Sunday, August 18, 2019 Last Updated 54 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 11.11 AM

'സഹസ്രം അഥവാ ആയിരം' അര്‍ത്ഥവും പ്രാധാന്യവും

uploads/news/2019/05/306693/joythi080519a.jpg

പുരാതനകാലത്ത് 'ആയിരം' എന്ന സംഖ്യയുടെ മൂല്യം വിലമതിക്കാനാവാത്തതായിരുന്നു. എന്നാല്‍ ഇന്ന് ഇത് കേവലമൊരു സംഖ്യയെന്ന സ്ഥാനത്തിലേക്ക് മാറിയിരിക്കുന്നു.

നമ്മുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമായി സംഭവിക്കുന്നു. ദുര്‍ഘടഘട്ടങ്ങളിലും ഭഗവത് ചിന്ത കൈവിടാതെ ആത്മാര്‍ത്ഥമായി പരിശ്രമിച്ച് വിജയം കൈവരിക്കുകയാണ് വേണ്ടത്. അപ്രകാരം ഒരു ചിന്ത കൈമാറുന്ന സംഖ്യയാണ് ആയിരം അഥവാ സഹസ്രം.

വളരെ പ്രതാപപൂര്‍വ്വം വിലസിയിരുന്ന ഈ സംഖ്യ കാലക്രമത്തില്‍ മൂല്യം ക്ഷയിച്ച് ഒരു സാധാരണ സംഖ്യയായി മാറി. എന്നാല്‍ ഹൈന്ദവ സംസ്‌കാരത്തില്‍ ആത്മീയതയുമായി ബന്ധപ്പെട്ട് ഈ സംഖ്യയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ആയിരം എന്ന സംഖ്യയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

ഇത് വായിക്കുമ്പോള്‍ ആയിരം എന്ന സംഖ്യയ്ക്ക് ഇന്നുള്ള മൂല്യം കണക്കാക്കി നിസ്സാരമായി ഗണിക്കരുത്. ഇത് കേവലം ഒരു സംഖ്യയ്ക്കപ്പുറം പല കാര്യങ്ങളും അര്‍ത്ഥമാക്കുന്നു.

സഹസ്രം അഥവാ ആയിരം എന്നതിന് ''അളക്കാനാവാത്തത്'', ''എണ്ണിയാല്‍ ഒടുങ്ങാത്തത്'' എന്നും അര്‍ത്ഥങ്ങളുണ്ട്. അതുകൊണ്ടുതന്നെയാണ് ''സഹസ്രനാമങ്ങള്‍'' ചൊല്ലി ദേവീദേവന്മാരെ അര്‍ച്ചിക്കുന്നത്. വിഷ്ണു സഹസ്രനാമം, ശിവസഹസ്രനാമം, മഹാലക്ഷ്മീ സഹസ്രനാമം ആദിയായവ ഉദാഹരണങ്ങള്‍.

കേവലം ആയിരം നാമങ്ങളിലൊതുക്കാവുന്നതല്ല ഈശ്വരമാഹാത്മ്യം അഥവാ മഹത്വം. അത് എണ്ണിയാലൊടുങ്ങാത്തതാണെന്നും 'ആയിരം' എന്ന സംഖ്യ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ശ്രീ മഹാദേവനെ 'ശംഭോമഹാദേവ' എന്ന് വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്.

സുഖത്തെ പ്രദാനം ചെയ്യുന്ന ദേവാധിദേവന്‍ ശിവഭഗവാനേ ഞാന്‍ വണങ്ങുന്നുവെന്ന് സാരം. മറ്റൊരര്‍ത്ഥത്തില്‍ ഭക്തര്‍ക്ക് അളവില്ലാത്ത സുഖത്തെയും ഐശ്വര്യത്തെയും പ്രദാനം ചെയ്യുന്നവന്‍ എന്നും അര്‍ത്ഥം.

അളവില്ലാത്തത് ആയിരം എന്നും ഇതിനെ വ്യാഖ്യാനിക്കാം. ആയിരത്തിന്റെ വലുപ്പം ഭക്തകവി പൂന്താനത്തിന്റെ വാക്കുകളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. 'ആയിരം പണം കൈയിലുണ്ടാകുമ്പോള്‍ അയുതമാകില്‍ ആശ്ചര്യമെന്നതും' എന്നാണല്ലോ അദ്ദേഹം പാടിയത്. സര്‍പ്പരാജാവായ അനന്തന് ആയിരം നാവുകളുള്ളതായാണ് സങ്കല്പം.ദേവീദേവന്മാരുടെ മഹത്വം വാഴ്ത്താന്‍ ആയിരം നാവുകള്‍ മതിയാകില്ല എന്നത് അവരുടെ അളവില്ലാത്ത വര്‍ണ്ണനകളെ സൂചിപ്പിക്കുന്നു.

സൃഷ്ടി കര്‍ത്താവായ ബ്രഹ്മാവ് ആയിരം ഇതളുകളുള്ള താമരയുടെ മുകളിലിരുന്ന് സൃഷ്ടികര്‍മ്മം നിര്‍വഹിക്കുന്നുവെന്ന് പറയുന്നു. ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ ആയിരം തൂണുകളുള്ള ക്ഷേത്രങ്ങള്‍ കാണപ്പെടുന്നുണ്ട്. ചില ചിത്ര വിശേഷങ്ങള്‍ പറയുമ്പോള്‍ ആയിരം വര്‍ണ്ണങ്ങള്‍ വാരിവിതറിയെന്ന് കവിഭാവന ചെയ്യുന്നു. ഇവയെല്ലാം തന്നെ ആയിരത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്നു.

''അന്നദാനം മഹാദാനം'' എന്നാണല്ലോ പറയാറ്. മറ്റെന്തു കൊടുത്താലും തൃപ്തി വരാത്തവരെപ്പോലും അന്നം കൊടുത്ത് തൃപ്തിപ്പെടുത്താനാവും. ആയിരം ദാനങ്ങള്‍ക്ക് തുല്യം അന്നദാനം എന്നതും ആയിരത്തിന്റെ മഹത്വത്തെ കാട്ടിത്തരുന്നു.

ആയിരം തിരിയിട്ട് കൊളുത്തിയ വിളക്കുകള്‍ ചൊരിയുന്ന പ്രകാശം ആനന്ദദായകമാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഇപ്രകാരം ആയിരം ദീപങ്ങള്‍ തെളിയിക്കുന്ന ചടങ്ങുകള്‍ ഇന്നും നടന്നുവരുന്നു. ആയിരപ്പറ നിലം എന്നാല്‍ അത് ഒരു വലിയ ആസ്തി എന്നായിരുന്നു അര്‍ത്ഥമാക്കുന്നത്. ആയിരപ്പറ കൃഷി, ആയിരപ്പറ നെല്ല് ഇങ്ങനെ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടും ഈ സംഖ്യ പ്രാധാന്യമര്‍ഹിക്കുന്നു.

മഹാലക്ഷ്മിയുടെ സഹസ്രനാമ സ്‌തോത്രത്തില്‍ ദേവിയെ സഹസ്രാക്ഷി (ആയിരം കണ്ണുകളോട് കൂടിയവള്‍), സഹസ്രപാദ് (ആയിരംപാദങ്ങളോടു കൂടിയവള്‍), സഹസ്രശീര്‍ഷ, സഹസ്രവദന (ആയിരം തലകളോടും, വദനങ്ങളോടും കൂടിയവള്‍), സഹസ്രഭുജ (ആയിരം കൈകളോടു കൂടിയവള്‍) എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. ഇവിടെ ആയിരംകൊണ്ട് അര്‍ത്ഥമാക്കുന്നത് 'അസംഖ്യം' എന്നാണ്. സഹസ്രനാമങ്ങളില്‍ അര്‍ച്ചിക്കപ്പെടുന്ന ദേവീദേവന്മാരെ സ്തുതിക്കുന്ന നാമങ്ങളുടെ അര്‍ത്ഥ വ്യാപ്തി അപാരമാണ്. ഒരു വാക്കിനു തന്നെ നിരവധി അര്‍ത്ഥങ്ങള്‍ അഥവാ വ്യാഖ്യാനങ്ങള്‍ സാധ്യമാണ്. വളരെ ശ്രദ്ധയോടെ പഠിച്ചാല്‍ മാത്രമേ അവ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

ലളിതാസഹസ്രനാമം, വിഷ്ണുസഹസ്രനാമം ആദിയായവയുടെ അര്‍ത്ഥവ്യാപ്തി എഴുതിയാലും പറഞ്ഞാലും തീരില്ല. ആയിരം എന്ന അര്‍ത്ഥത്തില്‍ അത് അളവില്ലാതെ പരന്നൊഴുകിക്കൊണ്ടേ ഇരിക്കുന്നു. ഇതിലേ ഓരോ നാമമന്ത്രത്തിനും നിരവധി വ്യാഖ്യാനങ്ങള്‍ നല്‍കാവുന്നതാണ്. സഹസ്രകലശപൂജ, സഹസ്രകലശംകൊണ്ടുള്ള അഭിഷേകം ഇവ വളരെ വിശേഷപ്പെട്ടതായി പറയപ്പെടുന്നു.

ഭഗവത് ദര്‍ശനത്തിനുവേണ്ടി ഉഴറുന്ന ഭക്തമനസ്സിനെപ്പറ്റി വര്‍ണ്ണിക്കുമ്പോള്‍ ''ആയിരം കണ്ണുമായ് കാത്തിരുന്നു'' നിന്നേ കാണാനായി എന്ന് പറയുന്നു. ഇതുപോലെ വളരെ അകലത്തിലുള്ള ഒരു വസ്തുവിനെയോ, സ്ഥലത്തിനെയോ സൂചിപ്പിക്കാന്‍ ''ആയിരം കാതം അകലെ'' എന്ന് പറയുന്നു. പണ്ട് ആയിരം പണം കൈയിലുള്ളവന്‍ സമ്പന്നന്‍ ആയിരുന്നു. ഇന്ന് കാലം മാറി, രൂപയുടെ അഥവാ പണത്തിന്റെ മൂല്യം മാറി.

സാഹചര്യങ്ങള്‍, അനുഷ്ഠാനങ്ങള്‍, പഴമയുടെ നന്മകള്‍ എല്ലാം കാലത്തിനനുസരിച്ച് മാറി. എങ്കിലും പണ്ടേ വളരെ സൂക്ഷ്മമായി ചിട്ടപ്പെടുത്തിയിട്ടുള്ള നമ്മുടെ ഒരിക്കലും കോട്ടംതട്ടാത്ത ആത്മീയ ഭക്തി സംസ്‌ക്കാരത്തില്‍ ഈ സംഖ്യയ്ക്കുള്ള പ്രാധാന്യം ഒളിമങ്ങാതെ എന്നും നിലനില്‍ക്കുമെന്ന് നമുക്ക് വിശ്വസിക്കാം.

ഡോ. രാജീവ് എന്‍.
(അസോസിയേറ്റ് പ്രൊഫസര്‍)
ഫോണ്‍: 9633694538

Ads by Google
Ads by Google
Loading...
TRENDING NOW