Sunday, August 25, 2019 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.18 PM

2018 ലോകകപ്പ് ഫൈനല്‍ കളിച്ച ക്രൊയേഷ്യന്‍ ടീമിലെ പകുതി പേരും ശിഷ്യന്മാര്‍ ; പോപ്പ് സംഗീതജ്ഞന്‍, കള്ളു കച്ചവടക്കാരന്‍, വ്യവസായി, രാജ്യസ്‌നേഹി ; ഇന്ത്യന്‍ പരിശീലകന്‍ സ്റ്റിമാക്കിന്റെ ജീവിതം വര്‍ണാഭം...!!

uploads/news/2019/05/308605/igore-stimac.jpg

പാട്ടുകാരന്‍, കള്ളു കച്ചവടക്കാരന്‍, വ്യവസായി, രാജ്യസ്‌നേഹി, ഒടുവില്‍ ഫുട്​ബോള്‍ടീം പരിശീലകനും. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ബുധനാഴ്ചയാണ് ക്രൊയേഷ്യക്കാരന്‍ ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പരിശീലകനായി അവതരിപ്പിച്ചത്. ക്രൊയേഷ്യയുടെ സുവര്‍ണ ടീമിന്റെ പ്രതിരോധത്തിലെ ഒരു തൂണായിരുന്ന സ്റ്റിമാക്ക് വേഷങ്ങള്‍ പലത് അണിഞ്ഞ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നത്. 2018 ലോകകപ്പ് ഫൈനല്‍ കളിച്ച ടീമിന്റെ ക്രെഡിറ്റ് സ്റ്റിമാക്കിന് കൂടി അവകാശപ്പെട്ടതാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്റ്റിമാക്ക് വലിയ നേട്ടമാണ്. ജനുവരിയില്‍ കാലാവധി കഴിഞ്ഞ ഇംഗ്‌ളീഷുകാരന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ പകരക്കാരനായി സ്റ്റിമാക്ക് പരിശീലകനായി വരുമ്പോള്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് സ്വപ്നം കാണാന്‍ ഏറെയാണ്. ക്രൊയേഷ്യയുടെ പുതിയ ടീം ലോകകപ്പ് ഫൈനല്‍ കളിക്കുന്നത് വരെ 1998 ല്‍ അരങ്ങേറ്റ ലോകകപ്പില്‍ തന്നെ മൂന്നാം സ്ഥാനം കൊത്തിയ ക്രൊയേഷ്യന്‍ ടീമിനായിരുന്നു സുവര്‍ണ ടീമിന്റെ പദവി. 2012-13 കാലത്തെ 15 മാസത്തിനിടയില്‍ തനിക്ക് കീഴില്‍ പരിശീലനം നേടിയവരായിരുന്നു റഷ്യയില്‍ കഴിഞ്ഞ വര്‍ഷം ലോകകപ്പ് ഫൈനല്‍ കളിച്ച ക്രൊയേഷ്യന്‍ ടീമിലെ പകുതി കളിക്കാരും.

പുറത്ത് വിവാദവും വര്‍ണ്ണാഭമായ ജീവിതമാണ് സ്റ്റിമാക്കിന്റെത്. 2000 ല്‍ സ്ഥിരം കളിക്കാരനായിരിക്കേ തന്നെ അദ്ദേഹം ബെറ്റിംഗ് കമ്പനി തുടങ്ങിയത് വലിയ വിവാദമായിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ വലിയ കടബാദ്ധ്യതയുള്ളയാളായി മാറിയെന്ന് മാത്രം. പിന്നീട് പാട്ടുകാരന്‍ എന്ന നിലയില്‍ പേരെടുക്കും മുമ്പ് തന്നെ കുടുംബത്തിന്റെ ഒലിവ് ഓയില്‍ ബിസിനസിലേക്കും അതിന് ശേഷം വൈന്‍ നിര്‍മ്മാണത്തിലേക്കും തിരിഞ്ഞു. സംഗീതമേഖലയിലും അദ്ദേഹം മോശമായില്ല. 'ദി ബൊഹേംസി' ല്‍ പാട്ടുകാരനും ഗിറ്റാറിസ്റ്റുമായിരുന്ന അദ്ദേഹത്തിന്റെ 'മേരി ആന്റ് കാത്തി' എന്ന സിംഗിള്‍ ആല്‍ബം ക്രൊയേഷ്യ ഏറെക്കാലം പാടി നടന്നതാണ്. 1998 ലോകകപ്പിന്റെ കാലത്ത് നാലു മാസത്തോളം ഈ ആല്‍ബം ഹിറ്റു ചാര്‍ട്ടില്‍ ഒന്നാമതായിരുന്നു. പിന്നീട് രണ്ട് ഡിസ് കോത്തക്കുകളാണ് സ്റ്റിമാക്ക് ആരംഭിച്ചത്. പിന്നീടായിരുന്നു തന്റെ തട്ടകമായ ഫുട്‌ബോളില്‍ തന്നെ ശിഷ്ട ജീവിതം പരീക്ഷിക്കാന്‍ 51 കാരന്‍ തീരുമാനിച്ചത്.

ഡര്‍ബി കൗണ്ടിയില്‍ കളിക്കുന്ന കാലത്ത് ഇംഗ്‌ളണ്ടില്‍ അദ്ദേഹം ഏറെ ആരാധകരെ സൃഷ്ടിച്ചു. ടീം പ്രീമിയര്‍ലീഗില്‍ അരങ്ങേറുമ്പോള്‍ സ്റ്റിമാക്ക് നായകനായിരുന്നു. ഡര്‍ബി കൗണ്ടിയുടെ എക്കാലത്തെയും മികച്ച ടീമിലേക്ക് ആരാധകര്‍ തെരഞ്ഞെടുത്ത കളിക്കാരില്‍ ഒരാള്‍ സ്റ്റിമാക്കായിരുന്നു.

2014 ല്‍ ക്‌ളബിന്റെ ലോഞ്ചിന് താരത്തിന്റെ പേര് നല്‍കിയാണ് ഇംഗ്‌ളീഷുകാര്‍ സ്റ്റിമാക്കിനെ ആദരിച്ചത്. എന്നിരുന്നാലും 2013 ല്‍ അദ്ദേഹം സ്വന്തം രാജ്യത്ത് വലിയ വിവാദനായകനുമായി. സ്വവര്‍ഗ്ഗരതിക്കാരന്‍ എന്ന ആക്ഷേപമായിരുന്നു അതിലൊന്ന്. ഒരിക്കല്‍ മൈതാനത്തെ എതിരാളിയായിരുന്ന സെര്‍ബിയയുടെ സിനിസാ മിഹാജ്‌ലോവിക്ക് നടത്തിയ ആരോപണത്തെ തുടര്‍ന്ന് സ്റ്റിമാക്ക് സ്വവര്‍ഗ്ഗപ്രണയത്തിനും സ്വവര്‍ഗ്ഗ രതിക്കും സ്വവര്‍ഗ്ഗ ദമ്പതികള്‍ കുട്ടികളെ ദത്തെടുക്കുന്നതിനും എതിരേ പരാതി നല്‍കി. ഇതാണ് പിന്നീട് രാജ്യാന്തര തലത്തില്‍ തന്നെ സ്വവര്‍ഗ്ഗ വിവാഹം സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പിന് കാരണമായി ഭവിച്ചു. ആവര്‍ഷം തന്നെ സ്വവര്‍ഗ്ഗ പ്രണയം നിരോധിക്കപ്പെടുകയും ചെയ്തു.

ഈ പരാതി സ്റ്റിമാക്കിന്റെ ജനപ്രീതി വലിയരീതിയില്‍ കൂട്ടിയതായി ക്രൊയേഷ്യന്‍ വെബ്‌സൈറ്റ് ടെലിസ്‌പോട്ടിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് അലക്‌സാണ്ടര്‍ ഹോളിഗ പറയുന്നു. ബാള്‍ക്കന്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ കളിക്കാരനായിരുന്ന സ്റ്റിമാക്ക് ദേശീയവാദി എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 'യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖം.' ഒരു ക്രൊയേഷ്യന്‍ മാധ്യമം നാഷണലിന് 2003 ല്‍ നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ സ്റ്റിമാക്ക് പറഞ്ഞത് ഇങ്ങിനെയാണ്. പിന്നീട് ക്രൊയേഷ്യന്‍ പരിശീലകനായപ്പോള്‍ ഹോം മാച്ചുകള്‍ക്ക് സ്‌ളോവേനിയയിലേക്ക് പോകുന്ന പതിവാണ് അദ്ദേഹം ആദ്യം തകര്‍ത്തത്. 'ദേശസ്‌നേഹമില്ലാത്ത നടപടി' എന്നു വിശേഷിപ്പിച്ചായിരുന്നു ഇത്.

സറ്റിമാക്കിന് കീഴില്‍ ക്രൊയേഷ്യ ലോക റാങ്കിംഗില്‍ നാലാമതെത്തിയിരുന്നു. 2014 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പ്‌ളേ ഓഫിലെത്തിയെങ്കിലും ടീമിന്റെ മോശം പ്രകടനം കൊണ്ട് രാജിവെച്ചു. പിന്നീട് ക്‌ളബ്ബ് തലത്തിലേക്ക് തിരിഞ്ഞ സ്റ്റിമാക്ക് ക്രൊയേഷ്യ, ഇറാന്‍, ഖത്തര്‍ ക്‌ളബ്ബുകളില്‍ എത്തി.

ഇന്ത്യ ദേശീയ പരിശീലക സ്ഥാനത്തേക്ക് സ്റ്റിമാക്കിനെ അവരോധിച്ചത് ക്രൊയേഷ്യയില്‍ പലരുടെയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് തങ്ങള്‍ ഗൗരവമായി എടുത്ത തീരുമാനമാണ് എന്നാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ടെക്‌നിക്കല്‍ കമ്മറ്റിയുടെ അഭിപ്രായം. ലോകകപ്പ് കളിച്ചിട്ടുള്ള ലോകകപ്പ് ഫൈനല്‍ കളിച്ച ടീമിലെ കളിക്കാരെ പരിശീലിപ്പിച്ചിട്ടുള്ള ഒരാളേക്കാള്‍ മികച്ചയാള്‍ ആരാണെന്നാണ് ഇന്ത്യ തിരിച്ചു ചോദിക്കുന്നത്. റാങ്കിംഗില്‍ 101 ാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് സ്റ്റിമാക്ക് ഇന്ത്യയെ ഏറ്റെടുക്കുന്നത്. ബാക്കിയൊക്കെ കാത്തിരുന്ന് കാണാം.

Ads by Google
Thursday 16 May 2019 01.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW