Sunday, August 18, 2019 Last Updated 56 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 02.45 PM

അമ്മ ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിന്റെ മുച്ചുണ്ടിന് കാരണമാകുമെന്ന് പറയുന്നത് ശരിയാണോ?

കുട്ടികളുടെ ആരോഗ്യം
uploads/news/2019/04/303476/asdrkidscar230419.jpg

''ഗര്‍ഭാവസ്ഥയില്‍ അനാവശ്യമായി ഒരു മരുന്നും കഴിക്കാന്‍ പാടില്ല. ഈ സമയത്ത് കഴിക്കുന്ന പല മരുന്നുകളും ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിച്ചെന്നു വരും''

ഗര്‍ഭാവസ്ഥയില്‍ മരുന്നു കഴിക്കുമ്പോള്‍

മൂന്ന് വയസുള്ള കുഞ്ഞിന്റെ അമ്മയാണ്. മകന്‍ ജനിച്ചപ്പോള്‍ മുച്ചുണ്ട് ഉണ്ടായിരുന്നു. എന്നാല്‍ സര്‍ജറിയിലൂടെ ആ പ്രശ്‌നം പരിഹരിച്ചു. അമ്മ ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിന്റെ മുച്ചുണ്ടിന് കാരണമാകുമെന്ന് പറയുന്നത് ശരിയാണോ? എന്താണ് മുച്ചുണ്ടിനുള്ള കാരണങ്ങള്‍. മുച്ചുണ്ടിനുള്ള സര്‍ജറി ചെറിയ പ്രായത്തില്‍തന്നെ ചെയ്യണമോ?
----- റിമി ജോസ് , ചേര്‍ത്തല

ഗര്‍ഭാവസ്ഥയില്‍ അനാവശ്യമായി ഒരു മരുന്നും കഴിക്കാന്‍ പാടില്ല. ഈ സമയത്ത് കഴിക്കുന്ന പല മരുന്നുകളും ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിച്ചെന്നു വരും. പ്രത്യേകിച്ച് അവയവങ്ങള്‍ രൂപം പ്രാപിക്കുന്ന ആദ്യത്തെ മൂന്ന് മാസത്തില്‍. ഒരു പ്രത്യേക മരുന്ന് കുഞ്ഞിന് മുച്ചുണ്ടാകാന്‍ കാരണമാണെന്ന് പറയാനാവില്ല.

ഹൃദയത്തെയും തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന പലതരം വൈകല്യങ്ങള്‍ക്ക് ഗര്‍ഭകാലത്ത് കഴിക്കുന്ന മരുന്നുകള്‍ കാരണമായേക്കാം. അതുകൊണ്ട് ഗര്‍ഭകാലത്ത് വളരെ അടിയന്തിര ഘട്ടത്തില്‍ മാത്രമേ മരുന്നുകള്‍ കഴിക്കാവൂ. മുച്ചുണ്ടിന് കാരണങ്ങള്‍ പലതുണ്ട്. അതില്‍ പ്രധാനം ജനിതകമാണ്. പാരമ്പര്യമായി മുച്ചുണ്ട് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കുടുംബത്തില്‍ ഒരാള്‍ക്ക് മുച്ചുണ്ട് ഉണ്ടെങ്കില്‍ അടുത്ത തലമുറയിലേക്ക് പകരാന്‍ ആറ് ശതമാനം സാധ്യതയാണ് കണക്കാക്കുന്നത്. മുച്ചുണ്ട് ഉണ്ടെങ്കില്‍ എത്രയും വേഗത്തില്‍ സര്‍ജറി ചെയ്യുന്നതാവും നല്ലത്. ഇത് കുഞ്ഞിന് സംസാരശേഷി ലഭിക്കുന്നതിന് സഹായിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് സംസാര ശേഷി ആരംഭിക്കുന്നത് ഒരു വയസു മുതലാണ്. ആ സമയത്തിനു മുമ്പ് ശസ്ത്രക്രിയയിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍ പിന്നീട് സംസാരശേഷി ലഭിക്കാന്‍ ബുദ്ധിമുട്ടാവും.

മുടി കട്ടിയാകുന്നു


എന്റെ മകന് 10 വയസ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ജനിച്ചപ്പോള്‍ത്തന്നെ തല നിറയെ മുടി ഉണ്ടായിരുന്നു. രാവിലെയും വൈകിട്ടും കുളിക്കുന്നുണ്ടെങ്കിലും കുട്ടിയുടെ ജടപിടിക്കുന്നു. അതിനാല്‍ പലപ്പോഴും മുടിയുടെ നീളം വളരെകുറച്ച് വെട്ടിയ്‌ക്കേണ്ടിവരുന്നു. വൈകിട്ട് കുളിച്ചിട്ട് കിടന്നാലും നേരം വെളുക്കേുമ്പോള്‍ മുടി കൂടിച്ചേര്‍ന്ന് കട്ടപിടിക്കും. ജനിച്ചപ്പോള്‍മുതല്‍ ഈ പ്രശ്‌നം ഉണ്ടായിരുന്നു. ഇതുവരെ ഡോക്ടറെ കണിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഇത് മാറാന്‍ എന്താണ് ചെയ്യേണ്ടത്?
------- റിയ തോമസ് , തൃശൂര്‍

മുടിയുടെ സ്വഭാവം പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലരുടെ മുടി എത്ര നീണ്ടാലും കട്ടപിടിക്കില്ല . എന്നാല്‍ ചിലരുടെ മുടി വളരെ വേഗം ജടകെട്ടുന്നതുമാണ്. മുടിയുടെ നീളം കുറച്ച് വെട്ടിയാല്‍ കട്ടപിടിക്കുന്നത് ഒഴിവാക്കാനാവും. എന്നാല്‍ വളരെ അപൂര്‍വമായി മുടിയുഴ നിറം മങ്ങുക, മുടിയുടെ കട്ടി കുറയുക, കൊഴിയുക, ഒട്ടിപ്പിടിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് കാണാറുണ്ട്.

ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഒരു ത്വക്ക്‌രോഗ വിദഗ്ധനെ കാണുന്നത് നന്നായിരിക്കും. കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് ചികിത്സ വേണ്ടിവരുന്ന രോഗമായി കരുതാനാവില്ല.

ചൂടുകുരു മാറാന്‍


എന്റെ മകള്‍ക്ക് പതിനൊന്നു വയസ് പ്രായം. അവളുടെ ദേഹത്ത് ചൂടുകുരു ഉണ്ട്. ഇടയ്ക്ക് പഴുത്ത് പൊട്ടുന്നുമുണ്ട്. മഴക്കാലത്തു പോലും ചൂടുകുരു ഉണ്ടാകുന്നു. ആയുര്‍വേദ മരുന്ന് കഴിക്കുന്നുണ്ട്. കൂടാതെ മരുന്നിലയിട്ട വെള്ളത്തിലാണ് പതിവായി കുളിക്കുന്നത്. എന്നിട്ടും കുറവൊന്നും കാണുന്നില്ല. ചൂടുകുരു ഉണ്ടാകാന്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ? ഇതു മാറാന്‍ എന്തു ചെയ്യണം?
----- മിഥുന്‍ നായര്‍ , മഞ്ചേരി

ശരീരത്തിലെ വിയര്‍പ്പു ഗ്രന്ഥികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരവസ്ഥയാണ് ചൂടുകുരു. മറ്റ് കാലാവസ്ഥകളെ അപേക്ഷിച്ച് വേനല്‍ക്കാലത്താണ് ചൂടുകുരു കൂടുതായി കണ്ടുവരുന്നത്. എല്ലാവരിലും ചൂടുകുരു ഉണ്ടാകാറില്ല. മഴക്കാലത്തും മഞ്ഞുകാലത്തും ചൂടുകുരു സാധാരണ കാണുന്നത് കുറവായിരിക്കും.

എന്നാല്‍ നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതയനുസരിച്ച് മഴകഴിഞ്ഞുണ്ടാകുന്ന കടുത്ത വെയില്‍ ചിലപ്പോള്‍ കുട്ടികളില്‍ ചൂടുകുരുവിന് കാരണമാകും. വിയര്‍പ്പുഗ്രന്ഥികളില്‍ നിന്നും വിയര്‍പ്പ് പുറത്തേക്ക് വരുന്ന നേരിയ കുഴലുകളില്‍ തടസം നേരിടുമ്പോഴാണ് ചൂടുകുരു ഉണ്ടാകുന്നത്. ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ പ്രത്യേകത ചൂടുകുരു ഉണ്ടാകുന്നതില്‍ ഒരു പ്രധാന ഘടകമാണ്.

നിസാര പ്രശ്‌നമാണെങ്കിലും നിയന്ത്രണവിധേയമല്ലെങ്കില്‍ ത്വക്ക്‌രോഗ വിദഗ്ധനെ കാണിച്ച് പരിശോധന നടത്തണം. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ചൂടുകുരു നിയന്ത്രിക്കാന്‍ സഹായിക്കും. രാവിലെയും വൈകിട്ടും തണുത്തവെള്ളത്തില്‍ കുളിക്കാന്‍ ശ്രമിക്കുക. ഇതു കൂടാതെ ചൂടുകുരു കുറയ്ക്കാനുള്ള പ്രത്യേക പൗഡറുകള്‍ ലഭ്യമാണ്. കഴുത്തിനും കഴുത്തിനു താഴേക്കുമുള്ള ഭാഗത്ത് പൗഡര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

മക്കളെ അകന്നു കഴിയുമ്പോള്‍


എന്റെ മകള്‍ പ്രസവിച്ച് മൂന്നാം മാസത്തില്‍ കുഞ്ഞിനെ ഞങ്ങളുടെ അടുത്താക്കി വിദേശത്തുപോയി. ഒന്നര വര്‍ഷത്തിനു ശേഷമാണ് അവള്‍ തിരിച്ചു വരുന്നത്. ഇപ്പോള്‍ വന്നിട്ട് ഒരാഴ്ചയായി. എന്നാല്‍ കുഞ്ഞ് മകളുടെ അടുത്ത് അടുപ്പം കാണിക്കുന്നില്ല. അവള്‍ എടുക്കുന്നത് കുഞ്ഞിന് ഇഷ്ടമല്ല. മകളെ കാണുമ്പോഴേ കുഞ്ഞ് കരച്ചില്‍ തുടങ്ങും. ഇതുമൂലം മകള്‍ക്ക് വലിയ വിഷമമാണ്. കുഞ്ഞിന് മകളോട് അടുപ്പം തോന്നാന്‍ ഇനി എന്തു ചെയ്യണം.
------- മഞ്ജു മനോഹര്‍ , മംഗലാപുരം

കുഞ്ഞിനെ പ്രസവിച്ച് നാട്ടില്‍ നിര്‍ത്തി ജോലിക്കായി ദൂരെ പോകുന്ന രക്ഷിതാക്കളുടെ പരാതിയാണിത്. അവധിക്കായി നാട്ടില്‍ വരുമ്പോള്‍ കുഞ്ഞുങ്ങള്‍ അമ്മയെയും അച്ഛനെയും തിരിച്ചറിയുന്നില്ല. ഇതില്‍ മനം നൊന്ത് പല അമ്മമാരും ഡോക്ടറുടെ സഹായം തേടിയെത്താറുണ്ട്.

ഇന്നത്തെ കാലത്ത് ഈ അവസ്ഥ കൂടുതലാണ്. കുഞ്ഞിന്റെ അടുത്ത് സദാ പെരുമാറുന്നവരെയാണ് കുഞ്ഞിന് എപ്പോഴും ഇഷ്ടം. അമ്മ അടുത്തിരുന്ന് കുഞ്ഞിനെ പരിചരിച്ചാല്‍ മാത്രമേ കുഞ്ഞിന് അമ്മയോട് അടുപ്പം ഉണ്ടാവുകയുള്ളു. അല്ലാത്ത പക്ഷം അമ്മയെ കുഞ്ഞ് വേഗം തിരിച്ചറിഞ്ഞെന്ന് വരില്ല.

സ്‌നേഹം പ്രകടിപ്പിച്ചെന്ന് വരില്ല. കുഞ്ഞിനെ വീട്ടിലാക്കി ദീര്‍ഘകാലത്തേക്ക് ദൂരെ ജോലിക്കു മാതാപിതാക്കള്‍ പോയാലും ഫോണിലൂടെ ആണെങ്കില്‍ പോലും ശബ്ദം കുഞ്ഞിനെ കേള്‍പ്പിക്കാം. പിന്നീട് കുഞ്ഞിന്റെ അടുത്തുവരുമ്പോള്‍ ആ ശബ്ദത്തില്‍ നിന്നും അവന്‍ അമ്മയെയും അച്ഛനെയും തിരിച്ചറിയാന്‍ സഹായിക്കും. ഇപ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ളതുകൊണ്ട് വെബ് കാമറ വഴി മാതാപിതാക്കള്‍ക്കും കുഞ്ഞിനും പരസ്പരം കാണാനും സംസാരിക്കാനുമാവും.

അതുപോലെ ഫോട്ടോ അയക്കുന്നതും നന്നായിരിക്കും. നാട്ടിലുള്ള സമയത്ത് കുഞ്ഞുമായി കൂടുതല്‍ സമയം ഇടപഴകുകയും സ്‌നേഹിക്കുകയും ചെയ്യുക.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW