Thursday, August 22, 2019 Last Updated 23 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 11.34 PM

സ്‌നേഹത്തിന്റെ നാടന്‍ ശീലുകള്‍...

uploads/news/2019/04/302886/sun4.jpg

ഇംഗ്ലീഷ്‌ കവിതാ സമാഹാരവുമായി എട്ടാം ക്ലാസുകാരന്‍ ഋഷിദേവ്‌

ഇലകള്‍ മരിച്ചു
പക്ഷികളുടെ പാട്ടു നിലച്ചു
എല്ലാം മരിച്ചു
നിശബ്‌ദത മാത്രം പരക്കുന്നു
ഞാനോ, കൈയില്‍
ഒരു റോസാപ്പൂവുമായി
എന്റെ പ്രണയത്തില്‍ ശവക്കല്ലറയ്‌ക്കരികില്‍ നില്‍ക്കുന്നു
ഓ സൗന്ദര്യമേ...

ഒരു എട്ടാം ക്ലാസുകാരന്റെ പ്രണയ കല്‍പനകളാണിത്‌. എ ഫേബിള്‍ ഓഫ്‌ ലവ്‌ എന്ന പേരില്‍, ശുദ്ധമായ ഇംഗ്ലീഷ്‌ ഭാഷയില്‍ എഴുതി പുറത്തിറക്കിയ കവിതാ സമാഹാരത്തിലെ ഒരു കവിതയുടെ മലയാള പരിഭാഷ. യുദ്ധവും പ്രണയവും നാടോടിപ്പാട്ടുകളും പ്രകൃതി വര്‍ണനയുമൊക്കെ നിറഞ്ഞ ആദ്യ പുസ്‌തകത്തിലൂടെ ശ്രദ്ധേയനാവുകയാണ്‌ ഋഷിദേവ്‌ എസ്‌. നായര്‍. ഫേസ്‌ബുക്ക്‌ കവികളെ മുട്ടി വഴി നടക്കാന്‍ കഴിയാത്ത കാലത്താണ്‌ ഇളംപ്രായത്തില്‍ വായനയിലൂടെ ആര്‍ജിച്ച അറിവിലൂടെ സാഹിത്യലോകത്തിലേക്ക്‌ ഋഷിദേവ്‌ പിച്ച വയ്‌ക്കുന്നത്‌.
പിറന്നു വീഴുന്നതും വളര്‍ന്നു വരുന്നതുമായ തലമുറ അഞ്ചാം ജനറേഷന്‍ സ്‌മാര്‍ട്ട്‌ ഫോണുകളുടെ അടിമകളായി ചിന്തയും വികാരവും ഭാവനയും ഭാവിയും തുലയ്‌ക്കുന്ന സമൂഹത്തിലാണ്‌ ഭാഷയുടെയും ഭാവനയുടെയും അനുഗ്രഹമേറ്റ ഈ കൊച്ചു കവിയുടെ വരികള്‍ പ്രസക്‌തമാകുന്നത്‌. അധ്യാപക ദമ്പതികളായ ഓമല്ലൂര്‍ മാത്തൂര്‍ തൈപ്പറമ്പില്‍ മാധവത്തില്‍ സജയന്റെയും കവിത കൃഷ്‌ണയുടെയും മൂത്തമകനാണ്‌ ഋഷിദേവ്‌. ഊന്നുകല്‍ പത്തനംതിട്ട പബ്ലിക്‌ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ പുസ്‌തകങ്ങളുടെയും വായനയുടെയും ലോകത്തേക്ക്‌ കടന്ന ഋഷിദേവ്‌ അറിവിന്റെ വിശാലമായ ലോകത്തിലേക്കാണ്‌ കടന്നു ചെന്നത്‌.
മഹാഭാരതവും രാമായണവും ഒട്ടു മിക്ക ലോക ക്ലാസിക്കുകളും ഹൃദിസ്‌ഥമാക്കിയ ഈ കൊച്ചു മിടുക്കന്‍ അതിന്റെ ആശയങ്ങളൊക്കെ എഴുതി സൂക്ഷിക്കാന്‍ തുടങ്ങി. അവയില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ കവിതയും ലേഖനങ്ങളും തയാറാക്കി. ഇതു കണ്ട സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ശോശാമ്മ ഫിലിപ്പ്‌ കൊച്ചുകുട്ടിയിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞു.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പുസ്‌തകങ്ങള്‍ ഒരു പോലെ വായിച്ച ഋഷിദേവ്‌ പക്ഷേ, എഴുതാനുള്ള മാധ്യമമായി തെരഞ്ഞെടുത്തത്‌ ഇംഗ്ലീഷ്‌ ആയിരുന്നു. മാതാപിതാക്കളും അധ്യാപകരുമൊക്കെ ഋഷിദേവിന്റെ കുറിപ്പുകള്‍ വായിച്ചു. വേണ്ടയിടത്തൊക്കെ തിരുത്തലുകള്‍ വരുത്തി നല്‍കി. ഇതൊക്കെ അവന്‌ കൂടുതല്‍ പ്രചോദനം നല്‍കി.
സമൂഹത്തിലും ചുറ്റിനുമുള്ള വേദനിപ്പിക്കുന്നതും കരളലിയിപ്പിക്കുന്നതുമായ കാഴ്‌ചകള്‍ കടലാസിലേക്ക്‌ പകര്‍ത്തി. നാടോടിപ്പാട്ടുകളും വാമൊഴി കഥകളും പകര്‍ന്നു നല്‍കിയ ഭാവനകള്‍ക്ക്‌ അവന്‍ പുതിയ ഇതിവൃത്തം രചിച്ചു. വീട്ടിലെ അപ്പൂപ്പനും തൊടിയിലെ അപ്പൂപ്പന്‍ താടിയും അവന്‌ കവിതയ്‌ക്കുള്ള വിഷയമായി. വരള്‍ച്ചയും തുടര്‍ന്നുണ്ടായ മഹാപ്രളയവും അവന്റെ തൂലികത്തുമ്പില്‍ പുതിയ ഭാഷ്യങ്ങള്‍ രചിച്ചു.

യുദ്ധം, യുദ്ധം, യുദ്ധം
വീഞ്ഞു നിറച്ച ദുരന്ത പാനപാത്രം
ഓ, എന്തൊരുന്മാദം
എന്തൊരു ലഹരി
മരണമാണ്‌ ഒടുക്കത്തെ വഴി!

വാര്‍ എന്ന കവിതയില്‍ കവി കുറിച്ചിരിക്കുന്നു. എന്തിനാണ്‌ ശത്രുത?, എന്തിനാണ്‌ ക്രൂരത? എന്തിനാണീ ചോരപ്പുഴ? എന്ന്‌ കവി ചോദിക്കുന്നു. മരണമല്ലാതെ മറ്റൊന്നും നേടാന്‍ കഴിയാത്ത യുദ്ധത്തിന്റെ വ്യര്‍ഥതയാണ്‌ കവി കുറിച്ചിരിക്കുന്നത്‌.
മണവാളന്‍ പാറയുടെയും മണവാട്ടിപ്പാറയുടെയും കഥ പറഞ്ഞിട്ടുണ്ട്‌ കവി പി. ഭാസ്‌കരന്‍. ഈ കഥ ഓര്‍മിപ്പിക്കുന്നതാണ്‌ ഒഥിന എന്ന കവിത. കടല്‍ക്കരയില്‍ പ്രതിമകളായി തീര്‍ന്ന ഓഥ്‌, ഇന എന്നീ കമിതാക്കളുടെ പ്രണയ രക്‌തസാക്ഷിത്വത്തിന്റെ കഥയാണ്‌ ഈ കവിത പറയുന്നത്‌.
ഋഷിദേവിന്റെ പുസ്‌തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേരള സാഹിത്യ അക്കാദമി അംഗമായ പവിത്രന്‍ തീക്കുനി ഒറ്റയിരുപ്പിന്‌ കവിതാ സമാഹാരം വായിച്ചു തീര്‍ത്തു. ഉടന്‍ തന്നെ രണ്ടു കവിതകള്‍ മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്‌തു, വേദിയില്‍ അത്‌ അവതരിപ്പിക്കുകയും ചെയ്‌തു. ഈ കവിതാ സമാഹാരം മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്യുമെന്നും തന്റെ തീക്കുനി ബുക്ക്‌സ് അത്‌ പുറത്തിറക്കുമെന്നും പറഞ്ഞാണ്‌ പവിത്രന്‍ വേദി വിട്ടത്‌.
ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിലുള്ള 23 കവിതകളും കൂടാതെ പ്രസിദ്ധീകൃതമാകാത്ത 12 എണ്ണവും ചേര്‍ത്ത്‌ 35 കവിതകളുടെ സമാഹാരമാകും പവിത്രന്‍ തര്‍ജമ ചെയ്‌ത് പുറത്തിറക്കുക.
എറണാകുളം അബസൊല്യൂട്ട്‌ എഡ്യൂക്കേഷന്‍ പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ ഫേബിള്‍ ഓഫ്‌ ലവ്‌ പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത്‌. ഏപ്രില്‍ ഏഴിന്‌ പത്തനംതിട്ടയില്‍ നടന്ന ചടങ്ങിലായിരുന്നു പുസ്‌തക പ്രകാശനം. സാഹിത്യകാരന്‍ ബന്യാമിന്‍ എഴുത്തുകാരന്‍ അജയന്‍ കല്ലറയ്‌ക്ക് നല്‍കിയാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌. കവിയുടെ ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്‌ എന്നാണ്‌ ബന്യാമിന്‍ പറഞ്ഞത്‌.
ഏറെ പ്രതീക്ഷകളോടെയാണ്‌ കൊച്ചു ഋഷിദേവ്‌ സാഹിത്യ ലോകത്തേക്ക്‌ വന്നിരിക്കുന്നത്‌. അതും മറ്റാരും കൈവയ്‌ക്കാന്‍ ധൈര്യപ്പെടാത്ത ഇംഗ്ലീഷില്‍. ഈ ഒഴുക്ക്‌ നിലനിര്‍ത്തേണ്ടത്‌ കവിയുടെ ചുമതലയാണ്‌. അതാകട്ടെ ഭാരിച്ചതും. സമൂഹത്തോടുള്ള ബാധ്യത നിറവേറ്റാന്‍ കവിക്ക്‌ കഴിയട്ടെ എന്നായിരുന്നു ബെന്യാമിന്റെ ഉപദേശം.

ജി. വിശാഖന്‍

Ads by Google
Saturday 20 Apr 2019 11.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW