Tuesday, August 20, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 07.46 AM

ന്യൂ ക്യാമ്പിലേറ്റ അടിക്ക് ആന്‍ഫീല്‍ഡില്‍ ശക്തമായ പകരം ചോദിച്ചു ; ബാഴ്‌സിലോണയെ കീഴടക്കി ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍

uploads/news/2019/05/306668/liverpool.jpg

ആന്‍ഫീല്‍ഡ്: ക്യാമ്പ് ന്യൂ വില്‍ ഏറ്റ അടിക്ക് സ്വന്തം മണ്ണില്‍ അതിനേക്കാള്‍ മാരകമായ തിരിച്ചടി നല്‍കി ഇംഗ്‌ളീഷ് ക്‌ളബ്ബ് ലിവര്‍പൂള്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയെ മറികടന്ന് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ കടന്നു. ആദ്യ പാദത്തില്‍ 3-0 ന് തോറ്റിടത്ത് നിന്നും യു ടേണ്‍ തിരിഞ്ഞ ലിവര്‍പൂള്‍ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് സ്പാനിഷ് ചാമ്പ്യന്മാരെ കീഴടക്കിയത്. ഇതോടെ തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലില്‍ എത്താന്‍ ലിവര്‍പൂളിനായി.

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒറീഗിയുടെയും വിജ്‌നാള്‍ഡത്തിന്റെയും ഇരട്ട ഗോളുകളായിരുന്നു ബാഴ്‌സിലോണയുടെ കഥകഴിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന അവര്‍ രണ്ടാം പാദത്തില്‍ മൂന്ന് ഗോളുകള്‍ കൂടി തിരിച്ചടിച്ചപ്പോള്‍ ബാഴ്‌സിലോണ വലഞ്ഞു. ബാഴ്‌സിലോണയുടെ പൊസഷന്‍ ഫുട്‌ബോളിനെ അതിവേഗ ശൈലി കൊണ്ടു കീഴടക്കിയ ലിവര്‍പൂള്‍ സൂപ്പര്‍താരങ്ങളായ മെസ്സിയേയും ലൂയി സുവാരസിനെയും കൃത്യമായി പൂട്ടുകയും ജോര്‍ഡി ആല്‍ബയ്ക്കും ഫിലിപ്പെ കൗട്ടീഞ്ഞോയ്ക്കും അവസരം നല്‍കാതിരിക്കുകയും ചെയ്തത് നിര്‍ണ്ണായകമായി.

ഏഴാം മിനിറ്റില്‍ കെനിയന്‍ താരം ഡിവോട് ഒറീഗിയിലൂടെ മുന്നിലെത്തിയ ലിവര്‍പൂള്‍ രണ്ടാം പകുതിയില്‍ വിജ്‌നാള്‍ഡത്തിന്റെ ഗോളുകളിലൂടെ ബാഴ്‌സയുടെ ഒപ്പമെത്തി. ഒടുവില്‍ ഒറീഗിയിലൂടെ തന്നെ അവര്‍ അഗ്രിഗേറ്റ് സ്‌കോറും സ്വന്തമാക്കി. ലിവര്‍പൂളിന്റെ അതിവേഗ നീക്കത്തിന് മുന്നില്‍ ബാഴ്‌സയുടെ പേരു കേട്ട പ്രതിരോധം പിളര്‍ന്നു മാറുകയായിരുന്നു. പിന്‍ നിരയില്‍ വാന്‍ജിക്കും റോബര്‍ട്ട്‌സണും ബാഴ്‌സയുടെ മുന്നേറ്റനിരയെ വരിഞ്ഞു കെട്ടിയപ്പോള്‍ ഹെന്‍ഡേഴ്‌സണും ഫാബീഞ്ഞോയും മദ്ധ്യനിരയില്‍ മെസ്സിക്ക് ഇടം നല്‍കാതെ സൂക്ഷിച്ചു. ഏറ്റവും പിന്നിലായി ബ്രസീലിയന്‍ ഗോളി അലിസണും ഉറച്ചു നിന്നതോടെ ബാഴ്‌സയുടെ വിധിയെഴുതി.

സൂപ്പര്‍താരങ്ങളായ സലായേയും ഫിര്‍മിനോയേയും പുറത്തിരുത്തിയ ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്‌ളോപ്പ് സ്വിറ്റ്‌സര്‍ലന്റ് താരം ഷാക്കീരിയേയും സദിയോ മാനേയെയും ഒറീഗിയേയുമാണ് ആക്രമണത്തിന്റെ ചുമതല ഏല്‍പ്പിച്ചത്. പകുതി സമയം കഴിഞ്ഞ് റോബര്‍ട്ട്‌സന്റെ പകരക്കാരനായി വിജിനാള്‍ഡം എത്തിയതോടെ ലിവര്‍പൂളിന്റെ ആക്രമണത്തിന്റെ മൂര്‍ച്ചകൂടി. പിന്നീട് ഷാക്കീരിക്ക് പകരക്കാരനായി മദ്ധ്യനിരയില്‍ ഇസാക്ക് ക്രിസ്റ്റി ഡേവീസ് കൂടി വന്നതോടെ പിടിച്ചാല്‍ കിട്ടാത്ത നിലയിലായി.

ഒരു ഗോള്‍ നേടിയാല്‍ പോലും എവേ ഗോളിന്റെ ആനുകൂല്യം കിട്ടുമായിരുന്ന ഇടത്തു നിന്നായിരുന്നു ബാഴ്‌സിലോണ ആരാധകരെ നിരാശരാക്കിയത്. കഴിഞ്ഞ തവണത്തേതിന് തുല്യമായിരുന്നു ഇത്തവണത്തെയും വിധി എന്നത് അവരെ കൂടുതല്‍ വിഷമിപ്പിക്കുന്നു. 2015 ന് ശേഷം ചാംപ്യന്‍സ് ലീഗ് ഫൈനല്‍ അകന്നു നില്‍ക്കുന്ന ബാഴ്‌സിലോണ് കഴിഞ്ഞ തവണയും സെമിയുടെ ആദ്യ പാദത്തില്‍ സ്വന്തം മണ്ണില്‍ 3-0 ന് ജയിച്ച ശേഷം ഇറ്റാലിയന്‍ ക്‌ളബ്ബ് എ എസ് റോമയോട് അവരുടെ തട്ടകത്തില്‍ ചെന്ന് 4-1 ന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW