Friday, August 23, 2019 Last Updated 33 Min 33 Sec ago English Edition
Todays E paper
Ads by Google
ബിനു ജോര്‍ജ്
Thursday 16 May 2019 07.45 AM

രാജ്യത്തെ വി.ഐ.പി. മണ്ഡലങ്ങളുടെ പട്ടികയിലേക്കു വയനാട്ടുകാര്‍ ; രാഹുലിന്റെ ഭൂരിപക്ഷം എത്ര?, രണ്ടാമതാര്?, ചിത്രം ഇത്രമാത്രം

uploads/news/2019/05/308558/rahulgandhi.jpg

വാരാണസി, അമേഠി, റായ്ബറേലി, ഗാന്ധിനഗര്‍...രാജ്യത്തെ വി.ഐ.പി. മണ്ഡലങ്ങളുടെ പട്ടികയിലേക്കു സ്ഥാനക്കയറ്റം കിട്ടിയതിന്റെ പത്രാസിലാണു ഫലമറിയുന്നതിനു തൊട്ടുമുമ്പും വയനാട്ടുകാര്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടു പോസിറ്റീവായും ബി.ജെ.പി. നേതൃത്വത്തിന്റെ കടന്നാക്രമണം കൊണ്ടു നെഗറ്റീവായും ലഭിച്ച പബ്ലിസിറ്റി വയനാടിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി. ജയമുറപ്പാണെങ്കിലും രാഹുലിന്റെ ഭൂരിപക്ഷമെത്ര, ജയിച്ചാല്‍ വയനാടിനെ വിട്ട് അമേഠിയിലേക്കു പോകുമോ തുടങ്ങിയ ചോദ്യങ്ങളാണു തെരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തില്‍ സജീവചര്‍ച്ച. രാഹുലിന്റെ ഭൂരിപക്ഷം എത്ര കുറയ്ക്കുന്നോ അത്ര താരത്തിളക്കം രണ്ടാം സ്ഥാനത്തെത്തുന്ന സ്ഥാനാര്‍ഥിക്കും അവകാശപ്പെടാം.

അവകാശവാദങ്ങള്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് അഞ്ചുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നു യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി.പി.എ. കരീം അവകാശപ്പെടുന്നു. പോളിങ് ശതമാനം ഉയര്‍ന്നതു റെക്കോഡ് ഭൂരിപക്ഷമാണു സൂചിപ്പിക്കുന്നത്. കന്നി വോട്ടര്‍മാരും സ്ത്രീകളും ചെറുപ്പക്കാരും കൂട്ടത്തോടെ രാഹുലിനു വോട്ട് ചെയ്‌തെന്നും യു.ഡി.എഫ്. അവകാശപ്പെടുന്നു.

വയനാട്ടില്‍ എല്‍.ഡി.എഫും അവകാശവാദം കുറയ്ക്കുന്നില്ല. രാഹുലിനെതിരേ പി.പി. സുനീര്‍ കാല്‍ലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്നു സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര കട്ടായം പറയുന്നു. ജയം അവകാശപ്പെടുമ്പോഴും പോളിങ് ശതമാനം ഉയരാന്‍ കാരണം രാഹുലാണെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനു തര്‍ക്കമില്ല. എന്നാല്‍, രാഹുല്‍ വന്നതോടെ എല്‍.ഡി.എഫ്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചെന്നും വിജയന്‍ ചൂണ്ടിക്കാട്ടി.

എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി അട്ടിമറിവിജയം നേടുമെന്നാണു ചീഫ് ഇലക്ഷന്‍ ഏജന്റ് സിനില്‍ മുണ്ടപ്പള്ളിയുടെ അഭിപ്രായം. പോളിങ് ശതമാനം ഉയര്‍ന്നതില്‍ എന്‍.ഡി.എയും പ്രതീക്ഷയര്‍പ്പിക്കുന്നു. മോഡി സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും സംസ്ഥാനസര്‍ക്കാരിന്റെ ജനദ്രോഹനടപടികളുമാണ് എന്‍.ഡി.എ. പ്രചരണായുധമാക്കിയത്. തുഷാര്‍ വെള്ളാപ്പള്ളി ജയിച്ചാല്‍ വയനാടിനു കേന്ദ്രമന്ത്രി എന്ന മോഹനവാഗ്ദാനവും എന്‍.ഡി.എ. തുറുപ്പുചീട്ടാക്കി.

വോട്ടില്‍ കണ്ടത്

വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ വയനാട്ടില്‍ ആദ്യവെടി പൊട്ടിച്ചതു ബി.ഡി.ജെ.എസാണ്; അതും വല്യേട്ടനായ ബി.ജെ.പിക്കെതിരേ. തുഷാറിന്റെ പ്രചാരണത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ സജീവമായില്ലെന്നായിരുന്നു ബി.ഡി.ജെ.എസ്. വയനാട് ജില്ലാ പ്രസിഡന്റ് എന്‍.കെ. ഷാജിയുടെ ആരോപണം. അതിനോടു ബി.ജെ.പി. ജില്ലാഘടകം പ്രതികരിച്ചിട്ടില്ല. ബി.ജെ.പി. ദേശീയ, സംസ്ഥാനനേതാക്കളുടെ അസാന്നിധ്യം പ്രചാരണത്തെ ബാധിച്ചെന്നും ഷാജി ആരോപിച്ചു.

കരട് വോട്ടര്‍ പട്ടികയിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌െസെറ്റിലും പേരുണ്ടായിട്ടും അന്തിമപട്ടികയില്‍നിന്ന് അകാരണമായി വോട്ടര്‍മാരെ നീക്കം ചെയ്‌തെന്നു യു.ഡി.എഫ്. ആരോപിക്കുന്നു. ഭരണകക്ഷിയുടെ സമ്മര്‍ദപ്രകാരം ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജകമണ്ഡലങ്ങളില്‍ വ്യാപകമായി വോട്ടര്‍ പട്ടിക ക്രമക്കേട് നടന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണു യു.ഡി.എഫ്.

അടിയൊഴുക്കുകള്‍

അവകാശവാദങ്ങള്‍ എന്തായാലും വയനാട്ടില്‍ രാഹുല്‍ ഗാന്ധി മൂന്നുലക്ഷം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം നേടുമെന്നു മൂന്നുമുന്നണികളും കണക്കുകൂട്ടുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്ത്രീകളുടെയും യുവാക്കളുടെയും വോട്ട് രാഹുലിനു ലഭിച്ചെന്ന് എതിരാളികളും രഹസ്യമായി സമ്മതിക്കുന്നു.

ഉണര്‍ന്നു പ്രവര്‍ത്തിച്ച എല്‍.ഡി.എഫിനു രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാനായില്ലെങ്കില്‍ ക്ഷീണമാകും. ബി.ജെ.പി. പ്രചാരണത്തില്‍ സജീവമായില്ലെന്ന ബി.ഡി.ജെ.സിന്റെ ആരോപണം ഫലം വന്നശേഷം എന്‍.ഡി.എയില്‍ എന്തു ചലനമുണ്ടാക്കുമെന്നും കാത്തിരുന്നു കാണണം. തുഷാര്‍ രണ്ടാംസ്ഥാനത്തെത്തിയാല്‍ അതു ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും ദേശീയതലത്തില്‍ നേട്ടമാകും.

Ads by Google
ബിനു ജോര്‍ജ്
Thursday 16 May 2019 07.45 AM
Ads by Google
Loading...
TRENDING NOW