Tuesday, August 20, 2019 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 12.38 AM

ഓര്‍മ്മക്കുയില്‍

uploads/news/2019/05/309164/3.jpg

ഒരു സിനിമയില്‍ മുഖം കാണിക്കാനായി പെണ്‍കുട്ടികള്‍ ക്യൂ നില്‍ക്കുന്ന അവസ്‌ഥയാണ്‌ സമകാലീന സാഹചര്യത്തില്‍ വ്യാപകമായി കാണപ്പെടുന്നത്‌. എന്നാല്‍ അരനൂറ്റാണ്ട്‌ മുന്‍പ്‌ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ പോലും ഒരാളെ കണ്ടെത്തുക ഏറെ ശ്രമകരമായിരുന്നു. നടിയാവുന്ന പെണ്‍കുട്ടികള്‍ക്ക്‌ സാമൂഹ്യമാന്യത നല്‍കാന്‍ പൊതുസമൂഹം തയ്യാറാവുന്ന കാലമായിരുന്നില്ല അത്‌. അതുകൊണ്ട്‌ തന്നെ വലിയ ചലച്ചിത്രസംരംഭങ്ങളില്‍ പോലും നായികയെ ലഭിക്കുക പ്രയാസമായിരുന്നു. ആദ്യകാലത്ത്‌ പുരുഷന്‍മാര്‍ തന്നെ പെണ്‍വേഷം കെട്ടി നായികയായ സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്‌്. നാടകനടികളും മറ്റുമാണ്‌ പല സിനിമകളിലും സ്‌ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്‌.
കാര്യമായ മുഖാകാന്തിയോ, രൂപഭംഗിയോ അവരില്‍ പലര്‍ക്കും ഉണ്ടായിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ്‌ അതീവസുന്ദരിയായ ഒരു ഭരണങ്ങാനംകാരി സിനിമയിലെത്തുന്നത്‌. അത്രമേല്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി മലയാള സിനിമയില്‍ ഒരു തരംഗമായി മാറി. ത്രേസ്യാമ്മ തോമസ്‌ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര്‌. ക്രിസ്‌ത്യന്‍ പെണ്‍കുട്ടികള്‍ സിനിമ, നാടകം, നൃത്തം, പാട്ട്‌... തുടങ്ങിയ കലകളോടെല്ലാം വിമുഖത കാട്ടിയിരുന്ന കാലത്താണ്‌ ത്രേസ്യ സധൈര്യം സിനിമയുടെ മാസ്‌മരിക ലോകത്ത്‌ എത്തുന്നത്‌. സിനിമയ്‌ക്ക് യോജിച്ച പേര്‌ എന്ന നിലയില്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ്‌ ത്രേസ്യക്ക്‌ മിസ്‌. കുമാരി എന്ന്‌ നാമകരണം ചെയ്‌തത്‌.
1949-ല്‍ തന്റെ കരിയര്‍ ആരംഭിച്ച കുമാരി ഒന്നര പതിറ്റാണ്ടിനോടടുത്ത്‌ അഭിനയരംഗത്ത്‌ സജീവമായിരുന്നു. പ്രേംനസീര്‍, സത്യന്‍, തിക്കുറിശ്ശി, കൊട്ടാരക്കര.. തുടങ്ങി അക്കാലത്തെ മുഖ്യതാരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍സ്‌പേസ്‌ പങ്കിട്ട കുമാരി നിരവധി ചിത്രങ്ങളില്‍ നായികയായി. നല്ലതങ്ക, നവലോകം, നീലക്കുയില്‍, ജയില്‍പ്പുള്ളി, മുടിയനായ പുത്രന്‍, പാടാത്ത പൈങ്കിളി, ദേവത, സുമംഗലി, ഭക്‌തകുചേല, സ്‌നേഹദീപം, അനിയത്തി, ഹരിശ്‌ചന്ദ്ര, രണ്ടിടങ്ങഴി, ശ്രീരാമപട്ടാഭിഷേകം, അവകാശി, മറിയക്കുട്ടി, സ്‌നാപകയോഹന്നാന്‍... എന്നിവയാണ്‌ മിസ്‌. കുമാരിയുടെ പ്രധാന ചിത്രങ്ങള്‍.
ഭരണങ്ങാനം സേക്രട്ട്‌ ഹാര്‍ട്ട്‌സ് സ്‌കൂളിലായിരുന്നു കുമാരിയുടെ വിദ്യാഭ്യാസം. പഠനം കഴിഞ്ഞ്‌ അതേ സ്‌കൂളില്‍ തന്നെ അവര്‍ അദ്ധ്യാപികയായി. 1949-ല്‍ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ്‌ അവര്‍ സിനിമയില്‍ ഹരിശ്രീ കുറിക്കുന്നത്‌് 1950-ല്‍ റിലീസ്‌ ചെയ്‌ത നല്ലതങ്ക വന്‍ഹിറ്റായതോടെ മിസ്‌.കുമാരിയുടെ ജാതകം തന്നെ മാറി. 54-ല്‍ പുറത്തു വന്ന നീലക്കുയില്‍ എന്ന ചിത്രത്തിലൂടെ അവര്‍ അഭിനയചക്രവര്‍ത്തി സത്യന്റെ നായികയായി. ആ ചിത്രവും വന്‍വിജയം നേടിയതോടെ കുമാരി താരസിംഹാസനം കയ്യടക്കി. രണ്ട്‌ ദശകത്തോളം നീണ്ട അഭിനയജീവിതത്തിനിടയില്‍ അവര്‍ 50 ചിത്രങ്ങളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചു. ഇതിനിടയില്‍ ചില തമിഴ്‌ സിനിമകളിലും അഭിനയിച്ചു. 1956-ല്‍ അവര്‍ക്ക്‌ മികച്ച നടിക്കുളള മദ്രാസ്‌ സ്‌റ്റേറ്റ്‌ അവാര്‍ഡും ലഭിച്ചു.
അഭിനയജീവിതം അവസാനിപ്പിച്ച ശേഷം അവര്‍ എഫ്‌.എ.സി.ടി. യില്‍ എന്‍ജിനീയറായിരുന്ന ഹോര്‍മിസ്‌ തളിയത്തിനെ വിവാഹം കഴിച്ചു. ജോണി തളിയത്ത്‌, തോമസ്‌ തളിയത്ത്‌, ബാബു തളിയത്ത്‌ എന്നിങ്ങനെ മൂന്ന്‌ ആണ്‍കുട്ടികളും ജനിച്ചു. വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിച്ച കുമാരി വീടിന്റെ നാല്‌ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടി. 1969 മെയ്‌ 20-ന്‌ കേവലം 37-ാം വയസില്‍ അവര്‍ ജീവിതത്തിന്റെ വര്‍ണ്ണങ്ങളോട്‌ വിട പറഞ്ഞു.

കുമാരിയുടെ ജീവിതം- ഒരു ഫ്‌ളാഷ്‌ബാക്ക്‌
ഭരണങ്ങാനം കൊല്ലപ്പറമ്പില്‍ തോമസ്‌-ഏലിക്കുട്ടി ദമ്പതികളുടെ ഏഴ്‌ മക്കളില്‍ രണ്ടാമത്തെയാളാണ്‌ ത്രേസ്യാമ്മ. കുട്ടിക്കാലത്ത്‌ നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു കുമാരി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അല്‍ഫോന്‍സാമ്മയെ കണ്ട്‌ ആരാധന തോന്നി കന്യാസ്‌ത്രീയാകണമെന്ന്‌ ആഗ്രഹിച്ചയാളാണ്‌ കുമാരി. അപ്പോഴും കലയോടും അഭിനയത്തോടും അവരുടെ മനസില്‍ പ്രതിപത്തി ഉണ്ടായിരുന്നു. കാലം കേവലം 20-ാം വയസില്‍ അവരെ അഭിനേത്രിയാക്കി.
വല്യപ്പന്റെ നാടകക്കമ്പമാണ്‌ സിനിമയില്‍ അഭിനയിക്കാന്‍ കുമാരിക്ക്‌ വഴിയൊരുക്കിയത്‌. വല്യപ്പന്റെ അടുത്ത സുഹൃത്തായിരുന്നു സെബാസ്‌റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍. ഒരു ദിവസം വീട്ടില്‍ വന്ന അദ്ദേഹം കുമാരിയോട്‌ ചോദിച്ചു.
'ത്രേസ്യാമ്മേ, നിനക്ക്‌ സിനിമയില്‍ അഭിനയിക്കാന്‍ താത്‌പര്യമുണ്ടോ? ഉദയായുടെ അടുത്ത സിനിമയുടെ ഷൂട്ടിംഗ്‌ ആരംഭിക്കാന്‍ പോവുകയാണ്‌.'
താത്‌പര്യം തോന്നിയ കുമാരി വല്യപ്പച്ചനെയും കൂട്ടി ഉദയായില്‍ പോയി. അന്ന്‌ വെള്ളിനക്ഷത്രം സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുകയായിരുന്നു. അതില്‍ ഒരു നൃത്തരംഗത്തില്‍ അഭിനയിച്ചു. അധികം വൈകാതെ ഉദയ തന്നെ നിര്‍മ്മിച്ച നല്ലതങ്കയില്‍ ഭാഗവതരുടെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചു.
അവകാശികളും നീലക്കുയിലും വന്‍ ഹിറ്റായതോടെ കുമാരി മുന്‍നിര നായികമാരില്‍ ഒരാളായി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തും ലളിതമായി ജീവിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്ന, സാധാരണ മനസുളള തനി ഭരണങ്ങാനംകാരിയായിരുന്നു കുമാരി. കോട്ടണ്‍സാരിയേ ഉടുക്കൂ. ആഭരണങ്ങളോട്‌ അത്ര പ്രതിപത്തിയില്ല.
ചെരുപ്പിടാതെയാണ്‌ അവര്‍ പളളിയില്‍ പോയിരുന്നത്‌. ഒരു ദിവസം പോലും മുടങ്ങാതെ പള്ളിയില്‍ പോകും. അത്ര ഭക്‌തയായിരുന്നു. ഷൂട്ടിംഗ്‌ തിരക്കുകള്‍ക്കിടയിലും അടുത്തുളള പള്ളിയില്‍ പോകും.
അദ്ധ്യാപികയായിരുന്ന കാലത്തും സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. അക്കാലത്ത്‌ ഭരണങ്ങാനത്തെ മഠത്തില്‍ അല്‍ഫോന്‍സാമ്മയുണ്ട്‌. കുമാരി പരീക്ഷാസമയത്ത്‌ അല്‍ഫോന്‍സാമ്മയുടെ അടുത്തുപോയി പ്രാര്‍ത്ഥിക്കും. ആ അനുഗ്രമാണ്‌ പില്‍ക്കാലത്ത്‌ മലയാള സിനിമയില്‍ അത്രയും സമുന്നത സ്‌ഥാനത്ത്‌ അവരെ എത്തിച്ചതെന്ന്‌ ബന്ധുക്കള്‍ ഇന്നും കരുതുന്നു.
പേംനസീറിന്റെ നായികയായാണ്‌ കുമാരി കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്‌. ആ സ്‌നേഹം എക്കാലവും അദ്ദേഹത്തിന്‌ അവരോട്‌ ഉണ്ടായിരുന്നു.
കുമാരിയുടെ മരണശേഷം അവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി മിസ്‌. കുമാരി മെമ്മോറിയല്‍ മിനി സ്‌റ്റേഡിയം എന്ന പേരില്‍ ഒരു സ്‌മാരകം ഭരണങ്ങാനത്ത്‌ നിര്‍മ്മിക്കുകയുണ്ടായി. പ്രേംനസീറാണ്‌ ഇത്‌ ഉദ്‌ഘാടനം ചെയ്‌തത്‌.
ചെന്നെയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ ഫ്‌ളൈറ്റില്‍ വന്ന നസീര്‍ അവിടെ നിന്ന്‌ കാര്‍മാര്‍ഗം പാലായിലെത്തുകയായിരുന്നു. ഇതിന്റെ ചെലവുകള്‍ സംഘാടകര്‍ നല്‍കിയെങ്കിലും വാങ്ങാന്‍ കൂട്ടാക്കിയില്ല അദ്ദേഹം.
അക്കാലത്ത്‌ വര്‍ഷം മൂന്ന്‌ പടത്തില്‍ അഭിനയിച്ചിരുന്നു കുമാരി. വളരെ ചെറിയ പ്രതിഫലമേ ലഭിച്ചിരുന്നുള്ളൂ. പക്ഷേ, ഏഴ്‌ മക്കളുളള കുടുംബത്തിന്‌ അത്‌ വലിയ താങ്ങായിരുന്നു. ഓര്‍ത്തഡോക്‌സ് കുടുംബത്തിലെ ഒരു പെണ്‍കുട്ടി അഭിനയരംഗത്ത്‌ വന്നപ്പോള്‍ ബന്ധുക്കളില്‍ നിന്നും പളളിയില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായി.
എന്നാല്‍ കലാപ്രേമിയായ വല്യപ്പച്ചനും കുടുംബാംഗങ്ങളും അതൊന്നും കാര്യമാക്കിയില്ലെന്ന്‌ മാത്രമല്ല കുമാരിയെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.
രാഷ്‌ട്രപതിയുടെ വെള്ളിമെഡല്‍ നേടിയ ആദ്യമലയാളചിത്രം നീലക്കുയിയിലെ നായിക എന്ന പദവി കുമാരിയുടെ അഭിനയ ജീവിതത്തിലെ പൊന്‍തൂവലായി. രാമു കാര്യാട്ട്‌, പി. ഭാസ്‌കരന്‍ എന്നീ അപൂര്‍വപ്രതിഭകള്‍ ചേര്‍ന്നാണ്‌ ചിത്രം സംവിധാനം ചെയ്‌തത്‌. ആ സിനിമയിലെ നായികാകഥാപാത്രം ഒരു പുലയപ്പെണ്ണാണ്‌. സംവിധായകര്‍ ഒരു പുതുമുഖത്തെ ഉള്‍പ്പെടുത്താനാണ്‌ ആദ്യം ആലോചിച്ചത്‌. എന്നാല്‍ പുലയപ്പെണ്ണിന്റെ വസ്‌ത്രധാരണത്തിന്‌ ആരും തയ്യാറായില്ല. അങ്ങനെ കുമാരി അതിലേക്ക്‌ പരിഗണിക്കപ്പെട്ടു. 3000 രൂപയായിരുന്നു പ്രതിഫലം. 1954-ല്‍ അത്‌ അചിന്ത്യമായ തുകയാണ്‌.
സത്യനായിരുന്നു ചിത്രത്തിലെ നായകന്‍. ക്യാമറ-എ. വിന്‍സന്റ ്‌. ഉറൂബിന്റെ കഥയും തിരക്കഥയും. അത്ര വലിയ മഹാപ്രതിഭകള്‍ സംഗമിച്ച ഒരു സംരംഭത്തിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കാന്‍ കുമാരിക്ക്‌ സാധിച്ചു.
സിനിമയിലെത്തി ഹ്രസ്വകാലത്തിനുളളില്‍ 50-ലധികം ചിത്രങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ച കുമാരി മിക്കവാറും സിനിമകളില്‍ ദുഃഖപുത്രിയായാണ്‌ അഭിനയിച്ചത്‌. എന്നാല്‍ ആന വളര്‍ത്തിയ വാനമ്പാടി എന്ന സിനിമയില്‍ അവര്‍ നര്‍മ്മം കലര്‍ന്ന വേഷവും ചെയ്‌തു.
1949 മുതല്‍ 61 വരെ സിനിമയില്‍ തുടര്‍ന്ന കുമാരി വിവാഹശേഷം തീര്‍ത്തും കുടുംബിനിയായി ഒതുങ്ങിക്കൂടി. കുമാരിയുടെ വിവാഹപാര്‍ട്ടി നടന്നത്‌ വലിയ ആര്‍ഭാടമായിട്ടായിരുന്നു. കൊച്ചി ബോള്‍ഗാട്ടി പാലസിലായിരുന്നു വിരുന്ന്‌ സല്‍ക്കാരം. മലയാളസിനിമയില്‍ അക്കാലത്തെ എല്ലാ പ്രമുഖരും വിവാഹച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
സിനിമയില്‍ നിന്ന്‌ പൂര്‍ണ്ണമായി അകന്നെങ്കിലും അവര്‍ കുടുംബിനിയായി ആഹ്‌ളാദപൂര്‍ണ്ണമായ ജീവിതം നയിച്ചു വരികയായിരുന്നു. എന്നാല്‍ യൗവ്വനം വിടപറയും മുന്‍പ്‌ തന്നെ മരണം അവരെ കീഴ്‌പെടുത്തി.
അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമാണ്‌ തന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണമെന്ന്‌ വിശ്വസിക്കുന്ന അവരെ അല്‍ഫോന്‍സാമ്മയുടെ അടുത്തുതന്നെയാണ്‌ അടക്കിയിരിക്കുന്നത്‌.
മൂന്ന്‌ മക്കളില്‍ മൂത്തമകന്‍ ജോണി മാത്രമാണ്‌ ചലച്ചിത്രരംഗത്ത്‌ എത്തിയത്‌. ജോണി ശശികുമാറിന്റെയും ഐ.വി. ശശിയുടെയും സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. അമ്മയെക്കുറിച്ചുളള ഒരു അത്യപൂര്‍വമായ അനുഭവം മകന്‍ ജോണി പങ്ക്‌ വയ്‌ക്കുന്നത്‌ ഇങ്ങനെ.
''അമ്മ മരിക്കുമ്പോള്‍ ഞങ്ങള്‍ കൊച്ചുകുട്ടികളാണ്‌. വളരെ നാളുകള്‍ക്ക്‌ ശേഷം സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ മെഡക്‌സ് പ്രദര്‍ശനത്തില്‍ അമ്മയുടെ വാരിയെല്ലും മുടിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. സ്‌കൂളില്‍ നിന്നാണ്‌ പോയത്‌. പ്രദര്‍ശനം കണ്ടു നടക്കുന്നതിനിടയില്‍ യാദൃച്‌ഛികമായാണ്‌ അത്‌ ശ്രദ്ധിച്ചത്‌. അതില്‍ രേഖപ്പെടുത്തിയിരുന്നത്‌ ഇങ്ങനെ: ''മലയാള സിനിമയിലെ ആദ്യകാലനായിക മിസ്‌. കുമാരിയുടെ വാരിയെല്ലും മുടിയും.''
സ്‌ത്രീ ശരീരത്തിന്റെ പൂര്‍ണ്ണസൗന്ദര്യമുളള വാരിയെല്ലൂം മുടിയുമായതിനാല്‍ പഠനത്തിന്‌ വേണ്ടി ഉപയോഗിച്ചതാണത്രേ. അത്‌ വായിച്ച്‌ എന്റെ കണ്ണ്‌ നിറഞ്ഞു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോയെന്ന്‌ ചോദിച്ചാല്‍ അറിയില്ല എനിക്ക്‌.''
പുതുതലമുറ ഒരു പക്ഷേ, കുമാരിയെ അറിഞ്ഞെന്ന്‌ വരില്ല. പക്ഷേ, മലയാള സിനിമാ ചരിത്രത്തില്‍ എക്കാലവും അവര്‍ക്ക്‌ തനതായ ഒരു സ്‌ഥാനം ഉണ്ടായിരിക്കും.

എസ്‌. നന്ദകിഷോര്‍

Ads by Google
Sunday 19 May 2019 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW