Sunday, August 25, 2019 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

മോഡിക്കും പിണറായിക്കും താക്കീത്‌ നല്‍കാനുള്ള സുവര്‍ണാവസരം: രമേശ്‌ ചെന്നിത്തല

uploads/news/2019/04/302946/k5.jpg

തിരുവനന്തപുരം : നരേന്ദ്രമോഡിക്കും പിണറായി വിജയനും താക്കീത്‌ നല്‍കാനുള്ള സുവര്‍ണാവസരമാണ്‌ 23ന്‌ ജനങ്ങള്‍ക്ക്‌ കൈവരികയെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ചെന്നിത്തലയുടെ അഭിമുഖത്തില്‍നിന്ന്‌:
? തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഒരേപോലെ ബി.ജെ.പിയെയും സി.പി.എമ്മിനെയും നേരിടുന്നു. തെരഞ്ഞെടുപ്പ്‌ നരേന്ദ്ര മോഡിയുടെയോ പിണറായിയുടെയോ ആരുടെ മാറ്റാണുരയ്‌ക്കുക.
= കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ മറ്റൊരു പതിപ്പാണ്‌ കേരളത്തിലെ പിണറായി സര്‍ക്കാര്‍. അസഹിഷ്‌ണുതയും ചോരക്കൊതിയും തന്നെയാണ്‌ സി.പി.എമ്മിന്റെയും മുഖമുദ്ര. ഏറ്റവും ഒടുവില്‍ പെരിയയില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും രക്‌തത്തില്‍ ചവിട്ടി നിന്നാണ്‌ സി.പി.എം വോട്ട്‌ ചോദിക്കുന്നത്‌. ബി.ജെ.പിയും സി.പി.എമ്മും രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ മത്സരിക്കുകയാണ്‌. ക്രമസമാധാന നില പരിപാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്‌.

? ഈ തെരഞ്ഞെടുപ്പ്‌ എങ്ങനെയാണ്‌ പ്രധാനമാകുന്നത്‌
= ഇതൊരു ചരിത്ര ദൗത്യമാണ്‌. അഞ്ചു വര്‍ഷത്തെ ഭരണം കൊണ്ട്‌ നമ്മുടെ രാഷ്‌ട്രത്തിന്റെ അടിത്തറ ഇളക്കിയ ബി.ജെ.പി. ഭരണത്തില്‍നിന്ന്‌ രാജ്യത്തെ വീണ്ടെടുക്കാനുള്ള ചരിത്ര നിയോഗമാണ്‌ ഈ തെരഞ്ഞെടുപ്പ്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നരേന്ദ്ര മോഡിയുടെ ഭരണം കൊണ്ട്‌ നാശത്തിലേക്കും അസ്വസ്‌ഥതയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തിയ നമ്മുടെ രാജ്യത്തെ വീണ്ടെടുക്കുന്നതിനും കെടുകാര്യസ്‌ഥതയും മുഷ്‌ക്കും ചോരക്കൊതിയും അവിവേകവും മാത്രം കൈമുതലാക്കി കേരളത്തെ തകര്‍ക്കുന്ന സംസ്‌ഥാനത്തെ പിണറായി സര്‍ക്കാരിന്‌ താക്കീത്‌ നല്‍കാനും കിട്ടുന്ന സുവര്‍ണാവസരമാണ്‌ 23 ന്‌ നടക്കുന്ന വോട്ടെടുപ്പ്‌.
? ധാരാളം നേട്ടങ്ങള്‍ ബി.ജെ.പി. അവകാശപ്പെടുന്നുണ്ട്‌. ആധാറും ജി.എസ്‌.ടിയും ബി.ജെ.പിയുടെ നേട്ടങ്ങളായാണല്ലോ ബി.ജെ.പി. ചൂണ്ടിക്കാട്ടുന്നത്‌.
= അധികാരം കിട്ടിയാല്‍ ആധാര്‍ നുള്ളിക്കീറി കുട്ടയിലിടും എന്ന്‌ പ്രസംഗിച്ച മോഡി തൊട്ടതിനും പിടിച്ചതിനുമെല്ലാം ആധാര്‍ നിര്‍ബന്ധമാക്കി. ജി.എസ്‌.ടി ഇന്ത്യയെ പിന്നോട്ടടിക്കുമെന്നു പ്രസംഗിച്ചു നടന്ന മോഡി അധികാരത്തിലേറിയപ്പോള്‍ ഏറ്റവും വികൃതമായ രീതിയില്‍ അത്‌ നടപ്പാക്കി രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്‌ഥയുടെ നടുവൊടിച്ചു. ജി.എസ്‌.ടി വരുന്നതോടെ വില കുറയുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും വന്‍വിലക്കയറ്റമാണ്‌ അത്‌ സൃഷ്‌ടിച്ചത്‌.

? വലിയ ചുവടുവയ്‌പായി മോഡി അവകാശപ്പെട്ട നോട്ട്‌ പിന്‍വലിക്കലിനെക്കുറിച്ച്‌ ബി.ജെ.പി.ഇപ്പോള്‍ ഒന്നും പറയുന്നില്ല. എന്തു തോന്നുന്നു.
= നോട്ടുകള്‍ പിന്‍വലിച്ച ഭ്രാന്തന്‍ നടപടി രാജ്യത്തിന്‌ സൃഷ്‌ടിച്ച ആഘാതം വളരെ വലുതാണ്‌. നോട്ട്‌ മാറിയെടുക്കാനുള്ള ക്യൂവില്‍ നിന്ന്‌ മരണടഞ്ഞവര്‍ മാത്രം 150 പേരാണ്‌. 50 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെട്ടു എന്നാണ്‌ ഏറ്റവും ഒടുവില്‍ പുറത്തു വന്ന പഠന റിപ്പോര്‍ട്ട്‌. നോട്ട്‌ നിരോധനം കാരണം രാജ്യത്തിനുണ്ടായ നഷ്‌ടം 1.28 ലക്ഷം കോടിയാണ്‌. കാര്‍ഷിക രംഗം താറുമാറായി. ചെറുകിട വ്യവസായികളും വ്യാപാരികളും കുത്തുപാളയെടുത്തു.
അടിസ്‌ഥാന വിഭാഗങ്ങള്‍ തകര്‍ന്നടിഞ്ഞു. ബി.ജെ.പിക്കാര്‍ നോട്ട്‌ നിരോധനത്തിന്റെ മറവില്‍ നടത്തിയ കൊള്ളയുടെ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്‌.

? ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്‌തതില്‍ എന്താണ്‌ തെറ്റ്‌? കോടതിവിധി നടപ്പാക്കുകയല്ലേ സര്‍ക്കാര്‍ ചെയ്‌തത്‌.
= ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടു സുപ്രീം കോടതി വിധി ഉണ്ടായപ്പോള്‍ വിവേകപൂര്‍വം ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്ത്‌ പ്രശ്‌നം പരിഹരിക്കുന്നതിന്‌ പകരം രാഷ്‌ട്രീയ ലക്ഷ്യത്തോടെ അത്‌ ആളിക്കത്തിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. അതോടെ ശബരിമല സംഘര്‍ഷ ഭൂമിയായി. ഇത്‌ അവസരമായിക്കണ്ട്‌ ബി.ജെ.പി. മുതലെടുപ്പ്‌ നടത്തി. വോട്ടെടുപ്പിന്റെ ഈ വേളയിലും ശബരിമല വിഷയം ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി പോലും ശ്രമിക്കുന്നു.
ശബരിമല പ്രശ്‌നം പരിഹരിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട്‌ നിയമനിര്‍മ്മാണം നടത്തിക്കുകയോ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കുകയോ ചെയ്യാതിരുന്ന ബി.ജെ.പി. ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണ്‌. ആചാര സംരക്ഷണത്തിനായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌ കോണ്‍ഗ്രസ്‌ മാത്രമാണ്‌.

? കേരളത്തില്‍ രാഹുലും പ്രിയങ്കയും എന്ത്‌ സ്വാധീനമാണ്‌ സൃഷ്‌ടിക്കുക.
= കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ ശക്‌തമായ മടങ്ങി വരവ്‌ രാജ്യത്ത്‌ പ്രകമ്പനം കൊള്ളിക്കുകയാണ്‌. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി കൂടി എത്തിയോടെ കോണ്‍ഗ്രസ്‌ തരംഗം രാജ്യത്ത്‌ ആഞ്ഞുവീശുന്നു. ദാരിദ്ര്യം തുടച്ചുമാറ്റുന്നതിന്‌ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ന്യായ്‌ പദ്ധതി രാഷ്ര്‌ടത്തിന്‌ പുതിയ ആശ നല്‍കിയിരിക്കുയാണ്‌.
കേരളത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തി എന്നതാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ മറ്റൊരു പ്രാധാന്യം. ഇതു കേരളത്തിന്‌ ലഭിച്ച അംഗീകാരവും ആദരവുമാണ്‌. കേരളത്തിന്റെ 20 മണ്ഡലങ്ങളിലും രാഹുലിന്റെ സ്‌ഥാനാര്‍ത്ഥിത്വത്തിന്റെ ഊര്‍ജ പ്രവാഹം ഉണ്ടായിരിക്കുന്നു.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW