Tuesday, August 20, 2019 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 12.43 AM

സൗപര്‍ണ്ണിക

ഘടോല്‍ക്കചന്‍ അഭിമന്യുവിനോട്‌ പറഞ്ഞു: ''അനുജ, എനിക്ക്‌ പിതാവിനെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌. എട്ടു വയസില്‍ കണ്ടതാണ്‌. മുഖം ഓര്‍മ്മയിലുണ്ട്‌. എന്നാലും...''
''ജ്യേഷ്‌ഠാ... അതിനി അമാന്തിക്കണ്ട. അങ്ങ്‌ വന്ന വിവരം ഞാന്‍ മുത്തച്‌ഛനെ അറിയിച്ചുകഴിഞ്ഞു. എത്രയും വേഗം കൂട്ടിച്ചെല്ലാന്‍ പറഞ്ഞു. യാത്രാക്ഷീണം മാറിയെങ്കില്‍ നമുക്ക്‌ പോകാം...''
''എന്നാല്‍ അങ്ങനെയാവട്ടെ.''
അവര്‍ അപ്പോള്‍ തന്നെ കൈനിലയിലേക്ക്‌ പുറപ്പെട്ടു.
യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്‌ നിര്‍മ്മിച്ച പുരയില്‍ ഇരിക്കുകയായിരുന്നു ഭീമന്‍...
വാതിലില്‍ കാത്തുനില്‍ക്കുന്ന സേനാ നായകന്‍. ഒഴിഞ്ഞുനിന്നു.
അഭിമന്യൂവും ഘടോല്‍ക്കചനും അകത്തേക്ക്‌ പ്രവേശിച്ചു.
താത്‌ക്കാലിക സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരുന്നു ഭീമസേനന്‍. അഭിമന്യുവിനെ കണ്ട്‌ ഭീമന്‍ അവനെ ആശ്ലേഷിച്ചു.
''ഉണ്ണി എന്താ വിശേഷിച്ച്‌...''
''ഞാന്‍ ഒരാളെ കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്‌. അങ്ങു തന്നെ കാണേണ്ടതാണ്‌.''
''ആര്‌...?''
''മുത്തച്‌ഛന്‍ തന്നെ ചോദിച്ചാല്‍ മതി...''
ഘടോല്‍ക്കചന്‍ ചിത്രത്തൂണിന്റെ മറവില്‍നിന്ന്‌ പിതാവിനെ നോക്കി കാണുകയായിരുന്നു.
മനസ്സില്‍ ഓര്‍മ്മ വച്ച നാള്‍ മുതല്‍ സൂക്ഷിക്കുന്ന കനകവിഗ്രഹം. അഭിമാനത്തോടെ പറയാന്‍ കഴിയുന്ന തേജോരൂപം. ആ മുഖത്ത്‌ വഴിയുന്ന കാന്തി പ്രഭാതസൂര്യനെപ്പോലും തോല്‌പിക്കുന്നു.
താന്‍ ഭാഗ്യവാനാണ്‌.
തനിക്കു ജന്മം തന്ന പ്രിയപ്പെട്ട അമ്മയും ഭാഗ്യവതി തന്നെ.
അഭിമന്യു അടുത്തെത്തി ഘടോല്‍ക്കചനെ ഭീമന്റെ മുന്നിലേക്ക്‌ മാറ്റിനിര്‍ത്തി....
മറ്റൊരു വൃകോദരന്‍. ഭീമന്റെ അതേരൂപം. എല്ലാ അര്‍ത്ഥത്തിലും ഭീമന്‍. പെട്ടെന്ന്‌ ഘടോല്‍ക്കചന്‍ നമസ്‌കരിച്ചു. ഭീമന്റെ മുന്നില്‍ സര്‍വ വിസ്‌മയവും ഒന്നുചേര്‍ന്ന ഒരു രൂപം അവതരിക്കുകയായിരുന്നു.ഘടോല്‍ക്കചനെ എഴുന്നേല്‍പ്പിച്ച്‌ ആ മുഖത്തേക്ക്‌ നോക്കിനിന്നു.
ഭീമന്‌ വാക്കുകള്‍ പൂര്‍ണമായും നഷ്‌ടപ്പെട്ടു. ചില പ്രവൃത്തികള്‍ മാത്രമായിരുന്നു ബാക്കി. തലയിലും മുഖത്തും ഉമ്മവച്ചു. ഘടോല്‍ക്കചനെ മാറില്‍ ചേര്‍ത്ത്‌ ആശ്ലേഷിച്ചു. ഭീമനിലെ യുദ്ധവീരന്‍ ഇറങ്ങി ഓടി. അദ്ദേഹത്തിലെ പിതാവ്‌ വിജയക്കൊടി നാട്ടി...
ഘടോല്‍ക്കചന്റെ കണ്ണുകള്‍ നിറഞ്ഞു.
ഭീമനില്‍ ആഹ്‌ളാദം അതിരുകവിഞ്ഞു.
സന്ദര്‍ഭം അറിഞ്ഞ എല്ലാവരും അവിടെനിന്നു പിന്മാറി.
പിതാവും പുത്രനു മാത്രം!
എന്തു പറയണം എങ്ങനെ പറയണം എവിടെ തുടങ്ങണം എന്നറിയാതെ അച്‌ഛനും മകനും കുഴങ്ങി...
മകനെ ഇരുത്തി അവന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചുകൊണ്ട്‌ ഭീമന്‍ സൗപര്‍ണികയെക്കുറിച്ച്‌ ചോദിച്ചു.
''അമ്മ സുഖമായിരിക്കുന്നു.... പോരുമ്പോള്‍ അച്‌ഛനും എനിക്കും വിജയം ആശംസിച്ചു....''
അല്‌പനേരം ഭീമന്‍ മിണ്ടാതിരുന്നു. ആ മനസ്‌ ഗന്ധമാദനത്തിലേക്ക്‌ പറന്നിരിക്കും....
ഏറെ നേരം അവര്‍ സംസാരിച്ചില്ല. പക്ഷേ വളരെ നേരം കണ്ടിരുന്നു. അവര്‍ പരസ്‌പരം അറിയുകയായിരുന്നു.
ഘടോല്‍ക്കചന്‍ കൈനിലയിലേക്കു പോരുമ്പോള്‍ മകന്‍ എത്തിയ വിവരം അറിയിക്കാന്‍ ഭീമന്‍ ധര്‍മ്മജന്റെ അടുത്തേക്ക്‌ ഓടുകയായിരുന്നു. കണ്ടവരോടെല്ലാം വീരനായ മകനെക്കുറിച്ച്‌ പറഞ്ഞു. അവനെ പ്രശംസിച്ചു. ഭീമന്‍ സന്തോഷത്തിന്റെ ഉയര്‍ന്ന ഗോപുരത്തില്‍ കയറി...
യഥാകാലം യുദ്ധം ആരംഭിച്ചു.
ആദ്യദിവസങ്ങളിലൊന്നും ഘടോല്‍ക്കചന്‍ യുദ്ധത്തിനിറങ്ങിയില്ല. പിതാവിന്റെ ആജ്‌ഞയ്‌ക്കുവേണ്ടി കാത്തിരുന്നു. എട്ടാംദിവസം ചെറിയ ഒരവസരം വന്നു. ഭീമന്റെ മൗനാനുവാദത്തോടെ അഭിമന്യുവും ഒത്ത്‌ ഘടോല്‍ക്കചന്‍ പോര്‍ക്കളത്തില്‍ ഇറങ്ങി. മദയാന കരിമ്പിന്‍ തോട്ടത്തില്‍ ഇറങ്ങിയപോലെ കൗരവന്റെ പടയെ ചവിട്ടിമെതിച്ചു. നൂറുകണക്കിന്‌ കൗരവസൈന്യത്തെ തറയിലടിച്ചു കൊന്നുകൊണ്ട്‌ മുന്നേറിയ ഘടോല്‍ക്കചനെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല ഘടോല്‍ക്കചന്റെ പെരുമ കേട്ട്‌ ഭീമന്റെ മനസ്സ്‌ കുളിര്‍ത്തു...
അര്‍ജുനന്‍ യുദ്ധക്കളത്തില്‍ ചോദിക്കുകയും ചെയ്‌തു...
''ജ്യേഷ്‌ഠാ തെക്കുഭാഗത്ത്‌ ആരവം. വിജയം നമുക്കോ....''
''നമുക്കുതന്നെ. ഘടോല്‍ക്കചന്‍ ആദ്യം യുദ്ധത്തിനിറങ്ങിയതാണ്‌.''
''നന്ന്‌... നന്ന്‌.'' അര്‍ജ്‌ജുനന്‍ അമ്പെയ്‌തു കയറി.
സന്ധ്യയോടെ യുദ്ധം അവസാനിച്ചു.
കൗരവരുടെ പടപ്പുരയില്‍ ഘടോല്‍ക്കചന്‍ ആയിരുന്നു ചിന്താവിഷയം.
അസാമാന്യ പാടവവും ശക്‌തിയുമുള്ള യുദ്ധവീരന്‍. അവനെ തകര്‍ക്കണം. സാധാരണക്കാര്‍ക്ക്‌ കഴിയില്ല. രാക്ഷസ്സ ബലമാണ്‌.
ഇതുകേട്ട്‌ കൗരവരിലെ പ്രശസ്‌തനായ സേനാനി അലംബുഷന്‍ പറഞ്ഞു.
''ഘടോല്‍ക്കചനെ ഞാന്‍ നേരിട്ടുകൊള്ളാം.''
''എല്ലാവര്‍ക്കും അതു സമ്മതമായി...''
എന്നാലും ദുര്യോധനന്റെ മനസ്സില്‍ ഘടോല്‍ക്കചന്‍ ഒരു ഭയമായി. ഘടോല്‍ക്കചന്റെ യുദ്ധപാടവം കേട്ട്‌ കണ്ണനും സന്തോഷിച്ചു. അദ്ദേഹത്തിന്റെ കണക്കുകള്‍ ശരിയായി വരുന്നു.
പാണ്ഡവരെ തകര്‍ക്കുന്ന പരാജയമായിരുന്നു അഭിമന്യുവിന്റെ മരണം. അര്‍ജുനന്റെ ഒരു കൊമ്പൊടിഞ്ഞു.
പാണ്ഡവര്‍ ഏറെ ദുഃഖിച്ചു. അഭിമന്യുവിന്റെ മരണം ഘടോല്‍ക്കചന്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു. പലര്‍ കൂടി ചതിച്ചാണ്‌ അഭിമന്യുവിനെ വധിച്ചതെന്ന്‌ മനസ്സിലായപ്പോള്‍ ഘടോല്‍ക്കചന്‍ അലറി. ഒരു ഭ്രാന്തനെപ്പോലെ പെരുമാറി.
പിറ്റേദിവസം ഘടോല്‍ക്കചന്‍ സംഹാരരുദ്രനായി പടയില്‍ കയറി. കൗരവര്‍ ഛിന്നഭിന്നമായി. തേര്‌ എടുത്തെറിഞ്ഞും ആനകളെ മസ്‌തകത്തിനു കുത്തിയിരുത്തിയും കാലാളുകളെ വലിച്ചു കീറിയും അസ്‌ത്രങ്ങള്‍ പിടിച്ചൊടിച്ചും ഘടോല്‍ക്കചന്‍ മുന്നേറി. പടച്ചട്ട അണിഞ്ഞ്‌ ഭീകരരൂപനായി വരുന്ന ഭീമപുത്രനെ കണ്ട്‌ ഭയന്ന്‌ തന്നെ കൗരവപ്പടയില്‍ ചിലര്‍ മരിച്ചുവീണു...
അനുജന്റെ മരണത്തിനു തക്ക ശിക്ഷ കൗരവപ്പടയ്‌ക്ക് നല്‍കിക്കൊണ്ട്‌ ഘടോല്‍ക്കചന്‍ മുന്നേറി. വാക്കുപാലിക്കാന്‍ അലംബുഷന്‍ കുതിരപ്പുറത്തുവന്നു. കുതിരയോടെ ഘടോല്‍ക്കചന്‍ അവനെ നിലത്തടിച്ചു. പിടഞ്ഞുതെറിച്ച അലംബുഷന്‍ ഗദയുമായി പാഞ്ഞടുത്തു. ഘടോല്‍ക്കചനും ഗദ എടുത്തു. അവര്‍ തമ്മില്‍ ഭീകരമായ ഗദായുദ്ധം നടന്നു. നില്‍ക്കാന്‍ വയ്യാതെ അലംബുഷന്‍ പിന്തിരിഞ്ഞ്‌ ഓടി.
കൗരവപ്പട ഉലഞ്ഞു.
ഘടോല്‍ക്കചന്‍ ഭീഷണമായി പെരുമാറി.
കൗരവപ്പട പിന്‍വലിഞ്ഞു. ജയാരവത്തോടെ ഘടോല്‍ക്കചന്‍ മടങ്ങി.
സമയം സായാഹ്‌്നമായി. ഘടോല്‍ക്കചന്‍ കൈനിലയില്‍ വിശ്രമിക്കുമ്പോള്‍ ആണ്‌ ഭീകരമായ ചില ശബ്‌ദങ്ങള്‍ അവിടെ കുമിഞ്ഞിറങ്ങിയത്‌. കുറെ യോദ്ധാക്കള്‍ കൈനിലയിലേക്കു പാഞ്ഞുവരുന്നതും ഘടോല്‍ക്കചന്‍ കണ്ടു.
അഭിമന്യുവിന്റെ മരണത്തിന്‌ ഘടോല്‍ക്കചനും അര്‍ജുനനും ഭീകരമായി പകരംവീട്ടി. കൗരവപ്പടയില്‍ വളരെയധികം പടയും പ്രധാനികളും അന്നു മരിച്ചുവീണു. ഇത്രയും ദുര്യോധനന്‍ പ്രതീക്ഷിച്ചില്ല. അയ്യാള്‍ ഗുരുവും പടയുടെ ഉത്തരവാദിത്വം വഹിക്കുന്ന ആചാര്യനുമായ ദ്രോണരെ ചെന്നുകണ്ട്‌ പരിഭവം പറഞ്ഞു. കേവലം ഒരു രാക്ഷസ്സനെ വധിക്കാന്‍ പോലും കഴിയാത്ത കൗരവബലത്തെ ദുര്യോധനന്‍ ഇകഴ്‌ത്തി. ഈ വര്‍ത്തമാനം ദ്രോണനെ ചൊടിപ്പിച്ചു. അദ്ദേഹം പറഞ്ഞു.
''ദുര്യോധനാ.. പാണ്ഡവരും അവരുടെ മക്കളും ധര്‍മ്മത്തിനു വേണ്ടിയാണ്‌ പൊരുതുന്നത്‌. അവിടെ വിജയം ഉറപ്പാണ്‌. എന്നാലും അനവധി സൈന്യ നേതാക്കളെ കൊന്നൊടുക്കിയ ഘടോല്‍ക്കചനെ ഇന്നു വധിക്കുന്നുണ്ട്‌. രാത്രി യുദ്ധംതന്നെ നടക്കട്ടെ... രാക്ഷസ്സര്‍ വിശ്രമിച്ചാല്‍ ബലം കൂടും. അവനെ ഇന്നു രാത്രിതന്നെ വധിക്കണം....''
ദ്രോണരുടെ ആജ്‌ഞയനുസരിച്ച്‌ കൗരവപ്പട മുന്നേറി.
കൗരവര്‍ പട നയിച്ചു വരുന്ന വിവരം അറിഞ്ഞ്‌ ശ്രീകൃഷ്‌ണന്‍ പറഞ്ഞു ''രാത്രിയില്‍ രാക്ഷസ്സ സേനയ്‌ക്കാണ്‌ ബലം. ഘടോല്‍ക്കചനെ വെല്ലാന്‍ ആര്‍ക്കും കഴിയില്ല. ഘടോല്‍ക്കചന്‍ പട നയിക്കാന്‍ സന്നദ്ധനാവണം...''
രാത്രിയിലെ യുദ്ധത്തില്‍ ഘടോല്‍ക്കചന്‌ പരിചയം കാണുമോ. ഭീമനു സംശയമായി. പക്ഷേ അതു പറഞ്ഞില്ല. ഘടോല്‍ക്കചന്‍ ഇറങ്ങട്ടെയെന്ന്‌ എല്ലാവരും സമ്മതിച്ചു. ആ ബഹളത്തില്‍ ഭീമന്റെ വാക്കുകള്‍ ആരും കേട്ടതുമില്ല.
വിവരം അറിഞ്ഞ ഘടോല്‍ക്കചന്‍ അത്യുത്സാഹത്തോടെ പടച്ചട്ടയണിഞ്ഞു. വാഹിനി നിരന്നു. അപ്പോഴേയ്‌ക്കും കൈ നിലയില്‍ ഭീമന്‍ എത്തി. പിതാവിനെ നമസ്‌കരിച്ചുകൊണ്ട്‌ ഘടോല്‍ക്കചന്‍ യുദ്ധത്തിനിറങ്ങി.
അലംബുഷനും സോമദത്തനും അശ്വത്ഥാമാവും ദ്രോണരും എതിര്‍പക്ഷത്തു നിന്നു. ഘടോല്‍ക്കചനും സൈന്യവും മറുപക്ഷത്തും.
ഇരുട്ട്‌ കുരുക്ഷേത്രത്തെ വിഴുങ്ങി.
അനേകം പന്തങ്ങള്‍ പൊന്തി. വെളിച്ചം അറച്ചറച്ച്‌ പടനിലത്ത്‌ നടന്നു.
കൈയും മെയ്യും മറന്ന്‌ ഘടോല്‍ക്കചന്‍ മുന്നേറി.
മറുതലയില്‍ വിള്ളല്‍ വീണു.
സുയോധനന്‍ തേരേറി വന്നു.
തേരോടെ ഘടോല്‍ക്കചന്‍ അവനെ പൊക്കിയെറിഞ്ഞു.
സുയോധനന്‍ പിന്തിരിഞ്ഞോടി.ആ വീറും വാശിയും ദൂരെനിന്നു കണ്ടാല്‍ ഭീമന്‍തന്നെ.
സുയോധനന്റെ വരവ്‌ കണ്ട്‌ അലംബുഷന്‍ പറഞ്ഞു ''ഇത്തവണ ഞാന്‍ അവനെ ഇല്ലാതാക്കും....''
പെരുത്ത സേനയുമായി അലംബുഷന്‍ വന്നു.
ഘടോല്‍ക്കചനും അലംബുഷനും ഏറ്റുമുട്ടി. പോരു കഠിനമായി. രണ്ടുപേരും സ്വയം മറന്നു. ഘടോല്‍ക്കചന്റെ മുമ്പില്‍ അഭിമന്യു ചിരിച്ചു. അനുജന്റെ മരണം അവനെ പിശാചാക്കി.
അലംബുഷനെ പൊക്കിയെറിഞ്ഞ ഘടോല്‍ക്കചന്‍ മരിച്ചുകിടന്ന ഒരുവന്റെ വാള്‍ കരത്തിലാക്കി. അന്തരീക്ഷത്തില്‍ നിന്നും താണുവന്ന അലംബുഷനെ അരിഞ്ഞുവിട്ടു. തലയും ഉടലും വേര്‍പെട്ട അവന്‍ തെറിച്ചുവീണു.
രക്‌തത്തുള്ളികള്‍ ദുര്യോധനന്റെ അരികിലെത്തി.
(തുടരും)

തുളസി കോട്ടുക്കല്‍

Ads by Google
Sunday 19 May 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW