Sunday, August 18, 2019 Last Updated 55 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 08.53 AM

'നീ ഞങ്ങളെ ഒരിക്കലും വിട്ടുപോകില്ല ഓമനക്കുരുന്നേ, എന്നും ഞങ്ങള്‍ക്കൊപ്പം ജീവിക്കും'; അജ്മാനിലെ മലയാളി വിദ്യാര്‍ത്ഥിയുടെ വിയോഗത്തില്‍ അധ്യാപകന്റെ വികാര നിര്‍ഭരമായ കുറിപ്പ്

student death

ഷാര്‍ജ: അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജെംസിന്‍ സാറാ ജോണിന്റെ വിയോഗത്തില്‍ അധ്യാപകന്റെ വികാര നിര്‍ഭരമായ അനുസ്മരണക്കുറിപ്പാണ് ഏവരെയും കണ്ണീരിലാഴ്ത്തുന്നത്. സ്‌കൂളിലെ മലയാളം അധ്യാപകനും കവിയുമായ മുരളി മംഗലത്താണ് തന്റെ പ്രിയ ശിഷ്യയുടെ അകാല മരണത്തില്‍ ഹൃദയഭേദകമായ കുറിപ്പ് എഴുതിയിരിക്കുന്നത്.

മുരളി മംഗലത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌;

അല്‍ അമീറില്‍ ഇന്ന് ആകെ മൂടിക്കെട്ടിയ ദിനമാണ്. പബ്ലിക് സ്പീക്കിങ് സിസ്റ്റത്തിലൂടെ പ്രിന്‍സിപ്പല്‍ എസ് .ജെ .ജേക്കബിന്റെ അനൗണ്‍സ്മെന്റ് വന്നത് വിതുമ്പിക്കൊണ്ടാണ്. രോഗത്തെ നിസ്സാരമായിത്തള്ളി ഒരു വിദ്യാലയത്തെ മുഴുവന്‍ പ്രചോദിപ്പിച്ച, വാക്കുകള്‍ കൊണ്ട് വിസ്മയിപ്പിച്ച ജെംസിന്‍ സാറാ ജോണ്‍ ഇന്ന്(15 മേയ് 2019) രാവിലെ 6.18ന് നിശ്ശബ്ദയായി. കഴിഞ്ഞ ആഴ്ച്ച വരെ പരസഹായത്തോടെയാണ് വന്നിരുന്നതെങ്കിലും കാണുന്നവരെയൊക്കെ തന്റെ മാന്ത്രികശബ്ദത്തില്‍ പിടിച്ചുനിര്‍ത്തിയിരുന്ന ഒരു കൊച്ചുമിടുക്കിയെയാണ് അല്‍ അമീര്‍ സ്‌കൂളിന് നഷ്ടമായത്. നിശ്ശബ്ദ പ്രാര്‍ഥനയിലൂടെ ഒരു നിമിഷം ആ മാലാഖക്കുഞ്ഞിന്റെ ആത്മശാന്തിക്കായി അല്‍ അമീര്‍ മുഴുവനും ഒറ്റ ഹൃദയമായി പ്രാര്‍ത്ഥിച്ചു.

തൃശൂര്‍ പാണഞ്ചേരി ജോണ്‍ വര്‍ഗീസിന്റെയും സൈറ പോളിന്റെയും മൂന്നാമത്തെ മകളാണ് ജെംസിന്‍ സാറാ ജോണ്‍. അജ്മാനില്‍ ജോലി ചെയ്യുന്ന ജെസിന്‍ സാറാ ജോണ്‍,നാട്ടില്‍ കാര്‍ഡിയാക് എയര്‍ ടെക്‌നോളജിക്ക് കോഴ്‌സ് ചെയ്യുന്ന ജെറിന്‍ സാറാ ജോണ്‍,അല്‍ അമീര്‍ സ്‌കൂളില്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ജെസ്റ്റീന സാറാ ജോണ്‍ എന്നിവര്‍ സഹോദരിമാരാണ്. അജ്മാന്‍ അല്‍ ബുസ്താനിലാണ് താമസിച്ചിരുന്നത്.

അല്‍ അമീറില്‍ 5-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കു വന്നിരുന്ന തലവേദനയായിരുന്നു തുടക്കം. പിന്നീടാണ് ജെംസിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. നാട്ടില്‍ത്തന്നെയാണ് ചികിത്സ നടത്തിയിരുന്നത്. വിജയകരമായി ശസ്തക്രിയയും കഴിഞ്ഞ വര്‍ഷം നടത്തി. 7-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടര്‍ ചികിത്സയ്ക്കായി പലപ്പോഴും നാട്ടില്‍ പോകേണ്ടിവന്നിരുന്നു. ഈ വര്‍ഷം വളരെ ഉത്സാഹത്തോടെയാണ് ജെംസിന്‍ ക്ളാസ്സില്‍ വന്നുതുടങ്ങിയത്. സ്‌കൂള്‍ മുഴുവനും സന്തോഷിച്ചു. തന്നെ കാര്‍ന്നുതിന്നിരുന്ന മാരകരോഗത്തില്‍നിന്ന് അവള്‍ പരിപൂര്‍ണ്ണമായും രക്ഷപ്പെട്ടു എന്നുതന്നെ ഓരോരുത്തരും ആശ്വസിച്ചു.

പക്ഷേ, എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞത് രണ്ടുമൂന്നു ദിവസം മുന്‍പാണ്. തലച്ചോറിനെ ബാധിച്ചിട്ടുള്ള രോഗമായതിനാല്‍ ഇടയ്ക്ക് ഫിറ്റ്‌സിനെയും അവള്‍ക്കു നേരിടേണ്ടിയിരുന്നു. അത്തരം ഒരാക്രമണത്തില്‍ അവളാകെ കുഴഞ്ഞുപോയി. വളരെ പെട്ടെന്നുതന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു. ഞങ്ങളുടെ സ്‌നേഹക്കുരുന്ന് വെന്റിലേറ്ററില്‍ ആണെന്ന പീഡാത്മകമായ വാര്‍ത്ത ജേക്കബ് സാര്‍ പങ്കുവച്ചു. തങ്ങള്‍ വിശ്വസിക്കുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ജാതിമതഭേദമെന്യേ ഓരോ ടീച്ചറും പ്രാര്‍ഥനയില്‍ മുഴുകി. ഉള്ളു പിടഞ്ഞാണ് ഓരോരുത്തരും സന്ദേശങ്ങള്‍ അയച്ചത്. ജെംസിനെ പഠിപ്പിച്ചവരും അല്ലാത്തവരും ഒക്കെ ആ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ഒരിക്കലെങ്കിലും ആ മോളെ കണ്ടിട്ടുള്ളവര്‍ക്ക് അവളെ മറക്കാന്‍ കഴിയുമായിരുന്നില്ല.

നാട്ടിലെ ചികിത്സ കഴിഞ്ഞു വരുന്ന ഓരോ അവസരത്തിലും ജെംസിന്‍ തന്റെ അനുഭവങ്ങള്‍ കൂട്ടുകാരും ടീച്ചര്‍മാരുമായും പങ്കിട്ടിരുന്നു. പ്രത്യേകിച്ച് ഞായറാഴ്ച ദിവസങ്ങളില്‍ ഫസ്റ്റ് പീരിയഡ് അല്‍ അമീറില്‍ കുട്ടികള്‍ക്ക് പബ്ലിക് സ്പീക്കിങ്ങില്‍ പരിശീലനം നല്‍കുന്ന ദിവസമാണ്. അന്ന് സൂപ്പര്‍വൈസര്‍ സുജാത പ്രകാശും മറ്റു ടീച്ചര്‍മാരും ജെംസിന്റെ ക്ലാസ്സ് റൂം തേടിയെത്തും. തന്റെ രോഗാവസ്ഥയെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും അവള്‍ ഓരോ കൂട്ടുകാരിയേയും ഭാവിയെക്കുറിച്ചു സ്വപ്നം കാണാന്‍ പ്രേരണ നല്‍കും വിധമാകും സംസാരിക്കുക. പോസിറ്റിവ് എനര്‍ജി ക്ലാസ്സില്‍ മുഴുവന്‍ ഓജസ്സോടെ പ്രസരിപ്പിക്കും.ഒപ്പം താന്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന ഔന്നത്യങ്ങളെക്കുറിച്ചും വാചാലയാകും.

ഇന്നു രാവിലെ ജെംസിന്റെ ക്ലാസ്സില്‍ എത്തിയപ്പോള്‍ എനിക്കും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ഓരോ കൂട്ടുകാരിയും കനത്ത മുഖവുമായി കുനിഞ്ഞിരിക്കുന്നു.ക്ലാസ്സ് ടീച്ചര്‍ മിസ്സിസ് സുജ രഞ്ജിത്തിനു മിണ്ടാനേ കഴിയുന്നില്ല. മിസ്സിസ് സുജാത പ്രകാശ് വിങ്ങിപ്പൊട്ടി നിന്നിരുന്നതിനാല്‍ ഒന്നും പറയാനാവാതെ ഒന്നു നോക്കുക മാത്രം ചെയ്തു. രാവിലെ സ്റ്റാഫ് റൂമില്‍ വന്നുകയറുമ്പോള്‍ മിസ്സിസ് സജീന സുനില്‍ നിരന്തരം കണ്ണു തുടയ്ക്കുന്നത് ഞാന്‍ കണ്ടതാണ്. സൂപ്പര്‍വൈസര്‍മാരായ മിസ്സിസ് ബീനയും മിസ്സിസ് റഫാത്തും മിസ്സിസ് ഗീത നാരായണനും മിസ്സിസ് ഷര്‍മിള ഉണ്ണികൃഷ്ണനും വിതുമ്പുന്ന മിഴികളുമായി എന്നെ കടന്നുപോയി. കരിക്കുലം ഹെഡ് മിസ്സിസ് ലത വാരിയര്‍ ആകെ വിഷമിച്ചു നീങ്ങിയിരുന്നു. അക്കാദമിക് കോ ഓഡിനേറ്റര്‍ സൈഫുദീന്‍ ഹംസ പിടി തരാതെ മാറി നടന്നു. വൈസ് പ്രിന്‍സിപ്പല്‍ നൗഷാദ് ഷംസുദ്ദീന്‍ ഗൗരവത്തിന്റെ മുഖം മൂടിയില്‍ തന്റെ നോവ് മറച്ചു.

അല്‍ അമീര്‍ മുഴുവന്‍ ഇന്നു കരയുകയായിരുന്നു. പഴയ ക്ലാസ് ടീച്ചര്‍ മിസ്സിസ് നിമ്മിയും ഇംഗ്ലീഷ് ടീച്ചര്‍ സിമി ഏര്‍ണെസ്റ്റും കരഞ്ഞുകൊണ്ടുതന്നെ വാതോരാതെ ജെംസിനെക്കുറിച്ചു വിലപിച്ചുകൊണ്ടിരുന്നു.അല്‍ അമീറിലെ ഓരോ മണല്‍ത്തരിയും വിങ്ങുകയാണ്.ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് വെറും ഒരു വിദ്യാര്‍ത്ഥിനിയെ അല്ല. രോഗത്തിന്റെ മുള്‍മുനകളിലൂടെ വേച്ചുവേച്ചു നീങ്ങുമ്പോഴും നിരന്തരം ഊര്‍ജം പകര്‍ന്നുകൊണ്ടിരുന്ന ഒരു വിസ്മയഹാസമാണ്. പേരുപോലെത്തന്നെ ഒരു ജെം. നീ ഞങ്ങളെ ഒരിക്കലും വിട്ടുപോകില്ല ഓമനക്കുരുന്നേ. എന്നും ഞങ്ങള്‍ക്കൊപ്പം നീ ജീവിക്കും.

Ads by Google
Thursday 16 May 2019 08.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW