Sunday, August 18, 2019 Last Updated 54 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 11.41 AM

ചന്ദ്രദശയിലെ മന്ദാപഹാരഫലം -1 വര്‍ഷം 7 മാസം

പൊതുവില്‍ ശനിയുടെ അപഹാരം തുടങ്ങിയാല്‍ ആദ്യം ക്ലേശഫലങ്ങള്‍ അനുഭവിക്കും. പിന്നീട് കുറച്ചുനാള്‍ നല്ല ഫലങ്ങളായിരിക്കും. ഒടുവില്‍ വീണ്ടും ക്ലേശാനുഭവങ്ങള്‍ വരും.
uploads/news/2019/05/307183/joythi100519.jpg

ചന്ദ്രദശാകാലം തുടങ്ങി 4 വര്‍ഷം 3 മാസം 00 ദിവസവും കഴിഞ്ഞശേഷം വരുന്ന 1 വര്‍ഷവും 7 മാസക്കാലവുമുള്ള സമയമാണ് ശനിയുടെ അപഹാരകാലഘട്ടം. പൊതുവേ പാപഗ്രഹമായ ശനിയുടെ ദശാകാലം വിഷമതകള്‍ നിറഞ്ഞ സമയമായിരിക്കും. കൂടാതെ ശനിക്ക് ചന്ദ്രന്‍ ശത്രുവാണ് അതിനാല്‍ ദോഷസാധ്യത കൂടുതലുമാണ്.

ജാതകപ്രകാരം ശനി യോഗകാരകനോ, ഉച്ചസ്ഥനോ, സ്വക്ഷേത്രാധിപനോ ആയി കേന്ദ്ര- ത്രികോണ രാശികളില്‍ അനുകൂലസ്ഥനായാണ് നില്‍ക്കുന്നതെങ്കില്‍ ആ ശനിയുടെ അപഹാരാകലഘട്ടം ഗുണകരമാണെന്ന് അനുമാനിക്കാം. കോടതി വ്യവഹാരങ്ങളില്‍ വിജയം വസ്തു തര്‍ക്കങ്ങളിലും കലഹങ്ങളിലും വിജയം, കടബാധ്യതകളില്‍ നിന്നും മോചനം, ഭൃത്യജനാദികളുടെ വര്‍ദ്ധനവ് എന്നിവ പ്രതീക്ഷിക്കാം.

ഈ പറഞ്ഞതിന് വിപരീതമായി ശനി 6-8-12 എന്നീ അനിഷ്ട ഭാവങ്ങളിലോ, ശത്രു ക്ഷേത്രത്തിലോ, നീചത്തിലോ ആണെങ്കില്‍ വലുതായ വിഷമമാകും ഫലം. ഉന്നത വ്യക്തികളില്‍നിന്നും കോപം, കാരാഗൃഹവാസം, അപമാനം, ഞരമ്പു സംബന്ധമായ രോഗം തുടങ്ങി നിരവധി ക്ലേശങ്ങള്‍ അനുഭവമാകും.

ചന്ദ്രദശയിലെ ശനിഭൂക്തിഫലം

നൈകരോഗകദനം സുഹൃല്‍സുത-
സ്ത്രീരുജാ വ്യസനമാതൃപീഡനം
പ്രാണഹാനിരഥവാ ഭവേച്ഛനൗ
മാരബന്ധു വയസോ ന്തരം ഗതേ.

സാരം: - ചന്ദ്രദശയിലെ ശനിയുടെ അപഹാരകാലത്തില്‍ അനേകതരത്തിലുള്ള രോഗങ്ങളെ കൊണ്ടുള്ള ദുഃഖവും, ബന്ധുക്കള്‍ക്കും ഭാര്യാസന്താനാദികള്‍ക്കും മാതാവിനും, രോഗാദി വിഷമതകളും, മരണ സമാനമായ വിഷമതയും ഫലമാണ്. ദോഷനിവൃത്തിക്കായി ഇക്കാലയളവില്‍ മൃത്യുഞ്ജയമന്ത്രം ജപിക്കുന്നത് നല്ലതാണ്.

പൊതുവില്‍ ശനിയുടെ അപഹാരം തുടങ്ങിയാല്‍ ആദ്യം ക്ലേശഫലങ്ങള്‍ അനുഭവിക്കും. പിന്നീട് കുറച്ചുനാള്‍ നല്ല ഫലങ്ങളായിരിക്കും. ഒടുവില്‍ വീണ്ടും ക്ലേശാനുഭവങ്ങള്‍ വരും.ദശാനാഥനായ ചന്ദ്രനില്‍ നിന്നും അനിഷ്ടസ്ഥാനത്തില്‍ നിന്നാലും ആ ശനിദോഷ ഫലങ്ങളെ പ്രദാനം ചെയ്യുന്നതാണ്.

ജാതകത്തില്‍ ശനി നീചരാശിയായ മേടത്തിലാണെങ്കില്‍ മാതൃപിതൃ വിയോഗ ദുഃഖവും അലച്ചിലും ദീനതയും വിഷമരോഗങ്ങളും ബന്ധനവും ഫലമാണ്.
ജാതകത്തില്‍ ശനി ദുര്‍ബ്ബലനാണെങ്കില്‍ ഇക്കാലയളവില്‍ ശരീരത്തിന് ബലക്കുറവും ഏകാന്തവാസ തല്‍പരതയും ഉറക്കമില്ലായ്മയും ഉണ്ടാകും. രോഗങ്ങള്‍ സാവധാനത്തിലേ സുഖപ്പെടുകയുള്ളൂ.

പരിഹാര കര്‍മ്മങ്ങള്‍


ഈ കാലഘട്ടത്തില്‍ ചന്ദ്രനേയും ശനിയേയും പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. ചന്ദ്രപ്രീതിക്കായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ മുന്‍ ലക്കത്തില്‍ എഴുതിയിരുന്നു. ഈ ലക്കം ശനി പ്രീതിക്കായി അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ മനസ്സിലാക്കാം.

വ്രതം


ശനിദോഷശാന്തിക്കായി ശനിയാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അന്നേദിവസം അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്.

വസ്ത്രം


ശനിപ്രീതിക്കായി കറുത്ത നിറമോ, കടുംനീലനിറമോ ഉളള വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. ശനിയാഴ്ച ദിവസങ്ങളില്‍ ഈ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൂടുതല്‍ ഗുണകരമാണ്.

പുഷ്പം


ശനിപ്രീതിക്കായി ചൂടേണ്ട പുഷ്പങ്ങള്‍ നീലചെമ്പരത്തി, നീല ശംഖു പുഷ്പം, നീലത്താമര തുടങ്ങിയ പുഷ്പങ്ങളാണ്.

അനിഷ്ടസ്ഥാന സഞ്ജാത
ദോഷശാന്തികരം സുമം
സന്ദധേ ശിരസാ തേന
സൂര്യപുത്ര പ്രസീദതു.
എന്ന മന്ത്രം ജപിച്ചുകൊണ്ട് ഈ പുഷ്പങ്ങള്‍ ചൂടാവുന്നതാണ്.

രത്‌നം


ശനിപ്രീതിക്കായി ധരിക്കേണ്ട രക്തം ഇന്ദ്രനീലം ആണ്. ദൃഷ്ടിദോഷങ്ങള്‍, ദാരിദ്ര്യദുഃഖം, അകാല വാര്‍ദ്ധക്യം തുടങ്ങിയ വിഷമതകള്‍ ഇല്ലാതാക്കി സര്‍വ്വകാര്യവിജയം സാധ്യമാക്കുന്ന രത്‌നമാണ് ഇന്ദ്രനീലം. പക്ഷേ, ജാതകവശാല്‍ പ്രസ്തുത രത്‌നം ജാതകന് അനുകൂലമല്ലെങ്കില്‍ അത് വിപരീതഫലം നല്‍കുന്നതാണ്. ആയതിനാല്‍ രത്‌നധാരണ ജാതകചിന്തന ചെയ്തതിന് ശേഷം മാത്രമേ പാടുള്ളൂ.

യന്ത്രം


ശനിപ്രീതിക്കായി ധരിക്കാവുന്ന പ്രധാനയന്ത്രം ശനി യന്ത്രമാണ്. വിധിപ്രകാരം ശനിയന്ത്രമെഴുതി ധരിക്കുന്നയാള്‍ക്ക് ശനിപീഡകള്‍ ഒഴിഞ്ഞ് ഐശ്വര്യം കൈവരുന്നതാണ്. ശനിയുടെ അധിദേവനായ ശാസ്താവിന്റെ യന്ത്രവും ഉത്തമമാണ്. കൂടാതെ അഘോരം, പാശുപതം തുടങ്ങിയ ശൈവയന്ത്രങ്ങളും ധരിക്കാവുന്നതാണ്. ഏതു യന്ത്രമാണ് ധരിക്കേണ്ടത് എന്നതിന് ജാതകചിന്തന അന്യാവശ്യമാണ്.

ദോഷപരിഹാരാര്‍ത്ഥം ജപിക്കേണ്ട മന്ത്രങ്ങള്‍


നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം.

ശനിഗായത്രി


ഓം സൂര്യപുത്രായ വിദ്മഹെ
ശനൈശ്ചരായ ധീമഹി
തന്നോ മന്ദഃ പ്രചോദയാല്‍

പ്രാര്‍ത്ഥനാമന്ത്രം


സൂര്യപുത്രോ ദീര്‍ഘദേഹോ
വിശാലാക്ഷഃ ശിവപ്രിയഃ
മന്ദചാരഃ പ്രസന്നാത്മാ
പീഡാം നരതു മേ ശനിഃ

ഈ മന്ത്രങ്ങള്‍ നിത്യവും കാലത്ത് കുളി കഴിഞ്ഞശേഷം ഭക്തിപൂര്‍വ്വം ജപിക്കാവുന്നതാണ്.

( തുടരും.. ചന്ദ്രദശയിലെ ബുധാപഹാരഫലം )

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW