Thursday, August 22, 2019 Last Updated 6 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.27 AM

തെരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം തടയണം

uploads/news/2019/04/302416/editorial.jpg

പോളിങ്‌ രണ്ടാം ഘട്ടത്തിലേക്ക്‌ കടക്കുന്നത്‌ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പിലെ പല സ്‌ഥിരംഘടകങ്ങളും മാറ്റമില്ലാതെ തുടരുന്നു എന്ന സത്യം വ്യക്‌തമാക്കിക്കൊണ്ടാണ്‌. സ്‌ഥാനാര്‍ഥികളും പാര്‍ട്ടികളും വോട്ടിനു പണം നല്‍കുന്നുവെന്നത്‌ പരസ്യമായ രഹസ്യമാണ്‌. പല സംസ്‌ഥാനങ്ങളിലും പണം കിട്ടിയാലേ ജനം വോട്ടു ചെയ്യൂ എന്നു വ്യക്‌തമാക്കുന്ന ദൃശ്യങ്ങള്‍ വരെ മുന്‍പ്‌ കണ്ടിട്ടുണ്ട്‌.

നോട്ട്‌ നിരോധനത്തിനുശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ സ്വാധീനം എന്തുമാത്രമായിരിക്കുമെന്ന്‌ ഏവരും ഉറ്റുനോക്കിയിരിക്കുകയായിരുന്നു. എന്നാല്‍, കള്ളപ്പണം തുടച്ചുനീക്കുമെന്നു പറഞ്ഞ്‌ നടപ്പാക്കിയ നോട്ടുനിരോധനത്തിനു രണ്ടു വര്‍ഷത്തിനുശേഷവും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കള്ളപ്പണം പിടിക്കാന്‍ ഓടിനടക്കുകയാണ്‌ ആദായ നികുതി വകുപ്പ്‌. തമിഴ്‌നാട്ടില്‍ ഡി.എം.കെ. സ്‌ഥാനാര്‍ഥിയായ കതിര്‍ ആനന്ദിന്റെ പിതാവിന്റെ സഹായിയുടെ സിമെന്റ്‌ ഗോഡൗണില്‍നിന്ന്‌ 11.53 കോടി രൂപ പിടികൂടിയത്‌ തെരഞ്ഞെടുപ്പിനു വിതരണം ചെയ്യാനാണെന്നാണു സംശയം. കതിര്‍ ആനന്ദിന്റെ പിതാവും ഡി.എ.കെ. ട്രഷററുമായ ദുരൈ മുരുകന്റെ വീട്ടില്‍നിന്നും കണക്കില്‍പ്പെടാത്ത പത്തു ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്‌. ഇതേത്തുടര്‍ന്ന്‌ കതിര്‍ ആനന്ദ്‌ മത്സരിക്കുന്ന വെല്ലൂരിലെ വോട്ടെടുപ്പ്‌ റദ്ദാക്കേണ്ടിയും വന്നു. ഇന്നലെയാകട്ടെ ആണ്ടിപ്പട്ടിയിലെ എ.എം.എം.കെ. സ്‌ഥാനാര്‍ഥിയായ ടി.ടി.വി. ദിനകരന്റെ സഹായിയുടെ പക്കല്‍ നിന്ന്‌ 1.48 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്‌തു.

രാഷ്‌ട്രീയ എതിരാളികളെ ലക്ഷ്യമിട്ട്‌ നടത്തുന്ന ആദായ നികുതി റെയ്‌ഡുകള്‍ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉണ്ടാകുന്നു എന്നതാണു തമിഴ്‌നാട്ടില്‍നിന്നുള്ള ചിത്രം. കോണ്‍ഗ്രസ്‌ സഖ്യത്തിലുള്ള ഡി.എം.കെ. നേതാക്കളുടെ വീടുകളിലും മറ്റും റെയ്‌ഡുകള്‍ തുടരുകയാണ്‌. ഡി.എം.കെ. നേതാവ്‌ കനിമൊഴിയുടെ വീട്ടില്‍ നടത്തിയ റെയ്‌ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്നത്‌ പ്രതിപക്ഷത്തിനു വലിയ ആശ്വാസമായെന്നതാണു വഴിത്തിരിവ്‌. എന്നാല്‍, ആദായ നികുതി റെയ്‌ഡുകള്‍ രാഷ്‌ട്രീയ ലക്ഷ്യംവച്ചതാണെന്ന ആരോപണം സാധൂകരിക്കുന്നതാണ്‌ ഇതിനിരയായവരുടെ പട്ടിക. കര്‍ണാടകയില്‍ ജെ.ഡി.എസിന്റെ മന്ത്രി സി.എസ്‌. പുട്ടരാജു, കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥി റിസ്‌വാന്‍ അര്‍ഷാദ്‌, ജെ.ഡി.എസ്‌. നേതാവ്‌ എച്ച്‌.ഡി. രേവണ്ണയുടെ സഹായികളുടെ വീടുകള്‍ എന്നിവിടങ്ങളില്‍ റെയ്‌ഡ്‌ നടന്നു. ആന്ധ്രാപ്രദേശില്‍ തെലുഗു ദേശം പാര്‍ട്ടിയുടെ നേതാക്കളായ പുട്ട സുധാകര്‍ യാദവ്‌, സി.എം. രമേശ്‌, ഗല്ല യാദവ്‌ എന്നിവര്‍ക്കെതിരേയാണു റെയ്‌ഡ്‌.

തെരഞ്ഞെടുപ്പില്‍നിന്നു കള്ളപ്പണത്തെ ഒഴിച്ചുനിര്‍ത്തേണ്ടത്‌ അത്യാവശ്യം തന്നെയാണ്‌. ഒരാളുടെയും സമ്മതിദാനാവകാശം സ്വാധീനത്തിന്റെ പേരില്‍ വിനിയോഗിക്കുന്ന അവസ്‌ഥ വന്നുകൂടാ. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ പല സംസ്‌ഥാനങ്ങളിലും അതല്ല സ്‌ഥിതി. ഇതു മാറാതെ ജനാധിപത്യം പൂര്‍ണവളര്‍ച്ച പ്രാപിച്ചു എന്നു കരുതാനാവില്ല. വെളുത്തതാണെങ്കിലും അല്ലെങ്കിലും പണത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പില്‍നിന്ന്‌ അകറ്റിനിര്‍ത്തുക എന്നതാവണം ഓരോ രാഷ്‌ട്രീയപ്പാര്‍ട്ടിയുടെയും സ്‌ഥാനാര്‍ഥിയുടെയും ലക്ഷ്യം.

Ads by Google
Thursday 18 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW