Tuesday, August 20, 2019 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 12.36 AM

നൂറില്‍ നൂറ്‌

uploads/news/2019/05/309163/1.jpg

ഏതൊരു ഭാഷയിലെയും ഈരടികള്‍ മെറ്റാരു ഭാഷയിലേക്ക്‌ തര്‍ജ്‌ജമ ചെയ്യണമെങ്കില്‍ ഇന്ന്‌ നൂറായിരം വഴികള്‍ ഉണ്ട്‌. എത്രയോ കൃതികള്‍ ദിനംപ്രതി പല ഭാഷകളിലേക്ക്‌ മൊഴിമാറ്റം നടത്തുന്നുണ്ട്‌. ഇതിനായി മാത്രം മൊബൈലില്‍ നൂറുകണക്കിന്‌ ആപ്പുകളും നിലവിലുണ്ട്‌. ഈയവസരത്തില്‍ മലയാളത്തിലെ ഒരു പ്രാര്‍ഥന 100 ലോക ഭാഷകളിലേക്ക്‌ മൊഴിമാറ്റം നടത്തിയെന്നത്‌ വാര്‍ത്തയാകുന്നത്‌ എന്തുകൊണ്ടാണ്‌? കാരണങ്ങള്‍ പലതാണ്‌. ഒന്ന്‌, ഇത്‌ വെറുമൊരു കൃതിയല്ല. ഒരുപക്ഷേ, മലയാളം കണ്ട ഏറ്റവും മഹത്തായ പ്രാര്‍ഥനയാണ്‌. 1914-ല്‍ രചിക്കപ്പെട്ട ഇത്‌ 105 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ സമൂഹപ്രാര്‍ത്ഥനയ്‌ക്കായി ഉപയോഗിക്കുന്നതും മറ്റൊന്നുമല്ല. ഈ വരികള്‍ രചിച്ചത്‌ ലോകത്തിലെ തന്നെ എണ്ണംപറഞ്ഞ ആത്മീയാചാര്യനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ശ്രീനാരായണഗുരുവാണ്‌. മൂന്ന്‌, വാക്കുകളുടെ യഥാര്‍ഥ പരിഭാഷ മാത്രം ചേര്‍ത്തുവച്ചുകൊണ്ട്‌ ഇത്‌ പൂര്‍ണ്ണമാക്കാന്‍ കഴിയില്ല. ഓരോ വാക്കുകള്‍ക്കും, വരികള്‍ക്കും നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്ളപ്പോള്‍, ഇത്രയേറെ അര്‍ഥം പേറാന്‍ മറ്റുഭാഷകളില്‍ വാക്കുകള്‍ ഇല്ലാതിരിക്കുന്ന അവസരത്തില്‍ ഈ ദൗത്യത്തിന്റെ സങ്കീര്‍ണ്ണതയും പ്രാധാന്യവും ഏറുന്നു.
ഈ പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്‌ ഇത്‌ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ കളളികളില്‍ ഒതുങ്ങുന്നില്ല എന്നതാണ്‌. ഈ വരികളില്‍ ദൈവമേ... എന്ന്‌ മാത്രമാണ്‌ അഭിസംബോധന ചെയ്‌തിട്ടുളളത്‌. പ്രപഞ്ചസ്രഷ്‌ടാവും നിയന്താതാവുമായ സര്‍വേശ്വരന്‍ എന്ന സങ്കല്‍പ്പമാണ്‌ ഇതിന്‌ പിന്നില്‍. അതുകൊണ്ടു തന്നെ എല്ലാ ജാതിമതങ്ങളെയും ഉള്‍ക്കൊളളുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന വിശിഷ്‌ട പ്രാര്‍ത്ഥനയാണിത്‌. 1914-ലാണ്‌ ശ്രീനാരായണഗുരു ഇത്‌ എഴുതിയത്‌. 2009-ല്‍ സംസ്‌ഥാനസര്‍ക്കാര്‍ ഇതിനെ ദേശീയ പ്രാര്‍ഥന ആക്കിമാറ്റാന്‍ ശുപാര്‍ശ ചെയ്‌തു.
കൊടുങ്ങല്ലൂര്‍ സ്വദേശി ഗിരീഷ്‌ ഉണ്ണികൃഷ്‌ണനാണ്‌ ദൈവദശകത്തെ നൂറ്‌ ഭാഷകളിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത്‌ മുന്നോട്ട്‌ പോയത്‌. പത്ത്‌ എവറസ്‌റ്റ് കൊടുമുടികള്‍ കീഴടക്കിയ അത്ര ശ്രകരമായിരുന്നു ദൗത്യമെന്ന്‌ അദ്ദേഹം പറയുന്നു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന വചനത്തിനുമുന്നില്‍ എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച്‌ വിശ്വപ്രാര്‍ഥനയുടെ മെഗാതര്‍ജ്‌ജമ പൂര്‍ത്തീകരണത്തിന്റെ നിറവിലാണ്‌ ഇന്ന്‌ ഗിരീഷ്‌. പൂക്കളും മുള്ളുകളും നിറഞ്ഞ ആ നീണ്ടയാത്ര പിന്നിടുമ്പോള്‍ അതിന്റെ പ്രഖ്യാപനം 1500 ഓളം മോഹിനിയാട്ടം നര്‍ത്തകിമാര്‍ അണിനിരന്ന ദൈവദശകം നൃത്താവിഷ്‌കാരത്തിലൂടെ ലോകം കണ്ടു. ഇത്‌ ഗിന്നസ്‌ ബുക്കില്‍ സ്‌ഥാനം പിടിക്കുകയും ചെയ്‌തു. ഏതോ ഒരു നല്ല നിമിഷത്തില്‍ തനിക്കുണ്ടായ ഉള്‍വിളിയെ പിന്‍തുടര്‍ന്ന കൗതുകം വലിയൊരു ലക്ഷ്യത്തിന്‌ വഴിമാറിയതും ഗുരുവിന്റെ നിശ്‌ചയമെന്നു കരുതാനാണ്‌ ഗിരീഷിന്‌ ഇഷ്‌ടം.
''എന്റെ അച്‌ഛന്‍ തികഞ്ഞ ശ്രീനാരായണീയന്‍ ആയിരുന്നു. നാടൊട്ടുക്ക്‌ പ്രഭാഷണങ്ങളും മറ്റും നടത്താറുണ്ടായിരുന്നു. എന്റെ ബാല്യം അതൊക്കെ കേട്ടുകൊണ്ടാണ്‌ കടന്നുപോയത്‌. അച്‌ഛന്‍ എവിടെ പ്രഭാഷണത്തിന്‌ പോയാലും എന്നെക്കൂടി കൊണ്ടുപോകുമായിരുന്നു. അതാകാം എന്നെ ഗുരുദര്‍ശനങ്ങളോട്‌ അടുപ്പിച്ചത്‌. അതിന്റെ സാക്ഷാത്‌കാരം ആയിരുന്നു ഞാന്‍ നിര്‍മ്മിച്ച ഗുരുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററി. അത്‌ ഇക്വഡോറില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ നെല്‍സണ്‍ മണ്ടേല, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ തുടങ്ങിയവരുടെ ഡോക്യുമെന്ററിക്കൊപ്പം പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചു. പ്രദര്‍ശന ശേഷമുള്ള ചര്‍ച്ചയില്‍ ദമാസ്‌കസില്‍ നിന്നുള്ള ഒരു പത്രപ്രവര്‍ത്തക എന്റെ അടുത്തുവന്ന്‌ ഗുരുവിനെക്കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ തിരക്കുകയും ഗുരു ദര്‍ശനങ്ങള്‍ അവരെ വളരെയേറെ സ്വാധീനിച്ചെന്നും പറഞ്ഞു. അവരുടെ നാടായ ഡമാസ്‌കസ്‌ മോഹന്‍ ജദാരോ-ഹാരപ്പ പോലെയോ, മാച്ചുപിച്ചു പോലെയോ ഉള്ള വലിയൊരു പൈതൃകനഗരം ആയിരുന്നെന്നും ആഭ്യന്തര കലാപങ്ങള്‍ അതെല്ലാം നശിപ്പിച്ചെന്നും അവര്‍ പരിഭവിച്ചു. ഗുരുവിന്റെ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ തുടങ്ങിയ വചനങ്ങള്‍ അവരെ സ്വാധീനിച്ചെന്നും അവരുടെ രാജ്യത്തുള്ളവര്‍ ഇതൊക്കെ വായിക്കേണ്ടത്‌ അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ടു. ആ അവസരത്തിലാണ്‌ ഗുരുവിന്റെ ദര്‍ശനങ്ങള്‍ നമ്മുടെ ഭാഷയില്‍, നമ്മുടെ നാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും, ലോകം മുഴുവന്‍ എത്തേണ്ടതാണെന്നും ചിന്തിച്ചത്‌. അങ്ങനെയാണ്‌ വിവിധ ലോകഭാഷകളിലേക്ക്‌ തര്‍ജ്‌ജമ ചെയ്യാം എന്ന ആശയം മനസ്സില്‍ ഉദിച്ചത്‌. നിത്യചൈതന്യയതി ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റിയത്‌ മൂലകൃതിയായി എടുക്കാമെന്നും തീരുമാനിച്ചു.

വിവിധ ഭാഷകളിലേക്ക്‌...
ആശയം ഉദിച്ചതുമുതല്‍ വലിയ ഒരു അന്വേഷണമായിരുന്നു. ലോകത്തെ വിവിധ ഭാഷകള്‍ മനസ്സിലാക്കാനും അതില്‍ വിദഗ്‌ദ്ധരായവരെ കണ്ടെത്താനും. ഭാഷ വെറുതെ അറിയാവുന്നവര്‍ മാത്രം പോര. നന്നായി കൈകാര്യം ചെയ്യുന്നവര്‍ തന്നെ വേണം. ആദ്യം വിവിധ രാജ്യങ്ങളിലെ മലയാളികളെ ബന്ധപ്പെടാനാണ്‌ ശ്രമിച്ചത്‌.
ഉദാഹരണത്തിന്‌ എന്റെ നാടായ കൊടുങ്ങല്ലൂരില്‍ ഉള്ള എത്രയോ ആള്‍ക്കാര്‍ ലോകത്തിന്റെ ഓരോരോ ഭാഗങ്ങളില്‍ താമസിക്കുന്നു. ലോകത്തുതന്നെ ഏതാണ്ട്‌ അയ്യായിരത്തോളം ഭാഷകള്‍ ആണുള്ളത്‌. അതില്‍ നമുക്ക്‌ തര്‍ജ്‌ജമ ചെയ്യാന്‍ കഴിയുന്ന ഭാഷകള്‍ ഏതെന്ന്‌ നോക്കി ലിസ്‌റ്റ് തയ്യാറാക്കി. അതനുസരിച്ച്‌ ഓരോരോ ഭാഷകളിലെ വിദഗ്‌ദ്ധരെ പല വഴികളില്‍ തിരഞ്ഞുകണ്ടുപിടിച്ചു. ഇന്ത്യയിലെ ഭാഷകളില്‍ ചെയ്യാനായി വിവിധ സംസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ പ്രസ്‌ഥാനങ്ങളുമായി ബന്ധപ്പെടുകയും അവരിലൂടെ വിദഗ്‌ദ്ധരെ കണ്ടെത്തുകയും ചെയ്‌തു. ആദ്യം ശ്രമിച്ചത്‌ സിംഹള, പാലി ഭാഷകള്‍ ആണ്‌. പാലി ഭാഷയുടെ ഉറവിടം ഇന്ത്യ ആണെങ്കിലും ഇന്ന്‌ നേപ്പാളിലും, ശ്രീലങ്കയിലും ആണ്‌ പാലി ഭാഷ സംസാരിക്കുന്നത്‌. അങ്ങനെ ശ്രീലങ്കയിലെ ഒരു ഗവേഷണ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ടു. അവര്‍ മാസങ്ങള്‍ എടുത്താണ്‌ അത്‌ പൂര്‍ത്തിയാക്കി തന്നത്‌.
മേഘാലയയിലെ ഖാസി ഭാഷയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്‌. പണ്ട്‌ ബൈബിള്‍ പ്രചരിപ്പിക്കാന്‍ എത്തിയ മിഷനറിമാര്‍ ഒരു ഭാഷ ഉണ്ടാക്കുകയും അതിന്‌ ഖാസിയെന്നു പേരിടുകയും ചെയ്‌തു. ദൈവദശകം ആ ഭാഷയില്‍ മൊഴിമാറ്റം ചെയ്യാന്‍ സാധിച്ചു. ഒരു പ്ര?ഫസര്‍ ആണ്‌ ചെയ്‌തു തന്നത്‌.

ഏറ്റവും പ്രയാസം നേരിട്ടത്‌?
അത്‌ രസകരമാണ്‌. ലോകത്ത്‌ ഏറ്റവുമധികം ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയായ ചൈനീസ്‌ ഭാഷയിലേക്ക്‌ മൊഴിമാറ്റാനായിരുന്നു ഏറ്റവും സമയമെടുത്തതും ബുദ്ധിമുട്ടിയതും. ചൈനയില്‍ ആരുമായും ബന്ധപ്പെടാന്‍ കഴിയാതിരുന്ന അവസരത്തിലാണ്‌ ഒരു പത്രപ്പരസ്യം ശ്രദ്ധയില്‍പ്പെട്ടത്‌. ചൈനയിലേക്ക്‌ എം.ബി.ബി.എസ്സിന്‌ കുട്ടികളെ അയയ്‌ക്കുന്ന ഏജന്‍സിയുടെ പരസ്യം ആയിരുന്നു അത്‌. അവരെ ബന്ധപ്പെട്ടപ്പോള്‍ മുമ്പ്‌ ചൈനയില്‍ അഡ്‌മിഷന്‍ എടുത്ത ചില കുട്ടികളുടെ നമ്പരുകള്‍ ലഭിച്ചു. അതില്‍ കൊടുങ്ങല്ലൂര്‍ ഉള്ള ഒരു വനിതാ ഡോക്‌ടറുടെ മകള്‍ വഴി തിരുവനന്തപുരത്തുള്ള മറ്റൊരു കുട്ടിയെ ലൈനില്‍ കിട്ടി. ആ കുട്ടിയോട്‌ കാര്യം സംസാരിച്ചപ്പോള്‍ ചൈനീസ്‌ അറിയാമെന്നും തര്‍ജ്‌ജമ ചെയ്യാമെന്നും സമ്മതിച്ചു. എന്നാല്‍ ദൈവദശകം വായിച്ചപ്പോള്‍ അത്‌ വെറുതെ അങ്ങനെ മൊഴിമാറ്റാന്‍ പറ്റുന്ന ഒന്നല്ലെന്ന്‌ ആ കുട്ടി പറയുകയും ആ കുട്ടി പഠിക്കുന്ന പ്രശസ്‌തമായ യൂണിവേഴ്‌സിറ്റിയിലെ ഒരു പ്ര?ഫസറെ പരിചയപ്പെടുത്തുകയും അദ്ദേഹം ചെയ്യാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു.

40 ഇന്ത്യന്‍, 60 വൈദേശികന്‍
ഇന്ത്യയിലെ 40 ഭാഷകളിലേക്കാണ്‌ തര്‍ജ്‌ജമ ചെയ്‌തിരിക്കുന്നത്‌. നമ്മുടെ ജനപ്രതിനിധികള്‍ വഴിയാണ്‌ പലരെയും സംഘടിപ്പിച്ചത്‌. ഇന്ത്യയ്‌ക്കു പുറത്ത്‌ 60 ഭാഷകളില്‍ ഏതാണ്ട്‌ എല്ലാം തന്നെ സുഹൃത്തുക്കള്‍ വഴിയും നമ്മുടെ തന്നെ ബന്ധങ്ങള്‍ വഴിയും വിദഗ്‌ദ്ധരെ തിരഞ്ഞെടുക്കുകയാണ്‌ ഉണ്ടായത്‌. വിദേശഭാഷകളില്‍ ചിലതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സുഹൃത്തായ പ്രവീണ്‍ ചന്ദ്രമംഗലം വഴിയും ലഭിച്ചു.
ആമസോണ്‍ നദീതീരത്തെ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷകളിലെ വിദഗ്‌ധരെ ബന്ധപ്പെടാനുള്ള നമ്പരും മെയില്‍ ഐഡിയും ഒക്കെ അദ്ദേഹം സംഘടിപ്പിച്ചു തന്നു. അതുവഴി കുറേ ആള്‍ക്കാരെ ബന്ധപ്പെട്ടെങ്കിലും പലരും ഒഴിഞ്ഞുമാറി. അവസാനം ഒരാള്‍ തയ്യാറാണെന്ന്‌ അറിയിച്ചു. പിന്നെയും ഏതാണ്ട്‌ 2 മാസം കഴിഞ്ഞപ്പോള്‍ ഒരു മെയില്‍ വന്നു. അദ്ദേഹത്തിന്‌ അതിലെ പല വാചകങ്ങളും മൊഴിമാറ്റാന്‍ കഴിയുന്നില്ലെന്നും, ഇത്‌ വെറുമൊരു പ്രാര്‍ഥന മാത്രം അല്ലാത്തതിനാല്‍ സൂക്ഷ്‌മമായി ചെയ്യേണ്ടതുണ്ടെന്നും അറിയിച്ചു. ഇതില്‍,
നീയല്ലോ മായയും, മായാവിയും, മായാവിനോദനും
നീയല്ലോ മായയെ നീക്കി സായൂജ്യം നല്‍കുമാര്യനും
എന്നുള്ള വരിയില്‍, ഇവിടെ മായാവി എന്നത്‌ മജീഷ്യന്‍ എന്ന അര്‍ഥത്തില്‍ അല്ല ഗുരു ഉപയോഗിച്ചത്‌. അതിന്‌ സമാനമായ വാക്ക്‌ അവര്‍ക്ക്‌ കിട്ടുന്നില്ല. സാനുമാഷ്‌ അതിലെ മായയ്‌ക്ക് നിര്‍വ്വചനം നല്‍കിയിരിക്കുന്നത്‌ അദൃശ്യമായ ഈശ്വരഭക്‌തി എന്നാണ്‌. അത്‌ ചേര്‍ക്കാമെന്ന്‌ തീരുമാനിച്ചു. അങ്ങനെ ചില വാക്കുകളുടെ അര്‍ഥങ്ങള്‍ പലരോടായി ചോദിച്ചുമനസ്സിലാക്കിയതിനുശേഷമാണ്‌ തര്‍ജ്‌ജമ ചെയ്യാനായി നല്‍കിയത്‌.
ലോകത്തിലെ വിവിധ ഭാഷകളെക്കുറിച്ച്‌ വലിയ അവബോധം തന്ന മറ്റൊരാളാണ്‌ കവി സച്ചിദാനന്ദന്‍. ആന്റമാനിലെ നിക്കൊബറി ഭാഷ വെറും 500 പേരാണ്‌ സംസാരിക്കുന്നത്‌. ആ ഭാഷയിലേക്ക്‌ നമുക്ക്‌ തര്‍ജ്‌ജമ ചെയ്യാന്‍ കഴിഞ്ഞില്ല എന്നത്‌ മറ്റൊരു കാര്യം. മേല്‍പറഞ്ഞ മായ എന്ന വാക്കിന്റെ കാര്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹമാണ്‌ പറഞ്ഞത്‌ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട ചില വാക്കുകളുടെ കൃത്യമായ മറുവാക്കുകള്‍ മറ്റുഭാഷകളില്‍ കാണില്ലായെന്നും ആ അവസരങ്ങളില്‍ അവിടെ മായ എന്നുതന്നെ എഴുതിയിട്ട്‌ താഴെ അതിന്റെ വിവരണം നല്‍കിയാല്‍ മതിയെന്ന്‌.

ഒഡിയ ഭാഷ തേടിയപ്പോള്‍
ഒഡീഷയിലെ ഒഡിയ, കോസല ഭാഷയില്‍ തര്‍ജ്‌ജമ ചെയ്യാനായി ശ്രമം നടത്തിയപ്പോള്‍ കോസലയില്‍ ചെയ്യാന്‍ ചില പ്ര?ഫസര്‍മാര്‍ തയ്യാറായി വന്നു. അപ്പോഴും ഒഡിയയില്‍ ആരെയും കിട്ടിയില്ല. ആ അവസരത്തിലാണ്‌ സര്‍ക്കാര്‍ സംവിധാനത്തിന്റെ സഹായം തേടിയത്‌.
മന്ത്രി വി.എസ്‌. സുനില്‍ കുമാര്‍ വഴി തിരക്കിയപ്പോള്‍ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റയുടെ സഹോദരന്‍ അവിടെ ഒരു പ്ര?ഫസറാണെന്നും, ഭാര്യയുടെ ചില സുഹൃത്തുക്കള്‍ ഭാഷാവിദഗ്‌ധര്‍ ആണെന്നും സൂചനകള്‍ കിട്ടി. അങ്ങനെ ബെഹ്‌റയുമായി ബന്ധപ്പെട്ടു. തിരക്കുകള്‍ക്കിടയില്‍ ഏതാണ്ട്‌ ആറുമാസത്തോളം എടുത്തു അത്‌ പൂര്‍ത്തീകരിക്കുവാന്‍. അദ്ദേഹത്തിന്‌ ഒരു ആഗ്രഹം, അത്‌ ശിവഗിരിയില്‍ സമര്‍പ്പിക്കാന്‍. അങ്ങനെ നല്ലൊരു ദിവസം നോക്കി അദ്ദേഹം നേരിട്ടു വന്ന്‌ അത്‌ ശിവഗിരിയില്‍ സമര്‍പ്പിച്ചു.

അരുണാചല്‍ ഉപമുഖ്യമന്ത്രി
അരുണാചല്‍ ചെറിയ സംസ്‌ഥാനമാണെങ്കിലും അവരുടെ കൂടി പ്രാതിനിധ്യം ഉണ്ടാകണമെന്ന ആഗ്രഹത്തിന്റെ പുറത്താണ്‌ അവിടെയുള്ള ചിലരെ ബന്ധപ്പെട്ടത്‌. എന്നാല്‍ ആരും തയ്യാറാകാതെ വരികയും ഒടുവില്‍ അവിടുത്തെ ഉപമുഖ്യമന്ത്രിയായ ചൌന മെയ്‌ന്‍ താല്‌പര്യം കാണിക്കുകയും ചെയ്‌തു. അദ്ദേഹത്തെ നേരില്‍ കണ്ട്‌ കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ അദ്ദേഹം തന്നെ ചെയ്യാമെന്ന്‌ സമ്മതിച്ചു. അവിടുത്തെ ഭാഷയായ തായ്‌കംതി വളരെക്കുറച്ച്‌ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയാണ്‌.
നമ്മള്‍ ഈയൊരു ഉദ്യമത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ബുദ്ധമത വിശ്വാസിയായ അദ്ദേഹം വലിയ അംഗീകാരമായി കാണുകയും, അതിന്റെ പ്രകാശനം വലിയ പരിപാടിയായി നടത്തുകയും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വാര്‍ത്ത കൊടുത്തതും മറക്കാനാവാത്ത സംഭവമാണ്‌. മാത്രമല്ല, പുസ്‌തകത്തിന്റെ പ്രഖ്യാപന വേളയില്‍ കേരളത്തില്‍ വരാനും അദ്ദേഹം മനസ്സുകാണിച്ചു. കൂടാതെ കെ.വി. തോമസ്‌, കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.ആര്‍. സുനില്‍ കുമാര്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ സഹായഹസ്‌തങ്ങളും ഈയവസരത്തില്‍ ഓര്‍മ്മിക്കുന്നു.

പ്രഖ്യാപനം കഴിഞ്ഞു. ഇനി ?
കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 1536 മോഹിനിയാട്ടം നര്‍ത്തകിമാര്‍ അണിനിരന്ന ദൈവദശകത്തിന്റെ നൃത്താവിഷ്‌കാരത്തിലൂടെ ആണ്‌ 100 ഭാഷകളിലേക്കുള്ള തര്‍ജ്‌ജമയുടെ പ്രഖ്യാപനം നടന്നത്‌. അത്‌ ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയും ചെയ്‌തു. ഇനി രണ്ട്‌ ആഗ്രഹങ്ങളാണുള്ളത്‌.
ഒന്ന്‌ രാഷ്ര്‌ടപതിയെക്കൊണ്ട്‌ പ്രകാശനം ചെയ്യിക്കുക. രണ്ട്‌, ആദ്യദിവസം തന്നെ പുസ്‌തകത്തിന്റെ പതിനായിരം കോപ്പികള്‍ വിറ്റഴിക്കുക. അതിനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍. ഇതിലേക്കുള്ള വഴിയില്‍ എനിക്ക്‌ ചെലവായ ലക്ഷങ്ങള്‍ മുഴുവന്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാരിന്റെ ധനസഹായം പ്രതീക്ഷിക്കുന്നുണ്ട്‌. പക്ഷേ, ലോകഗുരുവിന്റെ വിശ്വപ്രാര്‍ഥന നൂറുഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്‌തതിലൂടെ നേടിയ മാനസിക സാഫല്യം അതിലേറെയാണ്‌. ഇതിലൂടെ ഇത്രയേറെ ഭാഷകളില്‍ ആളുകളില്‍ എത്തുകയാണല്ലോ. ഗുരുവിനെ ഒരു പ്രത്യേക സമുദായം അവരുടെ ആചാര്യനായി ഏറ്റെടുത്തതാണ്‌ നമുക്ക്‌ പറ്റിയ ഏറ്റവും വലിയ അബദ്ധം.
ഒരു സമുദായത്തിന്റെ മാത്രമല്ല; ലോകത്തിന്റെ തന്നെ ഗുരുവാകാന്‍ അദ്ദേഹത്തിന്‌ കഴിയുമെന്ന്‌ ആ കൃതികളിലൂടെ കടന്നുപോയാല്‍ മാത്രം മനസ്സിലാവുന്ന കാര്യമാണ്‌. ഞാന്‍ പല രാജ്യങ്ങളിലൂടെയും സംസ്‌ഥാനങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ പലരും പറയാറുണ്ട്‌, ഗുരുവിനെപ്പറ്റി കേള്‍ക്കാനുള്ള ഭാഗ്യം പോലും അവര്‍ക്ക്‌ കിട്ടിയിട്ടില്ലെന്ന്‌.
സത്യമാണ്‌, നാം അദ്ദേഹത്തെയും ആ ദര്‍ശനങ്ങളെയും നമ്മുടെ നാട്ടില്‍ മാത്രം കെട്ടിയിട്ടു. അത്‌ പാടില്ല. ലോകത്തിലെ ഓരോ മനുഷ്യനും അതിന്റെ ഗുണം ലഭിക്കണം. അതിനുള്ള എന്റെ എളിയ ശ്രമം മാത്രമായേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ.
ഗിരീഷ്‌ പറഞ്ഞവസാനിപ്പിച്ചു.

ദൈവദശകം

ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ ഭവാബ്‌ധിക്കൊ-
രാവിവന്‍തോണി നിന്‍പദം.

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം.

അന്ന വസ്‌ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്‌ടിയും സ്രഷ്‌ടാ-
വായതും സൃഷ്‌ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്‌ടി-
ക്കുള്ള സാമഗ്രിയായതും.
നീയല്ലോ മായയും, മായാ-
വിയും, മായാവിനോദനും
നീയല്ലോ മായയേ നീക്കി-
സ്സായൂജ്യം നല്‍കുമാര്യനും.

നീ സത്യം ജ്‌ഞാനമാനന്ദം
നീ തന്നേ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്‌ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക.

ജയിക്കുക മഹാദേവ,
ദീനാവനപരായണ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ, ജയിക്കുക.

ആഴമേറും നിന്‍മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

ശ്രീനാരായണഗുരു

ഡോ. അബേഷ്‌ രഘുവരന്‍

Ads by Google
Sunday 19 May 2019 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW