Tuesday, August 20, 2019 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 12.39 AM

ഇരുപത്തെട്ടാമത്തെ കൊലപാതകം

uploads/news/2019/05/309165/4.jpg

ബന്ധുഗൃഹത്തില്‍ ഒരു കല്യാണത്തിന്‌ പങ്കെടുത്ത്‌ മടങ്ങി വരുന്ന വഴിയായിരുന്നു ഞാന്‍. പ്രതീക്ഷിച്ചതിലും നേരം വൈകിയിരുന്നു.
അവസാനത്തെ ബസ്‌ പോയിക്കഴിഞ്ഞ്‌ പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ്‌ ബസ്സ്റ്റാന്‍ഡില്‍ എത്തിയത്‌. അതുവഴി പോകണമെങ്കില്‍ ഇനി തമിഴന്മാരുടെ ലോറിയെ ആശ്രയിക്കുകയേ നിര്‍വ്വാഹമുള്ളൂ.
റോഡിലൂടെ വന്ന ഒരു തമിഴ്‌ ലോറിക്ക്‌ കൈ കാണിച്ച്‌ അതില്‍ക്കയറിയാണ്‌ യാത്ര തുടങ്ങിയത്‌. അവരാകട്ടെ എനിക്ക്‌ പോകേണ്ട വഴിക്ക്‌ മുമ്പേ തിരിഞ്ഞു വേറെ വഴിക്കു പോകുന്നവരും. ഒടുവില്‍ പോലീസ്‌ സ്‌റ്റേഷന്‌ മുമ്പിലൂടെ പോകുമ്പോള്‍ അവിടെയിറങ്ങി കുറുക്ക്‌ വഴിക്ക്‌ പോകാം എന്ന ചിന്തയില്‍ ആശ്വസിക്കുകയായിരുന്നു. അതേ സ്‌റ്റേഷനില്‍ ജോലി ചെയ്‌തു കൊണ്ടിരുന്നപ്പോള്‍ എത്രയോ വട്ടം ആശ്രയിച്ചിട്ടുള്ള വഴിയാണ്‌.
വിജനമായ വഴിയിലൂടെ ഇടവിട്ടുള്ള വഴിവിളക്കുകളുടെ പ്രകാശത്തില്‍ യാത്ര തുടര്‍ന്ന്‌ ഏകദേശം ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴാണ്‌ വഴിവിളക്കിന്റെ വെളിച്ചത്തിന്‌ കീഴെ നിന്ന്‌ ഒരാള്‍ അലറുന്നതും സ്വന്തം തലമുടി വലിച്ചു പറിക്കുന്നതും കണ്ടത്‌. ചേഷ്‌ടകളില്‍ ഭ്രാന്തനാണെന്നു വ്യക്‌തം. എന്ത്‌ ചെയ്യണം എന്നൊരു നിമിഷം ശങ്കിച്ചു. പരിസരത്താരുമില്ല. ഒരു വീട്‌ പോലുമില്ല. തിരിഞ്ഞുനടന്നാലോ എന്നു ചിന്തിച്ച നിമിഷത്തിലാണ്‌ അയാള്‍ എന്നെക്കണ്ടത്‌. അയാളുടെ പാഞ്ഞുള്ള വരവ്‌ കണ്ടപ്പോള്‍ ചുറ്റും പരതിയത്‌ ഒരായുധത്തിന്‌ വേണ്ടിയായിരുന്നു. പക്ഷേ, ഓടിവന്ന അയാള്‍ എന്റെ മുമ്പില്‍ മുട്ടു കുത്തി നിന്നു.
ബ്രദര്‍... രക്ഷിക്കണം ബ്രദര്‍. എന്റെ തലച്ചോറില്‍ പുഴുക്കള്‍ നൃത്തം വയ്‌ക്കുന്നു ബ്രദര്‍. എന്നെ രക്ഷിക്കണം ബ്രദര്‍... രക്ഷിക്കണം.
എന്നുള്ള അയാളുടെ അപേക്ഷയ്‌ക്ക് മുമ്പില്‍ പകച്ചു പോയി. അന്ധാളിപ്പ്‌ ഒന്നടങ്ങിയപ്പോള്‍ അയാളോട്‌ സംസാരിക്കുവാന്‍ തീരുമാനിച്ചു.
ബ്രദര്‍...!? എന്താണ്‌ താങ്കളുടെ പ്രശ്‌നം? എനിക്കെങ്ങിനെയാണ്‌ താങ്കളെ സഹായിക്കുവാന്‍ കഴിയുക?
എന്റെ ചോദ്യത്തിന്‌ മറുപടി പറയാതെ തല കുമ്പിട്ടിരുന്നു ഏങ്ങലടിക്കുന്ന അയാളെ ഒരുനിമിഷം നോക്കി നിന്ന്‌ ഞാന്‍ വീണ്ടും ചോദിച്ചു.
നോക്കൂ... ഈ അസമയത്ത്‌ നിങ്ങളുടെ കോപ്രായം കണ്ടുകൊണ്ടിരിക്കാന്‍ എനിക്ക്‌ നേരമില്ല. ഒന്നുകില്‍ എന്നെ പോകാനനുവദിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ പ്രശ്‌നം പറയുക. എന്റെ സ്വരത്തില്‍ തികഞ്ഞ അക്ഷമയും കോപവും അടങ്ങിയിരുന്നു.
ഞാനൊരു വലിയ ചിന്താക്കുഴപ്പത്തിലാണ്‌ ബ്രദര്‍. ഇന്ന്‌ വരേയ്‌ക്കും ഞാന്‍ ഇരുപത്തേഴുപേരെ കൊലപ്പെടുത്തിയിരിക്കുന്നു. പക്ഷേ, ഇന്ന്‌ ഞാന്‍ കൊന്നവള്‍ മരിക്കുന്നതിന്‌ മുമ്പ്‌ എന്നെ നോക്കി ഒന്ന്‌ പുഞ്ചിരിച്ചു. അതേ... മനോഹരമായ ഒരു പുഞ്ചിരി. ഇതുവരെയും ഞാന്‍ ആരെയെങ്കിലും കൊല്ലുമ്പോള്‍ അവസാന നിമിഷങ്ങളില്‍ ജീവന്‌ വേണ്ടി പിടയുന്നത്‌ കാണുമ്പോള്‍ ഉണ്ടാകുന്ന ലഹരി! അതാണ്‌ എനിക്ക്‌ വേണ്ടിയിരുന്നത്‌. പക്ഷേ...
അതുകേട്ട്‌ ഞാന്‍ നടുങ്ങി. വിജനമായ വഴി. നിശ്ശബ്‌ദമായ അന്തരീക്ഷം. ഈ രാത്രിയില്‍ അപരിചിതനായ ഒരാളോട്‌ പറയാന്‍ പറ്റിയ കഥ തന്നെ. എനിക്ക്‌ പോയിട്ട്‌ തിടുക്കമുണ്ട്‌. മുന്നോട്ട്‌ നടക്കാന്‍ തുനിഞ്ഞ എന്റെ കൈകളില്‍ അയാള്‍ കയറിപ്പിടിച്ചത്‌ പെട്ടെന്നായിരുന്നു.
'ബ്രദര്‍... എന്നെ വിശ്വസിക്കൂ ബ്രദര്‍... ഇതുവഴി താങ്കള്‍ വരുമെന്ന്‌ കരുതി ഞാനൊരു കഥ മെനഞ്ഞെടുത്ത്‌ കാത്തിരുന്നതല്ല. ഞാന്‍ സത്യമാണ്‌ പറഞ്ഞത്‌. എന്നെ വിശ്വസിക്കൂ... വിശ്വസിക്കൂ..
ഒരു കരച്ചിലോടെയാണ്‌ അയാള്‍ പറഞ്ഞു നിര്‍ത്തിയത്‌. അയാള്‍ തികഞ്ഞ സമചിത്തതോടെയാണത്‌ പറഞ്ഞത്‌. ഞാന്‍ വല്ലാതെ വിയര്‍ത്തു പോയി. ഒരു ഭ്രാന്തനായ കൊലപാതകി തൊട്ടു മുന്നില്‍! അവിടെ നിന്നും ഓടി രക്ഷപ്പെട്ടാലോ എന്നായി ചിന്ത. മരണത്തോടുള്ള ഭയം എനിക്കെന്തിന്‌! ഒരു പൊലീസുകാരനായിരുന്നു ഞാനെന്നത്‌ പലപ്പോഴും മറന്നു പോകുന്നു. സ്വയം ധൈര്യം സംഭരിച്ച്‌ ഞാനവിടെ നിന്നു.
'പേടിക്കണ്ട ബ്രദര്‍... ഞാന്‍ നിങ്ങളെ ഒന്നും ചെയ്യില്ല. യൗവ്വനയുക്‌തകളായ സ്‌ത്രീകളാണ്‌ എന്റെ ഇരകള്‍. വേറെ ആരെയും ഞാന്‍ ഒന്നും ചെയ്യില്ല.
അയാളുടെ ആ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഉള്ളില്‍ ലജ്‌ജയാണ്‌ തോന്നിയത്‌. ഞാന്‍ ഭയന്നതായി അയാള്‍ക്ക്‌ തോന്നിയോ?
തൊട്ടടുത്ത്‌ കിടന്നിരുന്ന ഇളകിയ മരക്കമ്പിന്റെ അടുത്തേക്ക്‌ നീങ്ങി കരുതലോടെ ഞാന്‍ നിന്നു. എന്റെ മനസ്സ്‌ ഇന്ന്‌ വല്ലാതെ വിങ്ങുന്നു. എനിക്കിതെല്ലാം ആരോടെങ്കിലും തുറന്നു പറയണം. അല്ലെങ്കില്‍.... എനിക്കറിയില്ല... എനിക്കെന്തൊക്കെയോ തോന്നുന്നു. എന്റെ ഹൃദയം ഇപ്പോള്‍ പൊട്ടിപ്പോകുമെന്നു തോന്നുന്നു. അയാളുടെ ആ പറച്ചില്‍ കേട്ടപ്പോള്‍ എനിക്കിത്തിരി സഹതാപം തോന്നി.
'ഒരുകാര്യം ചെയ്യാം നമുക്ക്‌ നടന്നുകൊണ്ട്‌ സംസാരിക്കാം. എനിക്ക്‌ ഇത്തിരി ദൂരം നടക്കുവാനുണ്ട്‌. നിങ്ങള്‍ക്കും അതൊരു ആശ്വാസമായിരിക്കും
അയാള്‍ തല കുലുക്കി സമ്മതിച്ചു.
വഴിയില്‍ വല്ല ഇഴജന്തുക്കളും ഉണ്ടായാലോ? എന്തായാലും ഇത്‌ കൈയിലിരിക്കട്ടെ, റോഡില്‍ക്കിടന്ന മരക്കമ്പെടുത്ത്‌ ഞാന്‍ സ്വയരക്ഷക്കായി കൈയില്‍ പിടിച്ചു.
'പറയൂ. എന്താണ്‌ താങ്കളുടെ കഥ.
ഞാന്‍ ചോദിച്ചു.
'പറയാം ബ്രദര്‍... ഞാനെല്ലാം പറയാം. എല്ലാത്തിനും തുടക്കം എന്റെ വിവാഹം ആയിരുന്നു. ആദ്യനാളുകളില്‍ സന്തോഷമായിരുന്നെങ്കിലും മറ്റുള്ളവര്‍ എന്റെ ഭാര്യയുടെ സൗന്ദര്യത്തെ പുകഴ്‌ത്തിയപ്പോളൊക്കെ അകാരണമായൊരു ഭയം എന്നില്‍ വന്നുചേരുവാന്‍ തുടങ്ങി. അവളുടെ മുമ്പില്‍ ഞാന്‍ ഒന്നുമല്ല എന്ന വിചാരം. അതെന്നെയൊരു സംശയരോഗിയാക്കി മാറ്റുകയായിരുന്നു. പലവട്ടം അവളോട്‌ ഞാനത്‌ ചോദിച്ചു. ഒടുവില്‍ അത്‌ കലഹത്തിലേക്കും മര്‍ദ്ദനത്തിലേക്കും നീങ്ങിയപ്പോള്‍ അവളെന്നില്‍ നിന്ന്‌ അകലാന്‍ തുടങ്ങി. അപ്പോള്‍ മാത്രമാണ്‌ എന്റെ സംശയങ്ങള്‍ ശരിയാകുവാന്‍ തുടങ്ങിയത്‌.
അവളുടെ ആ അവസ്‌ഥയ്‌ക്ക് ഞാനായിരുന്നു കാരണക്കാരന്‍ എന്നത്‌ അന്നെനിക്ക്‌ മനസ്സിലായില്ല. ഒടുവില്‍ എന്നെ തനിച്ചാക്കി ആരുടെയോ കൂടെ അവളിറങ്ങി പോയപ്പോള്‍ ഞാന്‍ അതോര്‍ത്ത്‌ ദുഃഖിച്ചില്ല. പകരം എന്റെ സംശയം ശരിയായിരുന്നു എന്ന്‌ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ്‌ ചെയ്‌തത്‌. അവളോട്‌ പ്രതികാരം ചെയ്യാനായി തിരഞ്ഞു നടന്നു. പക്ഷേ....
അയാള്‍ നടത്തം അവസാനിപ്പിച്ച്‌ അവിടെ നിന്നു. ബാക്കി കേള്‍ക്കുവാനുള്ള ആകാംക്ഷയില്‍ മുഴുകി ഞാനും അറിയാതെ നിന്നുപോയി.
'പക്ഷേ...??
സ്വയമറിയതെയാണ്‌ ഞാന്‍ ചോദിച്ചത്‌.
'അവള്‍ എന്നേക്കാള്‍ ബുദ്ധിമതിയായിരുന്നു. എവിടെയാണെന്ന്‌ ഒരു തെളിവ്‌ പോലും അവശേഷിപ്പിക്കാതെ ഒരൊളിച്ചോട്ടം. അന്ന്‌ മുതല്‍ സ്‌ത്രീകളോട്‌ എനിക്ക്‌ വെറുപ്പായിരുന്നു. യൗവ്വനയുക്‌തകളായ സ്‌ത്രീകള്‍ ഭര്‍ത്താക്കന്മാരെ ചതിക്കും എന്ന ചിന്ത എന്റെ മനസ്സില്‍ ഉറച്ചു. സ്‌ത്രീ എന്നാല്‍ വഞ്ചന എന്നതായിരുന്നു എന്റെ ചിന്ത. നോക്കുന്നതും കേള്‍ക്കുന്നതും ഒക്കെ സ്‌ത്രീകള്‍ വഞ്ചിച്ച കഥകള്‍... എത്ര കിട്ടിയാലും സംതൃപ്‌തമാകാത്ത മനസ്സാണ്‌ സ്‌ത്രീകള്‍ക്ക്‌... എന്റെ ഭാര്യയോടുള്ള അമര്‍ഷം പതിയെ മറ്റ്‌ സ്‌ത്രീകളിലേക്ക്‌ വ്യാപിക്കുകയായിരുന്നു. കൊല്ലണം.. എല്ലാവരെയും കൊല്ലണം അതെന്റെ കര്‍ത്തവ്യം ആണെന്ന്‌ ഞാനുറപ്പിച്ചു. പക്ഷേ, ഒരു വിഡ്‌ഢിയായ കൊലപാതകി ആകുവാന്‍ ഞാനൊരുക്കമല്ലായിരുന്നു. അതുകൊണ്ട്‌ തന്നെ ഇന്ത്യയുടെ പലഭാഗങ്ങളിലായി യാത്ര ചെയ്‌തു ഇരകളെ കണ്ടെത്തി ഞാന്‍ കൊന്നു കൊണ്ടിരുന്നു. ഒരു സംസ്‌ഥാനത്ത്‌ ഒരു കൊലപാതകം അതായിരുന്നു എന്റെ രീതി. ഒന്ന്‌ ശിരസ്സിലാണെങ്കില്‍ മറ്റൊന്ന്‌ കാലില്‍ എന്ന രീതി. ഇരുപത്തേഴു കൊലപാതകങ്ങള്‍ !
അയാള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ തന്നെ എന്റെ ശരീരം വിറച്ചു. നടുക്കം മറച്ചു വയ്‌ക്കുവാന്‍ എനിക്ക്‌ കഴിഞ്ഞില്ല.
'ഹോ... എന്റെ ദൈവമേ...! ഇരുപത്തേഴു കൊലപാതകങ്ങളോ...? എങ്ങനെ കഴിയുന്നു നിങ്ങള്‍ക്കിത്‌!? നിങ്ങളൊരു മനുഷ്യജീവി തന്നെയാണോ!?
'ബ്രദര്‍... താങ്കള്‍ക്കറിയില്ല. ഓരോ കൊലപാതകം ചെയ്യുമ്പോഴും തലച്ചോറില്‍ ഒരുതരം പുക നിറയും. വശ്യമായ ലഹരിയുടെ പുക. ഇരയുടെ അലറിക്കരച്ചില്‍ കേള്‍ക്കുമ്പോള്‍ ഒരു ആ ലഹരി വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും
അയാളുടെ വിവരണം കേട്ട എനിക്ക്‌ ഓക്കാനമാണ്‌ തോന്നിയത്‌. എത്രയും വേഗം ഇയാളെ ഒഴിവാക്കി പോകണമെന്ന്‌ മനസ്സ്‌ മന്ത്രിച്ചു. ഞാന്‍ വലിയൊരു കുരുക്കിലാണ്‌ പെട്ടിരിക്കുന്നത്‌. ഇതെല്ലാം സത്യമോ, നുണയോ എന്ന വടംവലി നടന്നുകൊണ്ടിരുന്നു. എങ്കിലും ഇത്രയും കേട്ടിട്ട്‌ പാതിവഴിയില്‍ ഇട്ടിട്ടു പോകാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു അതാണ്‌ വീണ്ടും ചോദിച്ചതും.
'എന്നിട്ട്‌?
'അങ്ങനെ ചെല്ലുന്നിടത്തെല്ലാം ഇരകളെ കണ്ടെത്തി അവരെ വലയില്‍ വീഴ്‌ത്തി അവസാനം കൊല്ലുന്നതില്‍ ആനന്ദം നേടി അതില്‍ വൈദഗ്‌ദ്യം നേടി. അങ്ങനെ അവസാനം ഇവിടെത്തി. മനസ്സില്‍ ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്‌ അവള്‍... എന്റെ ഭാര്യ ആയിരുന്നവള്‍... അവള്‍ മാത്രം...
പറയുന്നതിനിടയിലെപ്പോഴോ അയാള്‍ നടക്കാന്‍ തുടങ്ങിയിരുന്നു. സ്വയമറിയാതെ ഞാനും പിന്തുടര്‍ന്നു. അയാള്‍ വീണ്ടും നിന്നു. എന്നിട്ട്‌ അവിടെക്കണ്ട ഒരു പാറയില്‍ ഇരുന്നു. ഞാന്‍ അക്ഷമനായി.
'എന്നിട്ട്‌...? നിങ്ങള്‍ കണ്ടോ അവളെ ?
'ഊം... കുറച്ചുനാളത്തെ അലച്ചില്‍. ഞാന്‍ അവളെ കണ്ടെത്തി. പക്ഷേ, അവളിപ്പോള്‍ എനിക്ക്‌ ശേഷം മൂന്നാമത്തെ ആളുടെ ഒപ്പമാണ്‌ കഴിഞ്ഞുകൊണ്ടിരിക്കുന്നത്‌. എന്റെ പക വര്‍ദ്ധിച്ചു. വഞ്ചകി... കൊടും വഞ്ചകി. എന്നെക്കൂടാതെ വേറെ രണ്ടുപേരെയും കൂടി വഞ്ചിച്ചിരിക്കുന്നു. ഇനി അധികം താമസിപ്പിച്ചു കൂടാ. പെട്ടെന്ന്‌ തന്നെ തീര്‍ക്കണം. അവളുടെ അലറിക്കരച്ചില്‍ കേള്‍ക്കാന്‍ എന്റെ കാതുകള്‍ തരിച്ചു. പക്ഷേ, എന്റെ ഏറ്റവും വലിയ ഇരയാണ്‌ അവള്‍. നേരിട്ട്‌ ചെന്നാല്‍ ഒരുപക്ഷേ, അവളെ വലയില്‍ വീഴ്‌ത്താന്‍ കഴിഞ്ഞെന്ന്‌ വരില്ല. തന്ത്രം പ്രയോഗിക്കുക തന്നെ എന്ന്‌ ഞാനുറപ്പിച്ചു. എല്ലാം തകര്‍ന്നവനെ പോലെ ഞാനവളെ തേടി ചെന്നു. സ്‌ത്രീകളില്‍ സ്‌ഥായിയായുള്ള സഹതാപം സൃഷ്‌ടിക്കുകയ ായിരുന്നു ലക്ഷ്യം. എന്റെ അവസ്‌ഥ കണ്ട്‌ അവള്‍ക്ക്‌ സഹതാപം തോന്നി. ഞങ്ങള്‍ വീണ്ടും അടുത്തു. അങ്ങനെ അറിഞ്ഞു, എന്നോടുള്ള പക തീര്‍ക്കാന്‍ വേണ്ടി ഇറങ്ങിപ്പോയെങ്കിലും കൊണ്ടുപോയവന്‍ ആവശ്യം കഴിഞ്ഞുപേക്ഷിക്കുകയാണ്‌ ചെയ്‌തത്‌. അവിടെ നിന്ന്‌ വേറൊരാള്‍ കൂടെ കൂടിയെങ്കിലും അയാളും തഥൈവ. ഇപ്പോള്‍ കൂടെയുള്ളവനും മുറുമുറുപ്പ്‌ തുടങ്ങിയിരിക്കുന്നു. അവള്‍ എന്നെയാണ്‌ കുറ്റപ്പെടുത്തിയത്‌. എന്റെ സംശയം ആണത്രേ അവളുടെ ജീവിതം നശിപ്പിച്ചത്‌. ഞാനൊന്നും മിണ്ടിയില്ല. പകരം മനസ്സില്‍ പല്ലുകള്‍ ഞെരിച്ചു. വഞ്ചകി, സ്വന്തം സുഖം തേടി ഇറങ്ങിപ്പോയതും പോര, ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുന്നു.
എല്ലാ തെറ്റിനും പ്രായശ്‌ചിത്തം ചെയ്യാന്‍ എനിക്കൊരവസരം തരണമെന്നും കൂടെ ജീവിക്കാന്‍ തയ്യാറാകണമെന്നും അപേക്ഷിച്ചപ്പോള്‍ അവള്‍ സന്തോഷത്തോട്‌ കൂടി തയ്യാറായി. അപ്പോള്‍ അവളുടെ മുഖത്ത്‌ ഞാന്‍ ആ പഴയ പ്രസാദം കണ്ടു. അവള്‍ ജീവിതത്തില്‍ എന്നെ മാത്രമേ സ്‌നേഹിച്ചിട്ടുള്ളൂ മറ്റാരെയും എന്നെപ്പോലെ സ്‌നേഹിക്കാന്‍ കഴിഞ്ഞിട്ടില്ലത്രേ. എന്തൊരഭിനയം... പ്ലാന്‍ ചെയ്‌തത്‌ പോലെ വഴിയില്‍ വച്ച്‌ ഞാന്‍ അവളെ ആക്രമിച്ചു. പക്ഷേ, മരിക്കാന്‍ പോകുകയാണെന്നറിഞ്ഞിട്ടും അവള്‍ ഭയപ്പെടാതിരുന്നതും അലറി വിളിക്കാതിരുന്നതുമാണ്‌ എന്നെ അമ്പരപ്പിച്ചത്‌. ഞാന്‍ കൂടുതല്‍ മുറിവേല്‌പിച്ചു കൊണ്ടിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതല്ലാതെ ഒരു ചെറിയ ശബ്‌ദം പോലും അവളില്‍ നിന്നുണ്ടായില്ല. പ്രാണന്‍ പോകും മുമ്പ്‌ അവള്‍ എന്നെ നോക്കി ഒന്ന്‌ പുഞ്ചിരിച്ചു. ഹോ... മരിച്ചു കഴിഞ്ഞിട്ടും ആ പുഞ്ചിരി മാറിയില്ല. ഇത്തവണ എന്റെ തലച്ചോറില്‍ ആ ലഹരി വന്നില്ല. പകരം അവിടെ ഉന്മാദത്തിന്റെ പുഴുക്കള്‍ ഇഴഞ്ഞു. അല്ല ഇപ്പോഴും ഇഴഞ്ഞുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ എനിക്കിനിയുമേറെ കൊലപാതകങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ആ ലഹരി എനിക്കിനിയുമാസ്വദിക്കണം. പക്ഷേ, ഇപ്പോള്‍.... ഹോ... എനിക്ക്‌ വയ്യ... എന്റെ തല പൊള്ളുന്നു... ..
പറഞ്ഞു തീര്‍ന്നതും ഇരു കൈകള്‍ കൊണ്ടും തല പൊത്തിപ്പിടിച്ചു അയാള്‍ അതി ഭയങ്കരമായി അലറി. അയാള്‍ പറയുന്നത്‌ കള്ളമാണെന്നു എനിക്ക്‌ തോന്നി. ഒരുപക്ഷേ, അയാളുടെ ആഗ്രഹമായിരിക്കണം ഇതൊക്കെ. അങ്ങനെ ചെയ്യുന്ന ഒരാള്‍ ക്രൂരനായിരിക്കണം. ഇങ്ങനെ പതറിപ്പോകുന്ന ഒരുവനായിരിക്കില്ല. അതാണ്‌ എനിക്ക്‌ ദേഷ്യം വന്നതും.
കഴിഞ്ഞോ താങ്കളുടെ കള്ളക്കഥ? കൊലപാതകി ആണ്‌ പോലും കൊലപാതകി. ഒരു ഉറുമ്പിനെയെങ്കിലും കൊന്നിട്ടുണ്ടോ നിങ്ങള്‍? എന്റെ ചോദ്യം കേട്ട്‌ അയാള്‍ തലയുയര്‍ത്തി നോക്കി. എന്നിട്ടൊന്ന്‌ ചിരിച്ചു. ലക്ഷ്യമില്ലാത്ത ചിരി.
അങ്ങനെയെങ്കില്‍ താങ്കളുടെ പുറകില്‍ കിടക്കുന്നത്‌ ആരാണ്‌?
അയാള്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക്‌ ഞാന്‍ അറിയാതെ തിരിഞ്ഞു നോക്കി. കൈയിലിരുന്ന വെട്ടം അവിടേക്കെത്തിയപ്പോള്‍ അവിടെ! ഒറ്റത്തവണയെ ഞാന്‍ നോക്കിയുള്ളൂ. സ്വയമറിയാതെ ഉള്ളില്‍ നിന്നും വന്ന ഒരലര്‍ച്ചയോടെ ഞാന്‍ പുറകോട്ട്‌ ചാടി. ആ കാഴ്‌ച്ച കണ്ട്‌ എനിക്ക്‌ അതിശക്‌തമായ ഓക്കാനം വന്നു. ഞാന്‍ ശക്‌തിയായി ഛര്‍ദ്ദിച്ചു.
അവിടെ.. അതാ... ദേഹമാസകലം മുറിവുകളേറ്റ്‌ കഴുത്ത്‌ മുറിക്കപ്പെട്ട രീതിയില്‍ ഒരു സ്‌ത്രീയുടെ ശരീരം! അയാള്‍ പറഞ്ഞത്‌ ശരിയാണ്‌. ആമുഖത്ത്‌ ഇപ്പോഴും ഒരു പുഞ്ചിരിയുണ്ടായിരുന്നു. വികൃതമായ പുഞ്ചിരി. എനിക്ക്‌ വീണ്ടും മനംപുരട്ടി.
അവിടെ നിന്നും എങ്ങനെയാണ്‌ പോലീസ്‌ സ്‌റ്റേഷന്‍ വരെ എത്തിയതെന്നറിയില്ല. വഴിയില്‍ പലയിടത്തായി വീണു. അവിടെ നിന്നും ഉരുണ്ടുപിടഞ്ഞെണീറ്റു. ദേഹത്ത്‌ മുറിവുകളും ചോരയുമായി സ്‌റ്റേഷന്റെ വാതില്‍ കടന്നപ്പോഴേക്കും തളര്‍ന്നിരുന്നു. കിതച്ചുകൊണ്ടു മുമ്പില്‍ കണ്ട കസേരയിലേക്ക്‌ ഇരുന്നു.
ഭാഗ്യം! അറിയുന്നവരും ഒപ്പം ജോലി ചെയ്‌തവരുമാണ്‌ അവിടെയുണ്ടായിരുന്നത്‌. എന്റെ അസമയത്തുള്ള അപ്രതീക്ഷിതമായ ആ വരവും രൂപവും ഭാവവും കണ്ട അവര്‍ അമ്പരന്നു. അവരിലൊരാള്‍ കൊണ്ടുവന്ന വെള്ളം കുടിച്ചതിന്‌ ശേഷം ഞാന്‍ പുറത്തേക്ക്‌ വിരല്‍ ചൂണ്ടിക്കാണിച്ചു.
അവിടെ... അവിടെ... ഒരു... ഒരു... ശവം... അവരെല്ലാവരും മുഖത്തോട്‌ മുഖം നോക്കി. എന്തായാലും എന്റൊപ്പം വരാന്‍ അവര്‍ തയ്യാറായി. ഞങ്ങള്‍ അവിടെത്തി. ഞാന്‍ ആ ശവശരീരം കാണിച്ചു കൊടുത്തു. മനസ്സിലാക്കിയതിന്‌ ശേഷം അവര്‍ പരിസരം പരിശോധിച്ചു ഇന്‍ക്വസ്‌റ്റ് റിപ്പോര്‍ട്ട്‌ തയ്യാറാക്കുവാന്‍ തുടങ്ങി. അപ്പോഴാണ്‌ കുറച്ചു അപ്പുറത്ത്‌ നിന്ന്‌ വേറൊരു പോലീസുകാരന്‍ വിളിച്ചത്‌.
സാര്‍.... ഇവിടൊരു ശവം കൂടിയുണ്ട്‌ ! എല്ലാവരും അങ്ങോട്ട്‌ നീങ്ങി ഒപ്പം ഞാനും. അവിടെ അതാ ആ ഭ്രാന്തന്‍ തലയോട്‌ പിളര്‍ന്ന നിലയില്‍ മരിച്ചു കിടക്കുന്നു! എനിക്ക്‌ വീണ്ടും മനം പുരട്ടി. നിലയ്‌ക്കാത്ത ഛര്‍ദ്ദി.
എന്റെ അവസ്‌ഥ കണ്ട്‌ ഹോസ്‌പിറ്റലില്‍ കൊണ്ടുപോകാന്‍ അവര്‍ തയ്യാറായെങ്കിലും വേണ്ട എന്ന്‌ ശാഠ്യം പിടിച്ചു ഞാന്‍ വീട്ടിലേക്ക്‌ പോകാന്‍ തയ്യാറെടുത്തു. എനിക്കൊന്ന്‌ കിടന്നാല്‍ മതിയായിരുന്നു. ആ സംഭവവികാസങ്ങള്‍ എന്നെ അത്രമേല്‍ തളര്‍ത്തിയിരുന്നു. ഒടുവില്‍ പോലീസ്‌ ജീപ്പില്‍ രണ്ടു പോലീസുകാരുടെ അകമ്പടിയോടെ അവരെന്നെ വീട്ടിലെത്തിച്ചു.
എന്നെ വീട്ടിലിറക്കി അവര്‍ പോയതിന്‌ ശേഷം ഞാന്‍ ആദ്യം ചെയ്‌തത്‌ ബാത്‌റൂമില്‍ പോയി കൈകള്‍ കഴുകുകയായിരുന്നു. സോപ്പും ഡെറ്റോളുമുപയോഗിച്ചു കൈകള്‍ കഴുകി ഞാന്‍ മൂക്കിനോട്‌ അടുപ്പിച്ചു നോക്കി. ചോരയുടെ മണം.
വീണ്ടും വീണ്ടും ഞാന്‍ കഴുകിക്കൊണ്ടേയിരുന്നു.
പക്ഷേ, അപ്പോഴൊക്കെയും അതേ മണം തന്നെ!
അപ്പോള്‍.... അപ്പോള്‍... എന്റെ തലയില്‍ ഉന്മാദത്തിന്റെ പുഴുക്കള്‍ ഇഴയാന്‍ തുടങ്ങിയിരുന്നു.
കാരണം, ജീവന്‍ പോകുമ്പോള്‍ അയാളുടെ ചുണ്ടില്‍ ഞാന്‍ കണ്ടത്‌ ഒരു വല്ലാത്ത പുഞ്ചിരിയായിരുന്നു.

ജയ്‌സണ്‍ ജോര്‍ജ്‌ജ്

Ads by Google
Sunday 19 May 2019 12.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW