Tuesday, August 20, 2019 Last Updated 9 Min 25 Sec ago English Edition
Todays E paper
Ads by Google
എം.എസ്. സന്ദീപ്
Monday 06 May 2019 08.08 AM

വെള്ളംകുടിച്ചും ക്രീം പുരട്ടിയും മടുത്തു ; വെയിലത്ത് വാടാന്‍ അണികളുമില്ല ; പൊരിവെയിലില്‍ ഇനിയും പ്രചരണം വയ്യ ; കള്ളവോട്ട് ആരോപണത്തില്‍ ആര്‍ക്കും റീ പോളിംഗ് വേണ്ട

uploads/news/2019/05/306207/election.jpg

കോഴിക്കോട്: തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നാണു പഴമൊഴി, അതവിടെ നിക്കട്ടെ, പക്ഷേ ഇപ്പോഴത്തെ ചൂടത്ത് വാടാതിരിക്കാന്‍ കുടചൂടണമെന്നു മാത്രം. ഇനി കുട ചൂടാന്‍ തീരുമാനിച്ചാല്‍ത്തന്നെ അതിന്റെ തണലില്‍ നില്‍ക്കാന്‍ അണികളുമുണ്ടാകില്ല. മറ്റാര്‍ക്കുമറിയില്ലെങ്കിലും അതു നന്നായിട്ട് അറിയാവുന്നത് സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കുമാണ്. അതുകൊണ്ടുതന്നെ വടക്കന്‍ കേരളത്തില്‍ വ്യാപക കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാം റാം മീണ തന്നെ സ്ഥിരീകരിക്കുമ്പോഴും, ആരോപണ-പ്രത്യാരോപണങ്ങള്‍ കൊഴുക്കുമ്പോഴും വീണ്ടും വോട്ടെടുപ്പ് ആവശ്യപ്പെട്ട് ഒരു സ്ഥാനാര്‍ഥിയും പരാതി നല്‍കാന്‍ തയാറല്ല.

അതൊക്കെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കട്ടെ എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രം. കാരണം മറ്റൊന്നുമല്ല പൊരിവെയിലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ ഇനി അണികളെ കിട്ടില്ല, സ്ഥാനാര്‍ഥികള്‍ക്കും വയ്യ എന്നതാണു സ്ഥിതി. കൊടുചൂടില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുടിച്ച വെള്ളത്തിനു കണക്കില്ല, പൊട്ടിച്ച പണത്തിനും. കരുവാളിച്ച മുഖത്തു തേച്ച ക്രീമുകള്‍ അനവധി.

ഇനിയും പൊരിവെയിലില്‍ പ്രചരണത്തിനോ, കൂടാതെ അധിക ചെലവും. അതിനു വയ്യാ എന്ന് സ്ഥാനാര്‍ഥികള്‍ തന്നെ രഹസ്യമായി പാര്‍ട്ടികളോട് പറഞ്ഞു കഴിഞ്ഞു. കള്ളവോട്ട് പ്രചാരണം വ്യാപകമായ കാസര്‍ഗോഡ് മണ്ഡലത്തിലെ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളൊന്നും തന്നെ ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടില്ല. 90 ശതമാനത്തിനു മുകളില്‍ വോട്ടിംഗ് നടന്ന എല്ലാ ബൂത്തുകളിലെയും സിസി ടി.വി ദൃശ്യങ്ങള്‍ ആവശ്യപെട്ടിട്ടുണ്ടെന്നും അതു കിട്ടികഴിഞ്ഞു പരിശോധിച്ച ശേഷം മാത്രമേ ഇതിനെക്കുറിച്ച് ആലോചിക്കൂവെന്നുമാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മറുപടി.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി. സതീഷ്ചന്ദ്രനും റീപോളിങ്ങിനില്ല. കോഴിക്കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എ. പ്രദീപ്കുമാര്‍ പറയുന്നത്, അതൊക്കെ തെരഞ്ഞെടുപ്പ് ബൂത്തുകളിലെ ആളുകള്‍ നോക്കുമെന്നാണ്. എതിരാളി എം.കെ. രാഘവനും ഇതുവരെ പരാതി നല്‍കിയിട്ടില്ല. ശബരിമല സ്ത്രീ വിവാദവുമായി ബന്ധപ്പെട്ട് ജയില്‍ കിടന്ന് വോട്ടു തേടിയ പി. പ്രകാശ്ബാബു വോട്ടുമറി സംബന്ധിച്ച വിവാദങ്ങളുയര്‍ത്തിയെങ്കിലും ഉപതെരഞ്ഞടുപ്പ് സംബന്ധിച്ച് മിണ്ടാട്ടമില്ല.

യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന വടകരയില്‍, കള്ളവോട്ട് സംബന്ധിച്ച് പരാതികളുണ്ടെങ്കിലും സിസി ടി.വി ദൃശ്യങ്ങള്‍ കാത്തിരിക്കുകയാണ് യു.ഡി.എഫ്്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. എല്‍.ഡി.എഫ്. നേതാക്കള്‍ക്കും, ബി.ജെ.പിക്കും ഇതുസംബന്ധിച്ച് മിണ്ടാട്ടമില്ല. അതൊക്കെ നടന്നോളമെന്നാണ് മുന്നണി നേതാക്കളുടെ ഭാവം. മറ്റു മണ്ഡലങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല. കള്ളവോട്ട് വിവാദങ്ങള്‍ കൊഴുക്കട്ടെ, ചര്‍ച്ചകള്‍ തുടരട്ടെ പക്ഷേ ഇനി മെനക്കെടാന്‍ ഞങ്ങളില്ല എന്ന നിലപാടിലാണു മുന്നണികളും സ്ഥാനാര്‍ഥികളും. പൂരം നടക്കട്ടെ അവര്‍ കാഴ്ച്ചക്കാര്‍ തന്നെ.

Ads by Google
Ads by Google
Loading...
TRENDING NOW