Thursday, August 22, 2019 Last Updated 18 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 11.37 AM

പതിനാറാം വയസില്‍ ആ സംവിധായകനു മുമ്പില്‍ ശാരദ പൊട്ടിക്കരഞ്ഞു; ദാരിദ്ര്യം നിറഞ്ഞ വീട്ടില്‍ 50 രൂപ കൊണ്ടുവന്ന സൗഭാഗ്യങ്ങള്‍

''1965-ല്‍ ഇണപ്രാവുകളിലൂടെ മലയാളത്തിലെത്തിയ ശാരദയെ മലയാളികള്‍ കാണാന്‍ തുടങ്ങിയിട്ട് 2019-ല്‍ 54 വര്‍ഷം. അപ്പോഴും ശാരദയെന്ന നടി മലയാളിയുടെ ദുഃഖപുത്രിയാണ്. അരനൂറ്റാണ്ടായി ഒരു ദുഃഖപ്രതീകമായി മലയാളി മനസ്സില്‍കുടികൊളളുന്ന മറ്റൊരു നടിയില്ല.''
uploads/news/2019/04/303659/cINIchATcHT-SArdha230419.jpg

തുലാഭാരം എന്ന സിനിമയിലെ അഭിനയത്തിന് ഉര്‍വ്വശിപ്പട്ടം ലഭിച്ചപ്പോള്‍ ശാരദയോട് ചില പത്രക്കാര്‍ ചോദിച്ചു -ഇത്രയ്ക്ക് മലയാളികളെ കരയിക്കാന്‍ എങ്ങനെ കഴിഞ്ഞു? - ശാരദ ചിരിച്ചതേയുള്ളൂ. ആ ചിരി ചുണ്ടില്‍മാത്രം ഒതുങ്ങിപ്പോയി. കണ്ണില്‍ കണ്ണീര് ചെറുനീരായി പൊടിഞ്ഞു. പത്രക്കാര്‍ മൗനികളായി.

കാരണം ആ കണ്ണില്‍ അവര്‍ തേടുന്ന ഉത്തരം ഉണ്ടായിരുന്നു. ശാരദയെന്ന നടിയുടെ നാട്യങ്ങളില്ലാത്ത ഭാവപ്രകടനം കൂടിയായിരുന്നു അത്. തുലാഭാരത്തില്‍ ദുര്‍വിധി ദാരിദ്ര്യ രൂപത്തില്‍ വേട്ടയാടിയപ്പോള്‍ ജീവിതംതന്നെ തുലാസില്‍വച്ച് വിധിക്ക് വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതയായ നായികയിലേക്കുള്ള ജീവിത പരിണാമം എന്നുവേണമെങ്കില്‍ ആ അഭിനയത്തെ വിളിക്കാം. കാരണം ദാരിദ്ര്യത്തില്‍നിന്നുള്ള നടിയിലേക്കുള്ള പരിണാമമായിരുന്നു ശാരദയുടേത്. ആ ജീവിതപകര്‍ച്ച സിനിമയില്‍ ആവര്‍ത്തിച്ചു എന്നേയുള്ളൂ.

രാവിലെ കൂട്ടുകാരികള്‍ സ്‌കൂളില്‍ പോകുന്നതുകണ്ട് വേദനിച്ച ബാല്യമായിരുന്നു സരസ്വതിയുടേത്. തെലുങ്ക് നാട്ടിലെ തെന്നാലിയിലെ നെയ്ത്ത് കുലത്തൊഴിലായി സ്വീകരിച്ച വെങ്കിടേശ്വര റാവുവിനും സത്യവാണി ദേവിയ്ക്കും മകളെ സ്‌കൂളില്‍ അയച്ചുപഠിപ്പിക്കാനുള്ള സാമ്പത്തികബലമില്ല. ചൂഷകസമൃദ്ധമാണ് അന്നുമിന്നും നെയ്ത്തുപുരകള്‍. പുലര്‍കാലം തൊട്ട് തറിയുടെ മുന്നില്‍ പാവ് ഓടിച്ചാല്‍ നാലില്‍ മൂന്ന് നേരത്തെ ആഹാരത്തിനുപോലും വക ഒക്കില്ല. അങ്ങനെയുള്ള നെയ്ത്തുകാരുടെ മകള്‍ പഠിക്കാന്‍ കൊതിക്കുന്നതുതന്നെ തെറ്റായി കരുതിയിരുന്ന കാലമായിരുന്നു സരസ്വതിയുടെ ബാല്യം.

കൂട്ടുകാര്‍ സ്‌കൂളില്‍നിന്ന് വരുന്നതും പോകുന്നതും കൊതിയോടെയും കരച്ചിലോടെയും കണ്ടുനില്‍ക്കാന്‍ വിധിക്കപ്പെട്ട ബാല്യത്തിന് ഒരാശ്വാസമെന്നോണം മറ്റൊരു പഠനം മാതാപിതാക്കള്‍ വിധിച്ചു. നൃത്തം പഠിക്കുക. തെലുങ്ക് നാട്ടില്‍ ഈ പഠനം അക്കാലത്ത് ഒരാചാരമായിരുന്നു. ഒരര്‍ത്ഥത്തില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നൃത്തപഠനം വിധിച്ച് വലുതാകുമ്പോള്‍ അവരെ അന്തപ്പുരനര്‍ത്തകികളാക്കി മാറ്റുന്ന ഒരു ദുരാചാരം എന്നും ഇതിനെ വിളിക്കാം. അത്തരക്കാരില്‍ കുറെപ്പേര്‍ സിനിമാമോഹം മൂത്ത് കോടമ്പാക്കത്ത് ജീവിതം തലതല്ലിത്തീര്‍ത്തത്
മറ്റൊരു ചരിത്രം.

അഞ്ചുവയസ്സുകാരി സരസ്വതി നൃത്തം പഠിക്കാന്‍ പോകുന്നത് സ്‌കൂളിലേക്ക് പോകുന്ന കൂട്ടുകാരികളോടൊപ്പമായിരുന്നു. അവര്‍ പള്ളിക്കൂടത്തിലേക്ക് തിരിയുന്നതുകണ്ട് അവള്‍ കണ്ണീരൊലിപ്പിച്ച് നൃത്തശാലയിലേക്ക് നടന്നുനീങ്ങി.

ഗുരുവിന്റെ വീട്ടില്‍ പാത്രം വൃത്തിയാക്കലും നിലംതുടയ്ക്കലും തുടങ്ങി സര്‍വ്വവിധ ജോലികളും ചെയ്തുതീരുമ്പോള്‍ കുറച്ചുനേരത്തേക്ക് ചുവടുകള്‍ പഠിപ്പിക്കും. നൃത്തം പഠിച്ച് നാട്യകേസരിയായി തീരണമെന്നൊന്നും സരസ്വതി ആശിച്ചില്ല. പകരം ഗുരുഭവനത്തില്‍നിന്ന് ലഭിക്കുന്ന സൗജന്യ ആഹാരം അവളുടെ വയറിന് ആശ്വാസമായിത്തോന്നി. ഈ തോന്നല്‍ അവളില്‍ ആ വലിയവലിയ ആഗ്രഹങ്ങളൊന്നും ജനിപ്പിച്ചില്ല. 16 വയസ്സുവരെ സരസ്വതി നൃത്തചുവടുകള്‍ പഠിച്ചു.

അതോടെ പഠിത്തം നിര്‍ത്തി വീട്ടില്‍ നില്‍പ്പായി. ഇതിനിടയില്‍ സരസ്വതി നൃത്തത്തില്‍ പൂര്‍ണ്ണത കൈവരിച്ചു. ഗ്രാമക്ഷേത്രത്തിലെ അവളുടെ നടനംകണ്ട ചിലര്‍ ഒരുദിനം വീട്ടിലെത്തി വെങ്കിടേശ്വര റാവുവിനെകണ്ട് മകളെ നാടകത്തില്‍ അഭിനയിപ്പിക്കാന്‍ വിടാമോ എന്ന് ചോദിച്ചു. ചിന്തിക്കാന്‍പോലും പറ്റാത്തൊരു മേഖലയായതുകൊണ്ട് പറ്റില്ലെന്ന മറുപടി മാത്രമേ പിതാവിന് നല്‍കാനുണ്ടായിരുന്നുള്ളൂ. കേട്ടുനിന്ന സത്യവാണിദേവിയും ആ ഭര്‍ത്താവിന്റെ പല്ലവിതന്നെ ആവര്‍ത്തിച്ചു. ഉടന്‍ നാടകക്കാര്‍ മറ്റൊരുതന്ത്രം പയറ്റി. 50 രൂപ അഡ്വാന്‍സ്.ദാരിദ്ര്യം കൊടിയേറി നിന്നിരുന്ന ആ വീട്ടില്‍ 50 രൂപ കൊണ്ടുവരുന്ന സൗഭാഗ്യങ്ങള്‍ ഒരുമാത്ര ആ മാതാപിതാക്കളുടെ മനസ്സില്‍ ഓടി മറഞ്ഞു. അതോടെ പിടിവാശിയും മറഞ്ഞുപോയി. മകളെ നാടകനടിയാക്കാന്‍ അവര്‍ സമ്മതിച്ചു.

അച്ഛനോടൊപ്പം നാടക ക്യാമ്പിലെത്തിയ സരസ്വതിക്ക് നോട്ട് ബുക്കും പെന്‍സിലും കൊടുത്തിട്ട് അഭിനയിക്കേണ്ട രംഗവും സംഭാഷണങ്ങളും എഴുതിക്കൊള്ളാന്‍ സംവിധായകന്‍ പറഞ്ഞപ്പോള്‍ അവള്‍ ഭിത്തിയില്‍ ചാരിനിന്ന് കരഞ്ഞു. എഴുത്തും വായനയും അറിയാത്ത സരസ്വതിക്ക് ഇതല്ലാതെ മറ്റെന്തു മറുപടി നല്‍കാന്‍. എങ്കില്‍ തങ്ങള്‍ പറയുന്നത് കേട്ട് അഭിനയിച്ചാല്‍ മതിയെന്നായി സംവിധായകന്‍. പാട്ടുപാടി നൃത്തം ചെയ്ത് അഭിനയിക്കണമെന്ന സംവിധായകന്റെ നിര്‍ദ്ദേശം അവള്‍ പാലിച്ചു. ആദ്യത്തെ അഭിനയം തരക്കേടില്ലെന്ന് കണ്ടുനിന്നവര്‍ വിധിപറഞ്ഞെങ്കിലും സമിതി പൊളിഞ്ഞതുകാരണം ആ അഭിനയ ജീവിതം താല്‍ക്കാലികമായി പൊലിഞ്ഞു. വീണ്ടും സരസ്വതി വീട്ടില്‍നില്‍പ്പായി. ഇതിനിടയില്‍ സരസ്വതി ഫിഫ്ത് ഫാറത്തില്‍ ചേര്‍ന്നിരുന്നു. എങ്കിലും പഠനം ദീര്‍ഘമാക്കാന്‍ കഴിഞ്ഞില്ല.

ഒരുദിവസം ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ (ഇപ്റ്റ) ഭാരവാഹികള്‍ സരസ്വതിയെ തേടി വീട്ടില്‍വന്നു. അവരുടെ -അണ്ണ ചൊല്ലലു- എന്ന നാടകത്തില്‍ അഭിനയിക്കാന്‍ വിടാമോ എന്ന് ചോദിക്കാനാണ് വരവ്. പഴയ അന്‍പത് രൂപയുടെ ഭാഗ്യസ്മരണകള്‍ മനസ്സിലുറങ്ങിക്കിടന്നത് പതുക്കെ ഉണര്‍ന്നപ്പോള്‍ ആ പിതാവ് അതിന് സമ്മതിച്ചു. അപ്പോഴും കരയുകയായിരുന്നു സരസ്വതി. കാരണം അഭിനയം അറിയാന്‍പാടില്ലാത്ത താനെങ്ങനെ സംഭാഷണങ്ങള്‍ എഴുതിയെടുത്ത് അഭിനയിക്കും.

uploads/news/2019/04/303659/cINIchATcHT-SArdha230419A.jpg

അതിനുമുമ്പ് -വെണ്‍തിരൈ-എന്ന നാടകത്തില്‍ക്കൂടി അഭിനയിച്ചിരുന്ന സരസ്വതി ആ ഓര്‍മ്മയുടെ ബലത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. നാടകം തെലുങ്ക് നാട്ടില്‍ വന്‍ കോളിളക്കമുണ്ടാക്കി. നാടക പ്രദര്‍ശനത്തിന്റെ ബുക്കിംഗ് ക്ഷണമാത്രകൊണ്ട് ഉയര്‍ന്നു. ഒരുദിവസം രണ്ടും മൂന്നും പ്രദര്‍ശനങ്ങള്‍. നാടകം കഴിയുമ്പോള്‍ ഗ്രീന്‍ റൂമില്‍വന്ന് സരസ്വതിയെ അഭിനന്ദിച്ച കാണികള്‍ അവള്‍ക്ക് കാശും കപ്പലണ്ടിയും നല്‍കി. ശര്‍ക്കരപുരട്ടിയ കപ്പലണ്ടി അക്കാലത്ത് തെലുങ്ക് നാട്ടിലെ വിശിഷ്ടഭോജ്യമായിരുന്നു.

അണ്ണ ചൊല്ലലു നാടകം അന്നാട്ടില്‍ തകര്‍ത്ത്‌വാരിക്കൊണ്ടിരുന്നപ്പോള്‍ പ്രശസ്ത തെലുങ്ക് സിനിമാ സംവിധായകനും നിര്‍മ്മാതാവുമായിരുന്ന രാജാറാവു ഒരുദിനം നാടകം കണ്ടു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ടത് സരസ്വതിയുടെ അഭിനയമായിരുന്നു. നാടകാനന്തരം സരസ്വതിയെ വിളിച്ചു സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യമെറിഞ്ഞപ്പോള്‍ സിനിമാ ചാന്‍സിനായി വെമ്പിയിരുന്ന അവളുടെ മനസ്സില്‍നിന്ന് അറിയാതെ ഉത്തരം വന്നു. - ഉണ്ട് - എങ്കില്‍ അച്ഛനേയും കൂട്ടി മദ്രാസില്‍വന്ന് തന്നെ കാണാന്‍പറഞ്ഞ് മേല്‍വിലാസം നല്‍കി രാജാറാവു മടങ്ങി. അടുത്തദിവസംതന്നെ വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോള്‍ മകളെ സിനിമാതാരമാക്കിയാല്‍ ഉണ്ടാകുന്ന സുന്ദര സൗഭാഗ്യങ്ങളെ ഓര്‍ത്ത് അവരും സമ്മതംമൂളി.

മദ്രാസ് യാത്രയ്ക്കുള്ള പണം ഓടിനടന്ന് ഉണ്ടാക്കി ആ അച്ഛന്‍ മകളുമായി മദ്രാസില്‍ രാജാറാവുവിന്റെ അടുക്കലെത്തിയപ്പോള്‍ വാഗ്ദാനം ചെയ്ത റോള്‍ മറ്റൊരു നടിയുടെ പേര്‍ക്കായി കഴിഞ്ഞിരുന്നു. കാരണം ഇവരെ കാത്തിരുന്ന റാവു ഇനി സരസ്വതി വരില്ലെന്ന് കണ്ട് മറ്റൊരുനടിയെ ഏര്‍പ്പാടാക്കുകയായിരുന്നു. അവിടെവച്ച് പൊട്ടിക്കരഞ്ഞ സരസ്വതിയെ ആശ്വസിപ്പിക്കാനെന്നോണം തന്റെ സ്‌നേഹിതനായ നാഗഭൂഷണത്തിന്റെ -രക്തക്കണ്ണീര്‍- എന്ന നാടകത്തില്‍ ഒരു റോള്‍ തരപ്പെടുത്തിക്കൊടുത്തു.

ഈ നാടകം കാണാനിടയായ വാഹിനി സ്റ്റുഡിയോ ഉടമ നാഗി റെഡ്ഡി തന്റെ - ഇരുമിത്രലു- എന്ന ചിത്രത്തില്‍ സരസ്വതിക്ക് ഒരു ചാന്‍സ് നല്‍കി. എന്ന് മാത്രമല്ല അവളെ പുനര്‍നാമകരണം ചെയ്ത് അദ്ദേഹം ശാരദയെന്നാക്കി. പിന്നീട് മദ്രാസില്‍ ഭാഗ്യം ശാരദയെ തേടിവന്നുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ കുഞ്ചാക്കോ -ഇണപ്രാവുകള്‍- എന്ന ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നു. ശാരദയെ നായികയാക്കാന്‍ തീരുമാനിച്ചു. ഇതിലഭിനയിക്കാന്‍ വന്നപ്പോള്‍ ശാരദയുടെ പേര് റാഹേല്‍ എന്നാക്കി കുഞ്ചാക്കോ. ഉദയാ സ്റ്റുഡിയോയില്‍വച്ച് നടന്ന ഷൂട്ടിംഗില്‍ സത്യനായിരുന്നു ചിത്രത്തിലെ നായകന്‍. അന്ന് ഒരു ഭാവി പ്രവചനമെന്നോണം സത്യന്‍മൊഴിഞ്ഞു -ഇവളൊരു പടക്കുതിരയാണല്ലോ-കേട്ടുനിന്നവര്‍ക്ക് ഒരു ചിരിക്ക് മാത്രമേ അത് ഉതകിയുള്ളൂ.

എന്നാല്‍ പിന്നീട് മലയാള സിനിമയിലെ അഭിനയ ലോകത്ത് പടക്കുതിരയായി തന്നെ പാഞ്ഞു ശാരദ. എന്നാല്‍ അപ്പോഴൊന്നും ശാരദ അഹങ്കരിച്ചില്ല. ഉള്ളിലെ അടുക്കടുക്കായി കിടക്കുന്ന ദുഃഖങ്ങള്‍ അവളെ കരയിപ്പിച്ചില്ല. 1965-ല്‍ ഇണപ്രാവുകളിലൂടെ മലയാളത്തിലെത്തിയ ശാരദയെ മലയാളികള്‍ കാണാന്‍ തുടങ്ങിയിട്ട് 2019 -ല്‍ 54 വര്‍ഷം.

അപ്പോഴും ശാരദയെന്ന നടി മലയാളിയുടെ ദു:ഖപുത്രിയാണ്. അരനൂറ്റാണ്ടായി ഒരു ദുഃഖപ്രതീകമായി മലയാളി മനസ്സില്‍കുടികൊളളുന്ന മറ്റൊരു നടിയില്ല. ദുഃഖമെന്ന ഭാവപ്രകടനത്തിലൂടെ അതിന്റെ പ്രതീകമായി ഒരു ജനതയില്‍ ഇത്രയുംകാലം കുടികൊണ്ട മറ്റൊരു നടി മലയാളത്തിലെന്നല്ല, ഇന്ത്യയിലെന്നല്ല ഒരുപക്ഷേ ലോകത്തില്‍ത്തന്നെ കാണാന്‍ സാദ്ധ്യതയില്ല.

മലയാളം പറയാന്‍ മാത്രമറിയുന്ന ശാരദയ്ക്കുവേണ്ടി മലയാളിത്തത്തിന്റെ ശബ്ദം പകര്‍ന്നത് ടി.ആര്‍.ഓമനയായിരുന്നു. അഭിനയത്തിന്റെ അരനൂറ്റാണ്ട്കാലം സ്വന്തമല്ലാത്ത ഒരു ഭാഷയ്ക്ക് വേണ്ടി ജീവിച്ച ഒരന്യനാട്ടുകാരി ഇന്ത്യയില്‍ത്തന്നെ അതിവിരളമായിരിക്കും. പില്‍ക്കാലത്ത് പാര്‍ലമെന്റ് അംഗം വരെയെത്തിയ ശാരദ കേരള ഗവണ്‍മെന്റിന്റേതടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

മലയാളത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം ഭരതന്‍ വിളിച്ചപ്പോള്‍ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തില്‍ സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ അനുഭവിക്കുന്ന ദുഃഖകഥയുടെ പകുതിഭാഗം മത്സരിച്ച് അഭിനയിച്ചു. ബാക്കി പകുതിയില്‍ മത്സരിച്ചത് നെടുമുടിവേണുവുമായിട്ടായിരുന്നു. ഇനിയും ഒരു ദുഃഖപുത്രിയായി മലയാളിയുടെ മുന്നില്‍ എത്താന്‍ ശാരദയ്ക്ക് കഴിയും. കാരണം ആ മനസ്സില്‍ ഒരു ജന്മം മുഴുവന്‍ കരയാനുള്ള ദുഃഖം സ്വന്തം ജീവിതം ഘനീഭവിച്ചു നല്‍കിയിട്ടുണ്ട്.

സാജു ചേലങ്ങാട്

Ads by Google
Wednesday 24 Apr 2019 11.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW