Tuesday, August 20, 2019 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.02 AM

കേരളം അവസാനലാപ്പില്‍

uploads/news/2019/04/302565/5.jpg

തിരുവനന്തപുരം: വോട്ടെടുപ്പിന്‌ ഇനി നാലുനാള്‍ മാത്രം ശേഷിച്ചിരിക്കെ കഴിയുന്നത്ര വോട്ടുകള്‍ ഉറപ്പിക്കാനായി മുന്നണികളും കക്ഷികളും ജീവന്‍മരണപോരാട്ടത്തില്‍. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക്‌ കടക്കുമ്പോഴും പ്രധാനപ്പെട്ട ജനകീയവിഷയങ്ങള്‍ ശരിയായ രീതിയില്‍ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ആഴ്‌ച കേരളത്തില്‍ എത്തിയതോടെ പ്രചാരണത്തിന്റെ രൂപവും ഭാവവും മാറിക്കഴിഞ്ഞു. ഇപ്പോള്‍ ശബരിമലയിലാണ്‌ എല്ലാവരും ഊന്നുന്നത്‌.
പ്രാദേശിക വിഷയങ്ങള്‍ ഓരോ മണ്ഡലത്തിലും സജീവമായി ചര്‍ച്ചചെയ്യുന്നുണ്ടെങ്കിലും അവസാനലാപ്പില്‍ ശബരിമലയില്‍ കേന്ദ്രീകരിച്ചാണ്‌ പ്രചാരണം കൊഴുക്കുന്നത്‌.
പ്രചാരണം രണ്ടുഘട്ടം കഴിഞ്ഞപ്പോഴും ശബരിമല വിഷയം സജീവമായി ഉയര്‍ന്നുവന്നിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി മോഡി ശബരിമലയിലേക്ക്‌ വിഷയം തിരിച്ചുവിടുകയായിരുന്നു.
എന്നാല്‍ മോഡി ഉയര്‍ത്തിവിട്ട ശബരിമലയെ ഖണ്ഡിക്കുന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ കേരള പര്യടനം. കാര്‍ഷിക, സാമ്പത്തിക പ്രശ്‌നങ്ങളായിരിക്കും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയെങ്കിലും അത്‌ സജീവമായി ചര്‍ച്ചചെയ്യാന്‍ ആരും ഇതുവരെ തയാറായിട്ടില്ല. യു.ഡി.എഫ്‌ ക്യാമ്പുപോലും ആ നിലയില്‍ പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നില്ലെന്നതാണ്‌ വസ്‌തുത.
സാമുദായികസംഘടനകളുടെ പിന്തുണതേടുന്നതിനും വര്‍ഗീയ ധ്രുവീകരണത്തിനും സഹായിക്കുന്ന തരത്തിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ്‌ എല്ലാവരും ഊന്നല്‍ നല്‍കിയിരിക്കുന്നത്‌. വിദ്വേഷ-വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ ലഭിച്ച പരാതികള്‍ അതിന്‌ പ്രധാനപ്പെട്ട ഉദാഹരണങ്ങളാണ്‌.
ബി.ജെ.പിയിലെ മിതവാദി എന്നറിയപ്പെടുന്ന സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. ശ്രീധരന്‍പിള്ളയുടെ പേരില്‍ ഇത്തരമൊരു പരാതി ഉയര്‍ന്നുവെന്നതുതന്നെ എത്രത്തോളം വര്‍ഗീയമായി ഈ തെരഞ്ഞെടുപ്പ്‌ മാറിയെന്നതിന്റെ ഉദാഹരണമാണ്‌.
യു.ഡി.എഫിന്റെ ഭാഗത്തുനിന്നും പ്രതിപക്ഷനേതാവ്‌ പ്രളയത്തേയും മസാലബോണ്ടിനേയും വിടാതെ പിടികൂടിയിട്ടുണ്ടെങ്കിലും വര്‍ഗീയ പ്രചാരണത്തിന്‌ മുന്നില്‍ അവയൊക്കെ നിഷ്‌പ്രഭമായി പോകുകയാണ്‌.
അവസാനഘട്ടത്തില്‍ പ്രധാനമായും വോട്ടര്‍മാരില്‍ നേരിട്ട്‌ എത്താനാണ്‌ എല്ലാ പാര്‍ട്ടികളും ശ്രമിക്കുന്നത്‌. അതിനായി വിവിധ തരത്തിലുള്ള തന്ത്രങ്ങളുമായി മുന്നണികളും പാര്‍ട്ടികളും രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഇടതുമുന്നണി ഫോണ്‍ പ്രചാരണത്തിനാണ്‌ ഊന്നല്‍ നല്‍കിയിരിക്കുന്നത്‌. മുഖ്യമന്ത്രി തുടങ്ങി സകല മന്ത്രിമാരും വോട്ടര്‍മാരെ ഫോണില്‍ വിളിച്ച്‌ വോട്ട്‌ അഭ്യര്‍ത്ഥിക്കുന്ന പരിപാടിയാണ്‌ ഇടതുമുന്നണി സ്വീകരിച്ചിരിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, ജില്ലയേയും മണ്ഡലത്തേയും പ്രതിനിധീകരിക്കുന്ന മന്ത്രിമാര്‍ എന്നിവരാണ്‌ ഫോണ്‍ പ്രചരണപരിപാടിയിലുള്ളത്‌.
അതിന്‌ പുറമെ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. ഇടതുമുന്നണിയും യു.ഡി.എഫും ദൃശ്യമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ പരസ്യം തുടങ്ങിയിട്ടുണ്ട്‌. സാമ്പത്തികപ്രശ്‌നം യു.ഡി.എഫിന്‌ ചില്ലറ ബുദ്ധുമുട്ടുകള്‍ ഇക്കാര്യത്തിലുണ്ടാക്കുന്നുണ്ട്‌.
കാടിളക്കിയുള്ള പ്രചാരണപരിപാടികളാണ്‌ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പലേടത്തും നടക്കുന്നത്‌. മോഡി എന്ന വ്യക്‌തിയില്‍ ഊന്നിക്കൊണ്ടും സ്‌ഥാനാര്‍ത്ഥികളുടെ പ്രതിച്‌ഛായയില്‍ വിശ്വാസമര്‍പ്പിച്ചുമാണ്‌ അവര്‍ മുന്നോട്ടുപോകുന്നത്‌. രാഹുല്‍ഗാന്ധിയുടെ വരവോടെ യു.ഡി.എഫ്‌ ക്യാമ്പുകളും വലിയതോതില്‍ ഉണര്‍ന്നിട്ടുണ്ട്‌. രാഹുലിന്റെ കേരളത്തിലെ പ്രചാരണപരിപാടികള്‍ക്ക്‌ പൊതുവേ വലിയ സ്വീകാര്യതയാണ്‌ ലഭിച്ചത്‌.
അതേസമയം സി.പി.എമ്മിന്റെ പ്രവര്‍ത്തനം പ്രധാനമായും താഴേത്തട്ടിലാണ്‌. ഓരോ പ്രവര്‍ത്തകര്‍ക്കും ഇത്ര വീടുകള്‍ വീതം എന്ന രീതിയില്‍ ചുമതല നല്‍കി വോട്ടുനേടിയെടുക്കുകയെന്ന തന്ത്രമാണ്‌ അവര്‍ പയറ്റുന്നത്‌. സംഘടനാസംവിധാനം മൊത്തം ഇതിനായി രംഗത്തുണ്ട്‌.
അതോടൊപ്പം അവസാന ലാപ്പ്‌ ആയതോടെ കേന്ദ്ര നേതാക്കളും പ്രചാരണത്തിന്‌ ശക്‌തമായി രംഗത്തുണ്ട്‌. മോഡിക്കും രാഹുലിനും മുന്നിലായി തുടക്കം മുതല്‍ തന്നെ സീതാറാം യെച്ചൂരിയും പ്രകാശ്‌കാരാട്ടും ഉള്‍പ്പെടെയുള്ള സി.പി.എം ദേശീയനേതാക്കള്‍ കേരളത്തിലുണ്ട്‌.
സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്‌ഡിയും എത്തിയിരുന്നു. ഇതിന്‌ പുറമെ ബി.ജെ.പി അധ്യക്ഷന്‍ അമിത്‌ഷായും നിര്‍മ്മലാ സീതാരാമനും കേന്ദ്ര മന്ത്രിമാരും കേരളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുമുണ്ട്‌.
കോണ്‍ഗ്രസിന്‌ വേണ്ടി പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിലുണ്ട്‌. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്‌ ഗുജറാത്ത്‌ കലാപത്തിലെ ഇരകളെ ഇറക്കി പി. ജയരാജന്‍ വടകരയില്‍ ഇളക്കമുണ്ടാക്കുകയും ചെയ്‌തു.
വോട്ടര്‍മാരെ സമീപിക്കുന്നതിനോടൊപ്പം തന്നെ സാമുദായിക നേതാക്കളെ സ്വാധീനിക്കുന്ന ശ്രമങ്ങളും സജീവമായിട്ടുണ്ട്‌.

ആര്‍. സുരേഷ്‌

Ads by Google
Friday 19 Apr 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW