Sunday, August 18, 2019 Last Updated 56 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 12.39 PM

ഹാര്‍ട്ട് സര്‍ജറിക്കുശേഷം നെഞ്ചില്‍ ചെറിയ വേദന സാധാരണമാണെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?

ask to doctor

ഹൃദയത്തിന്റെ വേഗം കുറഞ്ഞാല്‍

എന്റെ മകനു വേണ്ടിയാണ് കത്ത്. കുട്ടിക്ക് 12 വയസ്. കുട്ടിയുടെ ശരീരം ചിലപ്പോള്‍ വല്ലാതെ വിയര്‍ക്കും. ചെറിയതോതില്‍ ശ്വാസതടവും അനുഭവപ്പെടും. ഡോക്ടറെ കാണിച്ചപ്പോള്‍ ഹൃദയസ്പന്ദനവേഗം കുറയുന്നതാണെന്ന് പറഞ്ഞു. ഇത് ഭയപ്പെടേണ്ടതില്ലെന്നും മരുന്ന് കുറച്ചുകാലം മരുന്ന് കഴിക്കേണ്ടിവരുമെന്നും പറഞ്ഞു. എന്തുകൊണ്ടാണ് ഹൃദയസ്പന്ദന വേഗത കുറയുന്നത്. ഇത് മരുന്നുകൊണ്ട് മാറുമോ? ഭാവിയില്‍ കുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമോ?
---- ബിജു തോമസ് , മസ്‌കറ്റ്

കൊച്ചുകുട്ടികളുടെ ഹൃദയസ്പന്ദന വേഗവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ക്ക് സംശയമുണ്ട്. ഇവിടെ പന്ത്രണ്ട് വയസുള്ള കുട്ടിക്ക് ഹൃദയസ്പന്ദന വേഗത കുറയുന്നത് തീര്‍ച്ചയായും പരിശോധനാ വിധേയമാക്കണം. സാധാരണ കുട്ടികള്‍ ആയാസപ്പെടുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയാണ് പതിവ്. വിശ്രമിക്കുമ്പോള്‍ 90 ഉള്ള പള്‍സ്, ചിലപ്പോള്‍ 120 140 ആകും. ഇത് സാധാരണമാണ്.

വിശ്രമിക്കുമ്പോള്‍ അത് തഴ്ന്ന് സാധാരണനിലയിലെത്തും. കുട്ടികളിലെ പള്‍സ് കൂടുന്നത് മുതിര്‍ന്നവരേക്കാള്‍ വേഗത്തിലാണ്. ഈ സാഹചര്യത്തില്‍ താങ്കളുടെ മകന്റെ ഹൃദയസ്പന്ദന വേഗം കുറയുന്നത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കേണ്ടതാണ്. ഊര്‍ജസ്വലമായ വ്യായാമങ്ങളിലേര്‍പ്പെടുന്ന അത്‌ലറ്റുകള്‍ക്ക് ഹൃദയമിടിപ്പ് കുറഞ്ഞു കാണാറുണ്ട്.

ചില ഹോര്‍മോണുകളുടെ അപര്യാപ്തമൂലം മന്ദഗതിയിലാവാം. അതുപോലെ വളരെ അപൂര്‍വമായി കണ്ടുവരുന്ന ജന്മനായുള്ള ഹാര്‍ട്ട് ബ്ലോക്ക് കാരണവും പള്‍സ് കുറയും. അതിനാല്‍ പള്‍സ് കുറയുന്നത് നിസാരമായി കാണാതെ പരിശോധനാവിധേയമാകണം. ഏറ്റവും പ്രധാനപ്പെട്ട പരിശോധന ഹോള്‍ട്ടര്‍ മോണിട്ടറിംഗ് ആണ്.

ഇ.സി.ജി മെഷീന്‍ ശരീരത്തോട് ഘടിപ്പിച്ച് 24 മണിക്കൂര്‍ ഇ.സി.ജി റിക്കോര്‍ഡ് ചെയ്യുന്നു. അപ്പോള്‍ നെഞ്ചിടിപ്പ് ക്രമാതീതമായി കുറയുന്നുണ്ടോ എന്ന് കണ്ടുപിടിക്കാം. ഒപ്പം ഹോര്‍മോണുകളുടെ രക്ത പരിശോധനയും നടത്തണം. പ്രത്യേകിച്ച് തൈറോയ്ഡ് ഹോര്‍മോണിന്റെ. കുട്ടിയുടെ പ്രവര്‍ത്തന ശേഷി എങ്ങനെയുണ്ടെന്ന് കത്തില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നില്ല.

ഊര്‍ജസ്വലമായി എല്ലാം ചെയ്യുന്ന പ്രകൃതക്കാരനാണോ, അതോ എപ്പോഴും മന്ദഗതിയിലാണോ എന്നും അറിയണം. ശരീരം വല്ലാതെ വിയര്‍ക്കുന്നതും ശ്വാസതടസം ഉണ്ടാകുന്നതും ചിലപ്പോള്‍ ഹൃദ്രോഗം കൊണ്ടും സംഭവിക്കാം. എന്തുതന്നെയായാലും വിശദമായ പരിശോധനയ്ക്ക് കുട്ടിയെ വിധേയമാക്കാന്‍ ഇനിയും വൈകരുത്.

സര്‍ജറി കഴിഞ്ഞ് വേദന


എന്റെ അമ്മാവന് 65 വയസ്. മൂന്നുമാസം മുമ്പ് ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കുന്നുണ്ട്. മരുന്നു കഴിച്ചിട്ടും നെഞ്ചിന് വലതു വശത്ത് മുകള്‍ വാരിയെല്ലില്‍ വേദന അനുഭവപ്പെടുന്നു. ഇടതു കൈ ചലിപ്പിക്കുമ്പോഴാണ് വേദന കൂടുതലായി അനുഭവപ്പെടുന്നത്. ഹാര്‍ട്ട് സര്‍ജറിക്കുശേഷം നെഞ്ചില്‍ ചെറിയ വേദന സാധാരണമാണെന്ന് പറഞ്ഞുകേള്‍ക്കുന്നത് ശരിയാണോ?
----- സലിം , കൊച്ചി

നെഞ്ചെല്ല് പിളര്‍ന്നുള്ള സര്‍ജറിയാണ് ബൈപാസ് സര്‍ജറി. ആ സമയത്ത് പല സൂക്ഷ്മനാഡികളും മുറിഞ്ഞുപോകും. ഇത്തരം സെര്‍സെറി നാഡികള്‍ മുറിയുമ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞും കുറച്ചുനാളത്തേക്ക് പ്രത്യേകതരം വേദന ഉണ്ടാകാറുണ്ട്. അതുപോലെ ഇന്റേണല്‍ മാര്‍മറി ആര്‍ട്ടറി ഛേദിച്ച് ശസ്ത്രക്രിയ നടത്തുമ്പോഴും ഇതുപോലെ സംഭവിക്കാറുണ്ട്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് സാധാരണഗതിയില്‍ കുറച്ച് ആഴ്ചകളിലേക്ക് പലതരത്തിലുള്ള വേദനകള്‍ നെഞ്ചിലെ വാരിയെല്ലുകളിലും മാംസപേശികളിലും ഉണ്ടാകാറുണ്ട്.

ഇത് പിന്നീട് മാറുന്നതാണ്. ഈയവസരത്തില്‍ വേദന സംഹാരികളും നല്‍കാറുണ്ട്. ഹൃദ്രോഗ സംബന്ധമായ വേദന ഇത്തരം വേദനകളില്‍ നിന്ന് തിരിച്ചറിയണം. ശസ്ത്രക്രിയ കഴിഞ്ഞ് കുറേ ആഴ്ചകള്‍ക്കു ശേഷം വേണ്ടിവന്നാല്‍ ട്രെഡ്മില്‍ പരിശോധന ചെയ്തുനോക്കുമ്പോള്‍ ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദന തിരിച്ചറിയാന്‍ സാധിക്കും. അനാവശ്യ ഭയം ഒഴിവാക്കുയാണ് വേണ്ടത്.

പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗം വരാതിരിക്കാന്‍


ഞാനൊരു പ്രമേഹ രോഗിയാണ്. 60 വയസ്. ഇപ്പോള്‍ രോഗം നിയന്ത്രണവിധേയമാണ്. പ്രായം 60. പ്രമേഹ രോഗികള്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യതയുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. ഹൃദ്രോഗം വരാതിരിക്കാന്‍ ഞാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം. തടിച്ച ശരീരപ്രകൃതമാണ്.
----- രഘുനാഥന്‍ , പാലക്കാട്

അതായത് ഒരാള്‍ക്ക് പ്രമേഹം പിടിപെട്ടാല്‍ അതുവഴി ഹൃദ്രോഗം ഉണ്ടാകുവാനും ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. പ്രമേഹരോഗി ഏകദേശം 80 ശതമാനത്തോളം മരണപ്പെടുന്നത് ഹൃദയധമനീ രോഗങ്ങള്‍ മൂലമാണ്. പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗമുണ്ടാകുവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് നാലിരട്ടിയാണ്. ലോകത്ത് ഏകദേശം 20 കോടി പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്. അടുത്ത 20 വര്‍ഷംകൊണ്ട് ഈ സംഖ്യ ഇരട്ടിയാകും. ഇന്ത്യ പ്രമേഹത്തിന്റെ ലോകതലസ്ഥാനമാണ്.

ദീര്‍ഘനാളുകളായുള്ള പ്രമേഹ രോഗം ശരീരത്തിലാകമാനമുള്ള ധമനികളില്‍ ജരിതാവസ്ഥയുണ്ടാക്കുന്നു. ഹൃദയധമനികള്‍, മസ്തിഷ്‌ക്കധമനികള്‍, കണ്ണ്, വൃക്കകള്‍, നാഡീവ്യൂഹം തുടങ്ങിയ അവയവങ്ങളിലെ രക്തക്കുഴലുകള്‍ ഇവയിലെല്ലാം ജരിതാവസ്ഥയും തുടര്‍ന്ന് ബ്ലോക്കും ഉണ്ടാക്കുന്നു. ധമനികളുടെ ഘടനതന്നെ വികലമാകുന്നു. അതുകൊണ്ടാണ് പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗം, മസ്തിഷ്‌ക്കാഘാതം, വൃക്കരോഗം, അന്ധത തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നത്.

ഡയാലിസിസിന് വിധേയരാകുന്ന 70 ശതമാനം രോഗികളും പ്രമേഹമുള്ളവരാണ്. പ്രമേഹരോഗികളില്‍ കൊളസ്‌ട്രോളും ഉപഘടകങ്ങളും വര്‍ധിച്ചുകാണും. അവ കണ്ടുപിടിച്ച് ചികിത്സാവിധേയമാക്കണം. ഭക്ഷണക്രമീകരണം, വ്യായാമം, ഔഷധചികിത്സ തുടങ്ങിയവകൊണ്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിയന്ത്രിക്കണം.

കൃത്യകാലയളവില്‍ ഇ.സി.ജി, ട്രെഡ്മില്‍ ടെസ്റ്റ്, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യണം. ഇ.സി.ജിയില്‍ വ്യതിയാനങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം. കൃത്യമായ പ്രമേഹ നിയന്ത്രണവും വ്യായാമവും ഭക്ഷണക്രമീകരണവും ഔഷധസേവയും വഴി ആരോഗ്യത്തെ പരിപാലിക്കുക.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ ,എറണാകുളം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW