Thursday, August 15, 2019 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 01.05 PM

എന്തുകൊണ്ടാണ് ഇത്രചെറു പ്രായത്തില്‍ ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നത്? എന്താണ് പരിഹാരം?

uploads/news/2019/04/305047/askdrgenmedicn300419.jpg

''പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവ് പല കാരണങ്ങള്‍കൊണ്ടുണ്ടാവാം. തലച്ചോറിലേക്കുള്ള രക്തസഞ്ചാരത്തില്‍ മാറ്റം വരുമ്പോള്‍
പൊടുന്നനെ ഓര്‍മ്മ നഷ്ടപ്പെടാം. ഇതിനെ ട്രാന്‍സീന്റ് ഗ്ലോബല്‍ അമ്‌നേഷ്യ എന്നു പറയുന്നു''

ഓര്‍മ്മകള്‍ നഷ്ടമാകുന്നു


എന്റെ സഹോദരനുവേണ്ടിയാണ് ഈ കത്ത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. 45 വയസ്. അടുത്ത കുറച്ചുകാലമായി അവന് ഓര്‍മ്മക്കുറവ് ഉണ്ട്. പേരുപോലും പെട്ടെന്ന് ഓര്‍ത്തെടുക്കാനാകുന്നില്ല. വീട്ടില്‍ മറ്റാര്‍ക്കും ഇത്തരത്തിലുള്ള ഓര്‍മ്മക്കുറവ് ഇല്ല. എന്തുകൊണ്ടാണ് ഇത്രചെറു പ്രായത്തില്‍ ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നത്? ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരം?
---- ദിനേശ് കണ്ണന്‍ ,സൂറത്ത്

പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവ് പല കാരണങ്ങള്‍കൊണ്ടുണ്ടാവാം. തലച്ചോറിലേക്കുള്ള രക്തസഞ്ചാരത്തില്‍ മാറ്റം വരുമ്പോള്‍ പൊടുന്നനെ ഓര്‍മ്മ നഷ്ടപ്പെടാം. ഇതിനെ ട്രാന്‍സീന്റ് ഗ്ലോബല്‍ അമ്‌നേഷ്യ എന്നു പറയുന്നു. ഇതു സാധാരണയായി പ്രായമായവരിലാണ് കാണുന്നത്.

രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടി രക്തസഞ്ചാരം കുറയുന്നതും അതുമൂലം ഓക്‌സിജന്റെ അളവ് കുറയുന്നതുമാണ് ഇതിനു കാരണം. ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങളും സിക് സൈനസ് സിന്‍ഡ്രോം, കാര്‍ഡിയാക് ഫെയിലര്‍ തുടങ്ങിയ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ഇത്തരത്തിലുള്ള പെട്ടെന്നുള്ള ഓര്‍മ്മക്കുറവിന് കാരണമാവാം.

പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോഴും ഓര്‍മ്മക്കുറവ് ഉണ്ടാവാം. അപസ്മാര രോഗികളിലും ഓര്‍മ്മക്കുറവ് കാണാറുണ്ട്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന ഓര്‍മ്മക്കുറവിന്റെ ഒരു പ്രധാന കാരണം, മാനസിക സംഘര്‍ഷം തന്നെയാണ്. കത്തില്‍ നിന്നും വായിച്ചറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ താങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ള അസുഖങ്ങളൊന്നും ഉള്ളതായി തോന്നുന്നില്ല. എങ്കിലും ഡോക്ടറെ കാണിച്ച് പരിശോധനകള്‍ നടത്തണം.

വെരിക്കോസ് വെയിന്‍


ഞാനൊരു മാധ്യമ പ്രവര്‍ത്തകനാണ്. എന്റെ ഇടതുകാലില്‍ മുട്ടിന് മുകളിലും താഴെയു കാലുകള്‍ക്ക് പിന്നിലുമായി ഞരമ്പ് തടിഞ്ഞു കാണുന്നു. വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല. എന്നാല്‍ ഇടയ്ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. വെരിക്കോസ് വെയിന്‍ ഉള്ളവരില്‍ ഇത്തരത്തില്‍ കണ്ടുവരുന്നുതായി കേട്ടിട്ടുണ്ട്. എനിക്ക് വെരിക്കോസ് വെയിന്‍ ആണോ? ഇതിന് എന്താണ് പരിഹാരം?
------- എസ്.ജെ , തിരുവനന്തപുരം

കാലിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതിന്റെ ഫലമായി ഞരമ്പുകള്‍ തെളിഞ്ഞു വരുന്നതിനെയാണ് വെരിക്കോസ് വെയിന്‍ എന്ന് പറയുന്നത്. ഇതുമൂലം കാലില്‍ നീര്, നിറവ്യത്യാസം, മുറിവ് എന്നിവയുണ്ടാകാം.

പ്രായം കൂടിയവരിലും സ്ത്രീകളിലും വളരെനേരം നിന്ന് ജോലി ചെയ്യുന്നവരിലും വെരിക്കോസ് വെയിന്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രോഗം നിര്‍ണയിക്കാന്‍ സങ്കീര്‍ണമായ പരിശോധനകളൊന്നും ആവശ്യമില്ല. ദേഹപരിശോധന കൊണ്ടു മാത്രം താങ്കളുടെ പ്രശ്‌നം വെരിക്കോസ് വെയിന്‍ ആണോ എന്ന് തിരിച്ചറിയാന്‍ കഴിയും.

കാല്‍ ഉയര്‍ത്തി വയ്ക്കുക, നടത്തം, വ്യായാമം തുടങ്ങിയവ കൊണ്ട് ഇവ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. സ്‌ക്‌ളീറോതെറാപ്പി, ലേസര്‍ അബ്‌ളേഷന്‍, റേഡിയോ ഫ്രീക്വന്‍സി അബ്‌ളേഷന്‍ തുടങ്ങി ഫലപ്രദമായ നിരവധി ചികില്‍സകള്‍ ഇന്ന് വെരിക്കോസ് വെയിന് ലഭ്യമാണ്.

കൈകാലുകള്‍ വരണ്ട് പൊട്ടുന്നു


എന്റെ ഭാര്യയ്ക്ക് 68 വയസ്. ഭാര്യയുടെ കൈകാലുകളുടെ ഉള്‍വശത്തെ ചര്‍മ്മം വരഞ്ഞുപൊട്ടുന്നു. കൈവെള്ളയിലെ വരകളാണ് പ്രധാനമായും വരണ്ട് പൊട്ടുന്നത്. ഇതുമൂലം കൈപ്പത്തി നിവര്‍ത്താനും ചുരുക്കാനുമാവുന്നില്ല. കടുത്ത വേദനയാണ്. ഇതിനു പുറമെ ചര്‍മ്മം ഉണങ്ങി വരണ്ട് പൊട്ടുന്നുമുണ്ട്. ആറേഴ് മാസമായി ഇങ്ങനെ കണ്ടുതുടങ്ങിയിട്ട്. ഡോക്ടറെ കണ്ടിരുന്നു. അലര്‍ജിയാണെന്ന് പറഞ്ഞു. അതിനുള്ള മരുന്നാണ് കഴിക്കുന്നത്. എന്നാല്‍ യാതൊരു മാറ്റവും ഉണ്ടായില്ല. ഇപ്പോള്‍ കൈയുടെ മുകള്‍ ഭാഗത്തെചര്‍മ്മത്തിലും കറുത്ത പൊട്ടുപോലെ പാടുകള്‍ കാണാന്‍ തുടങ്ങി. ഇതും പൊട്ടുന്നുണ്ട്. കൈകാലുകളിലല്ലാതെ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും ഇത് കാണാനില്ല. എന്തുതരം രോഗമാണിത്? എന്താണ് ഇതിന് പ്രതിവിധി?
----- രാജേന്ദ്രന്‍ , മണ്ണാര്‍കാട്

കൈകാലുകളുടെ ചര്‍മ്മം വരഞ്ഞ് പൊട്ടുന്നത് ശക്തമായ വേദനയ്ക്കും അണുബാധിയ്ക്കും കാരണമാകാറുണ്ട്. കയ്യിലെ എണ്ണമയം നഷ്ടപ്പെട്ട് വരണ്ടിരിക്കുന്നതിനാലും കൈകാലുകള്‍ കൂടെക്കൂടെ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനാലും ചില രാസപദാര്‍ഥങ്ങളുടെ ഉപയോഗം കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ സോറിയാസിസ് തുടങ്ങിയ ത്വക്ക്‌രോഗങ്ങള്‍, പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍, തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കയ്യിലെ ചര്‍മ്മം വരണ്ട് പൊട്ടുന്നതിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഒരു ത്വക്ക് രോഗവിദഗ്ധനെ സമീപിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി രോഗകകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ഉചിതം.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്


എനിക്ക് 45 വയസ്. തടിച്ച ശരീരപ്രകൃതമാണ്. വണ്ണം കുറയ്ക്കാന്‍ ഇപ്പോള്‍ വ്യായാമം ചെയ്യുന്നു. വ്യായാമം ചെയ്തു കഴിഞ്ഞ് എന്റെ വലതു കാലിന്റെ മുട്ടിന് ശക്തമായ വേദന അനുഭവപ്പെടുന്നു. വേദന തുടങ്ങിയാല്‍ പത്തു മിനിട്ടു നേരത്തേക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയുന്നില്ല. മുട്ടിനു താഴെ വലതുവശത്തായാണ് വേദന. ഇതുമൂലം ഒരാഴ്ചയായി എക്‌സര്‍സൈസ് ചെയ്യുന്നില്ല. പെയിന്‍ ബാം ഉപയോഗിച്ച് അല്‍പസമയം തിരുമ്മിയാല്‍ മാത്രമേ വേദന മാറുകയുള്ളു. ഇരുന്നിട്ട് എണീറ്റ് 5-6 ചുവടു വയ്ക്കുന്നതുവരെ കടുത്ത വേദന അനുഭവപ്പെടും. രക്തം പരിശോധിച്ചു. അതില്‍ തകരാറുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്താണ് എന്നെ അലട്ടുന്ന പ്രശ്‌നം?
----- ശിവറാം , ആലപ്പുഴ

മനുഷ്യ ശരീരത്തിലെ സന്ധികള്‍ എല്ലാം തന്നെ, വളരെ സങ്കീര്‍ണമായ ശരീര ഭാഗങ്ങളാണ്. സന്ധികള്‍ക്കു ചുറ്റുമുള്ള പേശികളും ലിഗ്‌മെന്റുകളും സന്ധികളെ ബലപ്പെടുത്തുന്നതോടൊപ്പം സന്ധികളുടെ ചലന സാധ്യതതയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുന്നു. സന്ധികളുടെയും സന്ധികള്‍ക്കു ചുറ്റുമുള്ള പേശികളുടെയും ലിഗ്‌മെന്റുകളുടെയും പ്രശ്‌നങ്ങള്‍, സന്ധിവേദനയ്ക്ക് കാരണമാകാം.

കത്തില്‍ കാണുന്നപോലെ അമിത ഭാരമുള്ളവരില്‍ കാണുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ് എല്ലിന്റെ തേയ്മാനം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ഇത് പ്രധാനമായും കാലിന്റെ മുട്ടിനെയാണ് കൂടുതലായി ബാധിക്കുന്നത്.

പലപ്പോഴും ഇത്തരം സന്ധിവേദനകള്‍ക്ക് സാധാരണ ചെയ്യുന്ന രക്തപരിശോധനകളുടെ ഫലത്തില്‍ തകരാര്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. അസ്ഥിരോഗ വിദഗ്ധനെയോ റുമറ്റോളജിസ്റ്റിനെയോ കണ്ട് പരിശോധന നടത്തുന്നതാണ് ഉചിതം.

ഡോ. രവീന്ദ്രന്‍ ഏ. വി
അസിസ്റ്റന്റ് പ്രൊഫസര്‍
മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളജ്, മഞ്ചേരി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW