Tuesday, August 20, 2019 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.10 AM

95 മണ്ഡലങ്ങളില്‍ ഇന്ന്‌ വിധിയെഴുത്ത്‌

uploads/news/2019/04/302355/d8.jpg

നേതാക്കളുടെ അതിരുകടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വടിയെടുത്ത പ്രചാരണത്തിനൊടുവില്‍ ഇന്ന്‌ രണ്ടാം ഘട്ട വോട്ടെടുപ്പ്‌.
ഉത്തരേന്ത്യയിലെ 42 സീറ്റുകളിലും ദക്ഷിണേന്ത്യയിലെ 53 സീറ്റുകളിലുമാണ്‌ വോട്ടെടുപ്പ്‌. തമിഴ്‌നാട്ടില്‍ ആകെയുള്ള 39 സീറ്റില്‍ 38-ല്‍ ഇന്നു വോട്ടെടുപ്പ്‌ നടക്കും. പോണ്ടിച്ചേരിയിലെ ഒരു സീറ്റിലും ഇന്നാണു പോളിങ്‌. 13 സംസ്‌ഥാനങ്ങളിലെ 95 മണ്ഡലങ്ങള്‍ ഇന്ന്‌ വിധിയെഴുതും.
തമിഴ്‌നാട്ടിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ്‌ നടക്കും. തുടര്‍ച്ചയായ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പശ്‌ചാത്തലത്തില്‍ പ്രചാരണവേദികളില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിരീക്ഷണം ശക്‌തമാക്കി.
കഴിഞ്ഞ 11ന്‌ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ ചിലയിടങ്ങളില്‍ പണിമുടക്കിയത്‌ വിവാദമായിരുന്നു. ഈ സാഹചര്യം രണ്ടാംഘട്ടത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശോധനകള്‍ നടത്തിയ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.
വിദ്വേഷ പരാമര്‍ശങ്ങളില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വിലക്ക്‌ നേരിടുന്ന ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ബി.എസ.്‌പി അധ്യക്ഷ മായാവതി, കേന്ദ്രമന്ത്രി മനേക ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അസം ഖാന്‍ എന്നിവര്‍ക്ക്‌ രണ്ടാംഘട്ട പ്രചാരണത്തിന്റെ അവസാന ദിനം നഷ്‌ടമായി.
തമിഴ്‌നാട്‌:-
39 സീറ്റുകളുള്ള തമിഴ്‌നാടില്‍ ഒന്നിലൊഴികെ ഇന്നാണു പോളിങ്‌. കള്ളപ്പണം പിടിച്ചതിനേത്തുടര്‍ന്നു വെല്ലൂരിലെ വോട്ടെടുപ്പ്‌ മാറ്റിവച്ചു. പോണ്ടിച്ചേരിയിലെ ആകെയുള്ള ഒരു സീറ്റിലും വോട്ടെടുപ്പ്‌ നടക്കും.
ഡി.എം.കെയുമായി കൈകോര്‍ത്ത കോണ്‍ഗ്രസിനെ എ.ഐ.എ.ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ അണിനിരത്തി മഹാസഖ്യം രൂപീകരിച്ചാണ്‌ ബി.ജെ.പി നേരിടുന്നത്‌.
ദ്രാവിഡ രാഷ്‌ട്രീയത്തില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ബി.ജെ.പിയുടെ പരീക്ഷണമാണ്‌ ഈ സഖ്യം. തമിഴക രാഷ്‌ട്രീയം അടക്കിവാണിരുന്ന ജയലളിതയും കരുണാനിധിയും ഓര്‍മയായ ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണിത്‌.
കര്‍ണാടക:-
മുഖ്യമന്ത്രിയാവാന്‍ 1800 കോടി രൂപ കോഴ നല്‍കിയെന്ന ബി.എസ്‌ യദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ ദൃശ്യങ്ങള്‍ കര്‍ണാടകയില്‍ വലിയ പ്രചാരണ വിഷയമായിട്ടുണ്ട്‌.കോണ്‍ഗ്രസ്‌- ജെ.ഡി.എസ്‌ സഖ്യവും ബി.ജെ.പിയും നേര്‍ക്ക്‌ നേര്‍ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌.
കോണ്‍ഗ്രസ്‌ സഖ്യത്തിലെ വിള്ളലും അസ്വാരസ്യങ്ങളും പരമാവധി മുതലെടുക്കാനുളള നീക്കത്തിലാണ്‌ ബി.ജെ.പി. അതിര്‍ത്തി കടന്നുള്ള വ്യോമാക്രമണവും ദേശീയതയും തന്നെയാണ്‌ ബി.ജെ.പിയുടെ പ്രധാന പ്രചരണായുധം. തുംകൂര്‍ മണ്ഡലത്തില്‍ മുന്‍ പ്രധാനമന്ത്രി എച്ച്‌. ഡി. ദേവഗൗഡയുടെ മത്സരമാണ്‌ രണ്ടാംഘട്ടത്തില്‍ ഏറെ ശ്രദ്ധേയം.
ശ്രദ്ധേയ മത്സരങ്ങള്‍:-
മത്സരരംഗത്തുള്ള സി.പി.എമ്മിന്റെ ഏക പി.ബി അംഗം മുഹമ്മദ്‌ സലിമും ദീപാ ദാസ്‌ മുന്‍ഷിയും കൊമ്പ്‌ കോര്‍ക്കുന്ന ബംഗാളിലെ റായ്‌ഗഞ്ച്‌ തീ പാറുന്ന പോരാട്ടത്തിനാണ്‌ സാക്ഷ്യം വഹിച്ചത്‌.സി.പി.എമ്മിന്റെ ഈ സിറ്റിംഗ്‌ സീറ്റില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന്‌ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ തവണ 1634 വോട്ടുകള്‍ക്കാണ്‌ മുഹമ്മദ്‌ സലിം വിജയിച്ചത്‌.ഇത്തവണ മണ്ഡലത്തില്‍ വലിയ സ്വാധീനം വര്‍ദ്ധിപ്പിച്ച ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും ശക്‌തമായ പ്രചാരണത്തിനിറങ്ങിയതോടെ ചതുഷ്‌ക്കോണ മത്സരത്തിനാണ്‌ സാക്ഷ്യം വഹിച്ചത്‌.
മഹിളാ കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷ സുഷ്‌മിതാ ദേവ്‌ (സില്‍ച്ചര്‍-അസം), ബോളിവുഡ്‌ താരവും ബി.ജെ.പി നേതാവുമായ ഹേമമാലിനി (മഥുര- യു.പി),നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഫറൂഖ്‌ അബ്‌ദുള്ള (ശ്രീനഗര്‍), കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്‌ (ഉധംപൂര്‍- ജമ്മുകശ്‌മീര്‍), കോണ്‍ഗ്രസ്‌ നേതാവ്‌ താരിഖ്‌ അന്‍വര്‍ (കത്തിഹാര്‍-ബിഹാര്‍), ബി.ജെ.പി നേതാവ്‌ പ്രീതംമുണ്ടെ(ബീഡ്‌- മഹാരാഷ്‌ട്ര) എന്നിവരാണ്‌ ഇന്ന്‌ ജനവിധി തേടുന്ന മറ്റ്‌ പ്രധാന നേതാക്കള്‍.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Thursday 18 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW