Sunday, August 18, 2019 Last Updated 54 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 01.33 PM

അവധിക്കാല യാത്രകളില്‍ ചില മുന്‍കരുതലുകളാകാം...

uploads/news/2019/04/305058/travelTips300419a.jpg

അവധിക്കാല യാത്രകളില്‍ ചില മുന്‍കരുതലുകളാകാം. ഗുണനിലവാരമില്ലാത്ത ആഹാരം, പാനീയങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കിയാല്‍ യാത്ര കഴിഞ്ഞാലും സന്തോഷം നിലനില്‍ക്കും.

ഒറ്റ ദിവസത്തേക്കുള്ള യാത്രയാണെങ്കില്‍ അതിരാവിലെ പുറപ്പെടുന്നതാണ് നല്ലത്. തലേന്ന് നേരത്തെ കിടന്നാല്‍, രാവിലെ കുട്ടികളെ ഒരുക്കാന്‍ പ്രയാസപ്പെടേണ്ടി വരില്ല. റോഡ് മാര്‍ഗ്ഗമാണോ, ട്രെയിനിലാണോ, അതോ സ്വയം ഡ്രൈവ് ചെയ്താണോ പോകുന്നതെന്ന് നേരത്തെ തീരുമാനിക്കണം.

സ്വന്തം വാഹനമാണെങ്കില്‍ കണ്ടീഷന്‍ പരിശോധിപ്പിച്ച് ഉറപ്പു വരുത്തണം. ആദ്യമായി പോകുന്ന സ്ഥലമാണെങ്കില്‍ റൂട്ട്, കാണാന്‍ പോകുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍, അപകട സാധ്യത (വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങിയവ) വല്ലതുമുണ്ടോ, അടുത്ത് നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകള്‍ എന്നിവയൊക്കെ ടീമില്‍ ഒരാളെങ്കിലും അറിഞ്ഞിരിക്കണം.

ആകെക്കൂടി ഉള്ള ഒരു ദിവസം റൂട്ടറിയാതെയും ഭക്ഷണത്തിന് ഹോട്ടല്‍ തപ്പി നടന്നും കളയേണ്ടല്ലോ. ബീച്ച്, വാട്ടര്‍ തീം പാര്‍ക്ക് ഒക്കെ പോലെയുള്ള സ്ഥലങ്ങളാണ് ലക്ഷ്യമെങ്കില്‍, വെള്ളത്തിലിറങ്ങാനുള്ള വസ്ത്രങ്ങളും നനഞ്ഞ വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള ക്യാരിബാഗും കരുതാം.

കൊച്ചു കുഞ്ഞുങ്ങളുണ്ടെങ്കില്‍ ഡയപ്പര്‍ പാക്കറ്റ് മറക്കാതെ എടുക്കാം. ഹെവിയായി ഭക്ഷണം കഴിച്ച് വയറു കേടാക്കാതെയും ശ്രദ്ധിക്കണം.

ദീര്‍ഘദൂര യാത്രകളില്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. യാത്ര തീരുമാനിച്ചു കഴിഞ്ഞാല്‍ ബഡ്ജറ്റിംഗ്, ടിക്കറ്റ് ബുക്കിങ്, താമസത്തിനായുള്ള ഹോട്ടലിലെ ബുക്കിങ് എന്നിവയാണ് ആദ്യം ചെയ്യേണ്ടത്.

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മിക്കവാറും ഇടങ്ങളില്‍ അതാത് ഭരണാധികാരികള്‍ തന്നെ സൈറ്റ് സീയിങ് പാക്കേജുകള്‍ കൊടുക്കുന്നുണ്ട്.

uploads/news/2019/04/305058/travelTips300419b.jpg

താല്‍പ ര്യമുണ്ടെങ്കില്‍ അത്തരം പാക്കേജുകള്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം. അതാത് സ്ഥലത്തെ പബ്ലിക്ക് ട്രാന്‍സ്‌പോര്‍ട്ട് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചും സ്ഥലങ്ങള്‍ കണ്ടു വരാം. കൊണ്ടു പോകേണ്ട സാധനങ്ങള്‍ ഒരു ലിസ്റ്റ് തയ്യാറാക്കി അതിനനുസരിച്ച് ഒരുക്കുക.

വസ്ത്രങ്ങള്‍:


വസ്ത്രങ്ങള്‍ ഓരോരുത്തരുടേയും പ്രത്യേകം കാരിബാഗുകളിലാക്കി വേണം വലിയ ട്രാവല്‍ ബാഗില്‍ വയ്‌ക്കേണ്ടത്. മാറ്റി ധരിക്കാന്‍ നേരത്ത് മുഴുവന്‍ വസ്ത്രങ്ങളും വാരിവലിച്ച് തിരയേണ്ടി വരരുത്. പോകുന്ന സ്ഥലത്തെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വസ്ത്രങ്ങള്‍ എടുത്തു വയ്ക്കാന്‍ ഓര്‍ക്കുക.

മരുന്നുകള്‍:


സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍, ഫസ്റ്റ് എയ്ഡ് സാമഗ്രികള്‍ എന്നിവ ഉറപ്പായും ട്രാവല്‍കിറ്റിന്റെ ഭാഗമായിരിക്കണം. യാത്രകളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ യാത്രക്കുമുമ്പ് ഒരു ഡോക്ടറെ കണ്ട് ആവശ്യമായ മരുന്നുകള്‍ വാങ്ങി കൈയില്‍ കരുതേണ്ടതാണ്.

പണം:


യാത്രയ്ക്കാവശ്യമായ മുഴുവന്‍ പണവും കറന്‍സിയായിത്തന്നെ കരുതേണ്ട കാര്യമില്ല. കാര്‍ഡ് ഉപയോഗിക്കുന്നതാവും കൂടുതല്‍ സൗകര്യം. മോഷണങ്ങളെ സൂക്ഷിക്കുക.

രേഖകള്‍:


ഐ ഡി കാര്‍ഡുകള്‍, യാത്രാരേഖകള്‍, ബുക്കിങ്ങുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ മറക്കാതിരിക്കുക.

ഗാഡ്ജറ്റുകള്‍:


ഫോണ്‍, കാമറ, ചാര്‍ജറുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹെഡ് ഫോണ്‍, പുസ്തകങ്ങള്‍ ഇവയൊന്നും വിട്ടുപോവല്ലേ.

1. ടോയ്‌ലറ്റ് ബാഗ് പ്രത്യേകം ഒരുക്കുക. ബ്രഷ്, പേസ്റ്റ്, ഷേവിംഗ് കിറ്റ് എന്നിവയെല്ലാം അതില്‍ സൂക്ഷിക്കാമല്ലോ.
2. ഷൂ, ചെരിപ്പുകള്‍, ക്യാപ്പ്, സണ്‍ഗ്ലാസ് എന്നിവയെല്ലാം മറക്കാതെ എടുത്തു വയ്ക്കണം.
3. അത്യാവശ്യത്തിനുള്ള ലഘുഭക്ഷണവും പാനീയവും യാത്രയ്ക്കിടയില്‍ കൈയില്‍ കരുതണം.
4. വെള്ളം, സ്‌നാക്ക്‌സ്, ചില്ലറയായി കുറച്ചു പണം, ഒരു ടവ്വല്‍ തുടങ്ങി ഇടയ്ക്കിടെ വേണ്ടി വരുന്ന സാധനങ്ങള്‍ പ്രത്യേകം ഒരു ബാഗിലാക്കി കൈയില്‍ കരുതാം.

എന്നാല്‍പിന്നെ ബാഗ് പായ്ക്ക് ചെയ്യുകയല്ലേ? എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള സന്തോഷകരമായ കുറച്ചുദിനങ്ങളാകട്ടെ ഈ അവധിക്കാലം.

Ads by Google
Tuesday 30 Apr 2019 01.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW