Sunday, August 18, 2019 Last Updated 57 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 10.15 AM

നിങ്ങള്‍ കേട്ടതൊന്നുമല്ല ശരി വൃക്കദാന വിവാദത്തെക്കുറിച്ച് പൊന്നമ്മ ബാബു

''തനിക്ക് നേരിടേണ്ടിവന്ന വിവാദത്തെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും പൊന്നമ്മ ബാബു മനസു തുറക്കുന്നു...''
Actress Ponnamma Babu Interview

പൊന്നമ്മ ബാബു അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം അഞ്ഞൂറിനോടടുക്കുന്നു. 23 വര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ്. ഹാസ്യം അടക്കം എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാനറിയാവുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാള്‍.

സിനിമയില്‍ പ്രേക്ഷകരെ ചിരിച്ചും ചിന്തിപ്പിച്ചും നിറഞ്ഞുനിന്നപ്പോഴും ജീവിതത്തില്‍ നല്ല വീട്ടമ്മയും, ഭാര്യയുമായി. പക്ഷേ കഴിഞ്ഞുപോയ കുറേ ദിനങ്ങള്‍ തനിക്ക് ഏറെ വിഷമം നിറഞ്ഞതായിരുന്നുവെന്നും, ആ വിഷമങ്ങളില്‍ നിന്ന് കര കയറിയതിനെക്കുറിച്ചും പൊന്നമ്മ ബാബു തുറന്നു പറയുന്നു.

ഈശ്വരവിശ്വാസിയാണെന്ന് കേട്ടിട്ടുണ്ട്. ചെറുപ്പത്തിലെ ഈസ്റ്റര്‍ ആഘോഷങ്ങളൊക്കെ ഓര്‍മയിലുണ്ടോ?


ചെറുപ്പകാലത്തുളള എല്ലാ ആഘോഷങ്ങളും നെഞ്ചോട് ചേര്‍ത്തുനിര്‍ത്തുന്നവ തന്നെയാണ്. പ്രത്യേകിച്ചും ഈസ്റ്ററൊക്കെ. ഇന്നത്തെപ്പോലെ ലാവിഷായി ജീവിക്കുന്ന കാലമല്ലായിരുന്നല്ലോ അത്. ഉള്ളതുകൊണ്ട് സന്തോഷമായി കഴിഞ്ഞ സാധാരണ കുടുംബത്തിലെ മകളാണ് ഞാന്‍.

ഞങ്ങള്‍ നാല് മക്കളാണ്. ഈസ്റ്ററിന് നോമ്പെടുക്കും, രാവിലെ എല്ലാവരും ചേര്‍ന്ന് പളളിയില്‍ പോകും. ഉയിര്‍പ്പ് വരുമ്പോള്‍ പാതിരാ കുര്‍ബാനയ്ക്ക് പോകണം. വെളുപ്പിന് പള്ളിയില്‍നിന്നു വന്ന് കിടന്നുറങ്ങും. ഉറക്കമെഴുന്നേറ്റ് വരുമ്പോള്‍ നല്ല കള്ളപ്പവും പന്നിയിറച്ചിയും പോത്തിറച്ചിയും ഒക്കെ അമ്മച്ചി തയാറാക്കി വച്ചിട്ടുണ്ടാവും.

വിശേഷങ്ങള്‍ വരുമ്പോഴേ അന്നത്തെക്കാലത്ത് ഇത്രയും വിഭവങ്ങള്‍ ഒന്നിച്ച് കാണാന്‍ കഴിയൂ. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കൂ. വിശേഷ ദിവസങ്ങളെല്ലാം ഞങ്ങളുടെ അമ്മച്ചിക്ക് പ്രധാനപ്പെട്ടവയാണ്. അമ്മച്ചി പറഞ്ഞുതന്ന വിശ്വാസങ്ങളെല്ലാം ഞങ്ങള്‍ മക്കള്‍ക്കും പകര്‍ന്നുകൊടുത്തിട്ടുണ്ട്.

പാലാക്കാരി പൊന്നമ്മ കലാകാരിയായതെങ്ങനെയാണ്?


പറഞ്ഞല്ലോ, ഞാനൊരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്ണാണ്. അപ്പച്ചന്റെ കുടുംബം തനി ഓര്‍ത്തഡോക്സാണ്. അവിടുന്ന് ആരും കലാകാരില്ല. ഞാന്‍ നാലും അഞ്ചും വയസുമുതല്‍ ഡാന്‍സ് പഠിക്കുന്നതാണ്. അപ്പനതൊന്നും അത്ര ഇഷ്ടമല്ല.
Actress Ponnamma Babu Interview

അമ്മ പാടുകയും ഡാന്‍സ് ചെയ്യുകയും ഒക്കെ ചെയ്തിരുന്നു. അമ്മയുടെ കലാവാസനയാണ് എനിക്ക് കിട്ടിയത്. ഞാന്‍ സിനിമയിലഭിനയിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. അമ്മയുടെ ആഗ്രഹം പോലെ ഞാന്‍ സിനിമയിലെത്തി.

1978 79 ലെ കാഞ്ഞിരപ്പള്ളി കലാതിലകമായിരുന്നു ഞാന്‍. എന്റെ നാട്ടുകാരി മിസ് കുമാരിയായിരുന്നു എന്റെ ഇന്‍സ്പിരേഷന്‍. മിസ് കുമാരിയുടെ സഹോദരനും ഞങ്ങളുമൊക്കെ നല്ല അടുപ്പത്തിലാണ്. നാട്ടില്‍ ഒരു ഓഡിറ്റോറിയവും സിനിമാതീയറ്ററുമൊക്കെയുണ്ട്. അവിടെയൊക്കെ പ്രോഗ്രാമവതരിപ്പിക്കുകയും സിനിമ കാണുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ നാട്ടില്‍ പോകാനേ തോന്നാറില്ല. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ബാബുവേട്ടനുമായുള്ള വിവാഹം. ഏറ്റുമാനൂര്‍ സുരഭില എന്ന പേരില്‍ ബാബുചേട്ടനന്ന് നാടക ട്രൂപ്പുണ്ട്. അവരുടെ നാടകത്തില്‍ അഭിനയിക്കാന്‍ പോയാണ് ഞങ്ങള്‍ തമ്മില്‍ പരിചയത്തിലാകുന്നത്.

നേരത്തെ കല്യാണം കഴിച്ചതുകൊണ്ട് നായികയാകാനുള്ള ഭാഗ്യം ലഭിച്ചില്ല?


വിവാഹ സമയത്താണ് എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തില്‍ നായിക വേഷത്തിലേക്ക് അവസരം വരുന്നത്. വിവാഹസമയമായതുകൊണ്ട് അന്നത് വേണ്ടെന്നുവച്ചു. അതിലെനിക്ക് സങ്കടമില്ല. നായികയായില്ലന്നേയുള്ളൂ. പക്ഷേ വിവാഹശേഷവും ഞാന്‍ അഭിനയിച്ചു. ഇപ്പോഴും അഭിനയിക്കുന്നു.

അന്ന് ഫാമിലി ലൈഫ് തുടങ്ങിയതുകൊണ്ടാണ് ഇന്ന് എനിക്ക് ഫ്രീയായി എന്റെ കാര്യങ്ങള്‍ ചെയ്തുനടക്കാന്‍ കഴിയുന്നത്. 17ാം വയസിലാണ് ആദ്യത്തെ കുട്ടി ഉണ്ടാകുന്നത്. 23 വയസായപ്പോഴേക്കും മൂന്ന് മക്കളുണ്ടായി. കുട്ടികള്‍ വളര്‍ന്ന കൂടെ ഞാനും വളര്‍ന്നു എന്നുപറയാം.

23 വര്‍ഷമായി സിനിമയിലെത്തിയിട്ട്? തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു?


23 വര്‍ഷമായെന്ന് എനിക്ക് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. അഞ്ഞൂറാമത്തെ ചിത്രത്തോടടുക്കുന്നു. ധാരാളം പ്രഗത്ഭരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. മണ്‍മറഞ്ഞ ധാരാളം കലാകാരന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.

മുരളി ചേട്ടന്‍, കൊച്ചിന്‍ ഹനീഫിക്ക, കല്‍പ്പന, കലാഭവന്‍ മണി, ലോഹി സാര്‍... തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനമുണ്ട്. 23 വര്‍ഷം മുന്‍പ് തുടങ്ങിയ പ്രയാണത്തില്‍ ഇന്നും സജീവമായി നില്‍ക്കാന്‍ കഴിയുന്നത് വലിയ കാര്യംതന്നെയാണ്.

ഇനി കാര്യ പ്രസക്തിയുള്ള വേഷങ്ങള്‍ ചെയ്യണം, അംഗീകാരങ്ങള്‍ ലഭിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. ഇതുവരെ ഒരു അംഗീകാരവും ലഭിച്ചിട്ടില്ല. ഇനിയും കാത്തിരിക്കാന്‍ തയാറാണ്. എന്റെ അമ്മച്ചിക്ക് മരണംവരെ ഒരു സങ്കടമുണ്ടായിരുന്നത് എനിക്കൊരു അവാര്‍ഡ് കിട്ടിയില്ലെന്നോര്‍ത്താണ്. അതിനിനിയും സമയമുണ്ടല്ലോ അല്ലേ?

ഒരേസമയം എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്?


സിനിമയുടെ ചെറിയൊരു ഭാഗമാകാന്‍ കഴിയണേ എന്നാഗ്രഹിച്ചയാളാണ്. പക്ഷേ ദൈവം എന്നെ വലുതാക്കി. ജീവിതത്തില്‍ ഒരു തമാശയും പറയാത്ത ഞാന്‍ ഹ്യൂമര്‍ ചെയ്യുന്നു. അതെങ്ങനെ സാധിച്ചുവെന്നറിയില്ല.

ഞാന്‍ വളരെ സ്ട്രിക്ടായ ഒരാളാണ്. മൂന്ന് മക്കളേയും നല്ല അടികൊടുത്തുതന്നെയാണ് വളര്‍ത്തിയത്. അങ്ങനെയുള്ള എനിക്ക് സിനിമയില്‍ വന്ന് ആളുകളെ ചിരിപ്പിക്കാന്‍ കഴിയുന്നെങ്കില്‍ അത് ദെവാനുഗ്രഹമാണ്.

എനിക്ക് ദൈവം സഹായിച്ച് തമാശ, സപ്പോര്‍ട്ടിങ് ക്യാരക്ടര്‍, അമ്മ വേഷം, ചേച്ചി വേഷം എല്ലാം ചെയ്യാന്‍ കഴിയുന്നുണ്ട്. അങ്ങനെ എല്ലാ റോളും ചെയ്യുന്ന വ്യക്തിയെന്ന നിലയിലാണ് ഞാന്‍ മലയാള സിനിമയില്‍ ഇന്നും നിലനില്‍ക്കുന്നത്.

Actress Ponnamma Babu Interview

ഏറ്റവും ടെന്‍ഷന്‍ അനുഭവിക്കുന്നത് ആരോടൊപ്പം അഭിനയിക്കുമ്പോഴാണ്?


ഏറ്റവും ടെന്‍ഷന്‍ അനുഭവിച്ചത് അമ്പിളി ചേട്ടനോടൊപ്പം(ജഗതി ശ്രീകുമാര്‍) അഭിനയിച്ചപ്പോഴാണ്. അദ്ദേഹത്തിന് ഭയങ്കര ടൈമിംഗ് ആണ്. അതിനൊപ്പമെത്താന്‍ പാടുപെടണം. അന്ന് അഭിനയിച്ച ചിത്രങ്ങളൊക്കെ ഇന്ന് ടി. വിയില്‍ കാണുമ്പോള്‍ എനിക്ക് തന്നെ അതിശയം തോന്നാറുണ്ട്. ഇന്ന് അഭിനയം കുറച്ചുകൂടി നാച്ചുറലായിട്ടുണ്ട്. എല്ലാ റോളുകളും അഭിനയിക്കുമ്പോള്‍ അതിന്റെതായ വിഷമതകളുമുണ്ട്.

പൊന്നമ്മ ബാബുവെന്ന അമ്മയെക്കുറിച്ച്?


ബാബുചേട്ടന് നാടക സമിതിയുണ്ടായിരുന്നു. പിന്നെ കുറച്ചുകാലം സൗദിയില്‍ ജോലിക്ക് പോയി. കുട്ടികളും ഞാനും ഒറ്റയ്ക്കിവിടെയും. എനിക്കും ജോലിക്ക് പോകണം. വല്ലപ്പോഴുമേ വീട്ടിലെത്താന്‍ കഴിയൂ. ജോലിക്കാരൊക്കെ വീട്ടിലുണ്ടായിരുന്നെങ്കിലും കുട്ടികളെ ബോര്‍ഡിങ്ങില്‍ നിര്‍ത്തിയാണ് പഠിപ്പിച്ചത്. കാരണം ഞാന്‍ വളര്‍ന്ന സാഹചര്യമൊക്കെ വച്ച് നോക്കുമ്പോള്‍ അതത്ര സുരക്ഷിതമായി തോന്നിയില്ല.

എന്റെ കുട്ടികള്‍ നല്ല മര്യാദയും പെരുമാറ്റവുമുള്ളവരാണ്. ഒരാളും എന്നെ വിളിച്ച് അവരെക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. കലാകാരാണെങ്കിലും എനിക്കും ബാബുചേട്ടനും മക്കള്‍ നന്നായി പഠിച്ച് ജോലി നേടണമെന്നേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവരെ കലാപരമയി ഒന്നും പഠിപ്പിച്ചില്ല. പക്ഷേ അവരുടെയുള്ളില്‍ കലയുണ്ടായരുന്നു. അവര്‍ സ്വയം എല്ലാം പഠിച്ചെടുക്കുകയും ചെയ്തു.

ഒരു കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ നല്ലൊരു അമ്മയായിരുന്നു. പത്താം ക്ലാസില്‍ വിദ്യാഭ്യാസം നിര്‍ത്തിയ എനിക്ക് സിനിമയിലെത്തിയപ്പോഴാണ് അതിന്റെ പോരായ്മ മനസിലായത്. അതുകൊണ്ട് എന്റെ മക്കള്‍ക്ക് ആ ഗതി വരരുതെന്ന് ആഗ്രഹിച്ചു. അവര്‍ എന്റെ ഇഷ്ടത്തിനെതിരായി ഒന്നും ചെയ്തുമില്ല. ഇന്ന് അവരൊക്കെ ഞങ്ങള്‍ ആഗ്രഹിച്ചയിടത്തെത്തി.

ഇന്നത്തെ അമ്മമാര്‍ക്ക് നിങ്ങളെപ്പോലുള്ളവര്‍ പാഠപുസ്തകമാണ്?


കുട്ടിയെ തലയ്ക്കടിച്ചു കൊന്ന രണ്ടാനച്ഛനും അവരെ അതിന് വിട്ടുകൊടുത്ത സ്വന്തം അമ്മയുമെല്ലാം നമ്മുടെ കണ്‍മുന്നില്‍ നില്‍ക്കുകയാണ്. ഭര്‍ത്താവ് മരിച്ചുപോവുകയോ ഇട്ടിട്ട് പോവുകയോ ചെയ്യുമ്പോള്‍ ഒരു പെണ്ണെന്ന രീതിയില്‍ ഒരു താങ്ങ് ആഗ്രഹിക്കും. ഒരാള്‍ എവിടെങ്കിലും വീഴാന്‍ പോകുമ്പോള്‍ താങ്ങ് ലഭിച്ചാല്‍ അതില്‍ പിടിച്ച് കയറും.

അങ്ങനെ ആശ്രയിച്ചാലും നമ്മുടെ മക്കള്‍ സുരക്ഷിതരാണോ എന്ന് ശ്രദ്ധിക്കണം. അച്ഛനമ്മമാര്‍ക്ക് അവരുടെ സ്വാതന്ത്ര്യത്തിന് ജീവിക്കണമെങ്കില്‍ കുട്ടികളെ സുരക്ഷിതമായ എവിടെങ്കിലും ആക്കിയിട്ട് അതായിക്കൂടെ. ഇന്ന് ലോകം മറ്റൊരു രീതിയിലാണ്, കുട്ടികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരുപടി മുകളില്‍ നിന്നുവേണം ചിന്തിക്കാന്‍.

പ്രേക്ഷകര്‍ ഒരുപാട് സ്നേഹിക്കുന്ന കലാകാരിയാണ്?


പ്രേക്ഷകരാണല്ലോ നമ്മെ വളര്‍ത്തിക്കൊണ്ടുവരുന്നത്. അവരുടെ സ്നേഹമില്ലെങ്കില്‍ ഞങ്ങള്‍ ആരുമല്ല.ഒരിക്കല്‍ ഒരു അമ്മച്ചി എന്റെ രണ്ട് കവിളിലും മുറുകെ പിടിച്ചു. പൊന്നമ്മയേ ഞങ്ങള്‍ക്ക് എന്നാ ഇഷ്ടമാണെന്നറിയാമോ?? അവരവരുടെ സന്തോഷം പ്രകടിപ്പിച്ചതാണ്.

സത്യം പറഞ്ഞാല്‍ എന്റെ കവിളിന്റെ ഉള്ളില്‍ രണ്ട് വശവും പൊട്ടി നല്ല വേദനയായിരുന്നു. അതവരുടെ സ്നേഹപ്രകടനമാണ്, അതുകൊണ്ട് എനിക്ക് വേദനയെടുക്കുമോ എന്നോര്‍ത്തില്ല. പക്ഷേ ഞാനതിനെ പോസിറ്റീവായാണ് കണ്ടത്.

Actress Ponnamma Babu Interview

അടുത്തകാലത്ത് നടി സേതുലക്ഷ്മിയുടെ മകന് കിഡ്‌നികൊടുക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നല്ലോ?


സത്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്റര്‍വ്യൂ പോലും ഞാന്‍ കൊടുത്തിട്ടില്ല. സേതുലക്ഷ്മി ചേച്ചിയും മകനും വന്ന ഒരു ചാനല്‍ ഇന്റര്‍വ്യൂവില്‍ ഞാന്‍ പോയിരുന്നു. സത്യം എന്താണെന്നറിയാന്‍വേണ്ടി മാത്രം. എന്നെ വിളിച്ചു സത്യാവസ്ഥ അന്വേഷിച്ച എല്ലാ മാധ്യമസുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞത് ഇതെന്റെ പേഴ്സണല്‍ കാര്യമാണ്.

ഇത് വാര്‍ത്തയാക്കാനോ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനോ വേണ്ടി ഞാന്‍ പറഞ്ഞതല്ല. ചേച്ചിയുടെ ചെവിയില്‍ പറഞ്ഞ കാര്യമാണ്. അവരുടെ പിറകെ സോഷ്യല്‍ മീഡിയയും പത്രമാധ്യമങ്ങളും ഉള്ള വിവരം എനിക്കറിയില്ലായിരുന്നു.

രാവിലെ പതിവുപോലെ വന്ന് വാട്ട്സാപ്പ് നോക്കിയപ്പോഴാണിത് ചേച്ചി മകനുവേണ്ടി കരഞ്ഞപേക്ഷിക്കുന്ന വീഡിയോ കണ്ടത്. രണ്ടാഴ്ചയില്‍ കൂടുതലായി ആ വീഡിയോ വന്നിട്ട്. ഞാന്‍ അപ്പോഴാണത് കാണുന്നത്. അവരുടെ കണ്ണുനീരോടെയുള്ള വീഡിയോ കണ്ടപ്പോള്‍, ഞാന്‍ കരഞ്ഞു.

ഒരു നിമിഷം എന്നെ ആ സ്ഥാനത്ത് കണ്ടു. ആ കുടുംബത്തെ 23 വര്‍ഷമായി എനിക്കറിയാം. പലരും വിചാരിക്കുന്നത് ഞങ്ങള്‍ തമ്മില്‍ സിനിമാ ബന്ധമാണെന്നാണ്. ചേച്ചിയുടെ മകള്‍ ബിന്ദു എന്റെ കൂടെ നാടകം കളിച്ചതാണ്. മൂത്ത മകള്‍ ലക്ഷ്മി മരിച്ചുപോയി. പി
ന്നെയുള്ളത് കുട്ടനാണ്.

ഉടനെ സേതു ചേച്ചിയെ വിളിച്ചു. കുട്ടന് എന്താ പറ്റിയതെന്ന് ചോദിച്ചു. ചേച്ചി പറഞ്ഞു. കുട്ടന് വയ്യ ഇന്നയിന്ന പ്രശ്നങ്ങളുണ്ട്. കിഡ്നി മാറ്റിവച്ചാല്‍ രക്ഷപെടും.. ഞാന്‍ ചോദിച്ചു, എന്റെയൊരു കിഡ്നി തരട്ടെ ചേച്ചി. അവന്റെ ബ്ലഡ്ഗ്രൂപ്പ് തന്നെയാണെനിക്കും.. സേതു ചേച്ചി ചോദിച്ചുങേ.. തരുമോ?? പൊന്നമ്മേ നീ എന്താ പറഞ്ഞതെന്ന് നിനക്കറിയുമോ.

നിന്‍െ പാതി ജീവനാണ് തരാമെന്ന് പറഞ്ഞത്.. ഞാന്‍ പറഞ്ഞു. എനിക്ക് രണ്ടെണ്ണമുണ്ടല്ലോ. ജീവിക്കാന്‍ ഒരെണ്ണം മതി. കുട്ടന്‍ രക്ഷപെടട്ടെ. പക്ഷേ ചേച്ചി ഡോക്ടറോട് ഒരു കാര്യം പറയണം എനിക്ക് ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും ആരംഭമുണ്ട്. മരുന്ന് കഴിച്ച് ഭേദമാക്കാം. അതൊരു പ്രശ്നമാണോ എന്നുകൂടി അന്വേഷിക്കണം..

ചേച്ചി ഡോക്ടറോട് ചെന്ന് ചോദിച്ചു. പക്ഷേ ഷുഗറിന്റെ ആരംഭമുണ്ടെന്ന് കേട്ടതും ഡോക്ടറുടെ മുഖം വാടി. ഷുഗര്‍ ലവലേശമുണ്ടെങ്കില്‍ പോലും കിഡ്‌നി മാറ്റിവയ്ക്കാന്‍ സാധിക്കില്ല. ചേച്ചി എന്നെ വിളിച്ചു പറഞ്ഞു. പൊന്നമ്മേ അത് നടക്കില്ല. നിനക്ക് അങ്ങനെ പറയാന്‍ മനസുണ്ടായല്ലോ. എന്നെ വേറെ ആരും വിളിച്ചില്ല. നീ മാത്രമേ അന്വേഷിച്ചുള്ളൂൂ.

ഇങ്ങനെയൊക്കെ സംഭവിച്ച വിവരം ചേച്ചി പത്രക്കാരെ വിളിച്ചറിയിച്ചു. പത്രക്കാര്‍ എന്നെ വിളിച്ചു. ഞാന്‍ പറഞ്ഞു. സേതുചേച്ചിയുടെ മകന് എന്റെ കിഡ്‌നി കൊടുക്കാമെന്നു പറഞ്ഞിരുന്നു. പക്ഷേ എനിക്ക് ഷുഗറൊക്കെയുള്ളതുകൊണ്ട് അത് നടക്കില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

അതിനുശേഷം ഞാന്‍ ഷാഫിയുടെ പടത്തിന് മൂന്നാറില്‍ പോയി. അവിടെ മൊബൈലിന് റേഞ്ചില്ല. ഏഴ് ദിവസം കഴിഞ്ഞാണ് തിരിച്ചു വരുന്നത്. ചുരം ഇറങ്ങി മൊബൈല്‍ ഓണാക്കിയതും മെസേജുകളും കോളുകളും. അതിന് മുന്‍പ് കുറേ പയ്യന്‍മാര്‍ ഹോട്ടലില്‍ വച്ച് എന്നെ കണ്ടപ്പോള്‍ സല്യൂട്ടടിക്കുന്നു, കാലില്‍ തൊടുന്നു.

Actress Ponnamma Babu Interview

ഞാന്‍ ചോദിച്ചു എന്താ മക്കളേ?? ചേച്ചി ചെയ്തത് വളരെ വലിയൊരു കാര്യമാണ്. ചേച്ചി പറഞ്ഞ വാക്കിനാണ് ഞങ്ങള്‍ സല്യൂട്ടടിച്ചത്. ചേച്ചി ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇന്‍സ്പിരേഷനാണെ ന്നുംം അവര്‍ പറഞ്ഞു. എന്റെ ഫോണിലേക്ക് മക്കള്‍ വിളിച്ചു. മമ്മീ മമ്മിയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്താ ഇത്...

എന്നെ വിളിച്ചവരോട് ഞാന്‍ പറഞ്ഞു. ഇതെന്റെ പേഴ്സണല്‍ കാര്യമാണ് വാര്‍ത്തയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. സേതുലക്ഷ്മി ചേച്ചി പറഞ്ഞെങ്കില്‍ പറയട്ടെ, വീണ്ടും വളച്ചൊടിച്ച് വാര്‍ത്തകള്‍ വന്നു. ചേച്ചിയെ വിളിച്ച് വാര്‍ത്ത കൊടുത്തു. ഞാന്‍ പ്രശസ്തിക്കാണ് ചെയ്തതെന്ന് പറഞ്ഞു. ഞാന്‍ എല്ലാത്തിനേയും പോസിറ്റീവായി കണ്ടു. എനിക്കാരോടും പിണക്കമില്ല.

കാലം എല്ലാം തെളിയിക്കും. കുട്ടന് കിഡ്ണി കൊടുക്കാന്‍ ആരൊക്കെയോ വന്നിട്ടുണ്ട്. അവന്‍ രക്ഷപെടണമെന്ന ആഗ്രഹമേയുള്ളൂ. തമാശയ്ക്ക് പോലും നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ സ്വന്തം വിരലിന്റെ അറ്റം ആര്‍ക്കെങ്കിലും മുറിച്ചുകൊടുക്കാമെന്ന്. പറ്റില്ല. അങ്ങനെ എനിക്കത് പറയാന്‍ പറ്റണമെങ്കില്‍ എത്രത്തോളം എന്റെ മനസില്‍ തട്ടിയിട്ടാണെന്നറിയാമോ.

പുതിയ ചിത്രങ്ങള്‍?


ചില്‍ഡ്രണ്‍സ് പാര്‍ക്ക,് ഫാന്‍സിഡ്രസ്, യമണ്ടന്‍ പ്രേമകഥ, നട്ടുച്ചയ്ക്ക് കൂരാക്കൂരിരുട്ട്, 15 വര്‍ഷത്തിന് ശേഷം അരയന്നങ്ങളുടെ വീടെന്ന സീരിയല്‍ ചെയ്യുന്നുണ്ട്. പിന്നെ പൊന്‍തിളക്കം എന്ന പേരില്‍ ഞാന്‍ ഒരു ഷോ ചെയ്യുന്നുണ്ട്. സ്ത്രീകളെ മാത്രം സംഘടിപ്പിച്ചുകൊണ്ട്.

കുടുംബം?


ഞാനും ബാബു ചേട്ടനും മൂന്ന് മക്കളും ഇപ്പോള്‍ പേരക്കുട്ടികളും അതാണ് ഞങ്ങളുടെ കുടുംബം. മൂത്ത മകള്‍ ദീപ്തി, ഭര്‍ത്താവ് ജയിംസ്. അവര്‍ക്ക് മൂന്ന് മക്കളാണ് അമാന്റ, അലീഷ, ജെയ്ക്ക്. രണ്ടാമത്തേത് മകനാണ് മാത്യൂ ഡാനിയേല്‍, അവന്‍ യു. കെ യിലാണ്. ഇളയവള്‍ പിങ്കി. ഭര്‍ത്താവ് റോബിന്‍, അവര്‍ ഓസ്ട്രേലിയയിലാണ്. പിങ്കി രണ്ട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബാബു ചേട്ടനാണ് ഞങ്ങളുടെ കുടുംബത്തിലെ അവാര്‍ഡ് ജേതാവ്. 2000ല്‍ നാടക രചനയ്ക്കുള്ള സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചു...

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW