Friday, August 23, 2019 Last Updated 26 Min 57 Sec ago English Edition
Todays E paper
Ads by Google
ബൈജു ഭാസി
Sunday 21 Apr 2019 01.10 AM

സ്വയം പുറത്തുപോകാന്‍ സൗകര്യം ഒരുക്കാമെന്നു സഭ വാഗ്‌ദാനം ചെയ്‌തിരുന്നു, പുറത്താക്കിയാല്‍ നിയമപരമായി നേരിടും: സിസ്‌റ്റര്‍ ലൂസി കളപ്പുര; ആരോപണങ്ങളില്‍ ഫ്രാങ്കോയ്‌ക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തത്‌ സഭ ഒഴിവാക്കി

Sister luzy kalappura

കൊച്ചി : " സഭയില്‍നിന്നു സ്വയം പുറത്തുപോകുന്ന കാര്യം ചിന്തയില്‍ പോലുമില്ല"-പുറത്താക്കുമെന്ന സഭയുടെ അന്ത്യശാസനക്കത്തിനുള്ള മറുപടിയില്‍ മാനന്തവാടി എഫ്‌.സി.സി. മഠാംഗം സിസ്‌റ്റര്‍ ലൂസി കളപ്പുര നിലപാട്‌ ആവര്‍ത്തിച്ചു. പുറത്താക്കിയാല്‍ നിയമപരമായി അതിനെ നേരിടുമെന്നും സിസ്‌റ്റര്‍ വ്യക്‌തമാക്കി.

ബിഷപ്‌ ഫ്രാങ്കോയെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകള്‍ നടത്തിയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ പൊതുവേദിയില്‍ രംഗത്തുവന്നതോടെയാണു സിസ്‌റ്റര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചത്‌.

സഭാവിരുദ്ധമായ നടപടികള്‍ കൈക്കൊണ്ടതിനു പുറത്താക്കുമെന്നായിരുന്നു ആലുവയിലെ മഠം ആസ്‌ഥാനത്തുനിന്നുള്ള അന്ത്യശാസനക്കത്ത്‌. ഈമാസം 16 നകം മറുപടി നല്‍കണമെന്നും സിസ്‌റ്ററിനോടു നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 13 ന്‌ തന്നെ മറുപടി ഇ-മെയിലായി അയച്ചു.
സഭ തന്നെ ഒറ്റപ്പെടുത്തുകയാണെന്ന്‌ ലൂസി കളപ്പുര വ്യക്‌തമാക്കുന്നു. ആദ്യമുന്നയിച്ച ആരോപണങ്ങള്‍ക്കുമേല്‍ പിന്നീട്‌ പലതും കൂട്ടിച്ചേര്‍ത്തു. ആരോപിച്ച കുറ്റങ്ങളൊന്നും ചെയ്‌തിട്ടുമില്ല. അതുകൊണ്ട്‌ അതൊന്നും ഏറ്റെടുക്കാനുമില്ല. തന്നെ സമൂഹത്തില്‍ മോശമാക്കാന്‍ ഗൂഢനീക്കം നടക്കുന്നുണ്ട്‌.

പഠിപ്പിക്കുന്ന സ്‌കൂളില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ നോക്കുന്നു. മാനസികമായി തളര്‍ത്തി പിന്തിരിപ്പിക്കാനാണ്‌ ശ്രമമെന്നും ലൂസി കളപ്പര പറഞ്ഞു. സ്വാതന്ത്ര്യത്തോടും സ്‌നേഹത്തോടും കൂടി ജീവിതലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സഭ അനുവദിക്കണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്‌. സ്വയം പുറത്തുപോകാന്‍ സൗകര്യം ഒരുക്കാമെന്നു സഭ വാഗ്‌ദാനം ചെയ്‌തിരുന്നു. നന്മ ചെയ്‌തതിന്റെ പേരില്‍ പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്നും സന്യാസ ജീവിതരീതിക്കു ചേരാത്തവിധം പ്രവര്‍ത്തിക്കുന്നവരെ ആദ്യം പുറത്താക്കണമെന്നും അവര്‍ പറഞ്ഞു.
സഭ ഉന്നയിച്ച ആരോപണങ്ങള്‍ അക്കമിട്ട്‌ സിസ്‌റ്റര്‍ മറുപടിയില്‍ നിഷേധിച്ചു. സഭാവിരുദ്ധമായ യാതൊരുവിധ നടപടിയും എടുത്തിട്ടില്ല. 15 സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നായിരുന്നു ആരോപിച്ചിരുന്നത്‌.

അധ്യാപനത്തില്‍നിന്നു ലഭിക്കുന്ന ശമ്പളം സഭയ്‌ക്കു നല്‍കുന്നില്ലെന്നും സ്വന്തമായി കാര്‍ വാങ്ങിയെന്നും പുസ്‌തകമെഴുതി പ്രസിദ്ധീകരിച്ച്‌ പണം സമ്പാദിച്ചെന്നും സഭാവസ്‌ത്രം അണിയാതെ പുറത്തുപോയിയെന്നും ആരോപിച്ചിരുന്നു. അനധികൃതമായി മാനന്തവാടിയിലെ മഠത്തില്‍ മാധ്യമപ്രവര്‍ത്തകയെ പാര്‍പ്പിച്ചുവെന്നും അനുമതിയില്ലാതെ സഭയ്‌ക്കെതിരേ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നുമായിരുന്നു മുഖ്യാരോപണങ്ങളില്‍ ചിലത്‌. എന്നാല്‍, ഫ്രാങ്കോയ്‌ക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തത്‌ ഒടുവില്‍ സഭ നല്‍കിയ കത്തില്‍ ഒഴിവാക്കിയിരുന്നു.

ബൈജു ഭാസി

Ads by Google
ബൈജു ഭാസി
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW