Tuesday, August 20, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.15 PM

ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാം

''ശാരീരികമായി കുട്ടികള്‍ക്കുണ്ടാകുന്ന ചൂഷണം എവിടെ നിന്നുമാകാം. മാതാപിതാക്കളില്‍ നിന്നോ ഏറ്റവും അടുത്ത ബന്ധുക്കളില്‍ നിന്നോ ചൂഷണം നേരിടേണ്ടി വരാം. മാതാപിതാക്കളില്‍ നിന്നും ശാരീരിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികള്‍ നിരവധിയാണ്'''
uploads/news/2019/04/304336/Kidsabuss270419c.jpg

മാനസികമായോ ശാരീരികമായോ കുട്ടികളെ ചൂഷണം ചെയ്യുന്നവരുടെ എണ്ണം ഇന്ന് ക്രമാതീതമായിക്കൊണ്ടിരിക്കുകയാണ്. ചൂഷണം ചെയ്യുന്നവരെക്കാള്‍ ചൂഷണത്തിന് ഇരയാകുന്നവരുടെ മാനസികാവസ്ഥയാണ് പ്രധാനം. ഓരോ നിമിഷവും ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നവരുടെ കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്.

മാനസികമായോ ശാരീരികമായോ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നവരാണ് നമുക്കിടയിലെ ഭൂരിഭാഗം കുട്ടികളും. ദിവസവും മാനസികമായെങ്കിലും ചൂഷണത്തിന് ഇരയാകുന്നത് നൂറിലധികം വിദ്യാര്‍ഥികളാണ്. കുട്ടികളോടുളള അതിക്രമങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ലൈംഗിക ചൂഷണം നേരിട്ടവരാണ് അധികവും. എങ്കിലും ചൂഷണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണങ്ങള്‍ പലതാണ്.

ശാരീരിക ചൂഷണം


ശാരീരികമായി കുട്ടികള്‍ക്കുണ്ടാകുന്ന ചൂഷണം എവിടെ നിന്നുമാകാം. മാതാപിതാക്കളില്‍ നിന്നോ ഏറ്റവും അടുത്ത ബന്ധുക്കളില്‍ നിന്നോ ചൂഷണം നേരിടേണ്ടി വരാം. മാതാപിതാക്കളില്‍ നിന്നും ശാരീരിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികള്‍ നിരവധിയാണ്. അപ്രതീക്ഷിതമായിട്ടല്ലാതെ ബോധപൂര്‍വം കുട്ടികളില്‍ ശാരീരികമായി മുറിവേല്‍പ്പിക്കുന്ന രീതിയാണ് ശാരീരിക ചൂഷണം.

മാനസിക ചൂഷണം


മാനസികമായി കുട്ടികളെ തളര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍ ഏറെയാണ്. വീട്ടില്‍ നിന്നും ക്ലാസില്‍ നിന്നും എന്തിന് അടുത്ത സുഹൃത്തുക്കളില്‍ നിന്നു പോലും മാനസികമായി പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവരുണ്ട്. വൈകല്യങ്ങളോ സാധാരണയായിട്ടുളള സ്വഭാവ വൈകൃതങ്ങളോ മറ്റുളളവരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നവരും ചൂഷണത്തിന് അടിമയാകുന്നവരുമുണ്ട്.

ലൈംഗിക ചൂഷണം


ബന്ധുക്കളില്‍ നിന്നും അച്ഛന്റെയോ അമ്മയുടെയോ സുഹൃത്തുക്കളില്‍ നിന്നും അയല്‍പക്കകാരില്‍ നിന്നും ലൈംഗിക ചൂഷണം നേരിടുന്ന കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലൈംഗികമായ തൃപ്തിക്കു വേണ്ടി കുട്ടികളെ നിര്‍ബന്ധിതമായി ലൈംഗിക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരുണ്ട്. പലപ്പോഴും വീട്ടുകാരുമായി വളരെ നല്ല സ്‌നേഹബന്ധമുളളവര്‍ തന്നെയാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് കുട്ടികളെ വിധേയമാക്കുന്നത്.
uploads/news/2019/04/304336/Kidsabuss270419b.jpg

ചൂഷണ വര്‍ധനവും കാരണവും


ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ക്കെതിരെയുളള ചൂഷണം വര്‍ധിക്കാനുളള പ്രധാന കാരണങ്ങളിലൊന്ന് കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാത്തതു തന്നെയാണ്.

ജോലിത്തിരക്കുകളില്‍ കുട്ടികളുടെ കാര്യങ്ങളില്‍ വേണ്ടവിധത്തില്‍ ശ്രദ്ധ കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. പല കുടുംബങ്ങളിലും വീട്ടുജോലിക്ക് നില്‍ക്കുന്നവരെ കുട്ടികളുടെ സംരക്ഷണം ഏല്‍പ്പിക്കുന്നു. ഇവരില്‍ നിന്നും ചൂഷണം അനുഭവിക്കേണ്ടി വരുന്ന കുട്ടികളുമുണ്ട്. ശാരീരിക ചൂഷണത്തിനുളള സാധ്യതയും ഇത്തരം സാഹചര്യങ്ങളില്‍ കൂടുതലാണ്.

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ വീട്ടുജോലിക്കാരെ ഏല്‍പ്പിച്ചിരിക്കുന്ന ജോലികള്‍ പോലും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നു. ശാരീരികവും മാനസികവുമായ ചൂഷണങ്ങള്‍ക്കുളള സന്ദര്‍ഭങ്ങളാണിത്. വിവാഹമോചനം നേടാതെ പരസ്പര ധാരണയോടെ ഒരു വീട്ടില്‍ അപരിചിതരെ പോലെ കഴിയുന്ന ദമ്പതികളുടെ എണ്ണവും വിരളമല്ല.

ഇങ്ങനെ അഡ്ജസ്റ്റ്‌മെന്റ് ലൈഫ് നയിക്കുമ്പോള്‍ കുട്ടികളുടെ കാര്യങ്ങളില്‍ ഇടപെടാനോ അവര്‍ക്ക് ആവശ്യമായ കരുതല്‍ നല്‍കുവാനോ മാതാപിതാക്കള്‍ക്ക് കഴിയാതെ പോകുന്നു.ഇത്തരം ചുറ്റുപാടില്‍ വളരുന്ന കുട്ടികള്‍ ആഗ്രഹിക്കുന്നത് സ്‌നേഹവും സംരക്ഷണവുമാണ്. ഈ സാഹചര്യം മറ്റുളളവര്‍ മുതലെടുക്കുമ്പോഴാണ് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുളള അതിക്രമങ്ങള്‍ക്ക് തുടക്കമാകുന്നത്.

ബന്ധുക്കള്‍ വില്ലന്മാരാകുമ്പോള്‍


ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ചൂഷണത്തിന് വിധേയമാകുന്ന കുട്ടിക്ക് ചൂഷണത്തിന് ഇരയായിയെന്നു തുറന്നു പറയാന്‍ പലപ്പോഴും ഭയമായിരിക്കും. പ്രത്യേകിച്ച് മാതാപിതാക്കളുമായി അടുത്തിടപഴകുന്നവരില്‍ നിന്നും ചൂഷണം നേരിടേണ്ടി വന്നാല്‍.

കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ അച്ഛനും അമ്മയും വിശ്വസിക്കുമോ, ഇതൊക്കെ പറഞ്ഞാല്‍ അവര്‍ തന്നെക്കുറിച്ച് എന്തു വിചാരിക്കുമെന്നൊക്കെയുളള നിരവധി ചോദ്യങ്ങള്‍ ആശങ്കപ്പെടുത്തുമ്പോള്‍ കുട്ടികള്‍ എല്ലാം മനസിലൊതുക്കുന്നു. എന്നാല്‍ കുട്ടികളുടെ ഈ മൗനം ചൂഷണം ചെയ്യുന്നവര്‍ക്ക് ചൂഷണത്തിനുളള അവസരം ഇരട്ടിപ്പിക്കുന്നു.

uploads/news/2019/04/304336/Kidsabuss270419a.jpg

തിരിച്ചറിയണം കുട്ടികളെ


മിക്കവാറും എല്ലാ കുട്ടികളിലും പ്രഥമമായി കണ്ടുവരുന്ന ലക്ഷണം ഭയമാണ്. പിന്നീട് പഠന വൈകല്യം, പഠനത്തില്‍ ശ്രദ്ധക്കുറവ്. വീട്ടിലുള്ളവരോടോ ബന്ധുക്കളോടോ ഉളള സഹകരണം കുട്ടികള്‍ക്ക് കുറവായിരിക്കും.

എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രകൃതം.വിഷാദാവസ്ഥ. ഐ കോ ണ്‍ടാക്ട് നിലനിര്‍ത്താന്‍ കഴിയാതെ വരിക. എന്നാല്‍ ചൂഷണത്തിന് വിധേയമായ ചില കുട്ടികള്‍ അവര്‍ക്കുണ്ടായ അനുഭവം മറ്റുളള കുട്ടികളില്‍ പ്രയോഗിക്കാന്‍ ശ്രമിക്കും. ലൈംഗിക ചൂഷണമാണെങ്കില്‍ പോലും മറ്റുളള കുട്ടികളെ ചൂഷണം ചെയ്യുന്ന പ്രവണത.

അപൂര്‍വ്വം ചില കേസുകളില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണാറുണ്ട്. നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണ് ചൂഷണങ്ങള്‍ക്ക് ഇരയായവരുടെ മനസും. ലൈംഗിക ചൂഷണം നേരിടേണ്ടി വന്ന ചില കുട്ടികളില്‍ ലൈംഗിക കാര്യങ്ങളില്‍ അമിത താല്‍പര്യമുണ്ടാകാം. എന്നാല്‍ മറ്റു ചില കുട്ടികളില്‍ ലൈംഗിക കാര്യങ്ങളോട് ഭയവും താല്‍പര്യക്കുറവുമായിരിക്കും.

തിരികെ കൊണ്ടുവരാം


ചൂഷണം അനുഭവിച്ച കുട്ടികളെ സംബന്ധിച്ച് അവരുടെ മനസില്‍ എല്ലാ കാര്യങ്ങളോടും ഭയമായിരിക്കും. സമൂഹത്തോടും സാമൂഹികമായ ഇടപെടലുകളിലും ഇക്കൂട്ടര്‍ വളരെ വേഗം അസ്വസ്ഥരാകാം. അതുകൊണ്ട് സമയബന്ധിതമായ ചികിത്സാ രീതികളിലൂടെ മാത്രമേ ചൂഷണം കാരണമുണ്ടായ ട്രോമയില്‍ നിന്നും വ്യക്തിയെ പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുളളൂ.

ചൂഷണം നേരിട്ട കുട്ടിക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ പേടിയായിരിക്കും. ചികിത്സാ രീതിയില്‍ ഏറ്റവും പ്രധാനം അവര്‍ക്ക് ആവശ്യമായ ധൈര്യം നല്‍കുകയെന്നതാണ്. എങ്കില്‍ മാത്രമേ അവര്‍ കാര്യങ്ങള്‍ വ്യക്തമായി പറയൂ. തടസങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് ചികിത്സയുടെ മുന്നോട്ടുളള ഘട്ടങ്ങളില്‍ കൂടുതല്‍ സഹായകമാകും.

ചികിത്സ സുഗമമായി മുന്നോട്ട് പോകുന്നതിന് ഏറ്റവും അത്യാവശ്യം ചൂഷണം നേരിട്ടവരുടെ സഹകരണമാണ്. ഒപ്പം മാതാപിതാക്കളുടെ മാനസിക പിന്തുണയും. കുട്ടികള്‍ക്കുണ്ടായ അനുഭവം അവരെക്കൊണ്ട് തന്നെ പറയിക്കാന്‍ കഴിയണം. പല ഘട്ടങ്ങളിലൂടെ മാത്രമേ ഈ അവസ്ഥയിലേക്ക് അവരെ എത്തിക്കാന്‍ സാധിക്കൂ. അവര്‍ നേരിട്ട പ്രശ്‌നം തുറന്നു പറയാന്‍ ബുദ്ധിമുട്ടുളള സാഹചര്യങ്ങളുണ്ടായാല്‍ പേപ്പറില്‍ എഴുതി വാങ്ങിക്കൊണ്ട് ചികിത്സ തുടരാം.

uploads/news/2019/04/304336/Kidsabuss270419d.jpg

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്


1. ഏതുതരം ചൂഷണം നേരിട്ട കുട്ടിയായാലും അവര്‍ക്ക്് മാതാപിതാക്കളുടെ പിന്തുണ ആവശ്യമാണ്.
2. ചൂഷണം കാരണമുണ്ടായ ആഘാതത്തില്‍ നിന്ന് കുട്ടികളെ പൂര്‍വാവസ്ഥയിലെത്തിക്കാന്‍ മാതാപിതാക്കള്‍ കുട്ടികളുമായുളള വൈകാരിക ബന്ധം ദൃഢമാക്കുക.
3. കുട്ടികളുമായി കൂടുതല്‍ സമയം ചിലവഴിക്കുക.
4. പരിചയമില്ലാത്തവരുമായി കുട്ടികള്‍ അടുത്തിടപഴകുന്നുണ്ടോയെന്നു ശ്രദ്ധിക്കുക.
5. കഴിവതും കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കി പോകാതിരിക്കാന്‍ ശ്രമിക്കുക. അഥവാ അത്തരം സാഹചര്യമുണ്ടായാലും ഏറ്റവും വിശ്വസ്തരായവരെ മാത്രം കുട്ടികളെ ഏല്‍പ്പിക്കുക.
6. എന്തു പ്രശ്‌നമുണ്ടായാലും മാതാപിതാക്കള്‍ കൂടെയുണ്ടെന്ന ധൈര്യം കുട്ടികള്‍ക്ക് നല്‍കുക.
7. കുട്ടികള്‍ക്ക് വേണ്ട സംരക്ഷണവും പരിപാലനവും നല്‍കുക.

Ads by Google
Ads by Google
Loading...
TRENDING NOW