഗനെന്ന താരോദയവും പതിനഞ്ച്‌ വര്‍ഷം കൊണ്ട്‌ വൈ.എസ്‌.ആര്‍. കോണ്‍ഗ്രസിന്റെ വ്യാപനവും സംഭവിച്ചത്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷംകൊണ്ട്‌ സംസ്‌ഥാനമാകെ ഇളക്കി മറിച്ച്‌ ജഗന്‍ നടത്തിയ പദയാത്രകളുടേയും സംഘാടകത്വ മികവിന്റേയും വിളവെടുപ്പ്‌ ഇത്തവണ ഗംഭീരമാകുമെന്നാണ്‌ എക്‌സിറ്റ്‌ പോളുകളുടെ പ്രവചനം. നിയമസഭാ -ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടന്ന ആന്ധ്രയില്‍ രണ്ടിടത്തും ജഗന്‍ തൂത്തുവാരുമെന്നാണ്‌ സൂചന. അങ്ങിനെയെങ്കില്‍ നായിഡുവിന്റെ രാഷ്‌ട്രീയ ഭാവിയും അനിശ്‌ചിതത്വത്തിലാകും. ഈ സാഹചര്യത്തിലാണ്‌ നായിഡു, പ്രതിപക്ഷ ഐക്യനിരയ്‌ക്ക്‌ നേതൃത്വം നല്‍കി രാജ്യമാകെ ഓടിനടക്കുന്നതും വോട്ടിങ്‌ യന്ത്രത്തിനെതിരേ കോടതി കയറിയിറങ്ങുന്നതും.
ഇന്നലെ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലേക്ക്‌ ജഗനെ ക്ഷണിക്കാന്‍ നായിഡു തയാറാകാതിരുന്നതും സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം മൂലംതന്നെ. എന്നാല്‍, ശരത്‌പവാര്‍ യോഗത്തിലേക്ക്‌ ക്ഷണിച്ചെങ്കിലും ജഗന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. നാളെ യഥാര്‍ത്ഥ ജനവിധി പുറത്ത്‌വന്ന ശേഷം നിലപാട്‌ സ്വീകരിക്കാമെന്ന വിലപേശല്‍ തന്ത്രമാണ്‌ ജഗന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്‌. ജഗനെ ഒപ്പംനിര്‍ത്തി സംഖ്യ ഉയര്‍ത്തി സമ്മര്‍ദ്ദ ശക്‌തിയായി മാറാനുള്ള നീക്കത്തിന്‌ ഇതിനിടയില്‍ ചന്ദ്രശേഖര്‍ റാവു ശ്രമിക്കുന്നുമുണ്ട്‌.
അകാലത്തില്‍ പൊലിഞ്ഞ അച്‌ഛന്‍ വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ മകനെന്ന ഇമേജില്‍ നിന്ന്‌ സ്വന്തമായി രൂപപ്പെടുത്തിയ രാഷ്‌ട്രീയ സ്വത്വത്തിലേക്കുള്ള ജഗന്റെ വളര്‍ച്ചയ്‌ക്ക്‌ ആന്ധ്ര സാക്ഷ്യം വഹിച്ചത്‌ ചുരുങ്ങിയ കാലത്തിനിടയിലാണ്‌. മണിപവര്‍, മസില്‍ പവര്‍, പൊളിറ്റിക്കല്‍ പവര്‍- ഇവ മൂന്നുംകൊണ്ടും ആകാശത്തിന്‌ ചുവട്ടിലെ ഏത്‌ മണ്ണും നാടും പിടിച്ചെടുക്കാമെന്നതുതന്നെയാണ്‌ ജഗന്റെ തത്വശാസ്‌ത്രം. നാല്‍പ്പത്തഞ്ച്‌ വയസ്‌ എന്നത്‌ രാഷ്‌ട്രീയത്തില്‍ യൗവനക്കാലമായി വിശേഷിപ്പിക്കാവുന്നതിനാല്‍തന്നെ കാലങ്ങള്‍ക്കകലേക്കുള്ള കരുതലുമായാണ്‌ ജഗന്റെ ഓരോ നീക്കങ്ങളും. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള രാഷ്‌ട്രീയ നീക്കങ്ങളിലുമെല്ലാം ഇതത്രയും പ്രകടവുമാണ്‌.
ആന്ധ്രാപ്രദേശുകാര്‍ക്ക്‌ ദൈവ തുല്ല്യനായിരുന്ന വൈ.എസ്‌. രാജശേഖരറെഡ്‌ഡി എക്കാലത്തേയും മികച്ച മുഖ്യമന്ത്രിയുമായാണ്‌ അറിയപ്പെടുന്നത്‌. രാജശേഖരറെഡ്‌ഡിയുടെ മരണശേഷം 2011ല്‍ ജഗനും അമ്മ വിജയമ്മയും ചേര്‍ന്ന്‌ വൈ.എസ്‌.ആര്‍ കോണ്‍ഗ്രസിന്‌ രൂപംനല്‍കിയപ്പോള്‍ തന്നെ രാജശേഖരറെഡ്‌ഡിയുടെ ആരാധകര്‍ പാര്‍ട്ടിയിലേക്ക്‌ ഒഴുകി. പറയാന്‍തക്ക രാഷ്‌ട്രീയ പരിചയം ഏതുമില്ലാതിരുന്ന ജഗന്‍, രാജശേഖരറെഡ്‌ഡിയുടെ മകനെന്ന ഒറ്റക്കാരണത്താല്‍ പാര്‍ട്ടിയുടെ അമരത്തും പ്രവര്‍ത്തകരുടെ ഹൃദയത്തിലും സ്‌ഥാനം പിടിച്ച്‌ ആന്ധ്രയുടെ രാഷ്‌ട്രീയ നഭസില്‍ പുതിയ താരോദയമായി.
കണ്ണ്‌ പതിയ്‌ക്കുന്ന സ്‌ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടുകയെന്നതായിരുന്നു ജഗന്റെ പ്രധാന വിനോദം. കടലാസ്‌ കമ്പനികള്‍ രൂപീകരിച്ച്‌ അതിലേക്ക്‌ നിക്ഷേപം നടത്തി സ്വത്തുവകകള്‍ സ്വന്തമാക്കി വിനോദത്തിലേര്‍പ്പെട്ട ജഗന്‌ ഒടുവില്‍ പിടി വീണതോടെ 16 മാസം ജയിലിലും കിടക്കേണ്ടിവന്നിട്ടുണ്ട്‌. ജഗന്റെ ആസ്‌തിയിലെ ക്രമാതീതമായ വളര്‍ച്ച അന്വേഷിച്ച സി.ബി.ഐയും ഞെട്ടി. 2004 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 9.2 ലക്ഷമായിരുന്ന ജഗന്റെ ആസ്‌തി അപ്പോഴേക്കും 3000 കോടി രൂപയായാണ്‌ കുതിച്ചുയര്‍ന്നത്‌. ഇതോടെ ജഗന്‍ ജയിലിലായി. ഇതിനിടയില്‍ ആന്ധ്രയെ വിഭജിച്ചു കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാര്‍ തെലുങ്കാനയ്‌ക്ക്‌ രൂപം നല്‍കി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയ ജഗന്റെ പിന്നത്തെ പടപ്പുറപ്പാട്‌, തെലുങ്കാന വിഭജനം ഉയര്‍ത്തിപ്പിടിച്ചായിരുന്നു.
ആന്ധ്രയെ വിഭജിച്ച കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള കൂട്ടുമില്ലെന്ന്‌ പ്രഖ്യാപിച്ച ജഗന്‍ ഇത്തവണയും കോണ്‍ഗ്രസ്‌ ക്ഷണത്തിന്‌ നേരെ മുഖം തിരിച്ചു. ഹൈക്കമാന്‍ഡ്‌് ഉമ്മന്‍ ചാണ്ടിയെ നിയോഗിച്ച്‌ ജഗനെ അനുനയിപ്പിച്ച്‌ സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ജഗന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം തിരിച്ചറിഞ്ഞ ബി.ജെ.പി. ഇതിനകം നായിഡുവുമായുള്ള കൂട്ട്‌വെട്ടി തനിച്ച്‌ മത്സരരംഗത്തിറങ്ങി. ഇതോടെ ആന്ധ്ര സഖ്യങ്ങളേതുമില്ലാത്ത ചതുഷ്‌ക്കോണ മത്സരത്തിനാണ്‌ സാക്ഷ്യം വഹിച്ചത്‌. ജയിച്ചെത്തിയാല്‍ ജഗനെ റാഞ്ചാന്‍ ബി.ജെ.പി. അന്നേ ഉന്നം പിടിച്ചുതുടങ്ങിയതുമാണ്‌. ജഗന്റെ പേരില്‍ ഇന്നും തുടരുന്ന സി.ബി.ഐ. കേസുകള്‍ തന്നെയാണ്‌ ബി.ജെ.പി. നീട്ടുന്ന ചൂണ്ടയില്‍ കോര്‍ത്ത ഇര. എന്‍.ഡി.എ. ഭരണം തുടരാനുള്ള ജനവിധി ഉണ്ടായെങ്കില്‍ മാത്രമേ ബി.ജെ.പിയുടെ കരുനീക്കം ഇക്കാര്യത്തില്‍ ഫലിക്കുകയുള്ളൂ.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Wednesday 22 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW