Friday, August 23, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 02.12 AM

എയര്‍ ആംബുലന്‍സ്‌ യാഥാര്‍ഥ്യമാകട്ടെ

uploads/news/2019/04/302150/editorial.jpg

മാനവ സ്‌നേഹത്തിന്റെയും കൂട്ടായ്‌മയുടെയും വലിയ ഉദാഹരണമാണ്‌ ഇന്നലെ മംഗലാപുരം മുതല്‍ ഇടപ്പള്ളി വരെ കേരളം കണ്ടത്‌. ഹൃദയത്തിനു ഗുരുതര തകരാറുള്ള 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അഞ്ചര മണിക്കൂര്‍ കൊണ്ട്‌ മംഗലാപുരത്തുനിന്ന്‌ ഇടപ്പള്ളിയിലെ അമൃതാ ആശുപത്രി വരെ എത്തിക്കാനായത്‌ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു. കാസര്‍ഗോഡ്‌ സ്വദേശികളുടെ കുട്ടിയെ മംഗലാപുരത്തുനിന്ന്‌ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാനായിരുന്നു ആദ്യ ഉദ്ദേശം.

ചൈല്‍ഡ്‌ പ്ര?ട്ടക്‌ഷന്‍ ടീം കേരള എന്ന സന്നദ്ധ സംഘടനയാണ്‌ ഈ ദൗത്യം ഏറ്റെടുത്തത്‌. ഈ സംഘടനയുടെ ഭാരവാഹി ആംബുന്‍സില്‍നിന്നു സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ തത്സമയ വിവരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഒരേസമയം പ്രചരിച്ചു. ഇതോടെ ആംബുലന്‍സ്‌ കടന്നു വരുന്ന വഴികളിലാകെ ജനങ്ങളും പോലീസും ജാഗ്രതയോടെ നിലകൊണ്ടു. വഴികള്‍ തടസമില്ലാതെയാക്കിയും വാഹനങ്ങള്‍ ഒതുക്കിയും ജനങ്ങള്‍ ആംബുലന്‍സിനു സുഗമപാതയൊരുക്കി. കുഞ്ഞിനെ എളുപ്പത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ ഇതോടെ സാധിച്ചു.

സാമൂഹിക മാധ്യമങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗിച്ചു കൊണ്ടായിരുന്നു ഈ ജീവന്‍ രക്ഷാപ്രവര്‍ത്തനം. ഇന്നലെ മലയാളികളില്‍ നല്ലൊരു പങ്കിന്റെയും ഫേസ്‌ബുക്ക്‌ പേജുകളില്‍ നിറഞ്ഞത്‌ ഈ യാത്രയുടെ വിവരങ്ങളായിരുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഈ യാത്ര ലക്ഷ്യം കാണുന്നു എന്ന്‌ ഉറപ്പുവരുത്താനായി കാത്തിരുന്നു. ഫെയ്‌സ്‌ബുക്ക്‌ ലൈവുകളും വീഡിയോകളും വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകള്‍ വഴിയുള്ള സന്ദേശങ്ങളുമൊക്കെ ഈ ദൗത്യത്തിനായി ഒറ്റക്കെട്ടായി നിലകൊണ്ടു. സാമൂഹിക മാധ്യമങ്ങളെ എങ്ങനെ സമൂഹത്തിന്‌ ഗുണകരമായി ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു ഇത്‌. കഴിഞ്ഞ മഹാപ്രളയകാലത്ത്‌ ഇതു നാം കണ്ടതാണ്‌. ഇങ്ങനെ ധാരാളം സാധ്യതകളുള്ള സാമൂഹിക മാധ്യമങ്ങളെയാണു വ്യാജ സന്ദേശങ്ങളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതെന്നത്‌ വിരോധാഭാസമാണ്‌.

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ തക്കസമയത്ത്‌ സര്‍ക്കാര്‍ ഇടപെട്ടതും തുണയായി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കുഞ്ഞിന്‌ ഉണ്ടെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചിരിക്കുന്നതിനാല്‍ യാത്ര തിരുവനന്തപുരം വരെ നീട്ടാതെ കൊച്ചിയില്‍ അവസാനിപ്പിച്ചതും ഉചിതമായി. മുന്‍പും കേരളം ഇത്തരം ജീവന്‍ രക്ഷാ ദൗത്യങ്ങള്‍ കണ്ടിട്ടുള്ളതാണ്‌. അതു പോലെ തന്നെ അവയവദാനം സജീവമായിരുന്ന സമയത്ത്‌ പലതവണ അവയവങ്ങള്‍ ആശുപത്രിയിലെത്തിക്കാന്‍ ഇത്തരം ദൗത്യങ്ങള്‍ നടന്നു. ഈ സമയത്തൊക്കെ കേരളത്തില്‍ എയര്‍ ആംബുലന്‍സ്‌ സംവിധാനം തയാറാക്കുമെന്ന്‌ പ്രഖ്യാപനങ്ങള്‍ ഉണ്ടായതാണ്‌. എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ ഒട്ടും മുന്നോട്ടുപോയിട്ടില്ല. നാല്‌ രാജ്യാന്തര വിമാനത്താവളങ്ങളുള്ള കേരളത്തില്‍ എയര്‍ ആംബുലന്‍സ്‌ സംവിധാനം കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയാണ്‌ ഇന്നലത്തെ രക്ഷാദൗത്യം ഓര്‍മിപ്പിക്കുന്നത്‌. ഇതിനുവേണ്ട ശ്രമങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ നടത്തേണ്ടിയിരിക്കുന്നു.

Ads by Google
Wednesday 17 Apr 2019 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW