Tuesday, August 20, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 03.32 PM

നല്ല ജീവിതം, പ്രേമിച്ച പെണ്‍കുട്ടി... സിനിമ തന്ന സൗഭാഗ്യങ്ങള്‍ അപ്പാനി ശരത്ത്

''അങ്കമാലി ഡയറീസിലൂടെ മലയാളത്തിന് ലഭിച്ച അഭിനേതാവ്, അപ്പാനി ശരത്. ആദ്യ ചിത്രത്തിന്റെ കഥാപാത്രത്തെ സ്വന്തം പേരിനോട് കൂട്ടിച്ചേ ര്‍ത്ത് ശരത് യാത്ര തുടരുന്നു. ''
uploads/news/2019/05/306719/AppaniSarath080519a.jpg

മെല്ലെ ചൂളംവിളിച്ച് തുടങ്ങി ദൂരങ്ങള്‍ പിന്നിടുമ്പോള്‍ അതിവേഗം കുതിച്ചുപായുന്ന തീവണ്ടി പോലെയാണ് അപ്പാനി ശരത്തിന്റെ ജീവിതം. അങ്കമാലിയില്‍ തുടങ്ങി തമിഴ്നാട്ടിലെത്തി നില്‍ക്കുന്ന ശരത്തിന്റെ സിനിമാ യാത്രകളില്‍ നാഴികക്കല്ലായത് അങ്കമാലി ഡയറീസ് എന്ന ചിത്രമാണ്.

പിന്നീടങ്ങോട്ട് പ്രഗദ്ഭരായ സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കുമൊപ്പമാണ് ശരത്തിന്റെ യാത്രകള്‍. കുട്ടിക്കാലം മുതല്‍ നാടകത്തട്ടില്‍ കാലുറപ്പിച്ച് വളര്‍ന്ന ഈ കലാകാരന്‍ സിനിമയിലെ തിരക്കുകള്‍ക്കിടയിലും വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നു. സിനിമ നല്‍കിയ സൗഭാഗ്യങ്ങളെക്കുറിച്ചും പുതിയ സ്വപ്നങ്ങളെക്കുറിച്ചും ശരത്.

ഇരട്ടി മധുരം


ഏപ്രില്‍ എല്ലാവര്‍ക്കും വിഷുക്കാലമാണെങ്കില്‍ എനിക്കതെന്റെ ജന്മമാസം കൂടിയാണ്. ഏപ്രില്‍ പതിനഞ്ചിനാണ് എന്റെ ജന്മദിനം. വിഷുവും പിറന്നാളും ഒരേ ദിവസം ആഘോഷിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. ഇത്തവണ വിഷു വളരെ സ്പെഷ്യലാണ്, മകള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന ശേഷമുള്ള ആദ്യ വിഷു. ഇത്തവണ മോളെ കണി കാണിച്ച് അവള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കണം. കുടുംബത്തിനൊപ്പം തിരുവനന്തപുരം അരുവിക്കരയിലെ വീട്ടിലാണ് വിഷുവും പിറന്നാളുമൊക്കെ ആഘോഷിക്കുന്നത്.

കുട്ടിക്കാലത്തൊക്കെ വിഷു വലിയൊരു ആഘോഷമായിരുന്നു. കണിവയ്ക്കാനുള്ളതൊക്കെ വീടിന്റെ പരിസരത്തുനിന്ന് കിട്ടും. തലേ ദിവസം രാത്രി തന്നെ കണയൊരുക്കി വച്ചിരിക്കും. വിഷുവിന് രാവിലെ കണി കണ്ട് അമ്പലത്തില്‍പ്പോയി വന്നശേഷം കൂട്ടുകാര്‍ക്കൊപ്പമൊന്ന് കറങ്ങും.

അപ്പോഴായിരിക്കും കരിയിലമാടന്റെ വരവ്. ഉണങ്ങിയ വാഴയിലകള്‍ ദേഹത്ത് ചുറ്റി കവുങ്ങിന്റെ പാളകൊണ്ടുള്ള മുഖംമൂടിയണിഞ്ഞ് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് കരിയില മാടന്റെ വരവ്. കുട്ടികളാണ് ആ സംഘത്തിലുണ്ടാവുക.

അവര്‍ക്കും ചെറിയ കൈ നീട്ടമൊക്കെ നല്‍കും. മുമ്പ് എല്ലാ വര്‍ഷവും അമ്മാമ(അമ്മയുടെ അമ്മ)യാണ് എനിക്കാദ്യം കൈനീട്ടം തന്നിരുന്നത്. ഓണസദ്യയുടെയത്ര വിഭവങ്ങളില്ലെങ്കിലും ചെറിയൊരു സദ്യവട്ടമൊക്കെ ഒരുക്കിയിട്ടുണ്ടാവും. എല്ലാവരും സന്തോഷത്തോടെ ഒരുമിച്ചിരുന്ന് കഴിക്കുന്ന ആ സദ്യയുടെ രുചി ഇപ്പോഴും നാവിലുണ്ട്.

ഈ വിഷുവിന്റെ സന്തോഷങ്ങളിലൊന്ന് സച്ചിന്‍ എന്ന ചിത്രമാണ്. ടോവിനോ നായകനായ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രവും ഓട്ടോ ശങ്കര്‍ എന്ന വെബ്സീരീസും ഏപ്രില്‍ അവസാനത്തോടെ റിലീസ് ചെയ്യും.

uploads/news/2019/05/306719/AppaniSarath080519.jpg

അപ്പാനിയെന്ന ഞാന്‍


ആദ്യമായി ചെയ്ത സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ ഇപ്പോഴും അറിയപ്പെടുക എന്നത് ഓസ്‌കാര്‍ അവാര്‍ഡിന് തുല്യമാണ്. പ്രേക്ഷകരുടെ അംഗീകാരമാണത്. അതുകൊണ്ടുതന്നെയാണ് അങ്കമാലി ഡയറീസിലെ അപ്പാനി രവിയെന്ന കഥാപാത്രത്തിന്‍ നിന്ന് അപ്പാനി ചേര്‍ത്ത് പേര് അപ്പാനി ശരത് എന്നാക്കിയത്. അങ്കമാലി ഡയറീസ് ചെയ്തില്ലായിരുന്നെങ്കില്‍ വേദികളില്‍ നാടകങ്ങളൊക്കെ അവതരിപ്പിച്ച് ഞാന്‍ ജീവിച്ചേനെ.

ജിമിക്കി കമ്മല്‍


ലാലേട്ടന്റെ വലിയൊരു ആരാധകനാണ് ഞാന്‍. ഒപ്പം ലാല്‍ ജോസ് സാറിന്റെ സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന ആളുമാണ്. രണ്ടാമത്തെ സിനിമയില്‍ തന്നെ അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതെന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്.

ഞാനാദ്യമായി പാടി അഭിനയിച്ചത് വെളിപാടിന്റെ പുസ്തകത്തിലാണ്. ജിമിക്കി കമ്മല്‍ എന്ന പാട്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തു. ആ പാട്ടെനിക്ക് തന്ന ലാല്‍ ജോസ് സാര്‍, ലാലേട്ടന്‍, പാട്ടിന് കൊറിയോഗ്രഫി ചെയ്ത പ്രസന്ന മാസ്റ്റര്‍, സംഗീതം നല്‍കിയ ഷാന്‍ ചേട്ടന്‍, പാടിയ വിനീത് ശ്രീനിവാസന്‍, ഒപ്പം ആ പാട്ടിനെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ ഇവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

വണക്കം ചെന്നൈ


തമിഴില്‍ നിന്നും ഒരുപാട് ഓഫറുകള്‍ വരുന്നുണ്ടായിരുന്നു. നല്ലൊരു കഥാപാത്രത്തിനായാണ് ഞാന്‍ കാത്തിരുന്നത്. അപ്പോഴാണ് സണ്ടക്കോഴി 2 യുടെ ഓഫര്‍ വരുന്നത്. ഒരു സൈക്കോ വില്ലനായാണ് അഭിനയിച്ചത്. അങ്ങനെ ആദ്യ തമിഴ് ചിത്രത്തില്‍ വിശാലിന്റെ വില്ലനായി. ക്ലൈമാക്സിലെ ഫൈറ്റ് സീന്‍ ഏറെ കൈയടി നേടിത്തന്നു. പിന്നീടാണ് മണിരത്നം സാറിന്റെ ചെക്ക ചിവന്തവാനത്തില്‍ അഭിനയിക്കുന്നത്. ഒന്നോ രണ്ടോ സീനേ ഉണ്ടായിരുന്നുവെങ്കിലും മണിരത്നം സാറിനൊപ്പം അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നാണ് ചിന്തിക്കുന്നത്.

നാന്‍ ഓട്ടോക്കാരന്‍


ഞാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസാണ് ഓട്ടോ ശങ്കര്‍. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണാ സീരീസ് ഒരുക്കുന്നത്. അങ്കമാലി ഡയറീസിനുശേഷം പൂര്‍ണ്ണ തൃപ്തി നല്‍കിയൊരു കഥാപാത്രമാണത്. ഒരു സൈക്കോ സീരിയല്‍ കില്ലറാണ് കഥാപാത്രം. വ്യത്യസ്തമായ അനുഭവമായിരുന്നു.

നാടകമേ ജീവിതം


കുട്ടിക്കാലം മുതല്‍ നാടകവേദികളില്‍ സജീവമാണ്. എന്റെ ജീവിതം തന്നെയാണത്. ഇപ്പോഴും വേദികളില്‍ നാടകങ്ങള്‍ ചെയ്യുന്നുണ്ട്. ലൈവായിട്ട് റെസ്പോണ്‍സ് കിട്ടുമെന്നതാണ് നാടകങ്ങളുടെ പ്രത്യേകത. സിനിമയില്‍ അഭിനയിച്ച ശേഷം ഇപ്പോള്‍ നാടകങ്ങള്‍ക്ക് പ്രേക്ഷകര്‍ ഒരുപാടുണ്ട്. ഒരു നാടകത്തിന്റെ എഴുത്തിലാണിപ്പോള്‍. മികച്ച രീതിയില്‍ തന്നെ ആ നാടകം വേദിയിലെത്തിക്കും.

സിനിമ നടനായതുകൊണ്ട് നാടകത്തില്‍ അഭിനയിക്കാന്‍ മടിയൊന്നുമില്ല. സിനിമയായാലും നാടകമായാലും വെബ്സീരീസ് ആയാലും ഒരു നടന്‍ ചെയ്യുന്നത് ഒന്നുതന്നെയാണ്. അത് കാണുന്ന പ്രേക്ഷകരുടെ കാഴ്ചപ്പാടുകളിലാണ് വ്യത്യാസം.

uploads/news/2019/05/306719/AppaniSarath080519b.jpg

ഭാര്യ രേഷ്മ ഡാന്‍സറാണ്. സ്റ്റേജ് ഷോകളും മറ്റ് പ്രോഗ്രാമുകളുമൊക്കെ ചെയ്യാറുണ്ട്. ഷൂട്ടില്ലാത്തപ്പോള്‍ ഞാനും അവള്‍ക്കൊപ്പം പോകാറുണ്ട്. അഭിനയത്തിനൊപ്പം നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങണമെന്നൊരു ആഗ്രഹവും ഞങ്ങളുടെ മനസിലുണ്ട്. എനിക്ക് സിനിമയില്‍ നിന്നും രേഷ്മയ്ക്ക് പ്രോഗ്രാമുകളില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു വീതം ഞങ്ങള്‍ മാറ്റിവയ്ക്കാറുണ്ട്. കലയ്ക്ക് പ്രാധാന്യം നല്‍കുന്ന കലാഗ്രാമം എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

സിനിമ തന്ന സൗഭാഗ്യങ്ങള്‍


സിനിമയില്‍ നിന്ന് നല്ല സുഹൃത്തുക്കളെ കിട്ടി. ആഗ്രഹിച്ച രീതിയില്‍ അച്ഛനെയും അമ്മയേയും നോക്കി നന്നായി ജീവിക്കാന്‍ കഴിയുന്നുണ്ട്. പ്രേമിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിഞ്ഞു. ഇതെല്ലാം സിനിമ തന്ന സൗഭാഗ്യങ്ങളാണ്.

കരുത്തായ് കുടുംബം


ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമേ എന്റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നുള്ളൂ. ഞാന്‍ പഠിച്ചൊരു ജോലി സമ്പാദിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കുമൊപ്പം യാത്ര ചെയ്തതുകൊണ്ടാവാം ഇവിടെവരെയൊക്കെ എത്താനായത്.

സിനിമയാണെന്റെ സ്വപ്നമെന്ന് തിരിച്ചറിഞ്ഞശേഷം വീട്ടിലെല്ലാവരും വളരെ സപ്പോര്‍ട്ടീവാണ്. നാടകത്തില്‍ അഭിനയിക്കുമ്പോഴും സിനിമ സ്വപ്നം കാണുമ്പോഴും ജീവിതത്തിലായാലും ഏറ്റവുമധികം പ്രോത്സാഹനം നല്‍കിയിരുന്നത് അമ്മാമ്മയാണ്. അങ്കമാലി ഡയറീസിന്റെ ഷൂട്ടിങ് സമയത്താണ് അമ്മാമ്മ മരിക്കുന്നത്.

ഇപ്പോഴെന്റെ ലോകമെന്നത് മകളും ഭാര്യയുമാണ്. ഷൂട്ടിനിടയില്‍ രാത്രി ലേറ്റായിട്ട് വീട്ടിലെത്തുമ്പോഴേക്കും മോളുറങ്ങിയിട്ടുണ്ടാകും. ഒഴിവുസമയങ്ങളൊക്കെ ഇപ്പോള്‍ മകള്‍ക്കൊപ്പമാണ്. എന്റെ ശബ്ദം കേള്‍ക്കുമ്പോഴേ അവള്‍ക്ക് തിരിച്ചറിയാം. അവള്‍ക്കായി എന്തുവാങ്ങിയാലും മതിയാവില്ല.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW