Friday, August 23, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.45 AM

പരാമര്‍ശം വ്യക്‌തിപരം, പ്രജ്‌ഞയെ തള്ളി ബി.ജെ.പി. കര്‍ക്കറെയെ ശപിച്ചു കൊന്നെന്നു സാധ്വി പ്രജ്‌ഞ; വിവാദമായപ്പോള്‍ പ്രസ്‌താവന പിന്‍വലിച്ചു

ഭോപ്പാല്‍: മലേഗാവ്‌ സ്‌ഫോടനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനു താന്‍ ശപിച്ചതു മൂലമാണു മഹാരാഷ്‌ട്ര എ.ടി.എസ്‌. തലവനായിരുന്ന ഹേമന്ദ്‌ കര്‍ക്കറെ കൊല്ലപ്പെട്ടതെന്നു ഭോപ്പാലിലെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയുമായ സാധ്വി പ്രജ്‌ഞ സിങ്‌ താക്കൂര്‍.
മുംബൈ ഭീകരാക്രമണം ചെറുക്കുന്നതിനിടെ പാക്‌ ഭീകരരുടെ വെടിയേറ്റു മരിച്ച കര്‍ക്കറെയ്‌ക്കെതിരായ പ്രജ്‌ഞയുടെ പരാമര്‍ശം വലിയ വിവാദത്തിനു വഴിവച്ചു. രാജ്യത്തിനു വേണ്ടി രക്‌തസാക്ഷിത്വം വരിച്ച കര്‍ക്കറെയെ അപമാനിച്ചെന്ന്‌ എതിര്‍ സ്‌ഥാനാര്‍ഥി ദിഗ്‌വിജയ്‌ സിങ്‌ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തിയതോടെ പ്രസ്‌താവന പിന്‍വലിക്കുന്നതായി സാധ്വി പ്രജ്‌ഞ അറിയിച്ചു. അറസ്‌റ്റിലായ താന്‍ മുംബൈ ജയിലിലായിരിക്കെ അന്വേഷണ കമ്മിഷന്‍ കര്‍ക്കറെയെ അവിടേക്കു വിളിച്ചുവരുത്തി. തെളിവില്ലെങ്കില്‍ തന്നെ നിയമവിരുദ്ധമായി ജയിലിലിടരുതെന്നു കമ്മിഷനംഗം അദ്ദേഹത്തോടു നിര്‍ദേശിച്ചു. എന്നാല്‍, എങ്ങനെയും തെളിവുണ്ടാക്കുമെന്നും വിട്ടയയ്‌ക്കില്ലെന്നുമായിരുന്നു മറുപടി. ചോദ്യംചെയ്യലിന്റെ പേരില്‍ കര്‍ക്കറെ ക്രൂരപീഡനത്തിനു വിധേയയാക്കി, അവഹേളിച്ചു. തനിക്കൊന്നും അറിയില്ലെന്നും എല്ലാം ദൈവത്തിനറിയാമെന്നും പറഞ്ഞപ്പോള്‍, അതറിയാന്‍ താന്‍ ദൈവത്തിന്റെ അടുത്തു പോകണോ എന്നായിരുന്നു കര്‍ക്കറെയുടെ ചോദ്യം. തീര്‍ച്ചയായും വേണ്ടിവരുമെന്നു പറഞ്ഞു. താങ്കളുടെ അന്ത്യമടുത്തെന്നും മുടിഞ്ഞുപോകുമെന്നും ശപിച്ചു. രണ്ടു മാസം തികയുന്നതിനു മുമ്പ്‌ കര്‍ക്കറെ ഭീകരരുടെ വെടിയേറ്റു മരിച്ചു- എന്നായിരുന്നു പ്രജ്‌ഞയുടെ പ്രസ്‌താവന. രാജ്യം മരണാന്തരം അശോകചക്രം നല്‍കി ആദരിച്ച കര്‍ക്കറെയ്‌ക്കെതിരായ പരാമര്‍ശത്തെ പ്രതിപക്ഷ കക്ഷികള്‍ക്കു പുറമേ, ഐ.പി.എസ്‌. ഓഫീസര്‍മാരുടെ സംഘടനയും അപലപിച്ചു. വിവാദ പരാമര്‍ശം അന്വേഷിക്കുമെന്നു മധ്യപ്രദേശ്‌ തെരഞ്ഞെടുപ്പ്‌ ഓഫീസറുടെ ഓഫീസ്‌ അറിയിച്ചു.
മലേഗാവില്‍ പൊട്ടിത്തെറിച്ച ബോംബ്‌ പ്രജ്‌ഞയുടെ പേരിലുള്ള ബൈക്കിലാണു ഘടിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയിരുന്നു. വര്‍ഷങ്ങളോളം ജയിലായിരുന്ന പ്രജ്‌ഞയ്‌ക്കു 2016-ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ക്ലീന്‍ ചിറ്റ്‌ നല്‍കിയെങ്കിലും കോടതി സ്വീകരിച്ചില്ല. കാന്‍സര്‍ ബാധിതയാണെന്നതു കൂടി പരിഗണിച്ചാണു ജാമ്യം ലഭിച്ചത്‌. നിയമനടപടി നേരിടുന്ന പ്രജ്‌ഞയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട്‌ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ പിതാവ്‌ കോടതിയെ സമീപിച്ചിട്ടുണ്ട്‌. നേരത്തേ, പ്രസ്‌താവനയെ തള്ളി ബി.ജെ.പി. രംഗത്തെത്തിയിരുന്നു.
സാധ്വി പ്രജ്‌ഞയുടെ പരാമര്‍ശം വ്യക്‌തിപരമാണ്‌. കര്‍ക്കറെയ രക്‌തസാക്ഷിയായാണു പാര്‍ട്ടി കണക്കാക്കുന്നത്‌. കസ്‌റ്റഡിയിലിരുന്ന സമയത്ത്‌ ഏല്‍ക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളാവാം അത്തരത്തിലുള്ള പ്രസ്‌താവന നടത്താനിടയാക്കിയതെന്നും വിശദീകരണക്കുറിപ്പില്‍ ബി.ജെ.പി. വ്യക്‌തമാക്കി. അതേസമയം, സാധ്വി പ്രജ്‌ഞയുടെ പ്രസ്‌താവനയില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു.

Ads by Google
Saturday 20 Apr 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW