Thursday, August 22, 2019 Last Updated 30 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

വോട്ടെടുപ്പിന്റെ ഇടിമുഴക്കം; കൊട്ടിക്കലാശം ഇന്ന്‌, ആവേശം പുറമേ, അകം തിളച്ച് മുന്നണികള്‍

uploads/news/2019/04/302947/election-flags.jpg

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുമാസത്തിലധികം നീണ്ട പരസ്യപ്രചാരണം ഇന്ന്‌ അവസാനിക്കും. ഒരുദിവസത്തെ നിശബ്‌ദ വോട്ടുറപ്പിക്കലിനുശേഷം മറ്റന്നാള്‍ കേരളം പോളിങ്‌ ബൂത്തിലേക്ക്‌. കൊട്ടിക്കലാശത്തിനു ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണത്തിന്‌ ആവേശസമാപനം കുറിക്കാനാണ്‌ എല്ലാ പാര്‍ട്ടികളുടെയും ശ്രമം.

കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ പ്രചാരക പ്രിയങ്കാ ഗാന്ധി വാധ്‌രയ്‌ക്കു മറുപടിയായി ദേശീയാധ്യക്ഷന്‍ അമിത്‌ ഷായെത്തന്നെ കളത്തിലിറക്കിലാണ്‌ ഇന്നലെ ബി.ജെ.പി. പ്രചാരണം കൊഴുപ്പിച്ചത്‌. സി.പി.എമ്മിനു വേണ്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവര്‍ പ്രചാരണരംഗത്ത്‌ സജീവമായിരുന്നു.

കൊടുംചൂടു വകവയ്‌ക്കാതെ അവസാന ദിനങ്ങളില്‍ പ്രചണ്ഡ പ്രചാരണത്തിനാണ്‌ സംസ്‌ഥാനം സാക്ഷ്യംവഹിച്ചത്‌. ഈ ആവേശം വോട്ടിങ്ങില്‍ പ്രതിഫലിപ്പിക്കാനാണ്‌ ഇനി ഉദ്യമം. സ്‌ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിച്ച്‌ പ്രചാരണത്തില്‍ ഇടതുമുന്നണി തുടക്കത്തില്‍ മുന്നേറിയെങ്കിലും യു.ഡി.എഫും എന്‍.ഡി.എയും വൈകാതെ ഒപ്പമെത്തി. മിക്കവാറും മണ്ഡലങ്ങളില്‍ ശക്‌തമായ മത്സരം നടക്കുന്ന സാഹചര്യത്തില്‍ ഫലം എന്തായിരിക്കുമെന്നതിലാണ്‌ എല്ലാവര്‍ക്കും ആകാംക്ഷ.

പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോഴും ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പം ആരാണെന്നു സ്‌ഥാപിക്കാനുള്ള തത്രപ്പാടിലായിരുന്നു എല്ലാ കക്ഷികളും. പ്രചാരണ വിഷയങ്ങളില്‍ ശബരിമല മേല്‍ക്കൈ നേടിയതോടെ കേന്ദ്രസര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായില്ലന്നാണു വിലയിരുത്തല്‍. ശബരിമല വിഷയത്തിലൂന്നി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ശക്‌തമായ മറുപടിയുമായി കളം കൊഴുപ്പിച്ചു. കേരളത്തെ ബി.ജെ.പിയും പ്രധാനമന്ത്രിയൂം അപമാനിച്ചെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഒപ്പമുണ്ടായിരുന്ന ന്യൂനപക്ഷവിഭാഗങ്ങള്‍ ഇക്കുറി അകലുമോയെന്ന ഭീതി സി.പി.എമ്മിനും ഇടതുമുന്നണിക്കുമുണ്ട്‌. അതുകൊണ്ടുതന്നെ അവരെ ലക്ഷ്യമാക്കിയായിരുന്നു സി.പി.എമ്മിന്റെ തന്ത്രങ്ങളൊക്കെ. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ ന്യൂനപക്ഷ വോട്ടില്‍ യു.ഡി.എഫും പ്രതീക്ഷ വയ്‌ക്കുന്നു.

പ്രചാരണം അവസാനമണിക്കൂറിലേക്കു കടക്കുമ്പോള്‍ സാമുദായിക പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്‌ മുന്നണികള്‍. പതിവുപോലെ കാന്തപുരം വിഭാഗം ഇടതിന്‌ ഒപ്പമുണ്ടെങ്കിലും എസ്‌.ഡി.പി.ഐയും ജമാ-അത്തെ ഇസ്ലാമിയും യു.ഡി.എഫ്‌. ചേരിയിലാണെന്നാണു സൂചന. യാക്കോബായ സഭയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും മറ്റും കലവറയില്ലാതെ ലഭിച്ച ഓര്‍ത്തഡോക്‌സ്‌ പിന്തുണ ഇക്കുറി ലഭിക്കുമോയെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്കൊപ്പമായിരുന്ന എസ്‌.എന്‍.ഡി.പി. തിരിച്ചുവന്നിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

എന്‍.എസ്‌.എസിന്റെയൂം ന്യൂനപക്ഷവിഭാഗങ്ങളുടെയും വോട്ടുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു യു.ഡി.എഫ്‌. ശബരിമല വിഷയം സൃഷ്‌ടിച്ച സാമുദായിക ചേരിതിരിവ്‌ തങ്ങള്‍ക്ക്‌ അനുകൂലമാണെന്ന ആത്മവിശ്വാസമാണ്‌ ബി.ജെ.പിക്കുള്ളത്‌.

വികസന വിഷയങ്ങളിലൂന്നിയായിരുന്നു ആദ്യഘട്ടത്തില്‍ ഇടതുമുന്നണിയുടെ പ്രചാരണം. പ്രളയം, കിഫ്‌ബി, കൊലപാതകരാഷ്‌ട്രീയം എന്നിവയായിരുന്നു യു.ഡി.എഫിന്റെ ആയുധങ്ങള്‍. എന്നാല്‍ അവസാന ലാപ്പെത്തിയപ്പോള്‍ മുന്നണിഭേദമില്ലാതെ പ്രചാരണത്തില്‍ വര്‍ഗീയച്ചുവ കലര്‍ന്നെന്ന വിലയിരുത്തലുമുണ്ട്‌. ശബരിമലയല്ലാതെ കേരളത്തില്‍ മറ്റൊരു വിഷയമില്ലെന്നു പോലും തോന്നുന്ന തരത്തിലായിരുന്നു അവസാന ദിവസങ്ങളില്‍ പ്രചാരണം.

ഇന്നു വൈകിട്ട്‌ അഞ്ചിന്‌ വിവിധ കേന്ദ്രങ്ങളില്‍ ശക്‌തിപ്രകടനത്തോടെയാണു മുന്നണികള്‍ കൊട്ടിക്കലാശത്തിനു കോപ്പുകൂട്ടിയിരിക്കുന്നത്‌. പിന്നീട്‌ വോട്ടര്‍മാരെ നേരിട്ടുകണ്ട്‌ ഓരോ വോട്ടും ഉറപ്പിക്കാനും സാമുദായിക പിന്തുണ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളായിരിക്കും സ്‌ഥാനാര്‍ത്ഥികള്‍ നടത്തുക.

ശ്രദ്ധിക്കൂ... തിരിച്ചറിയല്‍ രേഖകള്‍ പതിനൊന്ന്‌

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാത്ത വോട്ടര്‍മാര്‍ക്ക്‌ ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്നു ഹാജരാക്കിയാല്‍ വോട്ട്‌ ചെയ്യാം. ൗദ്യോഗികമായി അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്‌...
1.) പാസ്‌പോര്‍ട്ട്‌
2.) ഡ്രൈവിങ്‌ ലൈസന്‍സ്‌
3.) ആധാര്‍ കാര്‍ഡ്‌
4.) പാന്‍ കാര്‍ഡ്‌
5.) കേന്ദ്ര/ സംസ്‌ഥാന സര്‍ക്കാരുകള്‍/ പൊതുമേഖലാ സ്‌ഥാപനങ്ങള്‍/ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികള്‍ എന്നിവ നല്‍കിയ സര്‍വീസ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌,
6.) ബാങ്ക്‌/ പോസ്‌റ്റ്‌ ഓഫീസ്‌ പാസ്‌ബുക്ക്‌ (കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കിയ പാസ്‌ ബുക്ക്‌ ഒഴികെ),
7.) ദേശീയ ജനസംഖ്യാ രജിസ്‌റ്ററിനായി രജിസ്‌ട്രാര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ നല്‍കിയ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌
8.) എം.എന്‍.ആര്‍.ഇ.ജി.എ. തൊഴില്‍ കാര്‍ഡ്‌,
9.) തൊഴില്‍ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌
10.) പെന്‍ഷന്‍ രേഖ
11.) എം.പി/ എം.എല്‍.എ/ എം.എല്‍.സി മാര്‍ക്ക്‌ അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്‌.

ആര്‍. സുരേഷ്‌

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW