Tuesday, August 20, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 04.07 PM

ഹൃദയാഘാതം അപകടം ഒഴിവാക്കാം

''ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ മിക്കപ്പോഴും നെഞ്ചിനോട് ബന്ധപ്പെട്ടുള്ളതായിരിക്കും. തൊണ്ണൂറ് ശതമാനവും ഇത്തരത്തിലായിരിക്കും പ്രകടമാകുക. എന്നാല്‍ പതിനഞ്ച് ശതമാനം ആളുകളില്‍ നെഞ്ചിനോട് യാതൊരു ബന്ധവുമില്ലാത്ത ലക്ഷണങ്ങളും ഉണ്ടാകാം''
uploads/news/2019/04/304798/heartatck290419.jpg

ശരീരത്തിലെ എല്ലാ അവയവത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജോത്പാദനത്തിനായി രക്തം ആവശ്യമാണ്. അതുപോലെ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും രക്തം അനിവാര്യമാണ്. കോശങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും അതിലൂടെയുള്ള ഊര്‍ജോത്പാദനത്തിനും രക്തത്തിലെ ഘടകങ്ങള്‍ വളരെ ആവശ്യമാണ്.

ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഈ പമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു ആവശ്യമായ പ്രാണവായുവും പോഷകപദാര്‍ഥങ്ങളും ഹൃദയധമനികളിലൂടെയാണ് എത്തുന്നത്.

മഹാധമനിയുടെ ശാഖകളായ രണ്ട് കൊറോണറികള്‍ (ചെറിയ ധമനികള്‍) വഴിയാണ് രക്തം ഹൃദയപേശികളില്‍ എത്തുന്നത്. കാലപ്പഴക്കം കൊണ്ടോ ശരിയായ സംരക്ഷണം നല്‍കാതെയുള്ള ദുശീലങ്ങള്‍ കൊണ്ടോ കൊറോണറി ധമനികളും അപകടത്തിലാകുന്നു. ഇങ്ങനെ രക്തസഞ്ചാരം കുറയുന്നതിലൂടെ ഹൃദയത്തിലെ കോശങ്ങള്‍ നശിക്കുന്ന പ്രക്രിയയാണ് ഹാര്‍ട്ടറ്റാക്ക്.

ക്ഷണങ്ങള്‍ തിരിച്ചറിയണം.


ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ മിക്കപ്പോഴും നെഞ്ചിനോട് ബന്ധപ്പെട്ടുള്ളതായിരിക്കും. തൊണ്ണൂറ് ശതമാനവും ഇത്തരത്തിലായിരിക്കും പ്രകടമാകുക. എന്നാല്‍ പതിനഞ്ച് ശതമാനം ആളുകളില്‍ നെഞ്ചിനോട് യാതൊരു ബന്ധവുമില്ലാത്ത ലക്ഷണങ്ങളും ഉണ്ടാകാം. പലര്‍ക്കും നെഞ്ചിനോടനുബന്ധമായ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ടെങ്കിലും കൃത്യമായി വേദന അനുഭവപ്പെടുന്നത് എവിടെയെന്നു തിരിച്ചറിയാന്‍ കഴിയാതെ വരുന്ന സാഹചര്യവുമുണ്ട്.

കൊറോണറി ധമനിക്ക് തടസമുണ്ടാകുന്ന രോഗാവസ്ഥയ്ക്ക്് അന്‍ജെന എന്നു പറയുന്നു. നെഞ്ചിന്റെ മധ്യഭാഗത്തായി പറഞ്ഞറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ് അന്‍ജെന. ഓരോ വ്യക്തികളിലും അന്‍ജെന അനുഭവപ്പെടുന്നത് വ്യത്യസ്തമായിട്ടായിരിക്കും. ഇത് പലതരത്തില്‍ അനുഭവപ്പെടാം.

1. നെഞ്ച് പൊട്ടിപോകുന്ന വേദനയുണ്ടാകുക
2. ശ്വാസോഛ്വാസം ക്രമാതീതമായി ഉയരുക
3. നെഞ്ചില്‍ ഭാരം അനുഭവപ്പെടുക

തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി ഒരാളില്‍ അനുഭവപ്പെടുന്നത്്. എന്നാല്‍ നെഞ്ചിന്റെ ഇടതു വശത്താണ് ഹൃദയം സ്ഥിതി ചെയ്യുന്നതെന്നതു കൊണ്ട് നെഞ്ചിന്റെ ഇടതുവശത്തായിരിക്കും വേദന അനുഭവപ്പെടുകയെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്.

എന്നാല്‍ അല്‍പ്പം ഇടത്തേക്ക് ചെരിഞ്ഞ ആകൃതിയിലാണ് ഹൃദയം സ്ഥിതി ചെയ്യുന്നതെങ്കിലും, ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചിന്റെ മധ്യഭാഗത്തായിട്ടാണ് വേദന അനുഭവപ്പെടുക. നെഞ്ചില്‍ നിന്നും വേദന വ്യാപിക്കുക കയ്യിലേക്കായിരിക്കും. പൊതുവേ ഇടതു കയ്യിലേക്കാണ് വ്യാപിക്കുന്നതെങ്കിലും ഇടതു കയ്യില്‍ മാത്രമല്ല, വലതു കയ്യിലും വേദന വ്യാപിക്കാന്‍ സാധ്യതയുണ്ട്.

ചില കേസുകളില്‍ രണ്ടു കൈകളിലും വേദന അനുഭവപ്പെടാം. നെഞ്ചും താടിയും കഴയ്ക്കുന്നതായി തോന്നുക, വളരെ അപൂര്‍വമായി ചെവിക്കും നടുവിനും തൊണ്ടയിലും വേദന അനുഭവപ്പെടാം. ഹൃദയാഘാതത്തിന്റെ അനുബന്ധ ലക്ഷണങ്ങളായി രോഗി വെട്ടി വിയര്‍ക്കുക, വയറ്റില്‍ നിന്നും പോകണമെന്ന തോന്നല്‍, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം. അപൂര്‍വമായി ചിലരില്‍ ഹൃദയാഘാതത്തോടനുബന്ധിച്ചുള്ള ലക്ഷണങ്ങള്‍ വയറ്റിലേക്കും വ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തരം അനുബന്ധ ലക്ഷണങ്ങള്‍ പൊക്കിളിനു താഴേക്ക് യാതൊരു കാരണവശാലും വ്യാപിക്കാറില്ല.

ഏകദേശം എണ്‍പത് ശതമാനം ആളുകള്‍ ഹൃദയാഘാതത്തിന്റെ പ്രാരംഭഘട്ടം ഗ്യാസ്ട്രബിളാണെന്നു തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നു അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഹൃദ്രോഗത്തിനു സാധ്യത ഘടകമുള്ള വ്യക്തികള്‍ തീര്‍ച്ചയായും മുന്‍കരുതലുകള്‍ പാലിക്കേണ്ടതാണ്.

uploads/news/2019/04/304798/heartatck290419a.jpg

കാരണങ്ങള്‍


വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഹൃദ്രോഗികളുടെ എണ്ണത്തേക്കാള്‍ അവരുടെ പ്രായമായിരിക്കും ഏറെ ശ്രദ്ധിക്കേണ്ടത്്. മുന്‍കാലങ്ങളില്‍ പുരുഷന്മാര്‍ക്ക് അന്‍പത്തിയഞ്ച് വയസിനു ശേഷവും സ്ത്രീകള്‍ക്ക് നാല്‍പ്പത്തിയഞ്ച് വയസിനു ശേഷവുമെന്നതായിരുന്നു പൊതു നിലവാരം. എന്നാല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇക്കാര്യത്തില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ശാരീരിക മാറ്റങ്ങള്‍ക്ക്് കാരണമായിട്ടുണ്ടെന്നത് വാസ്തവമാണ്.

അതുകൊണ്ട് തന്നെ സാധ്യത ഘടകങ്ങളെന്നു വിശേഷിപ്പിക്കാവുന്ന കാരണങ്ങളില്‍ പ്രധാനം പ്രായമാണ്. പ്രായവും പുകവലിയും സാധ്യത ഘടകങ്ങളില്‍പ്പെടുന്നു. അതുകൊണ്ട് തന്നെ പുരുഷന്മാരില്‍ 55 വയസിനു ശേഷമുള്ള രോഗലക്ഷണങ്ങള്‍ സാധ്യത ഘടകമായി കണക്കാക്കുന്നു. നിയന്ത്രണമില്ലാത്ത ഭക്ഷണരീതികളും അമിതമായ പുകവലിയും കാരണം വളരെ വേഗം ഹൃദ്രോഗത്തിനു അടിമപ്പെടുന്നവരാണിന്ന് ബഹുഭൂരിഭാഗവും.

സ്ത്രീ - പുരുഷന്മാരിലെ കൊളസ്‌ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, പാരമ്പര്യ ഘടകങ്ങള്‍ എന്നിവയും ഹൃദ്രോഗത്തിനുള്ള സാധ്യത ഘടകങ്ങളായി വിലയിരുത്താവുന്നതാണ്. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രതിരോധിക്കാവുന്നതാണ്. എന്നാല്‍ കൊളസ്‌ട്രോള്‍ സാധ്യതഘടകമെന്നതിലുപരി അടിസ്ഥാനഘടകമെന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം.

കൊഴുപ്പ് കൂടുന്ന അവസ്ഥയെന്നു സാധാരണയായി പറയുമെങ്കിലും ഏതെങ്കിലും രീതിയിലുള്ള കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മാത്രമല്ല. അതിലുപരി ശരിയായ ഭക്ഷണക്രമമില്ലാത്തതും വ്യായാമം കുറയുന്നതും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാക്കുന്നു.

വ്യായാമവും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ കാര്യത്തില്‍ നിയന്ത്രണവും ഇല്ലാതാകുമ്പോള്‍ ചില ഉപഘടകങ്ങള്‍ ഉണ്ടാകുന്നു. ഇത് കൂടുതലുള്ളവര്‍ക്ക് സാധ്യത ഘടകമായ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, നല്ല കൊളസ്‌ട്രോള്‍ എന്നിവയുടെ കുറവ് സംഭവിക്കാം. ഇതോടൊപ്പം മറ്റു ഘടകങ്ങളുടെ കുറവ് കൂടി ഉണ്ടാകുന്നു. ഇത് ഹൃദയത്തിനു തടസമുണ്ടാകാന്‍ കാരണമാകുന്നു. ഹൃദയത്തിനുണ്ടാകുന്ന ബ്ലോക്ക് പെട്ടെന്നുണ്ടാകുന്നതല്ല. വര്‍ഷങ്ങളായി രൂപപ്പെടുന്നതാണ്. ഇത് രൂപപ്പെടുന്നതിനു ഒരു ഉപഘടകമുണ്ടാകും.

വര്‍ഷങ്ങളായിട്ടുള്ള ഈ ഉപഘടകങ്ങള്‍ പൊട്ടി ഹൃദയത്തിനു ബ്ലോക്കുണ്ടായി ഹൃദയവാല്‍വ് അടയുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതുകൊണ്ട് സാധ്യത ഘടകങ്ങളെല്ലാം ഒരു പരിധിവരെ അടിസ്ഥാനപരമായി ഹൃദയത്തിനു ബ്ലോക്കുണ്ടാകുവാന്‍ കാരണമാകുന്നുണ്ട്.

ആദ്യ മണിക്കൂര്‍ നിര്‍ണായകം


ഹൃദയാഘാതമുണ്ടായി ആദ്യ മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണെന്നു പറയുന്നത് പ്രധാനമായും രണ്ട് കാര്യങ്ങള്‍ക്കൊണ്ടാണ്. ഈ സമയമാണ് ഏറ്റവും സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.

രണ്ട് ചികിത്സിച്ചാല്‍ ഏറ്റവും പ്രയോജനമുള്ള സമയവും ഹൃദയാഘാതമുണ്ടായി ആദ്യ മണിക്കൂറുകളിലാണ്. അതുകൊണ്ട് തന്നെ ഹൃദയാഘാതമുണ്ടാകുന്ന ആദ്യ മണിക്കൂറുകള്‍ രോഗിയെ സംബന്ധിച്ച് വളരെയധികം വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഈ മണിക്കൂറുകളെ വൈദ്യശാസ്ത്രം ഗോള്‍ഡന്‍ അവര്‍ എന്നു വിളിക്കുന്നു.

ഗോള്‍ഡന്‍ അവര്‍ സമയോചിതമായി വിനിയോഗിച്ചാല്‍ ഇനി വരാനുള്ള ആഘാതത്തിന്റെ അളവ് ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. അതോടൊപ്പം വന്ന ആഘാതത്തെ കണ്ടെത്തി പെട്ടെന്ന് വീണ്ടും ഉണ്ടാകാനുള്ള അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാഘാതത്തിനു ശേഷം ഹൃദയത്തിന്റെ മസിലുകള്‍ക്ക് ക്ഷതമുണ്ടാകുന്നു.

ക്ഷയിച്ച മസിലുകള്‍ ഹൃദയാഘാതത്തിനു ശേഷം കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. ഹൃദയത്തിനൊരു താളാത്മകമായ ചലനമുണ്ട്. താളാത്മകമായ ഈ ചലനങ്ങള്‍ക്ക് പെട്ടന്നുണ്ടാകുന്ന താളവ്യത്യാസങ്ങള്‍ ഹൃദയത്തിന്റെ സുഗമമായ ചലനത്തെ ബാധിക്കും. ഹൃദയത്തിനുണ്ടാകുന്ന താളപിഴകള്‍ കാരണം വളരെ വേഗം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാം.

ഹൃദയാഘാതമുണ്ടായി ആദ്യ മണിക്കൂറില്‍ പല രീതിയില്‍ നിലച്ചുപോയ രക്തയോട്ടം പുനസ്ഥാപിക്കാനാകും. മരുന്നുകള്‍കൊണ്ടോ, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നീ മാര്‍ഗങ്ങളിലൂടെയും പുനസ്ഥാപിക്കാവുന്നതാണ്.

uploads/news/2019/04/304798/heartatck290419b.jpg

ഹൃദയാഘാതമുണ്ടായാല്‍


ഹൃദയാഘാതമുണ്ടായാല്‍ ആദ്യം ഹൃദയാഘാതത്തെ തരണം ചെയ്യുകയെന്നതാണ് പ്രധാനം. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നു തോന്നിയാല്‍ എത്രയും വേഗം രോഗിയെ വിദഗ്ധ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കണം. ഹൃദയാഘാതം പ്രധാനമായും മേജര്‍, മൈനര്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണുള്ളത്. ഇതില്‍ മൈനര്‍ അറ്റാക്ക് ആണെങ്കില്‍ മരുന്നുകള്‍ നല്‍കി ചികിത്സിച്ചാല്‍ മതിയാകും. തക്കസമയത്ത് ചികിത്സ നേടിയാല്‍ മേജര്‍ അറ്റാക്കിലേക്ക് പോകാതെ സംരക്ഷിക്കാനാകും.

ഇവയൊക്കെ ഒരു കാര്‍ഡിയോളജിസ്റ്റിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം ഹൃദയത്തിലെ ബ്ലോക്ക് കൂടുതലാണെങ്കില്‍ ആന്‍ജിയോഗ്രാം ചെയ്ത് ആന്‍ജിയോപ്ലാസ്റ്റിയിലൂടെയോ ബൈപാസ് സര്‍ജറിയിലൂടെയോ സ്‌റ്റെബിലൈസ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആദ്യ ഹൃദയാഘാതം മേജറാണെങ്കില്‍ പരിശോധനകള്‍ക്ക് ശേഷം ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കണം.

രോഗിയെ കൊണ്ടുപോകുന്ന ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ എത്രയും വേഗം ആന്‍ജിയോപ്ലാസ്റ്റി നല്‍കാന്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കണം. കേരളത്തിലെ ഭൂരിഭാഗം ആശുപത്രികളിലും ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.

ഹൃദയാഘാതമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗിയെ 24 മണിക്കൂര്‍ സമയത്തേക്ക്് ഐ.സി.യു വിലേക്കായിരിക്കും മാറ്റുക. ആശുപത്രിയില്‍ നിന്നു വീട്ടിലെത്തിയാലും വിശ്രമത്തിലൂടെ ആരോഗ്യവും ഉന്മേഷവും വീണ്ടെടുക്കേണ്ടതാണ്. രോഗിയായെന്ന ചിന്ത ഒഴിവാക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഹൃദയാഘാതമുണ്ടാകുന്ന സമയങ്ങളില്‍ രോഗിയോടൊപ്പമുള്ള ബന്ധുക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സമചിത്തതയോടെ പെരുമാറേണ്ടത് കൂടെയുള്ള ബന്ധുമിത്രാദികള്‍ തന്നെയാണ്.

1. ആത്മസംയമനത്തോടെ ഇടപെടാന്‍ കഴിവതും ശ്രമിക്കണം. ഈ സമയങ്ങളില്‍ രോഗിക്ക് ധൈര്യം നല്‍കേണ്ടതും കുടുംബാംഗങ്ങളാണ്.
2. സമാധാനപരമായി കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയണം.
3. രോഗി ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം.

4. രോഗിക്ക് ബുദ്ധിമുട്ടോ ടെന്‍ഷനോ ഉണ്ടാകുന്ന തരത്തിലുള്ള യാതൊരു വിധ പെരുമാറ്റങ്ങളും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കണം.
5. ഹൃദയാഘാതമുണ്ടാകുമ്പോ ള്‍ ഒരു കാരണവശാലും രോഗി വാഹനങ്ങള്‍ ഡ്രൈവ് ചെയ്യരുത്.
6. നെഞ്ചുവേദനയോ മറ്റ് അനുബന്ധ ലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ഉടന്‍ ബന്ധുക്കളെയോ അടുത്ത സുഹൃത്തുക്കളേയോ വിവരമറിയിക്കണം. ഒരിക്കലും കാര്യങ്ങള്‍ അവരില്‍ നിന്നും മറച്ചു വയ്ക്കരുത്.

7. രോഗിയെ ആംബുലന്‍സില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുക. മറ്റു വാഹനങ്ങളിലാണെങ്കില്‍ രോഗിയെ വിശ്രമിക്കാന്‍ അനുവദിക്കണം. അധികം സംസാരിക്കാന്‍ അനുവദിക്കരുത്. കുടുംബാംഗങ്ങള്‍ വെപ്രാളപ്പെടരുത്. സമാധാനപരമായ അന്തരീക്ഷം നല്‍കണം.
8. രോഗി കുഴഞ്ഞു വീഴാന്‍ സാധ്യതയുള്ളതിനാല്‍ അതിനുള്ള മുന്‍കരുതലുകള്‍ പാലിക്കണം.
9. സിപിആര്‍ കൊടുക്കാന്‍ അറിയാവുന്നവരുടെ സഹായം തേടുന്നത് നന്നായിരിക്കും. ആശുപത്രിയിലേക്കുള്ള യാത്രയില്‍ സിപിആര്‍ നല്‍കാന്‍ അറിയാവുന്ന ഒരാളെ കൂടെ കൊണ്ടുപോകുന്നതും ഉചിതം തന്നെ.

10. രോഗിക്ക് ശ്വാസം മുട്ടലുണ്ടായാല്‍ നേരെ കിടത്താതെ ചരിച്ച് കിടത്തുക. അല്ലെങ്കില്‍ ചെരിഞ്ഞിരിക്കാന്‍ അനുവദിക്കുക.
11. രോഗിയെ ഒരു കാരണവശാലും നടത്തിക്കൊണ്ട് പോകരുത്്.

രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സമയം കളയാതെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയണം. രോഗിയുടെയും ബന്ധുക്കളുടെയും പുര്‍ണ സഹകരണവും സമാധാനത്തോടെയുള്ള ഇടപെടലും ഉണ്ടെങ്കില്‍ കൃത്യസമയത്ത് രോഗിയെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാനാകും.

ഹൃദ്രോഗം ഒരിക്കലും മാരക രോഗമായി രോഗി സ്വയം വിലയിരുത്താതെ മനഃസാന്നിധ്യത്തോടെ ഉള്‍ക്കൊള്ളാന്‍ തയാറായാല്‍ ഏതൊരു രോഗവും പോലെ ഹൃദ്രോഗത്തെയും നേരിടാനാകും.

കടപ്പാട്:
ഡോ. ജോണി ജോസഫ്
കാര്‍ഡിയോളജിസ്റ്റ,് കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW