Tuesday, August 20, 2019 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.15 AM

യുദ്ധമല്ല, സമാധാനമാണ്‌ ഇസ്‌ലാം

uploads/news/2019/05/309612/re2.jpg

റമദാന്‍ 17. ഇസ്ലാമിക ചരിത്രത്തില്‍ നിര്‍ണായക വിജയം വരിച്ച ബദ്‌ര്‍ യുദ്ധം നടന്ന ദിനം. ഖുര്‍ആനില്‍ കൃത്യമായി പരാമര്‍ശിച്ച ചുരുക്കം ചില യുദ്ധങ്ങളിലൊന്നാണിത്‌. ഇസ്ലാം ലോകത്ത്‌ സമാധാന പ്രസ്‌ഥാനമായിട്ടാണ്‌ നിലകൊള്ളുന്നത്‌. പലപ്പോഴും ഇസ്ലാമിനെ യുദ്ധത്തിന്റെ പ്രതീകമായിട്ടാണ്‌ ചിത്രീകരിച്ചു കാണുന്നത്‌. ലോകത്ത്‌ ഏറ്റവും അധികം സമാധാനം നിലനിറുത്തനാന്‍ വേണ്ടി എന്ത്‌ വിട്ടുവീഴ്‌ചയും ചെയ്‌ത പ്രവാചകനാണ്‌ മുഹമ്മദ്‌ നബി(സ) . ഇസ്‌ലാമിനെ യുദ്ധത്തിന്റെ മതമായി വ്യാഖ്യാനിക്കപ്പെടാനുള്ള പ്രധാന കാരണമായി പലരും ഉന്നയിക്കുന്നത്‌ ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസത്തില്‍ നടന്ന ബദ്‌ര്‍ യുദ്ധം നടന്നതു കാരണമാണ്‌.
ബദ്‌ര്‍ യുദ്ധം എന്ന്‌ കേള്‍ക്കുമ്പോള്‍ പലപ്പോഴും നാം തെറ്റിദ്ധരിച്ചു പോകുന്നത്‌, ആയിരക്കണക്കിന്‌ ആളുകള്‍ കൊലചെയ്യപ്പെട്ട ഒരു യുദ്ധമായിട്ടാണ്‌. തീര്‍ച്ചയായും അങ്ങനെയല്ലത്‌. ഇസ്‌ലാമിലെ യുദ്ധങ്ങളൊക്കെ പരിശോധിച്ചാല്‍ അറിയാം. വളരെ കുറഞ്ഞ ആള്‍ നാശങ്ങളാണ്‌ സംഭവിച്ചിട്ടുള്ളത്‌. ഒരിക്കലും പ്രവാചകന്‍ അങ്ങോട്ട്‌ പോയി അക്രമിക്കുന്ന സ്‌ഥിതി ഉണ്ടായിട്ടില്ല. പ്രവാചകന്റെ കാലഘട്ടത്തിലുള്ള സര്‍വ്വ യുദ്ധങ്ങളും നടന്നത്‌ പലപ്പോഴും ശത്രുക്കള്‍ മദീനയിലെ ചുറ്റുപാടില്‍ നിന്നു വന്നു കൊണ്ടാണ്‌. ബദ്‌ര്‍ ആയാലും ഉഹ്‌ദ്‌ ആയാലും ഖന്ദക്കായാലും തബൂക്കായാലും ഇതൊക്കെ മദീനയുടെ ചുറ്റുഭാഗത്ത്‌ കിടക്കുന്ന നാടുകളാണ്‌. ആ നാടുകളെ ആക്രമിക്കാനും മദീനയെ ആക്രമിക്കാനും തയ്യാറായി വന്നപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ്‌ പ്രവാചകന്‍ എടുത്ത നിലപാട്‌. പ്രതിരോധം എങ്ങനെയാകണമെന്ന്‌ വരെ പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്‌: നിങ്ങള്‍ യുദ്ധത്തിനു പോകുന്ന സമയത്ത്‌ സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ പാടില്ല. ശത്രുപക്ഷത്തില്‍ ആയിരുന്നാല്‍ പോലും അവിടെയുള്ള മരങ്ങള്‍ വെട്ടിനശിപ്പിക്കാന്‍ പാടില്ല.
ഇത്രയധികം ശത്രുവിനോട്‌ പോലും മര്യാദ പാലിക്കണമെന്ന്‌ പഠിപ്പിച്ച മതം ഇസ്ലാമല്ലാതെ മറ്റേതാണുള്ളത്‌? ബദ്‌ര്‍ യുദ്ധം ഒരു പ്രതിരോധം മാത്രമായിരുന്നു. ബദ്‌ര്‍ മദീനക്ക്‌ 100 മീറ്റര്‍ അടുത്തുള്ള പ്രദേശമാണ്‌. മക്കയില്‍ നിന്ന്‌ സര്‍വ്വ സന്നദ്ധരായി പ്രവാചകനെയും അനുചരെയും ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി കൊന്നുകളയുക എന്ന ലക്ഷ്യത്തോടെ വന്ന അബൂജഹലിന്റെ നേതൃത്വത്തിലുള്ള സൈന്യം ആയിരത്തോളം വരുന്ന സൈന്യത്തെ കേവലം 313 ആളുകള്‍ നിരായുധരായി പ്രതിരോധിച്ച മഹത്തായ ധാര്‍മിക യുദ്ധത്തിന്റെ പേരാണ്‌ ബദ്‌ര്‍.
സാഹോദര്യത്തിനും സമാധാനത്തിനും ഏറ്റവും അധികം വിലകല്‍പ്പിക്കുന്ന ഇസ്‌ലാം ഒരിക്കലും യുദ്ധത്തിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. നിങ്ങളെ ഇങ്ങോട്ട്‌ അക്രമിച്ചാല്‍ മാത്രം അങ്ങോട്ട്‌ പ്രതികരിക്കുക എന്നതാണ്‌ ഇസ്‌ലാമിന്റെ മാനദണ്ഡം.
പരിശുദ്ധ ഖുര്‍ആനില്‍ ധാര്‍മിക യുദ്ധത്തില്‍ മരണപ്പെട്ട്‌ പോകുന്നവര്‍ക്ക്‌ ഉന്നതമായ സ്‌ഥാനം നല്‍കിയിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്‌ത്‌ മരണപ്പെട്ടു എന്ന്‌ നിങ്ങള്‍ ഭാവിക്കുകയേ വേണ്ട, അവര്‍ അല്ലാഹുവിന്റെ അടുത്ത്‌ ഭക്ഷണം നല്‍കി കൊണ്ട്‌ ജീവിച്ചിരിക്കുന്നവരാണ്‌. ഈ ഖുര്‍ആന്‍ സന്ദേശം യുദ്ധത്തില്‍ മരണപ്പെട്ടവര്‍ക്ക്‌ മഹത്തായ പുണ്യം അവതരിക്കപ്പെടുന്ന സൂക്‌തമാണ്‌. ഇന്ത്യയിലെ ചരിത്രം നമുക്കറിയാം, പ്രവാചകന്റെ കാലഘട്ടത്തില്‍ തന്നെ ഇസ്ലാം കേരളത്തിലെത്തിയിട്ടുണ്ട്‌. ഹിജ്‌റ അഞ്ചാം വര്‍ഷത്തില്‍ വളരെ വിപുലമായ ഇസ്ലാമിക പ്രവര്‍ത്തനമാണ്‌ കേരളത്തിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും സ്വഹാബത്ത്‌ നടത്തിയത്‌. അമ്പതോളം പള്ളികള്‍ മാലിക്‌ ദീനാര്‍ തങ്ങള്‍ കേരളത്തിലും മംഗലാപുരത്തും ഒക്കെ സ്‌ഥാപിച്ചു. ഒരു യുദ്ധമോ ഒരു പ്രതിരോധമോ കേവലം ഒരു പിച്ചാത്തി പോലും വീശേണ്ട അവസ്‌ഥ സ്വഹാബത്തിന്‌ ഇവിടെ വന്നില്ല എന്നതു തന്നെ ഇസ്ലാമിന്റെ പ്രബോധന ശൈലി യുദ്ധമല്ല സമാധനമാണ്‌ എന്ന്‌ വ്യക്‌തമാക്കുന്നു. ബദ്‌റിന്റെ ഒളിമങ്ങാത്ത ഓര്‍മകള്‍ അലതല്ലുന്ന ഈ ദിനത്തിലും അല്ലാതെയും അവരെ വിളിച്ച്‌ തേടുന്ന തേട്ടങ്ങള്‍ക്ക്‌ വലിയ ഉത്തരമുണ്ട്‌. കേരളത്തിലെ മുഴുവന്‍ പള്ളികളിലും നാളെ ബദ്‌റില്‍ വീരമൃത്യുവരിച്ചവരെയും പ്രതിരോധ യുദ്ധത്തില്‍ പങ്കെടുത്തവരെയും അനുസ്‌മരിക്കും.

മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി

(ലേഖകന്‍ കേരള സംസ്‌ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ അംഗമാണ്‌)

Ads by Google
Tuesday 21 May 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW