Tuesday, August 20, 2019 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 02.03 PM

പൊട്ടിച്ചിരിച്ച് കാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോഴും മനസ് കലുഷിതം... പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുന്നത് 11 വര്‍ഷത്തെ ദാമ്പത്യം... റിമിടോമിയുടെ ജീവിതത്തില്‍ സംഭവിച്ചത്...

uploads/news/2019/05/305633/rimi.jpg

ഗായിക റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പലരും ഞെട്ടലോടെയാണ് കേട്ടത്. അതിന് കാരണം റിമിയുടെ മുഖത്ത് സദാ നിഴലിക്കുന്ന ആ പൊട്ടിച്ചിരി തന്നെ... വിവിധ ചാനല്‍ റിയാലിറ്റി ഷോകളിലൂടെയാണ് അടുത്ത കുറേ വര്‍ഷങ്ങളിലായി റിമി തിളങ്ങിയിരുന്നത്. അപ്പോഴെല്ലാം സദാ സന്തോഷവതിയുമായിരുന്നു.

ഇപ്പോഴിതാ റിമിയും ഭര്‍ത്താവ് റോയിസും പരസ്പര സമ്മതത്തോടെ 11 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനായി എറണാകുളം കുടുംബക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

റിമിയെ ചുറ്റിപ്പറ്റി അടുത്തിടെ പുറത്തു വരുന്ന ഗോസിപ്പുകളും വിവാദങ്ങളും ഇവരുടെ ദാമ്പത്യത്തെ സാരമായി ബാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പുറമേ ഒരു കുഞ്ഞില്ലാത്തതും ഇത്തരം പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിച്ചു.

ഗായികയായ ടെലിവിഷന്‍ അവതാരിക എന്നതാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്. 2012 ല്‍ ഏഷ്യാനെറ്റ് ഫീലിം അവാര്‍ഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാന്‍ വേദിയിലെത്തിയ ഷാരൂക് ഖാന്‍ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു.

സരസമായി സംസാരിച്ച് ആളെ കയ്യിലെടുക്കുന്ന വ്യക്തിയാണ് റിമി ടോമി. പാലാക്കാരി ആയതു കൊണ്ടാണ് താന്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനല്‍ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു.

നേരത്തെ ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമി ചുവടുറപ്പിച്ചതെങ്കില്‍ മഴവില്‍ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നു. മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതില്‍ റിമിക്ക് മുന്നില്‍ യാതൊരു വലിപ്പിച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും

ഒരു കാലത്ത് നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെയും ഗാനമേളകളിലെ മിന്നുന്ന താരമായിരുന്നു റിമി. റിമിയുടെ ഡേറ്റിന് വേണ്ടി പള്ളിപ്പെരുന്നാളുകാരും ഉത്സവാഘോഷ കമ്മിറ്റിക്കാരും കാത്തുനിന്നൊരു കാലമുണ്ടായിരുന്ന്. എന്നാല്‍, പിന്നീട് തിരക്കേറിയതോടെ ചെറുകിട പരിപാടികളോട് അവര്‍ വൈമനസ്യം കാണിച്ചു.

അഭിനയം, പാട്ട്, സ്‌റ്റേജ് ഷോ, ടി വി അവതാരിക എന്നീ നിലകളില്‍ ശോഭിച്ചതോട പാലാക്കാരി റിമി ടോമിക്ക് അവസരങ്ങള്‍ കൂടി. ഇതിനിടെ ചില വിവാദങ്ങളും എത്തി. ഹവാല ഇടപാടിലും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായതുമെല്ലാം ഇതില്‍ പെടും. അപ്പോഴെല്ലാം വിവാഹത്തേയും ഭര്‍ത്താവിനേയും കുറിച്ച് നല്ലത് മാത്രമാണ് റിമി പറഞ്ഞിരുന്നത്. അതുകൊണ്ട് കൂടിയാണ് വിവാഹ മോചനം ഏവരിലും ഞെട്ടലുണ്ടാക്കുന്നതും.

2008 ല്‍ വിവാഹിതരായ റിമിയും റോയ്‌സും ഇക്കഴിഞ്ഞ ഏപ്രില്‍ 16 നാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്.

പരസ്പര സമ്മതത്തോടെ വിവാഹമോചന ഹര്‍ജി നല്‍കിയതിനാല്‍ ആറ് മാസത്തിനകം വിവാഹമോചനം അനുവദിക്കപ്പെടാനാണ് സാധ്യത. വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിമി നേരത്തെ സൂചിപ്പിച്ചിരുന്നു. മറ്റൊരാളുമായുള്ള പ്രണയത്തെക്കുറിച്ച് ചാനല്‍ പരിപാടിയില്‍ സൂചിപ്പിച്ചതോടെയാണ് റിമിയുടെ വിവാഹമോചന വാര്‍ത്ത ചര്‍ച്ചയായത്.

ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് കൈരളി ടിവിയിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. തുടര്‍ന്ന് ഏഷ്യാനെറ്റ് മ്യൂസിക്കല്‍ ലൈവിലേക്ക് എത്തി. തുടര്‍ന്ന് മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്.

ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്‌റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി. 2006ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലും റിമി ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരക എന്ന നിലയില്‍ ഇപ്പോഴും ശ്രദ്ധേയയാണ് റിമി. ഒന്നിലധികം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായും ജഡ്ജസ് പാനലിലും റിമിയുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW