Friday, August 23, 2019 Last Updated 21 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

'മതസ്‌പര്‍ദ്ധ ബി.ജെ.പിയുടെ അജന്‍ഡയല്ല' -പി.എസ്‌. ശ്രീധരന്‍ പിള്ള

uploads/news/2019/04/302943/k10.jpg

ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ളയുടെ ശബ്‌ദത്തില്‍ മുമ്പൊരു തെരഞ്ഞെടുപ്പുകാലത്തും ഉണ്ടായിട്ടില്ലാത്ത ആത്മവിശ്വാസം. സംസ്‌ഥാനത്തെ 20 മണ്ഡലങ്ങളിലും എന്‍.ഡി.എ. അവഗണിക്കാനാകാത്ത ശക്‌തിയായി വളര്‍ന്നിരിക്കുന്നു. ചില മണ്ഡലങ്ങളിലെങ്കിലും വിജയപ്രതീക്ഷയും. പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി പലതവണയെത്തി, പാര്‍ട്ടിയധ്യക്ഷന്‍ അമിത്‌ ഷായുടെ റാലികളിലേക്കു വലിയ ജനപ്രവാഹം, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന അണികള്‍... ആത്മവിശ്വാസത്തിനു കാരണങ്ങള്‍ പലതാണ്‌.
പ്രചാരണം കൊട്ടിക്കലാശത്തോട്‌ അടുക്കുന്ന വേളയിലാണു ശ്രീധരന്‍ പിള്ളയുമായി മംഗളം സംസാരിക്കുന്നത്‌. മുസ്ലിം വിരുദ്ധമെന്ന്‌ ആരോപിക്കപ്പെട്ട പരാമര്‍ശത്തിന്റെ പേരില്‍ വലിയ വിവാദത്തിന്റെ കേന്ദ്രസ്‌ഥാനത്തു നില്‍ക്കുമ്പോഴും, താന്‍ പറഞ്ഞതില്‍ പിശകില്ലെന്നു പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കൂടിയായ അദ്ദേഹത്തിന്‌ ഉറപ്പുണ്ട്‌. ജയില്‍ രാഷ്‌ട്രീയപ്രവര്‍ത്തകനു രണ്ടാം വീടാണ്‌. കേസിനു മുന്നിലും തികഞ്ഞ ലാഘവം.

? ഈ തെരഞ്ഞെടുപ്പിനെ ബി.ജെ.പി എങ്ങനെ വിലയിരുത്തുന്നു

യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ഗ്രാഫ്‌ താഴോട്ടാണ്‌. അവര്‍ ചെയ്‌തിരുന്നത്‌ എന്താണെന്നു ജനങ്ങള്‍ മനസിലാക്കുന്നുണ്ട്‌. ബി.ജെ.പി. മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കറിയാം. ഞങ്ങള്‍ പ്രതീക്ഷയിലാണ്‌. കേരളത്തിലെ 20 മണ്ഡലങ്ങളിലും വ്യക്‌തമായ മുന്നേറ്റമുണ്ടാക്കും. എല്ലാ മണ്ഡലങ്ങളിലും വിജയിക്കാനായാണു പോരാട്ടം. എന്‍.ഡി.എ. ഒറ്റക്കെട്ടായി പൊരുതുകയാണ്‌. മേയ്‌ 23-ന്‌ ഫലം വരുമ്പോള്‍ അതു വ്യക്‌തമാകും.

? ബി.ജെ.പിക്കെതിരേ എല്‍.ഡി.എഫ്‌, യു.ഡി.എഫ്‌ അജന്‍ഡയുണ്ടെന്ന്‌ പലയിടങ്ങളിലും പറയുന്നു. എന്താണ്‌ ആ അജന്‍ഡ

അതു വ്യക്‌തമല്ലേ. ബി.ജെ.പി. മുന്നേറ്റമുണ്ടാക്കുമെന്ന്‌ ഇരു മുന്നണികള്‍ക്കും അറിയാം. അവരതിനെ ചെറുക്കാന്‍ ശ്രമിക്കും. ന്യൂനപക്ഷങ്ങളെ ബി.ജെ.പിക്കെതിരേ തിരിക്കാനുള്ള ശ്രമം ഈ അജന്‍ഡയുടെ ഭാഗമാണ്‌. എനിക്കെതിരേ കേസെടുത്തത്‌ അത്തരം നീക്കങ്ങളുടെ ഭാഗമാണ്‌.

? ശരിക്കും താങ്കളെന്താണു പറഞ്ഞത്‌

ഞാന്‍ മുസ്ലിവിരുദ്ധമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. പറഞ്ഞതു പരിശോധിച്ചാല്‍ അതു വ്യക്‌തമാകും. ഭീകരരെ വധിച്ച സൈനികര്‍ക്ക്‌ എതിരേയുയര്‍ന്ന ആരോപണങ്ങള്‍ക്കാണു മറുപടി പറഞ്ഞത്‌. മൃതദേഹങ്ങള്‍ ഇന്‍ക്വസ്‌റ്റ്‌ ചെയ്യാനോ കണക്കെടുക്കാനോ കഴിഞ്ഞിട്ടില്ല. പോസ്‌റ്റ്‌മോര്‍ട്ടത്തിനു മുമ്പുള്ള ദേഹപരിശോധനയാണ്‌ ഇന്‍ക്വസ്‌റ്റ്‌. ആ വാക്കില്‍ പിശകുണ്ടോ, അതാണു ഞാനുദ്ദേശിച്ചത്‌. ആര്‍ക്കും എന്തും പ്രചരിപ്പിക്കാം, പരാതി നല്‍കാം. അതു കോടതിയില്‍ വ്യക്‌തമാകും. സൈന്യവും സര്‍ക്കാരൂം ശക്‌തമായ നിലപാടാണ്‌ ഭീകരര്‍ക്കെതിരേ സ്വീകരിച്ചത്‌.

? ഇത്തരം പരാമര്‍ശങ്ങളാണോ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചാരണത്തിനു പിന്നില്‍

ഇത്തരം പ്രചാരണങ്ങളൊന്നും വിലപ്പോകില്ല. മാറാട്‌ സംഭവത്തിലുള്‍പ്പെടെ ഞാനെടുത്ത നിലപാടുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. അതൊന്നും വീണ്ടും പറയേണ്ടതില്ല. സത്യം ജനങ്ങള്‍ക്കറിയാം.

? ബി.ജെ.പി. മതസ്‌പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന്‌ ആരോപണമുണ്ടല്ലോ

ബി.ജെ.പി. മത/സമുദായ സ്‌പര്‍ദ്ധ വളര്‍ത്തുന്നതോ പടര്‍ത്തുന്നതോ ആയ പാര്‍ട്ടിയല്ല. പാര്‍ട്ടിയിലെ ആരെങ്കിലും അത്തരത്തില്‍ സംസാരിച്ചാല്‍ അയാളെ ആദ്യം തല്ലുന്നതു ഞാനായിരിക്കും. ഒരു സമുദായത്തെയും ഞങ്ങള്‍ അപമാനിക്കില്ല. എല്ലാവരോടും ബഹുമാനമേയുള്ളൂ. അതും എല്ലാവര്‍ക്കുമറിയാം.

? വിലക്കുണ്ടായിട്ടും ശബരിമല വിഷയം പറഞ്ഞ്‌ വോട്ടു പിടിക്കുന്നതോ

ആരാണു ശബരിമല ശാസ്‌താവിനെയും വിശ്വാസത്തെയും പറഞ്ഞ്‌ വോട്ട്‌ പിടിക്കുന്നത്‌? ഞങ്ങളതു ചെയ്യുന്നില്ല. ഞങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും ഉന്നയിക്കുന്നതും ഭക്‌തര്‍ക്കെതിരേ നടന്ന അക്രമങ്ങളെക്കുറിച്ചാണ്‌. എത്രയോ പാവങ്ങളുടെ പേരില്‍ കള്ളക്കേസെടുത്ത്‌ ജയിലിലടച്ചു. എത്രയോ പേര്‍ക്കു മര്‍ദനമേറ്റു. കോഴിക്കോട്ടെ സ്‌ഥാനാര്‍ഥി പ്രകാശ്‌ ബാബു, പത്തനംതിട്ടയിലെ കെ. സുരേന്ദ്രന്‍ എല്ലാവരും ജയില്‍വാസം അനുഭവിച്ചു. ഞങ്ങള്‍ ഉന്നയിക്കുന്നത്‌ ഇത്തരം പ്രശ്‌നമാണ്‌.

? നോട്ട്‌ നിരോധനം, ജി.എസ്‌.ടി. ഇതെല്ലാം തിരിച്ചടിച്ചില്ലേ

ആരു പറഞ്ഞു? നിങ്ങള്‍ സാമ്പത്തിക നേട്ടങ്ങളുടെ കണക്കുകള്‍ നോക്കൂ. കോണ്‍ഗ്രസ്‌ പറയുന്നതു പോലെയല്ല, ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണ്‌. കുറച്ചു വര്‍ഷത്തിനുള്ളില്‍ സാമ്പത്തികഭദ്രതയുടെ കാര്യത്തില്‍ ഇന്ത്യ അമേരിക്കയെ മറികടക്കും. പൊള്ളത്തരങ്ങളാണ്‌ ചിലര്‍ പ്രചരിപ്പിക്കുന്നത്‌. എന്‍.ഡി.എ. സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കു മുന്‍പിലുണ്ട്‌. വോട്ട്‌ ചെയ്ുന്നതയ്‌ അവരല്ലേ.

? ബി.ജെ.പിയെ ഇരു മുന്നണികളും ഭയക്കുന്നുണ്ടോ

സംശയമെന്ത്‌? അവരുടെ രീതികളില്‍ അതു വ്യക്‌തമല്ലേ. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച്‌ ബി.ജെ.പിക്ക്‌ വ്യക്‌തമായ നിരീക്ഷണമുണ്ട്‌. ഏതൊക്കെ മണ്ഡലങ്ങളെന്ന്‌ ഇപ്പോള്‍ പറയുന്നില്ല. പക്ഷേ ഇത്തവണ ഇവിടെ ഞങ്ങള്‍ ജയിക്കും.

തയാറാക്കിയത്‌ എം.എസ്‌. സന്ദീപ്‌

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW