Monday, August 19, 2019 Last Updated 22 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 11.34 PM

ഈസ്‌റ്റര്‍ വിഭവങ്ങള്‍

uploads/news/2019/04/302892/sun2.jpg

കുട്ടിക്കാലത്തെ പ്രിയപ്പെട്ട ദിനങ്ങളിലൊന്നായിരുന്നു ക്രിസ്‌മസ്‌. ആഘോഷങ്ങളുടെ ആരവവുമായി രാവേറെ ഉറക്കമിളച്ചിരിക്കുമ്പോഴാണ്‌ വല്യമ്മച്ചി പറയുന്നത്‌, ഈസ്‌റ്ററാണ്‌ ക്രിസ്‌മസിനെക്കാള്‍ വലിയ തിരുനാളെന്ന്‌. ക്രിസ്‌മസിന്‌ ഉണ്ണിയേശു ജനിച്ച സന്തോഷമൊക്കെയുണ്ടെങ്കിലും ഉയര്‍ത്തെഴുന്നേല്‍പ്പ്‌ നടന്നതിനാലാണ്‌ ക്രിസ്‌ത്യാനികള്‍ക്ക്‌ വിശ്വാസത്തിന്റെ അചഞ്ചലമായ അടിത്തറയുണ്ടായതെന്ന്‌ അന്നാണ്‌ മനസ്സിലാവുന്നത്‌.
അത്‌ കൃത്യമായി പറഞ്ഞു തരുന്ന ആചാരങ്ങളുടെ അകമ്പടി കൂടിയുണ്ടെന്ന്‌ ഒന്ന്‌ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ക്രിസ്‌മസിന്‌ ഇരുപത്തഞ്ചു ദിവസത്തെ നോമ്പാണെങ്കില്‍, ഈസ്‌റ്ററിനു അന്‍പത്‌ ദിവസത്തെ വലിയ-നോമ്പാണ്‌. അതാണെങ്കില്‍ തുടങ്ങുന്നത്‌ കുരിശുവര-പെരുന്നാളോട്‌ കൂടിയും.
വല്യപ്പന്മാരും വല്യമ്മമാരുമൊക്കെയുള്ള വീട്ടിലാണെങ്കില്‍ ഈ നോമ്പൊക്കെ വലിയ ചിട്ടയിലേ നടക്കൂ. മീനും ഇറച്ചിയുമൊന്നും കഴിക്കാന്‍ പാടില്ലെന്ന്‌ മാത്രമല്ല, പറ്റുന്ന എല്ലാ ദിവസവും രാവിലെ പള്ളിയിലും പോണം. മിഠായി പോലും രുചിച്ചു കൂടാ എന്ന നിയമമൊക്കെ നമ്മുടെ സത്യസന്ധത പരീക്ഷിക്കുന്ന സമയം മിക്കവാറും ബസ്‌ സ്‌റ്റോപ്പില്‍ നില്‍ക്കുമ്പോളാവും. തൊട്ടുപിറകിലെ കടയിലെ ഭരണികളില്‍ നിറച്ചു വച്ചിരിക്കുന്ന വര്‍ണ്ണക്കടലാസ്സിലെ മിഠായികള്‍ നമ്മളെ ഇങ്ങനെ മാടിവിളിക്കുന്നത്‌ പോലെ തോന്നും.
നേരെ മുന്നില്‍ നില്‍ക്കുന്ന നാല്‌ വയസ്സുകാരന്‍ സിപ്പപ്പ്‌ വലിച്ചു കുടിക്കുന്നത്‌ കണ്ടാല്‍ തല കറങ്ങുന്നതു പോലെയും തോന്നും. അതിനെടേല്‍ സ്‌കൂളിലെ ലാസ്‌റ്റ് ഡേ എത്തും. പത്താം ക്‌ളാസ്സിലെ സോഷ്യല്‍ എന്നുമൊക്കെയുള്ള ആഘോഷങ്ങള്‍ കൂടിയാകുമ്പോ കര്‍ത്താവാണേ, കണ്ണീന്നു വെള്ളമിങ്ങനെ ധാരധാരയായി ഒഴുകിത്തുടങ്ങും. എല്ലാത്തിനുമൊരു കലാശക്കൊട്ട്‌ വരുന്നത്‌ ദുഃഖവെള്ളീടെ അന്നാണ്‌. ഒരു നേരമേ ഭക്ഷണം കഴിക്കാനുള്ള അനുവാദമുള്ളൂ. അതും രാവിലെ പള്ളിയില്‍ പോയി കുരിശിന്റെ വഴീം കൂടി, കയ്‌പുനീരും കുടിച്ചേച്ചാണെന്നും കൂടി ഓര്‍ക്കണം. അങ്ങനെ വല്ലാതെ ബുദ്ധിമുട്ടി, പ്രലോഭനങ്ങളില്‍ അകപ്പെടാതെ ഈസ്‌റ്റര്‍ വരെ എങ്ങനെയെങ്കിലും എത്തിച്ചു, രാവിലെ പള്ളീലും പോയി തിരിച്ചെത്തുമ്പോള്‍ ഡൈനിങ്‌ ടേബിളിലെ പാത്രങ്ങള്‍ കാണുമ്പോള്‍ വരുന്ന ഒരു സന്തോഷമുണ്ട്‌, അതില്‍ എനിക്ക്‌ പ്രിയപ്പെട്ട രണ്ടു വിഭവങ്ങളുടെ കഥ പറയാം.

പൊട്ടറ്റോ സാലഡ്‌
ഈസിയായിട്ടു ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ജര്‍മന്‍ സാലഡാണിത്‌. പൊട്ടറ്റോ ആണ്‌ പേരിലെ താരമെങ്കിലും കൂടെ മുട്ടയുമുണ്ട്‌്്്‌്്്‌്. വറുത്തു കോരിയ ചിക്കനും എരിപൊരി മട്ടനുമൊക്കെ നിറയുന്ന ഈസ്‌റ്റര്‍ ഡൈനിങ്‌ ടേബിളിലെ സൗമ്യനായ ചങ്ങാതിയാണ്‌. അതോണ്ട്‌ തന്നെ വെള്ളേപ്പത്തിന്റെ കൂടെയോ, ബ്രഡിന്റെ ഇടയില്‍ തിരുകിയോ ഒക്കെ കുട്ടികള്‍ക്ക്‌ കൊടുക്കാന്‍ പറ്റിയ ഐറ്റമാണിത്‌.
നന്നായി തിളച്ച വെള്ളത്തില്‍ രണ്ടു സ്‌പൂണ്‍ ഉപ്പിട്ടതിനു ശേഷം മൂന്നു വലിയ ഉരുളക്കിഴങ്ങിടുക. കിഴങ്ങു കൂടി ചേര്‍ന്ന്‌ തിളച്ചു തുടങ്ങുമ്പോള്‍ വെള്ളം സിം ചെയ്യുക. ഒരു ഫോര്‍ക്‌ കൊണ്ട്‌ കുത്തി നോക്കി വെന്തു എന്നുറപ്പുവരുത്തിയ കിഴങ്ങിന്റെ തൊലി കളഞ്ഞു ഡൈസ്‌ ഷേപ്പില്‍ കഷ്‌ണങ്ങളാക്കി മേലെ ഇത്തിരി വിനാഗിരി ഒഴിച്ച്‌ വയ്‌ക്കുക. അതേ വലുപ്പത്തിലുള്ള കഷ്‌ണങ്ങളാക്കിയ പുഴുങ്ങിയ മുട്ടയും, പൊടിയായി അറിഞ്ഞ സവോളയും, രണ്ടല്ലി വെളുത്തുള്ളിയും, ഒരു ചെറു പിടി സെലെറിയും ഒരു വലിയ പാത്രത്തില്‍ മിക്‌സ് ചെയ്യുക. അതിനൊപ്പം ഉരുളക്കിഴങ്ങും, രണ്ടു വലിയ സ്‌പൂണ്‍ മയോണീസും (വീട്ടിലുണ്ടാക്കിയതാണേല്‍ ബെസ്‌റ്റ്) ഒരു ചെറിയ സ്‌പൂണ്‍ സോര്‍ ക്രീമും ചേര്‍ക്കുക. ഒടുവില്‍ ചതച്ച കുരുമുളകും ഒരു പിടി മല്ലിയില അരിഞ്ഞതും കൂടി ചേര്‍ത്ത്‌ നന്നായി ഇളക്കി വിളമ്പുക.

ഇനി നല്ല എരിവുള്ള വിഭവങ്ങള്‍ എല്ലാം കഴിച്ചു കണ്ണീന്നു വെള്ളം വന്നു തുടങ്ങുമ്പോള്‍ മധുരക്കൊതി വരും. അല്ലെങ്കിലും ഈസ്‌റ്ററിന്‌ ചോക്ലേറ്റ്‌ ഒരു പ്രധാന സംഭവമാണ്‌. ചെറിയ, പല ഷേപ്പുകളിലുള്ള അച്ചുകള്‍ ഉണ്ടെങ്കില്‍ കുട്ടികളെക്കൂട്ടി ചെയ്യാവുന്ന ഈസി ചോക്ലേറ്റ്‌ ആണിത്‌. പൊതിയാനുള്ള പല നിറത്തിലുള്ള വര്‍ണ്ണക്കടലാസ്സുകള്‍ കൂടി കൊടുത്താല്‍ കുട്ടികളുടെ ബഹളം ആ വഴിക്കു ഒതുങ്ങിക്കോളും.

ഹോം-മെയ്‌ഡ്-ചോക്ലേറ്റ്‌
ഒന്നരക്കപ്പ്‌ കൊക്കോ പൗഡറും മുക്കാല്‍ കപ്പ്‌ ബട്ടറും (റൂം ടെമ്പറേച്ചറില്‍ ഉള്ളത്‌) കൂടി നന്നായി മിക്‌സ് ചെയ്യുക. ഒരു കപ്പ്‌ വെള്ളം തിളപ്പിച്ചത്‌ സിം ചെയ്യുന്നതിലേക്ക്‌, അല്‌പാല്‌പമായി ഈ മിക്‌സ് ഒഴിച്ച്‌ ചേര്‍ക്കുക. ചൂട്‌ അധികം കൂടാതെ നല്ലവണ്ണം ഇളക്കിയ മിക്‌സിലേക്കു അരകപ്പ്‌ പൊടിച്ച പഞ്ചസാര ചേര്‍ക്കുക. പിറകെ ഏതാണ്ട്‌ നൂറ്റമ്പതു മില്ലി ഇളംചൂട്‌ പാല്‌ കൂടി നന്നായി ഇളക്കിയെടുക്കുക. (ചിലര്‍ പാല്‍, പഞ്ചസാര പ്രയോഗത്തിന്‌ പകരം കണ്‍ഡന്‍സ്‌ഡ് മില്‍ക്ക്‌ ചേര്‍ക്കും.
ആ രീതിയും നല്ലതാണ്‌). ഇഷ്‌ടമുള്ള ഷേപ്പില്‍ കിട്ടുന്ന മോള്‍ഡുകളിലേക്കു (മുയലിന്റെ ഷേപ്പിലുള്ളത്‌ കിട്ടിയാല്‍ ഈസ്‌റ്ററിന്‌ ഭംഗി കൂടും) ഈ ചോക്ലേറ്റ്‌ മിശ്രിതം ഒഴിച്ച്‌ സെറ്റ്‌ ചെയ്യാന്‍ വയ്‌ക്കുക. ഓരോന്നിലും നെയ്യില്‍ വറുത്തു പൊടിച്ച നട്‌സുകളോ, കടയില്‍ നിന്നും കിട്ടുന്ന സ്‌പ്രിങ്കിള്‍സോ കൂടി ചേര്‍ത്താല്‍ അടിപൊളി. ഫ്രിഡ്‌ജില്‍ ഒരു രാത്രി വച്ച്‌ പിറ്റേന്ന്‌ മഞ്ഞ, പച്ച, നീല നിറങ്ങളിലെ കടലാസുകളില്‍ പൊതിഞ്ഞു ഒരു സ്‌ഫടികപാത്രത്തില്‍ ഈസ്‌റ്റര്‍ ടേബിളില്‍ ഒത്ത നടുക്ക്‌ വയ്‌ക്കുക, ആസ്വദിക്കുക.

ജീവിതത്തിന്റെ ഇരുട്ട്‌ നിറഞ്ഞ ഓരോ പ്രതിസന്ധികളിലും പകച്ചു നില്‍ക്കാതെ ഉയര്‍ത്തെഴുന്നേറ്റ്‌ പ്രകാശം പരത്തിയ എല്ലാ മിടുക്കര്‍ക്കും സ്‌നേഹം നിറഞ്ഞ ഈസ്‌റ്റര്‍ ആശംസകള്‍!

ആന്‍ പാലി

Ads by Google
Saturday 20 Apr 2019 11.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW