Monday, August 26, 2019 Last Updated 36 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.38 AM

പ്രീമിയര്‍ ലീഗില്‍ പോരാട്ടം രൂക്ഷം

uploads/news/2019/04/303380/s5.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം അതിരൂക്ഷം. ഞായറാഴ്‌ച വൈകി നടന്ന മത്സരത്തില്‍ കാര്‍ഡിഫ്‌ സിറ്റിയെ 2-0 ത്തിനു തോല്‍പ്പിച്ചതോടെ ലിവര്‍പൂള്‍ ഒന്നാംസ്‌ഥാനത്തു തിരിച്ചെത്തി. 35 കളികളില്‍നിന്ന്‌ 88 പോയിന്റാണു ലിവര്‍പൂളിന്റെ നേട്ടം.
രണ്ടാംസ്‌ഥാനക്കാരായ മാഞ്ചസ്‌റ്റര്‍ സിറ്റി 34 കളികളില്‍നിന്ന്‌ 86 പോയിന്റുമായി വിടാതെ പിന്നാലെയുണ്ട്‌. മൂന്നാംസ്‌ഥാനക്കാരായ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ 34 കളികളില്‍നിന്ന്‌ 67 പോയിന്റുമായി ബഹുദൂരം പിന്നിലാണ്‌. കാര്‍ഡിഫിനെ അവരുടെ തട്ടകമായ സിറ്റി സ്‌റ്റേഡിയത്തിലാണു ലിവര്‍പൂള്‍ തോല്‍പ്പിച്ചത്‌. ജോര്‍ജീഞ്ഞോ വിന്‍ദാലും, ജെയിംസ്‌ മില്‍നര്‍ എന്നിവരാണു ഗോളടിച്ചത്‌. 29 വര്‍ഷത്തിനു ശേഷമാണു ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ്‌ കിരീടത്തിലേക്ക്‌ അടുക്കുന്നത്‌. ലിവര്‍പൂള്‍ സീസണില്‍ തുടര്‍ച്ചയായ ഒന്‍പത്‌ മത്സരങ്ങള്‍ ജയിച്ചു. വെള്ളിയാഴ്‌ച സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ഹഡേഴ്‌സ്ഫീല്‍ഡ്‌ ടൗണിനെ നേരിടും. മത്സരത്തില്‍ ജയിച്ചാല്‍ പോയിന്റ്‌ പട്ടികയില്‍ രണ്ടാംസ്‌ഥാനക്കാരായുമായുള്ള അകലം കൂട്ടാന്‍ ലിവര്‍പൂളിനാകും.
ശനിയാഴ്‌ച നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ മാഞ്ചസ്‌റ്റര്‍ സിറ്റി ഒന്നാംസ്‌ഥാനത്തെത്തിയിരുന്നു. കാര്‍ഡിഫിനെ തറപറ്റിച്ചതോടെയാണു ലിവര്‍പൂള്‍ ഒന്നാംസ്‌ഥാനത്തു തിരിച്ചെത്തിയത്‌. ഞായറാഴ്‌ച നടന്ന മറ്റു മത്സരങ്ങളില്‍ എവര്‍ടണ്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്കും ക്രിസ്‌റ്റല്‍ പാലസ്‌ 3-2 ന്‌ ആഴ്‌സണലിനെയും തോല്‍പ്പിച്ചു.
എവര്‍ടണ്‍ സ്വന്തം തട്ടകമായ ഗൂഡിസണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിലാണു യുണൈറ്റഡിനെ തറപറ്റിച്ചത്‌. എവര്‍ടണ്‍ യുണൈറ്റഡിനെതിരേ നേടുന്ന ഏറ്റവും വലിയ ജയമാണിത്‌. ബാഴ്‌സലോണയോടു തോറ്റു ചാമ്പ്യന്‍സ്‌ ലീഗില്‍നിന്നു പുറത്തായി ദിവസങ്ങള്‍ക്കു ശേഷമാണു യുണൈറ്റഡ്‌ എവര്‍ടണിനോടും തോല്‍ക്കുന്നത്‌. ഒലെ ഗണ്ണാര്‍ സോള്‍ഷയര്‍ കോച്ചായ ശേഷം യുണൈറ്റഡ്‌ നേടുന്ന ഏറ്റവും വലിയ തോല്‍വികളിലൊന്നുമാണിത്‌.
റിച്ചാര്‍ലിസണ്‍, ഗില്‍ഫി സിഗുഡ്‌സണ്‍, ഡിഗ്‌നെ, തിയോ വാല്‍കോട്ട്‌ എന്നിവര്‍ എവര്‍ടണിനു വേണ്ടി ഗോളടിച്ചു. 34 കളികളില്‍നിന്ന്‌ 64 പോയിന്റുമായി ആറാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ട യുണൈറ്റഡിന്‌ അടുത്ത സീസണിലെ ചാമ്പ്യന്‍സ്‌ ലീഗ്‌ യോഗ്യതയും കിട്ടാക്കനിയാകും. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിലാണ്‌ ആഴ്‌സണല്‍ ക്രിസ്‌റ്റല്‍ പാലസിനോടു തോറ്റത്‌. വില്‍ഫ്രഡ്‌ സാഹ, ക്രിസ്‌്റ്റ്യന്‍ ബെന്റകെ, മക്‌ആര്‍തര്‍ എന്നിവരാണു ക്രിസ്‌റ്റല്‍ പാലസിനു വേണ്ടി ഗോളടിച്ചത്‌. മെസ്യൂട്ട്‌ ഓസില്‍, പോള്‍ ഒബുമായെങ്‌ എന്നിവരാണ്‌ ആഴ്‌സണലിനു വേണ്ടി ഗോളടിച്ചത്‌.

Ads by Google
Tuesday 23 Apr 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW