Thursday, August 22, 2019 Last Updated 11 Min 37 Sec ago English Edition
Todays E paper
Ads by Google
സി.എസ്‌. സിദ്ധാര്‍ത്ഥന്‍
Friday 19 Apr 2019 12.57 AM

വിവാദമായപ്പോള്‍ വിവരങ്ങള്‍ നീക്കംചെയ്‌തു, ആരോഗ്യ സര്‍വേയില്‍ വിദേശ കമ്പനിയെ സഹകരിപ്പിച്ചതു കേന്ദ്രാനുമതിയില്ലാതെ

കേരളത്തില്‍നിന്നു ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ ആര്‍ക്കു കൈമാറണമെന്നു തീരുമാനിക്കുന്ന ഉന്നതതലസമിതിയുടെ നേതൃസ്‌ഥാനത്തും ഇതേ കമ്പനിയുടെ തലവനുണ്ടായിരുന്നു. രാജ്യത്തെ ആരോഗ്യവിവരങ്ങള്‍ വിദേശത്തേക്കു ചോര്‍ത്തുന്നതു തടയാന്‍ കര്‍ശനനിയമങ്ങള്‍ ഉള്ളപ്പോഴാണ്‌ ആരോഗ്യവകുപ്പ്‌ സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി ഈ തീരുമാനമെടുത്തത്‌.
uploads/news/2019/04/302542/phri.jpg

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള വിവാദ സര്‍വേയിലൂടെ കേരളത്തില്‍നിന്നു വിദേശസ്‌ഥാപനം വിവരങ്ങള്‍ ശേഖരിക്കുന്നതു കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ.

സംഭവം വിവാദമായതോടെ സര്‍വേ സംബന്ധിച്ച വിവരങ്ങള്‍ കാനഡയിലെ സ്വകാര്യ കമ്പനി വെബ്‌സൈറ്റില്‍നിന്നു നീക്കം ചെയ്‌തു. ആരോഗ്യമേഖലയില്‍നിന്നു വിദേശസ്‌ഥാപനങ്ങള്‍ക്കു വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെയും അനുവാദം വേണം. വിദേശപങ്കാളിത്തത്തോടെയുള്ള ഗവേഷണങ്ങള്‍ക്കു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സ്‌ക്രീനിങ്‌ കമ്മിറ്റിയുടെ പ്രത്യേകാനുമതിയും വേണം. അല്ലെങ്കില്‍ കര്‍ശനനടപടി കൈക്കൊള്ളാം.

"കേരള ഇന്‍ഫര്‍മേഷന്‍ ഓണ്‍ റെസിഡന്റ്‌സ്‌- ആരോഗ്യം നെറ്റ്‌വര്‍ക്ക്‌" (കിരണ്‍) സര്‍വേയില്‍ സഹകരിക്കാന്‍ കാനഡയിലെ പോപ്പുലേഷന്‍ ഹെല്‍ത്ത്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ (പി.എച്ച്‌.ആര്‍.ഐ) താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അനുമതിക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കത്ത്‌ നല്‍കിയെങ്കിലും ലഭിച്ചില്ലെന്നും മുഖ്യഗവേഷകനായ, അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ പ്രഫ. വി. രാമന്‍കുട്ടി "മംഗള"ത്തോടു പറഞ്ഞു.

അനുമതി ലഭിക്കാതെ, തങ്ങളാണു സര്‍വേ നടത്തുന്നതെന്നു പി.എച്ച്‌.ആര്‍.ഐ. അവകാശപ്പെടുന്നതിനെക്കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മരുന്നുകമ്പനികളുടെ ഫീല്‍ഡ്‌ സര്‍വേ നടത്തുന്ന പി.എച്ച്‌.ആര്‍.ഐയാണു കേരളത്തില്‍ വിവാദ സര്‍വേ നടത്തുന്നതെന്ന്‌ അവരുടെ വെബ്‌സൈറ്റില്‍ വ്യക്‌തമാക്കിയിരുന്നു.

ഇതുസംബന്ധിച്ച വിവരങ്ങള്‍ക്കായി പ്രഫ. രാമന്‍കുട്ടിയെ "മംഗളം" ടെലിഫോണില്‍ ബന്ധപ്പെട്ടശേഷം പി.എച്ച്‌.ആര്‍.ഐ. വെബ്‌സൈറ്റുകളില്‍നിന്നു "കിരണ്‍" സംബന്ധിച്ച പേജുകള്‍ അപ്രത്യക്ഷമായി. പി.എച്ച്‌.ആര്‍.ഐ. തലവന്‍ ഡോ. സലിം യൂസഫിന്റെ വ്യക്‌തിവിവരങ്ങളും രായ്‌ക്കുരാമാനം നീക്കംചെയ്യപ്പെട്ടു. മേയ്‌ 20-നു മുമ്പ്‌ സര്‍വേ പൂര്‍ത്തിയാക്കണമെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. ആരോഗ്യവകുപ്പിലെ ഉന്നതന്‍ അടുത്തമാസം ഒടുവില്‍ വിരമിക്കുകയാണ്‌.

2013-ല്‍ സംസ്‌ഥാനത്തെ വിവാദ സര്‍വേ യു.ഡി.എഫ്‌. സര്‍ക്കാര്‍ അവസാനിപ്പിച്ചശേഷം 2016-ല്‍ എപ്പിഡെമിയോളജിക്കല്‍ സര്‍വൈലന്‍സ്‌ എന്ന പേരില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചപ്പോഴും സാങ്കേതികസഹായത്തിനു വിദേശസ്‌ഥാപനത്തെയാണു നിയോഗിച്ചത്‌. ഇതുസംബന്ധിച്ച പരമാധികാരം നല്‍കിയതും അതേ കമ്പനിക്കായിരുന്നു.

കേരളത്തില്‍നിന്നു ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ ആര്‍ക്കു കൈമാറണമെന്നു തീരുമാനിക്കുന്ന ഉന്നതതലസമിതിയുടെ നേതൃസ്‌ഥാനത്തും ഇതേ കമ്പനിയുടെ തലവനുണ്ടായിരുന്നു. രാജ്യത്തെ ആരോഗ്യവിവരങ്ങള്‍ വിദേശത്തേക്കു ചോര്‍ത്തുന്നതു തടയാന്‍ കര്‍ശനനിയമങ്ങള്‍ ഉള്ളപ്പോഴാണ്‌ ആരോഗ്യവകുപ്പ്‌ സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി ഈ തീരുമാനമെടുത്തത്‌. വിദേശസഹായത്തോടെയുള്ള ആരോഗ്യ സര്‍വേ സംബന്ധിച്ച ആദ്യയോഗം 2011 ഡിസംബര്‍ 14-നായിരുന്നു. ആരോഗ്യവകുപ്പ്‌ സെക്രട്ടറി രാജീവ്‌ സദാനന്ദന്‍ നേതൃത്വം വഹിച്ച യോഗത്തില്‍ പി.എച്ച്‌.ആര്‍.ഐ. മേധാവി ഡോ. സലീം യൂസഫും പങ്കെടുത്തു.

പി.എച്ച്‌.ആര്‍.ഐയുടെയും സംസ്‌ഥാനസര്‍ക്കാരിന്റെയും ഇടനിലക്കാരനായി തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഇതരസംഘടനയായ "ഹെല്‍ത്ത്‌ ആക്‌ഷന്‍ ബൈ പീപ്പിള്‍" പ്രവര്‍ത്തിക്കുമെന്ന നിര്‍ദേശവും അന്നു പുറപ്പെടുവിച്ചിരുന്നു. അടുത്ത അഞ്ചുവര്‍ഷത്തെ സര്‍വേയ്‌ക്കായി 10 കോടി രൂപകൂടി ചെലവിടാന്‍ തയാറാണെന്നു കാട്ടി വിദേശസ്‌ഥാപനം ആരോഗ്യവകുപ്പ്‌ സെക്രട്ടറിക്കു കത്തയച്ചിരുന്നു. ഡോ. സലീം യൂസഫാണു 2013 ഒക്‌ടോബര്‍ 28-ന്‌ അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ഇളങ്കോവനു കത്തയച്ചത്‌. ആരോപണങ്ങള്‍ മറികടന്ന്‌ സര്‍വേ പൂര്‍ത്തിയാക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

സി.എസ്‌. സിദ്ധാര്‍ത്ഥന്‍

Ads by Google
സി.എസ്‌. സിദ്ധാര്‍ത്ഥന്‍
Friday 19 Apr 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW